കനലെരിയും വഴികളിലെ പെൺകരുത്തുകൾ

1857 മാർച്ച് എട്ടിന് ന്യൂയോർക്കിലെ വനിതകൾ നടത്തിയ സമരവും പ്രക്ഷോഭവുമാണ് വനിതാദിനത്തിന് തുടക്കമായത്. തുണിമില്ലുകളിൽ ജോലിചെയ്തിരുന്ന ആയിരക്കണക്കിന് സ്ത്രീകൾ സംഘടിച്ച് കുറഞ്ഞ ശമ്പളത്തിന് എതിരായും ദീർഘ സമയത്തെ ജോലി ഒഴിവാക്കുവാനും മുതലാളിത്തത്തിനെതിരെ വോട്ടുചെയ്യാനുമുള്ള അവകാശത്തിനുവേണ്ടിയും ശബ്ദമുയർത്തിയപ്പോൾ അത് ചരിത്രത്തിന്റെ ഭാഗമാവുകയായിരുന്നു. 1990 മുതലാണ് മാർച്ച് 8 രാജ്യാന്തര വനിതാ ദിനമായി ആഘോഷിച്ചു തുടങ്ങിയത്. സ്ത്രീകളുടെ സാമൂഹിക തുല്യതയ്ക്ക് വേണ്ടിയുള്ള പോരാട്ടമാണ് രാജ്യാന്തര വനിതാ ദിനം കൊണ്ട് ഐക്യരാഷ്ട്രസഭ ലക്ഷ്യമിടുന്നത്. സ്ത്രീകളുടെ പ്രശ്നങ്ങൾ സാമൂഹിക തലത്തിലും അന്താരാഷ്ട്രതലത്തിലും ചർച്ച ചെയ്യപ്പെടേണ്ടതാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ് വനിതാദിനം. ജീവിതത്തിൽ വിജയിച്ചു മുന്നേറിയ എല്ലാ സ്ത്രീകളെയും അംഗീകരിക്കാനും ആദരിക്കാനുമുള്ള അവസരമായി ഈ ദിനം മാറട്ടെ.

സ്ത്രീത്വത്തെ ആഘോഷമാക്കി മാറ്റിയ മൂന്നു പെൺശബ്ദങ്ങളെ ഈ അവസരത്തിൽ ഓർക്കാം.

സൂസന്ന അരുന്ധതി റോയ്

1997 പ്രസിദ്ധീകരിച്ച ‘ഗോഡ് ഓഫ് സ്മാൾ തിങ്സ് ‘ എന്ന ആദ്യ നോവലിന്റെ വൻ വിജയത്തോടെ ലോകശ്രദ്ധനേടിയ എഴുത്തുകാരി. ഒരു ഇന്ത്യൻ എഴുത്തുകാരിയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെട്ട പുസ്തകമായി ഇത് മാറുകയും 1998 ലെ ‘മാൻ ബുക്കർ ‘ സമ്മാനം നേടുകയും ചെയ്തു. ആഖ്യാനകലയിലുള്ള ക്ലാസിക് മികവാണ് അവരെ ലോകനിലവാരത്തിലെത്തിച്ചത്. മലയാളത്തിൽ ഏറ്റവും പ്രശസ്തമായ നോവൽ ഇംഗ്ലീഷിലാണ് എഴുതിയതെങ്കിലും ഈ നോവലിനെ ഒരു അനുഭവമാക്കി മാറ്റിയതിൽ പ്രിയ. എ എസ് എന്ന വിവർത്തകയുടെ പങ്ക് വളരെ വലുതാണ്.

ബംഗാൾ സ്വദേശിയായ രജിബ് റോയിയുടെയും തിരുവിതാംകൂർ സിറിയൻ ക്രിസ്ത്യൻ പിന്തുടർച്ചാ നിയമത്തിനെതിരെ നിയമപോരാട്ടം നടത്തി ശ്രദ്ധേയമായ വിജയം നേടിയ മലയാളിയായ മേരി റോയിയുടെയും പുത്രിയാണ് സൂസന്ന അരുന്ധതി റോയ്. സിറിയൻ ക്രിസ്ത്യൻ സ്ത്രീകൾക്ക് പിതാവിന്റെ സ്വത്തിൽ തുല്യമായ വിഹിതം ലഭിക്കാനുള്ള അവകാശങ്ങൾക്കായി ദീർഘകാല നിയമ പോരാട്ടങ്ങൾ നടത്തുകയും, മക്കൾ തുല്യരാണ്, പെൺകുട്ടി രണ്ടാം കിടക്കാരിയാണെന്ന ചിന്ത മാറണം, അതിനുവേണ്ടിയുള്ള യുദ്ധമായിരുന്നു താൻ ചെയ്തത് എന്ന് ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്ത മേരി റോയ് സ്ഥാപിച്ചതാണ് കോട്ടയത്തെ പ്രശസ്ത സ്കൂളായ ‘പള്ളിക്കൂടം’.

രണ്ടു വയസ്സുള്ളപ്പോൾ മാതാപിതാക്കൾ വേർപിരിഞ്ഞു.അമ്മയോടും സഹോദരനോടൊപ്പം അരുന്ധതി റോയി കേരളത്തിൽ തിരിച്ചെത്തി. പിന്നീട് ദില്ലിയിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അർബൻ അഫയേഴ്സ്സിൽ ജോയിൻ ചെയ്തു. 1984ൽ ചലച്ചിത്രനിർമ്മാതാവ് പ്രദീപ് കൃഷ്‌നെ കണ്ടുമുട്ടി. അവാർഡ് ഫിലിമായ ‘മാസി സാഹിബി’ൽ ‘ഗോദർ’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. പിന്നീട് ഇവർ വിവാഹിതരായി. ഇന്ത്യയുടെ സ്വാതന്ത്ര്യ പ്രസ്ഥാനത്തെക്കുറിച്ചുള്ള ഒരു ടെലിവിഷൻ പരമ്പരയിലും ‘ആനി’, ‘ ഇലക്ട്രിക് മൂൺ’ എന്നീ രണ്ട് ചലച്ചിത്രങ്ങളിലും അവർ സഹകരിച്ചു. ചലച്ചിത്രലോകത്ത് നിരാശയിലായിരുന്ന അരുന്ധതി റോയി പിന്നീട് ഏയ്റോബിക്സ് ക്ലാസുകൾ ഉൾപ്പെടെ വിവിധ മേഖലകളിൽ പരീക്ഷണങ്ങൾ നടത്തി.

പലപ്പോഴും അരുന്ധതിറോയിയുടെ സാഹിത്യജീവിതം വിവാദങ്ങളാൽ തടസ്സപ്പെട്ടു. 1995 ൽ എഴുതിയ പത്രലേഖനങ്ങൾ പലപ്പോഴും കേസ് ഉൾപ്പെടെയുള്ള കോളിളക്കങ്ങൾ ഉണ്ടാക്കി. പൊതുജനങ്ങളിൽ നിന്ന് അവർ പിൻവാങ്ങി നോവലിലേക്ക് മടങ്ങി.

വിവിധ പാരിസ്ഥിതിക – മനുഷ്യാവകാശ പ്രവർത്തനങ്ങളിൽ സജീവസാന്നിധ്യമാണ് അരുന്ധതി റോയി. ആഗോള മുതലാളിത്ത യുഗത്തിൽ സ്വന്തംനാട് നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അവർ ശ്രമിച്ചു. നർമ്മദ നദിയിൽ ഡാമുകൾ നിർമ്മിക്കുന്നത് തടയാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകി. നിരവധി ആരോപണങ്ങൾക്ക് വിധേയയാകേണ്ടി വന്നു.

മനുഷ്യാവകാശങ്ങൾക്കായി വാദിച്ചതിന് അംഗീകാരമായി 2002ൽ ലാനൻ കൾച്ചറൽ ഫ്രീഡം അവാർഡ്, 2004ൽ സിഡ്നി സമാധാന സമ്മാനം, 2006ൽ ഇന്ത്യൻ അക്കാദമി ഓഫ് ലെറ്റേഴ്സിൽനിന്നുള്ള സാഹിത്യ അക്കാദമി അവാർഡ് എന്നിവ ലഭിച്ചു.
.
‘ദി മിനിസ്ട്രി ഓഫ് അറ്റ്മോസ്റ്റ് ഹാപ്പിനസ് ‘ അരുന്ധതി റോയിയുടെ രണ്ടാമത്തെ നോവലാണ്. മറ്റൊരു ശ്രദ്ധേയമായ കൃതിയാണ് ‘ആസാദി’.

വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ അധികാരപ്രവര്‍ത്തനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും ഭരണകൂടങ്ങളുടെ ഉരുക്കുമുഷ്ടികള്‍ക്കും ധാര്‍ഷ്ട്യത്തിനുമെതിരേ ഉയരുന്ന വീറുറ്റ ശബ്ദമായി അരുന്ധതി റോയ്‌ ലോകമെങ്ങുമെത്തുന്നു. ആന്റിഗ്ലോബലൈസേഷൻ പ്രസ്ഥാനങ്ങളുടെ ദീർഘകാല പ്രവർത്തകയുമാണ് അരുന്ധതി റോയ്.

അനിത പ്രതാപ്

1983ൽ തന്റെ ഇരുപത്തിനാലാം വയസ്സിൽ, ലിബറേഷൻ ടൈഗേഴ്സ് ഓഫ് തമിഴ് ഈലം (എൽടിടിഇ) മേധാവി വി.പ്രഭാകരനുമായി അഭിമുഖം നടത്തിയ ആദ്യ പത്രപ്രവർത്തകയാണ് അനിതാ പ്രതാപ്. ഇത് അവരെ അന്താരാഷ്ട്രതലത്തിൽ പ്രശസ്തയാക്കി. അദ്ദേഹത്തിന്റെ ജീവചരിത്രമാണ് ‘മെതാഗു’ (ഹിസ് എക്സലൻസി). അഭിമുഖത്തിൽ പ്രഭാകരന്റെ ഒരു പ്രസ്താവന അനിത പ്രതാപിന്റെ മനസ്സിൽ എന്നും പച്ചപിടിച്ചു നിൽക്കുന്നു.” പ്രകൃതി എന്റെ സുഹൃത്താണ്, ജീവിതം എന്റെ തത്വചിന്തകനാണ്, ചരിത്രം എന്റെ വഴികാട്ടിയാണ്.. “

പൂർണമായും പുരുഷമേധാവിത്വമുള്ള, ഏഷ്യയിലെ വനിതാ മാധ്യമ പ്രവർത്തകർ രാഷ്ട്രീയമോ യുദ്ധമോ റിപ്പോർട്ട് ചെയ്യാതിരുന്ന ഒരു കാലത്ത് യുദ്ധ പത്രപ്രവർത്തകയായി അവർ ജോലി ചെയ്തു. ഭയാനകമായ നിമിഷങ്ങളെ ചങ്കൂറ്റത്തോടെ നേരിട്ടു. യുദ്ധങ്ങളിൽ സംഘർഷങ്ങളെ മാനുഷികവൽക്കരിക്കുകയും യുദ്ധക്കെടുതികൾ ഉയർത്തിക്കാട്ടുകയും ചെയ്തു. യുദ്ധം റിപ്പോർട്ട് ചെയ്യുമ്പോൾ ശവശരീരങ്ങളുടെ എണ്ണമോ സൈനിക ഹാർഡ്‌വെയറുകളെക്കുറിച്ചോ ജിയോ പൊളിറ്റിക്സോ ഒന്നുമായിരുന്നില്ല അവരുടെ ശ്രദ്ധാകേന്ദ്രം. യുദ്ധ ദുരന്തങ്ങൾ അനാഥമാക്കുന്ന കുടുംബങ്ങളുടെ ചിത്രം അവരുടെ മനസ്സിനെ നീറ്റി.

കോട്ടയത്ത് ഒരു സിറിയൻ കത്തോലിക്ക കുടുംബത്തിലാണ് അനിതാ പ്രതാപ് ജനിച്ചത്. അച്ഛൻ ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റീൽ കമ്പനിയായ ടാറ്റാ സ്റ്റീലിൽ എക്സിക്യൂട്ടീവ് ആയിരുന്നു. വിവിധ നഗരങ്ങളിൽ പോസ്റ്റിങ്ങ് ഉണ്ടായിരുന്നതിനാൽ ഇന്ത്യയുടെ അത്ഭുതാവഹമായ വൈവിധ്യം അനിതയിൽ പുത്തൻ പാഠപ്പടവുകൾ തീർത്തു. 11 വർഷങ്ങൾക്കുള്ളിൽ 7 സ്കൂളുകൾ മാറി. പിൽക്കാലത്ത് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ ഒരു മാന്ത്രികപ്പക്ഷിയെപ്പോലെ സഞ്ചരിച്ചു. പല സംസ്ഥാനങ്ങളിലെ ജീവിതം വൈവിധ്യങ്ങളുമായി പൊരുത്തപ്പെടാൻ അവരെ സഹായിച്ചു, അതിലൂടെ അതിജീവനവും സാധ്യമായി. രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള മാധ്യമ പ്രൊഫഷണലുകളിൽ ഒരാളാണ് അനിത പ്രതാപ്.

1983 ശ്രീലങ്കയിൽ നടന്ന തമിഴ് വിരുദ്ധ കലാപത്തെ പറ്റിയുള്ള റിപ്പോർട്ടുകൾ ഇന്ത്യൻ പാർലമെന്റിൽ കോളിളക്കം ഉണ്ടാക്കുകയും തമിഴരെ രക്ഷിക്കാൻ ഇന്ത്യ ശ്രീലങ്കയിലിടപെടുകയും ചെയ്തു. അഫ്ഗാനിസ്ഥാൻ, ശ്രീലങ്ക, കാശ്മീർ തുടങ്ങിയ സംഘർഷ മേഖലകളിൽ നിന്നുള്ള റിപ്പോർട്ടുകൾ അവർക്ക് വളരെയധികം പ്രശസ്തി നേടിക്കൊടുത്തു. താലിബാൻ കാബൂൾ ഏറ്റെടുക്കുന്നതിനെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ മികവിന് ജോർജ് പോൾക്ക് അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യക്കാരിയായി. തുടർന്നും നിരവധി പുരസ്കാരങ്ങൾ അവരെ തേടിയെത്തി.

അച്ചടി ഇലക്ട്രോണിക് മാധ്യമങ്ങളിൽ അവർക്ക് ഒരു താരപരിവേഷം ഉണ്ടായിരുന്നു. 1993ലെ മുംബൈ കലാപത്തിൽ ടൈം മാഗസിനുവേണ്ടി ബാൽതാക്കറെയുമായി നടത്തിയ അഭിമുഖം ലോകമെമ്പാടും ചർച്ചചെയ്യപ്പെട്ടു.

2013 ൽ കേരളകലാകേന്ദ്രത്തിൽനിന്ന് ശ്രീ രത്നപുരസ്കാരം അവരെ തേടിയെത്തി. മൂന്ന് കാരണങ്ങൾ കൊണ്ട് ഈ അവാർഡ് തനിക്ക് വളരെ വിശേഷപ്പെട്ടതാണ് എന്ന് അവർ കരുതുന്നു. ഒന്നാമതായി വികലാംഗരെ ശാക്തീകരിക്കുക എന്നത് ഹൃദയത്തോട് ചേർന്ന് കിടക്കുന്ന ഒരു പ്രശ്നമാണ്. രണ്ട്, ജന്മനാടായ കേരളത്തിൽ നൽകിയ അവാർഡ്, മൂന്നാമതായി ഇത് ഒരു അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചാണ് നൽകപ്പെട്ടത്.

“കേരളത്തിലെ സ്ത്രീകൾ അവരുടെ ശബ്ദം കണ്ടെത്തണം, അവർക്ക് ഒരേ ശബ്ദം ആയിരിക്കണം, പരസ്പരം പിന്തുണയ്ക്കണം, സ്വയം ശാക്തീകരിക്കാൻ പ്രാപ്തരാകണം” . ഇതാണ് കേരളത്തിലെ സ്ത്രീകൾക്ക് അനിതാ പ്രതാപ് നൽകുന്ന സന്ദേശം.

തന്റെ ശ്രീലങ്കൻ യാത്രകളും, തമിഴ് പുലി സമരങ്ങളും, വംശീയ സംഘർഷങ്ങളും ചേർത്തുള്ള വിവരണമാണ് ‘ഐലൻഡ് ഓഫ് ബ്ലഡ് ‘എന്ന അനിത പ്രതാപിന്റെ പുസ്തകം. അസാധാരണമായ കാര്യങ്ങൾ ചെയ്യുന്ന സാധാരണ ഇന്ത്യക്കാർക്കുള്ള ഒരു രചനയാണ് പ്രശസ്ത ഫോട്ടോഗ്രാഫർ മഹേഷ് ഭട്ടുമായി ചേർന്നെഴുതിയ ‘അൻസുoഗ് ‘എന്ന കൃതി. ഒരു ഡോക്യുമെന്ററി മേക്കർ എന്ന നിലയിൽ സാമൂഹ്യപ്രശ്നങ്ങളും കലയും സംസ്കാരവും അവർ വിഷയങ്ങളാക്കി.

ജയശ്രീ മിശ്ര

തകഴി എന്ന വിശ്രുത എഴുത്തുകാരന്റെ കൊച്ചനിന്തിരവൾ. ന്യൂഡൽഹിയിൽ ഒരു മലയാളി കുടുംബത്തിൽ ജനനം. അച്ഛൻ ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥൻ.അമ്മ അധ്യാപിക. കേരള യൂണിവേഴ്സിറ്റിയിൽ നിന്നും ഇംഗ്ലീഷ് സാഹിത്യത്തിൽ എം.എ, തുടർന്ന് സ്പെഷ്യൽ എഡ്യൂക്കേഷനിലും ബ്രോഡ്കാസ്റ്റിംഗ് ജേർണലിസത്തിലും ലണ്ടൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പിജി ഡിപ്ലോമ.
എഴുതിയതെല്ലാം ഇംഗ്ലീഷിൽ ആണെങ്കിലും മലയാളത്തിലാണ് അവരുടെ വേരുകൾ.

ജയശ്രീമിശ്രയുടെ ആദ്യത്തെ നോൺ ഫിക്ഷൻ നോവലാണ് ‘എ ഹൗസ് ടു മിസ്റ്റർ മിശ്ര’. തിരുവനന്തപുരത്ത് വീട് പണിയാൻ തീരുമാനിച്ച കാലഘട്ടത്തെപ്പറ്റിയാണ് അതിൽ പരാമർശിക്കുന്നത്. ഇതൊരു ഓർമ്മകുറിപ്പും ആത്മകഥയും ആണെന്ന് പറയാം. തമാശകളും നിരാശകളും ഉൾക്കൊള്ളുന്ന സംഭവങ്ങൾ ഇതിലുണ്ട്.

ആദ്യ ഭർത്താവിൽനിന്നും വേർപിരിഞ്ഞ ശേഷം നിരാശയുടെ ആഴങ്ങളിലായിരുന്നു അവർ. മാനസികവെല്ലുവിളി നേരിട്ട ഏകമകൾ രോഹിണിക്ക് ശരിയായ സ്കൂൾ വിദ്യാഭ്യാസം കൊടുക്കാൻ കഴിഞ്ഞില്ല. ജീവിതത്തിൽ അതൃപ്തയായിരുന്ന അവർ പിന്നീട് ലണ്ടൻ സർവകലാശാലയിൽ പ്രവേശനം നേടി. മകൾക്ക് നല്ലൊരു വിദ്യാലയം കണ്ടുപിടിച്ചു. അവിടെ വച്ച് പഴയ സ്കൂൾ സുഹൃത്തായ ആശുതോഷിനെ കണ്ടുമുട്ടി.

1857 ലെ ബ്രിട്ടീഷ് കലാപത്തിൽ ബ്രിട്ടീഷ് സൈന്യത്തിനെതിരെ പോരാടിയ ഝാൻസിയിലെ റാണി ലക്ഷ്മി ഭായിയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി ‘റാണി ‘എന്ന ഒരുചരിത്ര നോവൽ എഴുതി. വിധവയായ ഇന്ത്യൻ രാജ്ഞിയും അവരുടെ ബ്രിട്ടീഷ് ഏജന്റും തമ്മിലുള്ള പ്രണയകഥയായിരുന്നു ഇത്. ഏറെ വിവാദമുണ്ടാക്കിയ ഈ നോവൽ യു.പി സർക്കാർ നിരോധിച്ചിരുന്നു.

ജയശ്രീ മിശ്രയുടെ ആദ്യ നോവൽ ‘ജന്മാന്തര വാഗ്ദാനങ്ങൾ ‘(Ancient promises) ആണ്. ജീവിതത്തിന്റെ വിരോധാഭാസസ്വഭാവം അവതരിപ്പിക്കുന്ന നോവലാണിത്. ജർമൻ, ഗ്രീക്ക്, മലയാളം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ട ഈ നോവൽ ഇന്ത്യയിലെ ഒരു ബെസ്റ്റ് സെല്ലർ ആയിരുന്നു. ഇംഗ്ലീഷ് സാഹിത്യ പഠന വിദ്യാർത്ഥികളുടെ പാഠപുസ്തകത്തിൽ നിർദ്ദേശിക്കപ്പെട്ടതാണ് ഈ നോവൽ. ‘ദി ഫിക്ഷൻ കളക്ഷൻ :20 ഇയേഴ്സ് ഓഫ് പെൻഗ്വിൻ ഇന്ത്യ’, ‘മഴ എവിടെയാണ് ജനിക്കുന്നത്: കേരളത്തെക്കുറിച്ചുള്ള എഴുത്തുകൾ’ എന്നീ രണ്ടു പെൻഗ്വിൻ സമാഹാരങ്ങളിലും ഈ പുസ്തകത്തിൽ നിന്നുള്ള ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

ജയശ്രീ മിശ്രയുടെ മറ്റു പ്രശസ്തമായ രചനകളാണ് ലൗ സ്റ്റോറി ഫോർ മൈ സിസ്റ്റർ, (A love story for my sister) എ സ്കാൻഡലസ് സീക്രട്ട് ( A scandalous secret ) സീക്രട്ട്സ് ആൻഡ് സിൻസ് ( Secrets and Sins ) സീക്രട്ട്സ്‌ ആൻഡ് ലൈസ് ( Secrets and lies ) ആഫ്റ്റർവാട്സ് ( Afterwards ) ആക്സിഡന്റ് ലൈക് ലൗ ആൻഡ് മാരിയേജ് ( Accidents like love and marriage ) ഇവ.

കുട്ടികൾക്കും മുതിർന്നവർക്കുമായി റൈറ്റിങ് വർക്ക് ഷോപ്പുകളും മറ്റു നിരവധി പ്രൊജക്ടുകളും നടത്തുന്ന ജയശ്രീ മിശ്ര, ദില്ലിയിൽ ബുദ്ധിപരമായി വെല്ലുവിളികൾ നേരിടുന്നവർക്ക് വേണ്ടിയുള്ള ഒരു ദീർഘകാല റസിഡൻഷ്യൽ ഹോമിന്റെ സ്ഥാപക കൂടിയാണ്.

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.