പ്രണയം കൊഴിയുമ്പോൾ

നമ്മുടെ പ്രണയം
വ്യർത്ഥമാണെന്നറിയുന്ന നിമിഷം
എൻ്റെ മയിൽപ്പീലിയുടെ വർണ്ണങ്ങൾ
മാഞ്ഞ് പോവാൻ തുടങ്ങുന്നു
എൻ്റെ മഞ്ചാടി രക്തശോണിമയിൽ നിന്ന്
ചാരവർണ്ണത്തിലേക്ക് കൂപ്പുകുത്തി
മണ്ണിൽ ലയിച്ചു ചേരുന്നു

കാറ്റ് കിന്നാരം പറയാൻ മറന്ന്
ഉഷ്ണകാറ്റായി വന്നെന്നെ പൊള്ളിക്കുന്നു
നിലാവിൻ്റെ വെണ്മ മാഞ്ഞുമാഞ്ഞ്
പ്രേത രൂപങ്ങളായി മാറുന്നു
ഞാനെറെ ഇഷ്ടപ്പെട്ട മഴ
വെറുക്കപ്പെട്ടവളായി നനഞ്ഞുചീഞ്ഞൊലിക്കുന്നു
കുയിൽപ്പാട്ട് താളംതെറ്റിയ പാഴ് പാട്ടാവുന്നു

നോക്കൂ പ്രണയമേ നീ ഇല്ലാതാവുമ്പോൾ,
ഞാനെന്ന സത്യം ദൂരേയ്ക്ക് ദൂരേയ്ക്ക്
മാഞ്ഞു പോകുന്നു.

കോഴിക്കോട് സ്വദേശിനി ആണ്. മലപ്പുറം, കൊണ്ടോട്ടി ഗവ: ജി യു പിഎസിൽ അധ്യാപിക.