
“അമ്പലംപിടിക്കാൻ പോയ സഖാവ് ഗോപാലൻ ഇനി മടങ്ങിവരില്ല” – അമലിന്റെ അണപ്പല്ലുകൾക്കിടയിലൂടെ അമർഷം വെളിയിൽച്ചാടി.
ചെറിയ നേതാവ് പുരികമുയർത്തി. വലിയ നേതാവിന്റെ മുഖത്തെ മസിലൊന്നിളകി. മൈക്ക് കിട്ടിയാലല്ലാതെ കാര്യമായി ഉരിയാടാത്തവർക്ക് മുന്നിൽ അമൽ നിന്നുതിളച്ചു.
“ധ്യാനംകൂടാൻ പോയ ജോർജ്ജച്ചായന്റെയും പഴയ അലിയാരുടെയും അനുഭവംകൊണ്ടും നമ്മള് പഠിച്ചില്ല…”
ചുവന്ന കസേര മേലിരുന്നവവൻ മുരണ്ടു. – ” മിസ്ഡ്കോൾ അടിച്ച് മെമ്പർഷിപ്പുമെടുത്ത് കാണും…”
“ങേ…” നേതാക്കളിൽ ഉണർവ്.
“എന്നവൻ പറഞ്ഞോ?!”
“ഇല്ല. പക്ഷേ, ഭാഷയിലൊക്കെ വലിയ മാറ്റം “
ചെറിയനേതാവ്, ചിരി എന്നദ്ദേഹം കരുതിവെച്ചിരിക്കുന്ന ഒരുഗോഷ്ഠി കാണിച്ചു –
“ഭാഷയാണോ കാര്യം”
അമൽ ആയുധം നഷ്ടപ്പെട്ടവനായി – “അല്ല വോട്ടാണ് കാര്യം” എന്നവൻ പിറുപിറുത്തു.
“അങ്ങനെയൊരു സംശയം സഖാവിനുണ്ടെങ്കിൽ…” ചെറിയ നേതാവാണ്.
“സംശയമല്ല. ഉറപ്പാണ്…”
വലിയനേതാവ് അമലിന്റെ തോളിൽ കയ്യിട്ടു.
“എങ്കിലിനിയൊന്നും നോക്കാനില്ല. ഗോപാലനെ മാറ്റണം. അമ്പലം നമുക്ക് പിടിക്കണം. അതിന് സഖാവ് അമലിനെത്തന്നെ നിയോഗിക്കാനാണ് പാർട്ടിത്തീരുമാനം “
“ഞാനില്ല…”
“അതെന്ത്! ” നേതാവിന്റെ പുരികം വളഞ്ഞു.
“ഇപ്പോഴുള്ള ചുമതലയൊക്കെത്തന്നെ മതി…”
“അതൊക്കെ ചെയ്യാൻ ധാരാളം ആളെക്കിട്ടും. പക്ഷേ ഈ ചുമതലയിൽ പ്രത്യയശാസ്ത്രദാർഢ്യമുള്ളൊരാൾ തന്നെ വേണം”
“എനിക്ക് പറ്റില്ല… ” ക്ഷുഭിതയൗവനത്തിന്റെ ഊർജ്ജപ്രവാഹം കാതുകളിലൂടെ ഒഴുകി നേതാക്കളുടെ തലച്ചോറിലെ മസിലുകളെ നോവിച്ചു.
“പാർട്ടി തീരുമാനം അംഗീകരിച്ചില്ലെങ്കിൽ…” നേതാക്കളുടെ കണ്ണുകളിൽ മൂർച്ച.
അമൽ തന്റെചുമലിലമർന്ന തടിച്ചകൈ എടുത്ത് മാറ്റി മുഖത്തെപുച്ഛം മറയ്ക്കാതെ പുറത്തിറങ്ങി.
അന്നേരം സഖാവ് ഗോപാലൻ കാര്യക്കാരനായി, ഒരു മതഘോഷയാത്ര റോഡുനിറഞ്ഞ് കടന്നുവന്നു. ചെങ്കൊടി പാറുന്ന ഫ്ലാഗ് പോസ്റ്റിൽ കൈയ്യൂന്നി, അത് കടന്ന് പോകാനവൻ കാത്തുനിന്നു.
വലിയനേതാവിന്റെ ഭാര്യയും ചെറിയനേതാവിന്റെ മകളും തന്റെ അമ്മയുമൊക്കെ കസവുസാരിയിൽ പൊതിഞ്ഞ് താലവുമേന്തി കടന്നുപോകുന്നു.
ഒരിട അവിടെത്തന്നെ നിന്നിട്ടവൻ തിരിച്ച് കയറി.
“ഞാൻ തയ്യാറാണ് “
അവന്റെ തളർന്ന ശിരസ്സിന് മുകളിൽ നേതാക്കൾ കണ്ണിൽക്കണ്ണിൽ നോക്കിച്ചിരിച്ചു. അത് ഗോഷ്ഠിയായിരുന്നില്ല. നല്ല നിറകൺചിരി.
