“പർദേസി പർദേസി ജാനാ നഹി “
ചുണ്ണാമ്പ് തേച്ചു ഘര്‍വാലികള്‍
തമ്പാക്ക് ചവച്ചു പാടുന്നു.
ചുണ്ടുകളിൽ മഹാനഗരത്തിന്‍റെ
ചുവന്ന തെരുവുദിക്കുന്നു.
നഗരം കണ്ണുനീരിൽ
ഉപ്പ് കുറുക്കുന്തോറും
കരയെ കടലെടുക്കുന്നു.
മണം മൊത്തിയെടുത്തൊരു കാറ്റ്
ആരുടെയൊക്കെയോ
നാട്ടിൽ നിന്നും പെട്ടെന്നോടിവരുന്നു.
കാറ്റിനു നെയ്യപ്പത്തിന്‍റെ
പത്തിരിയുടെ
പുളിച്ച ദോശയുടെ
പുഴുക്കലരി വേവുന്നതിന്‍റെ
പ്രിയമുള്ളതിന്‍റെയെല്ലാം ഗന്ധം .
നിറക്കൂട്ടുകളിൽ തട്ടി
വഴുതി വീണത്
മഞ്ഞ വെയിലും നീല നിലാവുമെന്ന
പോലെ തൂവിപ്പോയ
കലർന്ന നിറങ്ങൾ കൊണ്ട്
ബോംബൈ ഹോട്ടലിലെ
ഇടനാഴി വരയ്ക്കുന്നു.
തുരുമ്പു മണമുള്ള ഗോവണിയുടെ
കൈവരികൾ ചാരി അജ്ഞാത
പെൺ ഹൃദയങ്ങൾ
കാപ്പി കുടിക്കുന്നത്
എണ്ണഛായയിൽ അവ്യക്തമായ
നിഴൽ ചിത്രമായി കമിഴ്ന്നു വീഴുന്നു.
ചിത്രത്തിൽ ഗ്ലാസുകളുടയുന്നു.
പൊള്ളിപ്പോയ ചുണ്ടുകൾ
കരുവാളിക്കുന്നു.
അഴുകിയ തെരുവുകളിലേക്ക്
നിഴലുകൾ ചാലിട്ടൊഴുകുന്നു.
തെരുവിൽ പൂത്ത
മഞ്ഞപ്പൂവിതളുകളിൽ
വാർന്ന് കിടന്ന നീലിച്ച
മൂന്നോ നാലോ ഞരമ്പുകൾ
പെണ്ണുങ്ങളുടെ
തുറന്നിട്ട കൺ ജാലകങ്ങൾ പോലെ .
കൽക്കത്തയിലെ സോനാഗച്ചിയുടെ
മൂപ്പെത്താതെ വാടിയ
കൊഴിയാത്ത ഇല പോലെ.
കവിത ചാർസൗബീസ് പാൻ
ചവയ്ക്കുന്നു.
ഫ്‌ളൂറസെന്‍റ് വിളക്കുകളിൽ
നഗരങ്ങൾ താണ്ടി
ഈയാംപാറ്റകളെത്തുന്നു.
ഒരു മഴ പൊടിഞ്ഞു പോകുന്നു.
ചിറകറ്റവ മഞ്ഞനിറമുള്ള
വാത്മീകത്തിലൊളിക്കുന്നു .
“പർദേസി പർദേസി ജാനാ നഹി “
തെരുവിൽ ചുവന്ന
കുഞ്ഞ് സൂര്യന്മാർ
പാടിയുദിക്കുന്നു.
മഴ ചാറുന്നു.
പുതിയ ഈയാംപാറ്റകളുടെ
ചിറകുകൾ ചിതറുന്നു…