പവിഴമല്ലിച്ചോട്ടിൽ

പവിഴമല്ലികൾ പൂവിട്ടൊരു വഴി-
യ്ക്കരികിലായൊരു കാറ്റിൻ്റെ മർമ്മരം!

ചിറകനക്കാതെ നിന്നുവോ കിളികളും
തൊടിയിലായിലപ്പച്ചയും, കാലവും

മിഴിതുടച്ചുവോ, മണ്ണിൻ്റെ കൈകളാൽ-
ശിരസ്സിലൊന്നു തലോടിയുറക്കിയോ?

മഴ പൊഴിക്കുന്ന നിശ്ശബ്ദതാഴ്വാര-
സ്മരണ ഭൂമിയെ മെല്ലെപ്പുണർന്നുവോ?

കനലിലായ് പൊള്ളിയെന്നും തളരിലും
കുളിരുമാ രാത്രിമഴയുണ്ട് ചുറ്റിലും

ഫണമുയർത്തുന്ന സർപ്പകാലങ്ങളിൽ
പതിവു പോലൊരു നൃത്തച്ചിലമ്പുണ്ട്

കടലിൽ ധ്യാനാർദ്രമാകുന്ന ചിപ്പിയിൽ
മിഴിതുറക്കുവാൻ മുത്തിൻ മണിയുണ്ട്

എവിടെ രാധികേ, ഗോപാലകൻ പണ്ട്
വഴിപിരിഞ്ഞ വൃന്ദാവന,ഗാനങ്ങൾ

പവിഴമല്ലിതൻ ചോട്ടിലായിന്നൊരു
മൃദുലമാകുന്ന മൗനമുണരുന്നു

കവിതയെല്ലാമുറഞ്ഞ പോലീ ധനു-
ക്കുളിരിലെല്ലാമുറങ്ങിക്കിടക്കുന്നു

പതിയെ ഞാനൊന്ന് തൊട്ട് പോയ് വെണ്ണ-
പോലതിലുരുകി നിലാവിൻ്റെ ചോലകൾ

കരുണ, സങ്കടം, ആർദ്രത, സ്നേഹത്തി-
നുറവ ഭൂവിയെ തൊട്ടുണർത്തുന്നുവോ?

ഒരു മഹാജീവധാരയിലെന്ന പോൽ
നദികളെല്ലാമൊഴുകി വരുന്നുവോ?

ഒഴുകിയൊഴുകി മഹാസമുദ്രത്തിൻ്റെ
ഹൃദയമായി തുടിച്ച് നിൽക്കുന്നുവോ

പവിഴമല്ലിയ്ക്കരികിലിരിക്കവെ,
കവിത ചൊല്ലുവാൻ വന്നുവോ പൂവുകൾ

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.