ഇടയാളം – ‘അടയാള’ങ്ങളുടെ നാൾവഴികൾ…

ഭാഷയുടെ ആവിർഭാവത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. ഓരോ തലമുറയിലൂടെയും വളർന്നു വന്ന ഭാഷ ഇന്ന് ആധുനികതയിലും ആധുനികോത്തരതയിലും എത്തി നിൽക്കുന്നു. ഭാഷയുടെ വികാസ പരിണാമങ്ങളിൽ വിവിധ തലമുറകൾക്ക് അവരുടേതായ പങ്കു വഹിക്കേണ്ടതായി വന്നിട്ടുണ്ട്. ഭാഷയിലുണ്ടാകുന്ന വൈകല്യങ്ങളെ കാലാകാലങ്ങളിൽ വിവിധ ഭാഷാപണ്ഡിതന്മാർ വിലയിരുത്തുകയും തെറ്റുകൾ തിരുത്തുകയും ചെയ്തിട്ടുണ്ട്. മലയാള ഭാഷയിലെ ലിപി പരിണാമങ്ങളെയും വർണ്ണങ്ങളെയും, പദപ്രത്യയങ്ങളെയും കുറിച്ച് വളരെ ഗഹനമായ പഠനങ്ങൾ നടന്നിട്ടുണ്ട്. എന്നാൽ ചിഹ്നങ്ങളെ (punctuations) കുറിച്ച് പഠനങ്ങൾ ഉണ്ടായിട്ടില്ല എന്നുതന്നെ പറയാം. സ്കൂൾ തലങ്ങളിലും ഇവയെ അപ്രധാനമായ തലങ്ങളിലാണ് കാണുന്നതെന്ന് തോന്നുന്നു. ഭാഷയിൽ ചിഹ്നങ്ങൾക്ക് വളരെയധികം പ്രാധാന്യമുണ്ട്. ആശയസംവേദനം പൂർണമാകണമെങ്കിൽ ചിഹ്നങ്ങൾ കൂടിയേ കഴിയൂ. അതില്ലെങ്കിൽ ആശയ വൈകല്യങ്ങൾ ഉണ്ടാവുന്നു എന്ന് പത്രമാധ്യമങ്ങളിൽ നിന്നുതന്നെ വ്യക്തവുമാണ്. പത്രപാരായണം ദൈനം ദിനചര്യകളുടെ ഒരു ഭാഗമായി കാണുന്നവരിൽ, പതിവായി മാധ്യമങ്ങളിൽ കാണുന്ന തെറ്റുകൾ അറിയാതെ മനസ്സിൽ രൂഢമൂലമാവുകയും പിന്നീട് ശരിയേത് തെറ്റേത് എന്ന് വ്യവഛേദിച്ചറിയാൻ പറ്റാത്ത ഒരു അവസ്ഥയിലേക്ക് എത്തിപ്പെടുകയും ചെയ്തേക്കാം. ഈ സാഹചര്യത്തിൽ മലയാളത്തിനു ലഭിച്ച ഒരു അപൂർവ ഗ്രന്ഥമാണ് ‘ഇടയാളം’ എന്ന അടയാളങ്ങളുടെ അത്ഭുതലോകം. ശ്രീ വൈക്കം മധുവിന്റെ ഇരുപത്തിയഞ്ചു വർഷങ്ങൾ നീണ്ട പഠനത്തിന്റെ ഫലമാണ് ഈ ഗ്രന്ഥം.

വിവിധ ചിഹ്നങ്ങളുടെ പരിണാമവും, വളർച്ചയും, വികാസവും, ഭാഷയിലും ആശയഗ്രഹണത്തിലും അവയ്ക്കുള്ള സ്ഥാനവും വിശദീകരിക്കുന്ന പുസ്തകമാണ് ഇടയാളം.

വിവിധ ചിഹ്നങ്ങളുടെ പരിണാമവും, വളർച്ചയും, വികാസവും, ഭാഷയിലും ആശയഗ്രഹണത്തിലും അവയ്ക്കുള്ള സ്ഥാനവും വിശദീകരിക്കുന്ന പുസ്തകമാണ് ഇടയാളം. അക്ഷരങ്ങളുടെ ഒറ്റച്ചങ്ങലയിൽനിന്നും, ഇടയും (space) ചിഹ്നങ്ങളും ചേർത്തുള്ള വ്യക്തമായ എഴുത്തിലേക്കുള്ള ആർക്കുമറിയാത്ത ചരിത്രം നമ്മളിലെത്തുന്നത് ഈ ഗ്രന്ഥത്തിലൂടെയാണ്‌. വാചകത്തിൽ വാക്കുകൾക്കിടയിലുള്ള ‘ഇട ‘(സ്പേസ്) യുടെ ആവിർഭാവത്തിനു പോലും ഒരു ചരിത്രം ഉണ്ടെന്ന അപൂർവ്വമായ തിരിച്ചറിവ് ഈ ഗ്രന്ഥത്തിലൂടെ നമുക്കു ലഭിക്കുന്നു. സ്പേസ് എന്ന സങ്കല്പം ഐറിഷ് സന്യാസി മഠങ്ങളിൽ നിന്നാണ് ഉരുത്തിരിഞ്ഞുവന്നത്. ചിഹ്നങ്ങളുടെ പരിണാമചരിത്രം അടിമ കച്ചവടത്തിലെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്നു. ഗ്രീക്കിൽ ഉപയോഗിച്ചിരുന്ന ചോദ്യചിഹ്നത്തിൽ നിന്നാണ് അർധവിരാമ (സെമി കോളൻ) ത്തിന്റെ ഉത്ഭവം. ഇറ്റലിയിലെ മധ്യകാല മുദ്രണാലയകാരനായ ആൽഡസ് പയസ് മനുഷ്യസാണ് അർധവിരാമം ആദ്യമായി അച്ചടിയിൽ ഉപയോഗിച്ചത്. ഇറ്റാലിയൻ രീതിയിലുള്ള എഴുത്ത് രൂപകൽപ്പന ചെയ്തതും ഇദ്ദേഹമാണ്.

ഭാഷയിലെ ട്രാഫിക് സിഗ്നലുകളാണ് ചിഹ്നങ്ങൾ. അവയോട് യോജിച്ചു യാത്ര ചെയ്താൽ യാത്ര സുഖം. അല്ലെങ്കിൽ ഡ്രൈവർക്കും (രചയിതാവ്) യാത്രക്കാർക്കും (അനുവാചകർ) ക്കും അപകടസാധ്യത. ഭാഷയിൽ ചിഹ്നത്തിന്റെ പ്രാധാന്യം രസകരമായ രീതിയിൽ വൈക്കം മധു വിശദീകരിക്കുന്നു. വാക്കുകൾക്ക് പകരം ഉപയോഗിക്കാവുന്ന ചിഹ്നങ്ങൾ വ്യക്തമായ അർത്ഥ സൂചന നൽകുന്നുണ്ട്. ആശ്ചര്യം, ചോദ്യം, ഇടവിരാമം, വിരാമം, ഉദ്ധരണി, സൂചന തുടങ്ങി എത്രയെത്ര ആവശ്യങ്ങൾക്ക് ഭാഷാ പ്രയോജകർ ചിഹ്നങ്ങളെ ആശ്രയിക്കുന്നു. രസകരങ്ങളായ തലക്കെട്ടുകളാണ് ഈ ഗ്രന്ഥത്തിന്റെ മറ്റൊരു പ്രത്യേകത. തലക്കെട്ടുകൾക്കിടയിൽ ചിഹ്നങ്ങളിലൂടെ നടത്തുന്ന അർത്ഥം ദ്യോതിപ്പിക്കലുകൾ വളരെ കൗതുകമുണർത്തുന്നവയാണ്. ഉദാഹരണത്തിന്, ഡോട്ട് എന്ന ‘കുത്ത്’ വാക്ക്’, ഇട’പെടലിന്റെ ഇന്ദ്രജാലം, പറങ്കിപെറ്റ(?) ചിഹ്നകുലം, എങ്ങനെ വല(യം )യിൽ ആക്കാം, ചിന്ന- ചിഹ്‌ന – യുദ്ധം: രാജ്യം രണ്ടായി, ഇവ അതിൽ ചിലതു മാത്രം. തലക്കെട്ടിലുള്ള ഈ ചിഹ്നങ്ങൾ അധ്യായത്തിലെ ഉള്ളടക്കത്തിലേക്ക് ഉള്ള സർച്ച് ലൈറ്റുകളാണ്. പുസ്തകത്തിന്റെ പേരുസൂചിപ്പിക്കുന്നതുപോലെ ‘ഇട ‘എന്ന ശൂന്യ സ്ഥലത്തിന് എഴുത്തിൽ വളരെ പ്രാധാന്യമുണ്ട്.

സർവോത്കൃഷ്ടമായ, നിശബ്ദവും അഗോചരമായ, ഒരു ചിഹ്നമാണ് ‘ഇട’. അക്ഷരങ്ങളുടെ ആകാശപരപ്പിൽ വെള്ളിനക്ഷത്രങ്ങൾ ചിതറിയതുപോലെയാണ് ‘സ്പേസ്’ അഥവാ ഇട. “ഇട” പോകുമ്പോൾ അർത്ഥം മാറുന്നത് ഉദാഹരണസഹിതം വ്യക്തമാക്കുന്നുണ്ട് ഗ്രന്ഥകാരൻ. ‘ രാമൻ തന്നെ പോകണം’, ‘രാമൻതന്നെ പോകണം’. ഇതിൽ രണ്ടാമത്തെ വാചകത്തിൽ ‘ഇട’ പോകുമ്പോൾ അർത്ഥം മാറി സ്പേസ് എന്നശൂന്യ സ്ഥലം വാക്കുകൾക്കതീതമായ കരുത്ത് പ്രകടമാകുന്നത് കാണാം “മഷിപുരളാത്ത ചിഹ്നം” എന്നാണ് ശ്രീ വൈക്കം മധു സ്പേസ്നെ വിശേഷിപ്പിക്കുന്നത്. വാക്യത്തിന് ഉദ്ദിഷ്ടാർത്ഥം നൽകുന്നതിൽ, വി ഐ പി ആയശൂന്യസ്ഥലം വലിയ ഒരു പങ്കുവഹിക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിക്കുന്നു.

നഗരരാജ്യങ്ങൾ നിലനിന്നിരുന്ന കാലത്ത്, സി ഇ – ഒന്നാം നൂറ്റാണ്ടിൽ, അരിസ്റ്റോട്ടിൽ കനംകുറഞ്ഞ ഓലയിൽ തുടരെഴുത്തു രീതിയിൽ എഴുതിയ ഏതൻസിന്റെ ഭരണഘടനയിൽനിന്നു പകർത്തിയെടുത്ത ഭാഗം മുതൽ 1862ൽ ബ്രസ്സൽസിൽ നിന്ന് പ്രസിദ്ധീകരിച്ച ‘പാവങ്ങൾ’ എന്ന വിക്ടർയൂഗോയുടെ ബുക്കിന്റെ ആദ്യ ഫ്രഞ്ച് എഡിഷന്റെ ചിത്രം വരെ വ്യക്തമായ തെളിവുകളിലൂടെയാണ് ഈഗ്രന്ഥത്തിലെ വിവരണങ്ങൾ പുരോഗമിക്കുന്നത്. ഒരു വൈയാകരണന്റെയോ അക്കാദമികന്റെയോ പാണ്ഡിത്യമോ വിഭവ സന്നാഹമോ ഗവേഷണ പര-രചനകളുടെ രീതി ശാസ്ത്ര പിൻബലമോ ഇല്ലാതെ ഒരു പത്രപ്രവർത്തകൻ നടത്തിയ അന്വേഷണത്തിന്റെ പരിമിതികളിൽ ഒതുങ്ങുന്നത് എന്ന് ആമുഖത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും മേൽപ്പറഞ്ഞവയ്ക്ക് ഏറ്റവും ആവശ്യമായ, അപാരമായ ഗവേഷണ ബുദ്ധിയാണ് ഗ്രന്ഥകാരന് ഉള്ളത്. ഭാഷാസ്നേഹികൾക്ക് സംശയനിവൃത്തിക്ക് ആശ്രയിക്കാൻ ഉതകുന്ന ഒരേയൊരു ഗ്രന്ഥമാണിത്.
.
ആശയവിനിമയം ശ്രമകരമായ ഒരു പ്രക്രിയയാണ്. മനസ്സിന്റെ വൈകാരികതകൾ പൂർണതയോടെ പ്രകടമാക്കാൻ ചിഹ്നങ്ങൾ കൂടിയേതീരൂ. ‘മഷിക്കുറികൾ തൊട്ടുണർത്തിയ ചിഹ്നകാന്തികൾ’ എന്ന അദ്ധ്യായത്തിൽ, പ്രഗൽഭരായ വാഗ്മികൾ പ്രഭാഷണത്തിലും അവരവരുടെ അഭിപ്രായത്തിലേക്കും നിലപാടിലേക്കും ശ്രോതാക്കളെ ആകർഷിക്കാൻ ഉപ വാക്യങ്ങൾക്കോ വാക്യങ്ങൾക്കോ ഇടയിൽ സന്ദർഭോചിതമായി ചെറുതും വലുതുമായ നിറുത്തുകൾ വരുത്തുകയും ശബ്ദം സന്ദർഭോചിതം താഴ്ത്തുകയും ഉയർത്തുകയും, ചിലപ്പോൾ ശരീരഭാഷകൾ കൊണ്ട് അവയെ ബോധിപ്പിക്കുകയും ചെയ്യുന്നത് എന്തിനാണെന്ന് വിശദീകരിക്കുന്നുണ്ട്. രാഷ്ട്രീയ നേതാക്കളുടെ പ്രസംഗങ്ങൾ കേട്ടു വളർന്ന മലയാളിക്ക് വ്യത്യസ്തമായ ശബ്ദനിയന്ത്രണശൈലിയുടെ കരുത്തും മൗനവും ഇടവേളകളും നീട്ടലും കുറുക്കലുകളും പരാമർശിച്ചിട്ടുണ്ട്. ഇവയാണ് ഭാഷണത്തിന്റെ സൗന്ദര്യവും, ഗൗരവവും, ഓജസ്സും, ആകർഷണവും കാന്തിക ശക്തിയും നിർണയിക്കുന്ന മുഖ്യഘടകങ്ങൾ. എഴുത്തിൽ ഇതിനുസമാനമായി ഒരു പരിധി വരെ പ്രവർത്തിക്കുന്നത് ചിഹ്നങ്ങളാണ്. സംഭാഷണത്തിൽ ചെറിയ നിറുത്തു വരുന്നതിനെ കോമയായും, (അൽപവിരാമം) അൽപം കൂടിനീണ്ട നിറുത്തിനെ സെമി-കോളൻ ആയും (അർധവിരാമം) സങ്കൽപ്പിക്കാം.

ഗുണ്ടർട്ടിന്റെ സമ്പൂർണ്ണ വ്യാകരണം 1868ൽ പ്രസിദ്ധീകൃതമായി. അതിനുമുൻപു തന്നെ ജോർജ് മാത്തൻ ‘മലയാഴ്മയുടെ വ്യാകരണം’ എഴുതി പൂർത്തിയാക്കി സ്കൂൾ ബുക്ക് സൊസൈറ്റിക്ക് പ്രസിദ്ധീകരണത്തിനായി സമർപ്പിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്.

മലയാളത്തിൽ ചിഹ്നങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയത് ജോർജ്ജ് മാത്തൻ ആണെങ്കിലും അതിനുള്ള അംഗീകാരം അദ്ദേഹത്തിന് ലഭിക്കാതെപോയെന്ന ദു:ഖകരമായ ചരിത്രവസ്തുത ഈ ഗ്രന്ഥത്തിലൂടെ അനാവൃതമാകുന്നു. ഗുണ്ടർട്ടിന്റെ സമ്പൂർണ്ണ വ്യാകരണം 1868ൽ പ്രസിദ്ധീകൃതമായി. അതിനുമുൻപു തന്നെ ജോർജ് മാത്തൻ ‘മലയാഴ്മയുടെ വ്യാകരണം’ എഴുതി പൂർത്തിയാക്കി സ്കൂൾ ബുക്ക് സൊസൈറ്റിക്ക് പ്രസിദ്ധീകരണത്തിനായി സമർപ്പിക്കുകയും ചെയ്തിരുന്നതായി രേഖകളുണ്ട്. എന്നാൽ വലുപ്പക്കൂടുതൽ കാരണം പ്രസിദ്ധീകരിക്കാതെ വരികയും സാമ്പത്തിക ഞെരുക്കത്താൽ ഒരു പതിറ്റാണ്ടിനു ശേഷം മാത്രം അദ്ദേഹത്തിന് സ്വന്തം ചെലവിൽ പ്രസിദ്ധീകരിക്കേണ്ടി വരികയും ചെയ്തു. പക്ഷേ അപ്പോഴേക്കും ഗുണ്ടർട്ടിന്റെ നിഘണ്ടു പുറത്തിറങ്ങി ജനസമ്മിതി നേടിക്കഴിഞ്ഞിരുന്നു. അതോടെ ചിഹ്നങ്ങൾ ഉപയോഗിച്ചു തുടങ്ങിയ ആദ്യത്തെ വ്യാകരണഗ്രന്ഥത്തിന്റെ കർത്താവ് എന്ന പദവി മലയാളിക്ക് നഷ്ടപ്പെടുകയും ചെയ്തു.

ഭാഷയിലെ ചിഹ്നങ്ങൾക്ക് ലോകചരിത്രഗതി മാറ്റാൻകഴിയും എന്ന് തെളിയിച്ച ‘കോമാസമരം’ എഴുത്തിലും അച്ചടിയിലും വന്നുചേർന്ന വിപ്ലവ കാലഘട്ടത്തെക്കൂടി സൂചിപ്പിക്കുന്നു. റഷ്യൻ വിപ്ലവം തുടങ്ങുന്നതിനു മുൻപ് മോസ്‌കോയിലെ അച്ചടിശാലാ തൊഴിലാളികളിൽ കരാർജോലിക്കാരും ദിവസകൂലിക്ക് പണി ചെയ്യുന്നവരും ഉണ്ടായിരുന്നു. സ്ഥിരം ജോലിക്കാർക്ക് അച്ചു നിരത്തുന്നതിന് വാക്കിന് ഇത്ര കൂലി എന്നതായിരുന്നു കണക്ക്. റഷ്യയിലെ പണിശാലകളിൽ ഏറ്റവും കുറഞ്ഞ കൂലിക്ക് ജോലി ചെയ്തിരുന്നവരാണിവർ. സൈറ്റിൻ (Sytin )എന്ന പുസ്തക വ്യാപാരി കാലത്തിനൊത്ത്, എഴുത്തിൽ ചിഹ്നനരീതി സ്വീകരിച്ചപ്പോൾ അച്ചുകൂടജോലിക്കാർ കുഴങ്ങി. അവരുടെ ജോലിഭാരംകൂടി, ജോലി വേഗം കുറഞ്ഞു, കൂലിതാഴാൻ തുടങ്ങി. വാക്കുകൾക്കും ചിഹ്നങ്ങൾക്കും കൂലി ചോദിച്ച് തൊഴിലാളികൾ പണിമുടക്കി. ഇതാണ് പ്രസിദ്ധമായ ‘കോമാസമരം’. സാധാരണക്കാരനു താങ്ങാവുന്ന തുച്ഛവിലയ്ക്ക് പോക്കറ്റ് ബുക്ക് ലോകത്ത് ആദ്യമായി സമ്മാനിച്ച പ്രസാധകനും, പുസ്തക ലോകത്ത് ആദ്യമായി കാറ്റലോഗ് അടിച്ചിറക്കിയ പ്രസാധകനും ആൽഡസ് മനുഷ്യസായിരുന്നു. റഷ്യയിലെ ഒക്ടോബർ വിപ്ലവത്തിന് മുന്നിൽ നിന്നു പൊരുതിയത് ഭാഷയിലെ ചിഹ്നങ്ങൾ ആയിരുന്നു എന്ന വിചിത്രമായ പ്രതിഭാസവും, റഷ്യയിൽ ഒരു കൊച്ചു ഗ്രാമത്തിൽ നിന്ന് കാൽനടയായി, കയ്യിൽ ഒരു ചില്ലി ഇല്ലാതെ നടന്നു വലഞ്ഞ് മോസ്കോയിൽ പണി തേടിയെത്തിയ 13 വയസ്സുകാരൻ, ദരിദ്ര കൃഷിക്കാരന്റെ മകൻ, വിപ്ലവ പൂർവ റഷ്യയിലെ ഏറ്റവും വലിയ അച്ചുകൂട പുസ്തക പ്രസാധക കമ്പനി ഉടമയായി വളർന്നതും ചരിത്രപുസ്തകങ്ങളിൽ ഒന്നും രേഖപ്പെടുത്തി കണ്ടിട്ടില്ല.

പത്രശീർഷകങ്ങളിൽ ചിഹ്നത്തിന് സംഭവിക്കുന്ന മാറ്റങ്ങളെപറ്റിയുള്ള ഗഹനമായ പഠനമാണ് ഗ്രന്ഥകാരൻ നടത്തിയിരിക്കുന്നത്. പത്രങ്ങളിലെ തലവാചകങ്ങളിൽ ചിഹ്നങ്ങളെ എങ്ങനെ ഉപയോഗിക്കണം എന്നതിനെപ്പറ്റി വിശദമായ പരാമർശം ഇതിലുണ്ട്. നീണ്ട 37 വർഷങ്ങൾ കൊണ്ട് നേടിയ പത്രപ്രവർത്തക പരിജ്ഞാനം തലവാചകങ്ങളിൽ വാക്കുകൾക്ക് മുൻപും പിൻപുമുള്ള സ്പേസ്, ചിഹ്നങ്ങൾ ഇവ ആശയകുഴപ്പം ഉണ്ടാകാത്ത രീതിയിൽ സമന്വയിപ്പിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ചിഹ്നങ്ങളെ വേണ്ടതുപോലെ ഉപയോഗിക്കാതെ, ലോകചരിത്രത്തിന്റെ ഗതിമാറ്റി എഴുതിയ പല കഥകളും ഈ ഗ്രന്ഥത്തിൽ അടങ്ങിയിട്ടുണ്ട്. എഴുത്തിൽ കോമയുടെ പ്രാധാന്യം, കോമയുടെ ഉപയോഗങ്ങൾ, ഉദാഹരണങ്ങൾ എന്നിവ വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്. ‘ചിഹ്ന കുലത്തിലെ സുന്ദരി’ എന്നാണ് ഗ്രന്ഥകർത്താവ് കോമായെ വിശേഷിപ്പിക്കുന്നത്. പൊതു സ്വഭാവത്തെ മുൻനിർത്തി നാലുതരം കോമകളെപറ്റി വിശദമായി ഇതിൽ പ്രതിപാദിക്കുന്നുണ്ട്.

ഇന്നത്തെ വായനാനുഭവം നമുക്ക് നൽകിയ അച്ചടിയുടെ ലോകത്തിലെ അത്ഭുത പ്രതിഭാസമായിരുന്നു ആൽഡസ് മനുഷ്യസ് എന്ന വെനീസിലെ പ്രസാധകൻ. വെനീസിനെ അച്ചടിയുടെ ലോക തലസ്ഥാനമാക്കി മാറ്റിയെടുക്കാൻ സാഹസികനായ ആൽഡസ് മനുഷ്യസിനു കഴിഞ്ഞു. കോമ ചിഹ്നത്തിന് ഇന്ന് കാണുന്ന രൂപം സമ്മാനിച്ച പ്രസാധകനാണ് അദ്ദേഹം. സെമികോളന്റെ സൃഷ്ടാവും അദ്ദേഹം തന്നെ. ഇറ്റാലിക് ടൈപ്പ് കണ്ടുപിടിച്ച് ഒരു പുസ്തകം മുഴുവനായി ആ ടൈപ്പിൽ ആദ്യമായി അവതരിപ്പിച്ച്, അച്ചടിലോകത്തെ വിസ്മയിപ്പിച്ച പ്രസാധകൻ. തന്റെ ഈ പുതിയ ടൈപ്പിനെ മാതൃരാജ്യമായ ഇറ്റലിക്ക് സമർപ്പിച്ചതിനാലാണ് ഈ ടൈപ്പിന് ‘ ഇറ്റാലിക്’ എന്ന് പേരിട്ടതെന്നും പറയുന്നു. വെർജിൽ കവിതകളുടെ ആദ്യ സമാഹാരം പുറത്തിറക്കിക്കൊണ്ടാണ് മനുഷ്യസ് തന്റെ മാനസപുത്രിയായ ഇറ്റാലിക് ടൈപ്പിന്റെ ലാവണ്യം വായനാലോകത്തിനു പരിചയപ്പെടുത്തുന്നത്. തുടക്കം മുതൽ ഒടുക്കം വരെ ആ ഗ്രന്ഥത്തിൽ ഇറ്റാലിക്കിന്റെ സർവ്വാധിപത്യമാണ്. ഇറ്റാലിക് എന്ന ചെരിവ് അക്ഷരകുലത്തിന്റെ ആവിർഭാവത്തിന്റെ ചരിത്രം ‘എഴുത്തിലെ വലതുപക്ഷം’ എന്ന അധ്യായത്തിൽ വിശദമാക്കുന്നുണ്ട്.

അച്ചുകളുടെ പെരുന്തച്ചൻ-ഗ്രിഫോ അച്ചടിയുടെ ചരിത്രത്തിലെ മഷിയുണങ്ങാത്ത പേരാണ്. മനുഷ്യസിന്റെ ദീർഘകാല സുഹൃത്തും പ്രസാധനരംഗത്തെ പങ്കാളിയുമായിരുന്ന അദ്ദേഹം മനുഷ്യസിന്റെ എല്ലാ നേട്ടങ്ങൾക്കും താങ്ങും തണലുമായിരുന്നു. ‘ മാർത്താണ്ഡ വർമ്മയ്ക്ക് രാമയ്യൻ പോലെ’ യെന്നാണ്, മനുഷ്യസും ഗ്രിഫോയും തമ്മിലുണ്ടായിരുന്ന ബന്ധത്തെ ഗ്രന്ഥകർത്താവ് വിശേഷിപ്പിക്കുന്നത്. മനുഷ്യസിന്റെ സങ്കല്പത്തിൽ, ഗ്രിഫോയുടെ ഭാവനയിലും കരവിരുതിലും രൂപപ്പെട്ടതാണ് ആൽഡസ് പ്രെസ്സ് അവതരിപ്പിച്ച വിശ്വോത്തരമായ അച്ചു മുഖങ്ങൾ മിക്കതും. ‘ ഇറ്റാലിക് ‘ എന്ന അത്ഭുതശിശു ഉൾപ്പെടെ ഗ്രിഫോയെപ്പോലെ സൗന്ദര്യബോധവും സർഗ്ഗാത്മകതയും കൈകോർത്ത ഒരു അച്ചുവാർപ്പ്കാരൻ വേറെയില്ല. എന്നാൽ പിൽക്കാലത്ത്‌ അവർ തെറ്റിപ്പിരിഞ്ഞു. വെനീസ് വിട്ട് അദ്ദേഹം ബൊളോഞ്ഞയിലേക്കു പോയി. അവിടെ സ്വന്തം പ്രസ്സ് സ്ഥാപിച്ചു പ്രസിദ്ധീകരണവും അച്ചു കുത്തും നടന്നെങ്കിലും മരുമകനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായി തൂക്കി കൊല്ലപ്പെട്ടു. 1516 ൽ തന്റെ എല്ലാ വിജയത്തിനും പങ്കാളിയായിരുന്ന ഗ്രിഫോയെ മനുഷ്യസ് അവഗണിച്ചെന്നും അതിന്റെ ദുഃഖത്തിലാണ് അവർ തെറ്റിപ്പിരിഞ്ഞതെന്നും ഒരു കഥയുണ്ട്. ഇറ്റാലിക്ക് ഉൾപ്പെടെയുള്ള ആകർഷകമായ പല ടൈപ്പുകളും കൊത്തിയെടുത്തതിന് യാതൊരു അംഗീകാരവും മനുഷ്യസിൽനിന്നും കിട്ടിയില്ലെന്ന കനത്ത നിരാശയിലാണ് അവർ വഴിപിരിഞ്ഞതത്രേ!

തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് തിരുത്താൻ ഒരു ഭാഷാസ്നേഹിക്കേ കഴിയൂ. അത് ഉൾക്കൊള്ളാനും തിരുത്താനും ഭാഷയെ അതിന്റെ തനത് വിശുദ്ധിയിൽ തന്നെ പുതുതലമുറയ്ക്കാകെ കൈമാറാനുമുള്ള വിശാലമനസ്കത ഭാഷയെ നിരന്തരം കൈകാര്യം ചെയ്യുന്നവർക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു.

തെറ്റുകൾ ചൂണ്ടിക്കാണിക്കുമ്പോൾ അത് തിരുത്താൻ ഒരു ഭാഷാസ്നേഹിക്കേ കഴിയൂ. അത് ഉൾക്കൊള്ളാനും തിരുത്താനും ഭാഷയെ അതിന്റെ തനത് വിശുദ്ധിയിൽ തന്നെ പുതുതലമുറയ്ക്കാകെ കൈമാറാനുമുള്ള വിശാലമനസ്കത ഭാഷയെ നിരന്തരം കൈകാര്യം ചെയ്യുന്നവർക്ക് ഉണ്ടാകേണ്ടിയിരിക്കുന്നു. ഭാഷയുടെ വ്യാകരണ നിബന്ധനകൾ കർശനമായി പൊളിച്ചെഴുതുന്ന ടെക്സ്റ്റിംഗുകളെപറ്റിയും ഈ ഗ്രന്ഥത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഭാഷ നിത്യേന കൈകാര്യം ചെയ്യുന്നവരാണ് പത്രപ്രവർത്തകർ. വായനക്കാർക്ക് ശരിയായ സന്ദേശം നൽകാൻ ചിഹ്നങ്ങൾ സൂക്ഷിച്ചുപയോഗിക്കണമെന്ന ഉപദേശവും ഗ്രന്ഥകാരൻ നൽകുന്നു. ലോകം ഉറങ്ങുമ്പോൾ ഇമ പൂട്ടാതെ കണ്ണു തുറന്നിരിക്കുന്ന പത്രപ്രവർത്തകരെപോലെ, രാത്രിയുടെ അവസാനയാമങ്ങൾ വരെ പുസ്തക വായനയുടെ ലോകത്തിലേക്ക് ഊളിയിട്ടിറങ്ങുന്നവർക്കും നിശബ്ദ സാന്നിധ്യമാണ് ഈ ഗ്രന്ഥം. മലയാള ഭാഷാചരിത്രത്തിൽ ഒരിടം ഇടയാളത്തിനുണ്ടാവും എന്നതിൽ തർക്കമില്ല. പോരായ്മകൾ ഒന്നും ചൂണ്ടിക്കാണിക്കാനില്ലാത്ത ഈ ഗ്രന്ഥം ഭാഷാസ്നേഹികൾക്ക് ഒരു മുതൽക്കൂട്ടാണ്. കേരള ഭാഷാ നവീകരണ ചരിത്രത്തിൽ ഇടയാളം ഒരടയാളമാകുമെന്നതിൽ സംശയമില്ല. വൈക്കം മധുവിന്റെ 25 വർഷങ്ങൾ നീണ്ട ഈ പഠനഗ്രന്ഥത്തിനു മുൻപിൽ അർദ്ധനിമീലിതമായി ഒരു കൂപ്പുകൈ!

ശ്രീ.വൈക്കം മധുവുമായി ഞങ്ങൾ നടത്തിയ അഭിമുഖം നാളെ തസറാക്കിൽ പ്രസിദ്ധീകരിക്കുന്നു.

ഇടയാളം
വൈക്കം മധു
മനോരമ ബുക്ക്സ്
വില : Rs.380/-

മുൻ മാധ്യമ പ്രവർത്തക . ഇപ്പോൾ അദ്ധ്യാപികയായി പ്രവർത്തിക്കുന്നു. സാമൂഹ്യ മാധ്യമങ്ങളിലും ആനുകാലികങ്ങളിലും എഴുതാറുണ്ട്. പ്രിയമുള്ള കഥകളും കവിതകളും എന്ന സാഹിത്യ കൂട്ടായ്മ നടത്തിയ കഥാമത്സരത്തിൽ അവാർഡ് നേടിയിട്ടുണ്ട്.