സിൻഡ്രെല്ല

നിനക്ക് സൗഖ്യമോ?
സുവർണ്ണ പാദുക-
ക്കഥപറഞ്ഞെൻ്റെ
അടുത്തു വന്നു നീ.

കിനാക്കളിൽ നിൻ്റെ
തിളങ്ങും കണ്ണിലെ-
കുരുന്നു നക്ഷത്ര-
ച്ചിരി ഞാനും കണ്ടു,

രഥമേറി രാജ-
കലകളിൽ സൂര്യ-
കിരണവുമായി
വരുന്നൊരാൾക്കായി,

മിഴിയിൽ ബാല്യത്തിൻ
നനുന്തു ചില്ലയിൽ
കസവുനൂൽ ചിത്രം
പലത് തുന്നവേ!

വരും, വരുമെന്ന്
ചിരിച്ചുവോ സ്വപ്ന-
ച്ചിറകുള്ള പൂക്കൾ
വയലിൻ കാറ്റുകൾ.

നിലാവിൻ മുറ്റത്ത്
ശരറാന്തൽ തിരി-
തെളിച്ച് നീങ്ങിയ
പഴയ സിൻഡ്രെല്ലേ!

ഒരു നാളിൽ ബാല്യ-
കുതൂഹലങ്ങളിൽ
ചിരിയുതിർത്തുന്ന
കഥകളിലൊന്നിൽ

പഴയ ഗ്രാമത്തിൻ
ചുമന്ന മണ്ണിൻ്റെ
സുഗന്ധമേറ്റുന്ന
മഴത്തുള്ളി പോലെ

ഒരു  സിൻഡ്രെല്ലയായ്
ഒരുങ്ങി നിന്നതും
മരത്തിനോടെന്നും
കഥപറഞ്ഞതും

ഇരുണ്ട ചാരത്തി-
ന്നടുക്കളക്കനൽ-
ത്തരികളിൽ പയർ-
മണി തിരഞ്ഞതും

മരമുതിർക്കുന്ന
തിളങ്ങും പട്ടിനായ്
ദിവസവും ജലം
പകർന്ന കാലവും..

അറിയൂ സിൻഡ്രെല്ലേ!
ചിരസ്മൃതിയുമായ്
ചിറകിലായ് ചിത്ര-
ശലഭവർണ്ണങ്ങൾ

മിഴികളിൽ മിന്നാ-
മിനുങ്ങിൻ്റെ വെട്ടം.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.