വെട്ടിനുറുക്കി വച്ചുവിളമ്പുമ്പോൾ

അവിചാരിതമായി
വലക്കണ്ണികൾക്കുള്ളിൽ
കുരുങ്ങിപ്പിടഞ്ഞപ്പോൾ
ആ കണ്ണുകളിൽ പ്രതിബിംബിച്ചത്
ആകാശമായിരിക്കുമോ ?

നെയ്തുകൂട്ടിയ കിനാക്കൾ
ചെകിളപ്പൂക്കളിൽ
ശ്വാസം കിട്ടാതെ പിടഞ്ഞിരിക്കണം

മുട്ടിയുരുമ്മി
കളിച്ചുരസിച്ചതിന്റെ
ഓർമ്മച്ചൂട് കാണാതിരിക്കുമോ?

വെട്ടിനുറുക്കിയപ്പോൾ
ഓരോ കഷണവും
അവസാനത്തെ പിടച്ചിൽ പിടഞ്ഞിട്ടുണ്ടാവില്ലേ?

ചിതറിത്തെറിച്ച ചോരയ്ക്ക്
കൈമോശം വന്ന സ്വപ്നങ്ങളുടെ
വഴുക്കലുണ്ടായിരിക്കണം

വമ്പൻ സ്രാവുകളിൽ നിന്ന്
രക്ഷപെടാനാവില്ലെന്നറിയുമ്പോഴും
എത്ര മോന്തിയാലും ശമിക്കാത്തദാഹത്താൽ
മുങ്ങാംകുഴിയിട്ടതും
ആ പിടച്ചിൽകൊണ്ടു തന്നെയാവണം

എന്നിട്ടും
ഒടുവിലവർ വെട്ടിനുറുക്കി
ഉപ്പും മുളകും എരിവും ചേർത്ത്
ഓരോ സദ്യക്കും
വെച്ചുവിളമ്പുന്നു!

നൂറനാട് പടനിലം സ്വദേശിനി. തകഴി DBHSS ഹയർ സെക്കണ്ടറി അധ്യാപികയാണ്. ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു