നൂൽജീവിതം

മോന്തി തൊണ്ടയിൽ വച്ചിരുന്ന കള്ള് ചവർപ്പോടെ കുടിച്ചിറക്കുമ്പോൾ റേച്ചൽ അന്ന് പലതവണ ആന്റപ്പനെ നോക്കി കുരച്ചു.

അയാൾക്ക് പ്രീയപ്പെട്ടവരെന്ന് പറയാനുള്ളവരെല്ലാം കഴിഞ്ഞ തവണ മലവെള്ളപ്പാച്ചിലിൽ ഒലിച്ച് പോയി. എന്നും ഉണരുമ്പോഴോ, വളർന്നിറങ്ങിയ മീശയിലേയും താടിയിലെയും വെളുത്ത രോമങ്ങൾ പരതുമ്പോഴോ, മോനിച്ചൻ മുതലാളിയുടെ പാറമടയിലേക്ക് പുറപ്പെടാൻ ലോറിയിറക്കുമ്പോഴോ ഒന്നും നഷ്ടപ്പെട്ടു പോയ പ്രീയപ്പെട്ടവരെപ്പറ്റി അയാൾ ഓർക്കാറുപോലുമില്ല. ആന്റപ്പനെ മാത്രം ബാക്കി വച്ച് മറ്റുള്ളവരെ മലവെള്ളം കൊണ്ടുപോയെന്ന് ആരെങ്കിലും പറഞ്ഞാൽ അയാൾ കള്ളനെപ്പോലെ പരുങ്ങും, അല്പം പോലും തിരുത്താതെ മിണ്ടാതെ നിൽക്കും. അക്കഥ വിശ്വസിക്കാൻ ശ്രമിക്കുമ്പോഴൊക്കെ തല അറുക്കപ്പെട്ട രാവണന്റെ ഉടൽ വലിപ്പത്തിൽ കിഴക്ക് നിൽക്കുന്ന ഭൂതക്കുന്ന് അയാളെ നോക്കി അർത്ഥം വച്ച് ചിരിക്കും. ഒറ്റപ്പെടലിൽ ഞെരിപിരി കൊള്ളുന്ന ഏകാന്തതയെ ചുട്ടുകൊല്ലാനാണ് അയാൾ പണ്ടത്തെപ്പോലെ ജോലിക്ക് പോകുന്നത്, ചിരിക്കുന്നത്, മിണ്ടുന്നത്. റേച്ചലിന്റെ മുന വച്ച നോട്ടത്തിന് മുന്നിൽ പതറാതിരിക്കാനാണ് തരി പോലും വെളിച്ചം വീശാത്ത രാത്രികളിൽ ഇരുട്ടത്തിരുന്ന് മദ്യപിക്കുന്നത്.

“ജീവിതത്തിന് അർത്ഥമുണ്ടായത് മേനമ്മ വീട്ടിൽ വന്ന് കയറിയ ശേഷമാണ്. മുൻപുണ്ടായിരുന്നത് ജീവിതമല്ല. പോഷ്‌ക്ക്, ഒരുതരം താന്തോന്നിത്തരം” പാറമടയിലെ ഒറ്റമുറിയിൽ വിശ്രമിച്ചിരുന്ന രാത്രികളിൽ എപ്പോഴോ അയാൾ റേച്ചലിനോട് പറഞ്ഞിരുന്നു.

പുലർച്ചെ ലോഡുമായി പോകും വരെ വരെ പാറമടയിൽ ആന്റപ്പന് കൂട്ടിനായി മോനിച്ചൻ കൊണ്ട് വിട്ടതാണ് റേച്ചലിനെ.

“എടാ ആന്റപ്പാ… ജോലിയും കൂലിയുമില്ലാത്ത നിനക്ക് ആര് പെണ്ണ് തരാനാടാ?”

തലച്ചോറ് തുളച്ച് കയറിയ ആ ചോദ്യത്തിന് പരിഹാരമെന്നോണം മേപ്ലാവ് ആന്റപ്പന് ഒരു ലോറി വാങ്ങിക്കൊടുത്തു.

‘ഇനിയെങ്കിലും നീ നന്നാവ് മകനേ’ എന്ന് തലയിൽ കൈ വച്ച് അനുഗ്രഹിച്ചു. കൃഷി സാധനങ്ങളുമായി റോസമ്മച്ചിയോടൊപ്പം ചന്തയിലേക്കുള്ള പോക്കുവരവായിരുന്നു ആന്റപ്പന്റെ ആദ്യ ദൗത്യം. സകലതിനെയും സ്നേഹിക്കുകയെന്ന റോസമ്മച്ചിയുടെ സ്വഭാവ സിദ്ധാന്തം കണ്ടിഷ്ടപ്പെട്ട് പേരുകേട്ട മുതലാളികുടുംബത്തിൽ നിന്നു ആന്റപ്പന് ആലോചന വന്നു. പണമുള്ള വീട്ടിലെ പെണ്ണെന്ന പത്രാസ് തീരെയില്ലാതിരുന്ന മേന അങ്ങനെ എല്ലാവരുടെയും പ്രിയപ്പെട്ട മേനമ്മയായി, ആന്റപ്പന്റെ ഉടലിനുയിരായി.

വർഗ്ഗീസ്‌ മേപ്ലാവിന്റെ ഒന്നരയേക്കർ പറമ്പിൽ മേനമ്മയ്ക്ക് പിടിപ്പത് പണിയുണ്ട്. ചേനയും മരച്ചീനിയും ചെത്തി നുറുക്കി പരുവപ്പെടുത്തണം, കിളയ്ക്കണം, കുഴിക്കണം, കന്ന് ഞാത്തി വക്കണം, വളം തൂകണം,വെള്ളം തളിക്കണം. വൈകുന്നേരമായാൽ, വർഗ്ഗീസച്ചന് കള്ളിന്റോടെ കഴിക്കാൻ കപ്പ പുഴുങ്ങണം, കാൽമുട്ട് വേദനയുള്ള റോസമ്മച്ചിയെ കുളിമുറില് കൊണ്ടിരുത്തി കുളിപ്പിക്കണം, സന്ധ്യയ്ക്ക് പുണ്യവാളന്റെ മുന്നിൽ മുട്ടുകുത്തി പ്രാർത്ഥിക്കും വരെ വേലയാണവൾക്ക്.

ആന്റപ്പന്റെ ഒച്ച കേട്ടാൽപ്പിന്നെ കുപ്പി വല്ലതും കൊണ്ട് വന്നിട്ടുണ്ടോയെന്നറിയാൻ വർഗ്ഗീസച്ചൻ കിടന്ന കിടപ്പിൽ കട്ടിലിന്റെ അടീൽ തപ്പി നോക്കും. ആന്റപ്പന്റെ കൈയ്യീന്ന് കുപ്പി വാങ്ങി അപ്പന് കൊടുത്തേച്ച് കിണറ്റിൻ കരയിലെ കുളിക്കിടെ ആ ദിവസത്തെ കഥ മുഴുവനും മേനമ്മ ആന്റപ്പനെ പറഞ്ഞ് കേൾപ്പിക്കും. ഉണർന്നിരിക്കുന്ന മേനമ്മ വിശ്രമിച്ച് അയാൾ കണ്ടിട്ടുള്ളത് അപ്പോൾ മാത്രമാണ്.


പാതിരാത്രിയിലെപ്പോഴോ റേച്ചൽ വീണ്ടും കുരച്ചപ്പോഴാണ് പൂസായി കിടന്ന ആന്റപ്പനുണർന്നത്. അന്ന് അയാൾ പതിവിലും കൂടുതൽ മദ്യപിച്ചിരുന്നു. തലയ്ക്ക് മുകളിലൂടെ ചീവീടുകൾ വട്ടമിട്ട് പറക്കുന്നത് പോലെ അയാൾക്ക് തോന്നി. അടുത്തിരുന്ന കുപ്പിയിലുണ്ടായിരുന്ന ബാക്കി മദ്യവും ചുണ്ടിലിറ്റിച്ച് അയാൾ കുപ്പി ചായ്പ്പിലേക്കെറിഞ്ഞു. ചിൽ ശബ്ദത്തോടെ വീണുടഞ്ഞ കാലികുപ്പി റേച്ചൽ ചെന്ന് മണത്ത് നോക്കി.
ആകാശത്ത് പേരിന് പോലും ഒരു വെള്ളിപ്പൊട്ട് പോലുമില്ല. കാറ്റത്ത് റോഡരുകിലെ പോസ്റ്റിൽ കറന്റ് കമ്പികൾ കെട്ടിപ്പുണർന്ന് രതി കേളിയാടുമ്പോഴുള്ള പൂരക്കാഴ്ച്ച തുടങ്ങിയിട്ട് നേരം കുറേയായി. സ്ഖലിച്ച് ചിതറിയ തീപ്പൊരികൾ എരിഞ്ഞൊടുങ്ങിയപ്പോൾ കമിതാക്കൾ സംതൃപ്‍ത നിദ്രയിൽ വിശ്രമിച്ചു.

ഉറക്കം നഷ്ടപ്പെട്ട ദേഷ്യത്തിൽ ആന്റപ്പൻ തിണ്ണയിൽ ഇരുന്നും, പിന്നെ കിടന്നും തന്റെ പ്രീയപ്പെട്ട തെറി വാക്കുകൾ ഛർദ്ദിച്ചു. ആവശ്യമില്ലാതെ കുരച്ചെന്ന പേരിൽ റേച്ചലിന്റെ ചെകിടത്ത് വീഴ്ത്താനുയർത്തിയ കൈ ഭൂതകാലസ്മരണയിൽ വിറങ്ങലിച്ചു. തിണ്ണേലിരുന്ന് അരിശത്തോടെ ബീഡിമുന ചുരത്തി കുടിക്കുമ്പോൾ ലോകത്തെ സകലമാന ശ്വാനപരമ്പരകളെയും തെറി പറഞ്ഞു. ബീഡിക്കുറ്റിയിലെ അവസാനത്തെ സുക്കയും നീറ്റി അണ്ഡകടാഹത്തിലേക്ക് ആഞ്ഞാഞ്ഞ് വലിച്ച് കട്ടിലിലേക്ക് ചരിഞ്ഞുടൻ അയാൾ പിന്നെയും കൂർക്കം വലിച്ചു.

ആന്റപ്പന്റെ കൂർക്കം വലിയിൽ സ്വസ്ഥത നഷ്ടപ്പെട്ടവരിൽ ചിലർ മുറിക്കുള്ളിൽ അയാളെ പുലഭ്യം പറയാൻ തുടങ്ങിയിട്ട് വർഷം രണ്ട് കഴിഞ്ഞു. ഇണ ചേരാൻ കൊതിച്ചിരിക്കുന്ന മുറിക്കുള്ളിലെ ഒട്ടുമിക്ക സസ്തനികളും തങ്ങളുടെ പ്രീയപ്പെട്ട രാത്രികളെ അലങ്കോലമാക്കുന്ന അയാളെ വാ പിളർത്തി പ്രാകി. അയാളുടെ കൂർക്കം വലി ആർത്തനാദമായി ഉയരുന്ന ദൂരത്തേക്ക് നോക്കി അവർ എല്ലാം നിശബ്ദം സഹിച്ചു.
അന്നൊരിക്കൽ ഇതുപോലൊരു രാത്രിയിൽ, കൂർക്കം വലി ഒരു മണിക്കൂർ പിന്നിട്ട നേരത്താണ് വേലിപ്പത്തലിനരികിൽ നിന്ന് ‘ എടാ ആന്റപ്പോ’ എന്നൊരു വിളി കേട്ടത്. ലോറി മടങ്ങുമ്പോൾ കൂടെ പോരാൻ കത്രീന മോനിച്ചന്റെ ഗസ്റ്റ് ഹൗസിൽ പോയി മടങ്ങിവന്ന വരവാണ്. രാവിലെ മടങ്ങുമ്പോൾ കത്രീനയെക്കൂട്ടി പോണമെന്നാണ് മോനിച്ചന്റെ കല്പന. അവൾ മൊബൈൽ ടോർച്ച് മുഖത്തേക്കടിച്ചപ്പോൾ ആന്റപ്പന് കലികയറി. റോഡിൽ നിർത്തിയിരുന്ന ജീപ്പിളകി പോണ ശബ്ദം അകലുന്നേരം അതേ ഒച്ചയിൽ അയാൾ തൊണ്ട കീറി കാർക്കിച്ചു.

“ഇരുട്ടത്ത് വെരുകിനെപ്പോലെ കേറിക്കിടന്നിട്ട് ഒരു മാതിരി വൃത്തികേട് കാട്ടരുത് ആന്റപ്പാ ” തുപ്പൽ ദേഹത്ത് വീഴാതെ കത്രീന തെന്നി മാറി. പുറത്തേക്ക് ചാടാൻ വെമ്പിയ നീളൻ തെറി നാവിനുള്ളിൽ പുളയുമ്പം കത്രീന ഓടിച്ചെന്ന് അയാളുടെ വായ പൊത്തിപ്പിടിച്ചു.

“അയ്യോ വേണ്ടായേ, നിന്റെ തെറി കേട്ടാൽ ഏതാണ്ട് ചീഞ്ഞ മത്തി വെള്ളം മേത്ത് വീണമാതിരിയാ”
അതും പറഞ്ഞ് സാരിതുമ്പൊതുക്കി കത്രീന കട്ടിലിൽ വശം ചേർന്നിരുന്നതും ആന്റപ്പന്റെ തൊഴിയേറ്റ് നിലത്ത് വീണതും ഒരുമിച്ചായിരുന്നു.

“അയ്യോടാ മഹാപാപി…ന്റെ നടു നീ ഒടിച്ചല്ലോ…”

“ഫ! എണീറ്റ് പോടി ചെലയ്ക്കാണ്ട് അവിടൂന്ന്…?”

നടു തടവിയെണീറ്റ് ഇരുട്ടിൽ തീപ്പെട്ടി തപ്പി, ഉരച്ച് കത്തിച്ച് അവൾ ആ വെട്ടം സ്വന്തം മുഖത്തേക്ക് നീട്ടി.

“ഇനി പറ ഞാൻ നിന്റെ മേനമ്മെക്കാളും സുന്ദരിയല്ല്യോന്ന് “

മറുപടി പറയാതെ അയാൾ ഉടുമുണ്ടഴിച്ച് മുഖം മൂടിക്കിടന്നു. ഈറൻകാറ്റ് വൈദ്യുത തൂണുകൾക്കിടയിൽ ആലിംഗബദ്ധരായി ആത്മഹത്യ ചെയ്ത കമിതാക്കളുടെ ശവത്തിന്റെ കത്തിക്കരിഞ്ഞ ഗന്ധം വലിച്ചിഴച്ചു. അടച്ചുറപ്പില്ലാത്ത വാതില്പടിയിൽ ഭയം കത്രീനയെ നോക്കി കണ്ണുരുട്ടിയതും ആന്റപ്പനുണരാതെ കട്ടിലിന്റെ ഒരു മൂലയിൽ അവൾ തല ചായ്ച്ചു. തൊട്ടടുത്ത് പെണ്ണിന്റെ മുടിയിലെ കനച്ച എണ്ണയുടെ മണം അറിയാതെ അയാൾ അതിനകം കൂർക്കം വലിച്ചുറങ്ങിയിരുന്നു.

രാവിലെ കുറിച്യർമല വിതുമ്പി കരയുമെന്ന് തോന്നി. ലോറിയിലേക്ക് കയറാൻ നടന്നടുക്കുമ്പോൾ റേച്ചൽ പതിവില്ലാതെ കുരച്ചു. പുറപ്പെടും മുൻപ് ആന്റപ്പൻ മുന്നിലേക്ക് നീക്കി വച്ച ബാക്കി ഭക്ഷണത്തിൽ അവൾക്കൊട്ടും താല്പര്യം തോന്നിയില്ല.

“കോള് പെഴച്ചിരിക്കണ നേരത്താണ് അവക്കടേ ചന്തം നോക്കല്…”

ലോറിയിൽ കയറാൻ വൈകിയതിന് ആന്റപ്പൻ കത്രീനയെ ചീത്ത പറഞ്ഞു. ഇരുവശത്തും കരിമ്പാറ കെട്ടുകൾ തിങ്ങിനിന്ന വെട്ടുറോഡിലൂടെ വളവും തിരിവും കടന്ന് കറുത്ത പരവതാനിയിൽ തെന്നി നീങ്ങും പോലെ ലോറി ഉരുണ്ടു. ഇടയ്ക്ക് മേനമ്മയുടെ ഫോൺ വിളി വന്നപ്പോൾ ലോറി നിർത്തി, റേഞ്ച് കിട്ടാൻ അയാൾ പുറകിലെ ലോഡിന് മുകളിൽ കേറി നിന്നു. അകത്തിരുന്ന കത്രീന അത് കണ്ട് തല വെളിയിലേക്കിട്ട് വശ്യമായി ചിരിച്ചു.

“ഉച്ചയ്ക്ക് മുന്നേ മാറണമെന്ന് പള്ളീന്ന് ഗബ്രിയേലച്ചനും, സ്റ്റേഷനീന്ന് എസ് ഐ ഏമാനും, പുല്ലൂർപ്പാടത്തൂന്ന് സെബുച്ചായനും, ചേട്ടപ്പനും വിളിച്ച് പറഞ്ഞൂന്ന്. ശ്ശൊ! ഒരു മാതിരി മെന കെട്ട ആർത്തിരമ്പം”

ഫോൺ കട്ടാക്കി തിരികെ ലോറിയിൽ കയറുമ്പോൾ ആരോടെന്നില്ലാതെ അയാൾ പറഞ്ഞു. ലോഡിറക്കും മുൻപ് കത്രീനയെ പള്ളിക്ക് മുന്നിലിറക്കി എത്രയും വേഗം വീട്ടിലെത്തണമെന്ന തീരുമാനത്തോടെ അയാൾ ലോറി പായിച്ചു. പൊന്തക്കാട്ടിലൂടെ റാണിമല വഴി മടങ്ങുന്നേരം റോഡിലാകെ മരങ്ങൾ കടപുഴകി വീണ് കിടക്കുന്ന കാഴ്ച്ചയാണ്.

“അയ്യോ എനിക്കൊന്നും അറിയാന്മേലേ… രണ്ട് കുട്യോള് വീട്ടിലുണ്ടേ…”

കത്രീന ലോറിക്കകത്ത് നിലവിളിച്ചു. തറ തൊട്ടും തൊടാതെയും വീണ് കിടന്ന മരങ്ങൾക്കിടയിലൂടെ മുത്തപ്പൻ കുന്ന് ലക്ഷ്യമാക്കി ലോറി പിന്നെയും മുന്നോട്ട് പാഞ്ഞു.

“കാലിൽ പുരട്ടാൻ തൈലവും നോക്കി റോസമ്മച്ചി അവിടെ കാത്തിരിപ്പുണ്ടാവും. എത്ര കഴിച്ചാലും ഞാൻ കൊണ്ടരുന്നേന്ന് രണ്ടെണ്ണം വീശാതെ മേപ്ലാവ് ഉറങ്ങുകേല. മേനമ്മക്കിപ്പോൾ പ്രാർത്ഥനാ സമയം”

ലോറിക്കകത്ത് ആന്റപ്പൻ പിറുപിറുത്തു. ഓട്ടത്തിനിടയിൽ നേർച്ച നേർന്ന മെഴുകുതിരിക്കാലുകൾ, കുരിശുമലക്കയറ്റങ്ങൾ, അങ്ങനെ എന്തെല്ലാമോ. അതെല്ലാം തലക്കുള്ളിൽ പുകഞ്ഞ മരണ ഭയത്തിന്റെ തീച്ചൂളയിൽ എരിഞ്ഞൊടുങ്ങി. മലകൾ പുഴയോടൊത്തൊഴുകുന്ന ഇരമ്പം അകലത്തല്ലാതെ കേൾക്കാം. എതിരെ വന്ന വണ്ടികൾ മിന്നി തെളിയിച്ച ഹെഡ് ലൈറ്റ് വെട്ടം മരണമടുത്തതിന്റെ സൂചനയാണ്. മരുപ്പച്ചകൾക്കിടയിലാകെ മരണത്തിന്റെ കിങ്കരന്മാർ പതുങ്ങിയിരിക്കുന്നതായി അയാൾക്ക് തോന്നി. ചോരക്കൊതിയിൽ മുന്നിലെ കരിമൂർഖൻ ഏത് നിമിഷവും ഫണം വിടർത്തി കൊത്തും. കൈ മാടി വിളിക്കുന്ന മരണത്തിന് മുന്നിൽ അയാൾ മാത്രം കൊതിയോടെ നാവ് നുണയുന്ന കാഴ്ച!. അവിടേക്കുള്ള നൂൽയാത്രയിൽ നൂൽദൂരം മാത്രം ബാക്കി നിൽക്കെ മനുഷ്യൻ കീഴ്‌പ്പെടുന്ന നൂൽചിന്ത.

പള്ളിക്ക് മുന്നിലെ ആൾക്കൂട്ടം കണ്ട് ലോറി നിന്നതും ഭയന്ന് വിറച്ചിരുന്ന കത്രീന ചാടിയിറങ്ങി. ലോറി പാഞ്ഞു. മുത്തപ്പൻ കുന്നിന്റെ തെക്കുവശം ചെന്ന് ഇടത്തോട്ട് ആണ് വീട്ടിലേക്കുള്ള വഴി. മുൻപ് എത്രയോ പ്രാവശ്യം റേച്ചൽ ആന്റപ്പനോടൊപ്പം അവിടേക്ക് പോയിരിക്കുന്നു. വഴി തെറ്റിയെന്നുറപ്പുള്ളത് കൊണ്ടാണ് ആരോടും പറയാതെ വണ്ടിയിൽ കയറിപ്പോയ അവളപ്പോൾ കുരച്ചത്. ആ കുര പിന്നീടൊരു ആക്രോശമായി മാറി. ആന്റപ്പൻ വിറച്ചു. ഭയം അയാളിൽ ഇരട്ടിയായി. ഭ്രാന്തിലേക്കിനി നൂലിട ദൂരം മാത്രം ബാക്കി. ഒരു കിലോമീറ്റർ അപ്പുറം ആർത്തലച്ചൊഴുകുന്ന മല വെള്ളത്തിന്റെ അലർച്ചയിൽ ആന്റപ്പന്റെ കാതുകളിൽ നിന്നും ചോരയൊഴുകി. ഭൂതക്കുന്ന് രാവണനായി പരിഹസിച്ചപ്പോഴും കുറ്റം രാവണന്റേതെന്ന മട്ടിൽ അയാൾ കുന്നിനെ പഴിച്ചു. പിന്നീടെപ്പോഴോ ഉണർന്നപ്പോൾ ഒരു കൊടും കുറ്റവാളിയോടെന്ന പോലെ റേച്ചൽ അയാളെ തുറിച്ച് നോക്കി നിൽപ്പുണ്ടായിരുന്നു. മനുഷ്യനേക്കാൾ ചെറുതെന്ന് തോന്നിക്കുന്ന ആ ജീവിയുടെ മുന്നിൽ അയാൾ എന്നും തോറ്റിട്ടേയുള്ളൂ.


ഉണരാൻ വച്ച അലാറം നിർത്താതെ ചിലച്ചു. ലോഡ് തയ്യാറായെന്ന് പറയാൻ വന്ന തൊഴിലാളി മുട്ടി വിളിച്ചിട്ടും അയാൾ അന്ന് ഉണർന്നില്ല. കുര കേൾപ്പിച്ചുണർത്താൻ റേച്ചലിനെയും അവിടെങ്ങും കാണാനായില്ല. ഇലക്ട്രിക് പോസ്റ്റുകൾക്കിടയിൽ ആത്മഹത്യ ചെയ്ത കമിതാക്കൾ ഇപ്പോഴും ആലിംഗബദ്ധരാണ്. ശരിക്കുമിപ്പോൾ ജഡം നാറുന്നുണ്ട്. മുറിയിലാകെ ചെറു ജീവികളുടെ ആഹ്ളാദാരവമാണ്. കൂർക്കം വലി ആർത്തനാദമായി മാറിയപ്പോൾ മുതൽ തുടങ്ങിയ ആഘോഷമാണ്. ഇപ്പോൾ ഒരു ഞരക്കം പോലുമില്ല. കട്ടിലിൽ നിന്നും ജഡം വലിച്ചിഴച്ച് മറ്റെവിടേക്കോ കൊണ്ട് പോകാനുള്ള അവരുടെ ശ്രമം തുടർന്നുകൊണ്ടേയിരുന്നു.

തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി. ഇപ്പോൾ ദുബായിൽ ജോലി ചെയ്യുന്നു. ചെറുകഥകൾ എഴുതാറുണ്ട്