ആകാശം
ഭൂമിയോളം താഴുകയായിരുന്നു.
അത് മിന്നലെറിയുകയോ
ഇടിവെട്ടിക്കുകയോ ഭൂമിയിലാകെ
കൂണുകൾ പൊട്ടി മുളപ്പിക്കുകയോ
ചെയ്തിരുന്നില്ല.
ഒടുവിലത്തെ ജൈത്രയാത്രയിൽ
പന്തയക്കുതിര അതിന്റെ നിഴലിലേക്ക്
മുഖം കുനിച്ചു.
നദിക്കരയിലൊരു തകരപ്പെട്ടി
മുലകുടി മാറാത്ത കുഞ്ഞിനെപ്പോലെ ചെരിഞ്ഞു കിടക്കുന്നത്
കാണാനാകുന്നു.
നദി കണ്ണീരിൽ മുഖം നോക്കി.
തടം കെട്ടി എന്നോ റദ്ദു ചെയ്യപ്പെട്ട
കടലിലേക്കുള്ള യാത്രയെക്കുറിച്ചത് ദുഃഖിക്കാതെ കരയെ പുണരുന്നു.
മാറിൽ കൈ വെച്ച്
കര നദിയോട് ചോദിച്ചു,
എവിടെയാണ് വേദനയെന്ന്.
കര പതുക്കെ അവിടം തടവുന്നു.
എത്രയോ കല്ലിടുക്കുകളിൽ നിന്ന്,
എത്രയൊ പതുപതുത്ത
മാർദ്ദവങ്ങളിൽ നിന്ന്,
ഒരേയൊരു ഭയത്തിന്റെ കല്ലിപ്പിൽ കരയുടെ വിരലുകൾ നിശ്ചലമാകുന്നു.
എന്താണ് പേര്?
“കബനി “…
നദിയുടെ പേര് വിങ്ങുന്ന
മുലപ്പാലിൽ ഈറനണിഞ്ഞു.
ഒന്നിൽ പിഴച്ചു
രണ്ടിൽ പിഴച്ചു
മൂന്നിലും പിഴച്ചു.
കല്ലിനിപ്പോൾ അവളുടെ
ഹൃദയത്തോളം കടുപ്പമുണ്ട്.
അതോടെ നദി
അനന്തകാലങ്ങളോളം
മുറിവുകളുടെ ഇരുട്ടിലാകുന്നു…
റേഡിയേഷനിൽ ഇടയ്ക്കവൾ
കരിനീലിച്ചു പോകുന്നു.
അവിടം മുഴുവൻ പരൽ മീനുകളുടെ
ദുഃഖ സാമ്രാജ്യമായിരുന്നു.
എന്നിട്ടും അവൾക്കൊരൊഴുക്കുണ്ട്
അവൾക്കുമാത്രമായുള്ളൊരു ചന്തമുണ്ട്
അവളെങ്ങനെയൊക്കെയോ ചിരിക്കുന്നുണ്ട്
മഴയത്ത് നിറഞ്ഞു കരയുന്നുണ്ട്.
വേനലിൽ ശുഷ്‌കിക്കുമ്പോഴെല്ലാം
എല്ലുന്തിയ മാറിൽ മുഴച്ചു നിൽക്കുന്ന മുലയിലെ കല്ലിപ്പെങ്ങനെയോ
മുറിവെങ്ങനെയോ മറച്ചുവെക്കുന്നുണ്ട്.
നിറഞ്ഞ മഴയിൽ
നാലാമത്തെ യാത്രയിൽ
തടം കവിഞ്ഞ് വഴി തെറ്റിയ നദി
തോട്ടിൻ വക്കത്തിരുന്ന്
കടലോർമ്മയിൽ നുര പതയ്ക്കുന്നു.
കടലെങ്ങനെയായിരിക്കും?
ഒരേയൊരു ചാര നിറമുള്ള കൊറ്റി
മാറിലെ കല്ലിപ്പ് കൊക്കുകൊണ്ട്
ഉടയ്ക്കാൻ ശ്രമിക്കുന്നു.
ഋതുക്കൾ മാറി മാറി തൊട്ടുനോക്കുന്നു.
കാറ്റ്… മഴ… വെയിൽ… മഞ്ഞ്…
എത്ര മിനുക്കിയിട്ടും കല്ല് പഴകുന്നു.
എന്തൊരു പരുപരുപ്പാണിപ്പോൾ.
നദിക്കിനി ആശുപത്രിയുടെ
പഴകിയ മണമാണ്.
വിണ്ടു കീറിയ മാറിൽ
അപ്രത്യക്ഷമായ കല്ലവൾ പരതുന്നു.
വല്ലാത്തൊരു ശൂന്യതയുടെ
ആഴത്തിലുള്ള കുഴിലേക്കെന്ന പോലെ
കൈകളൊന്നാകെ തെന്നിപ്പോകുന്നു.
അവളപ്പോൾ
നക്ഷത്രങ്ങളുടെ കണ്ണുകളിൽ
സ്വർഗ്ഗരാജ്യത്തിന്റെ
വെളിച്ചം കാണുകയായിരുന്നു.
തിരിച്ചു പോകാനാകാതെയവൾ
ഒരു ചുഴി പോലെ കറങ്ങുന്നു.
അഞ്ചിൽ പിഴച്ചു
ആറിൽ പിഴച്ചു
അവളുടെ ഗണിതത്തിൽ
കണക്കു പിഴച്ച
ജാതകം കുടുങ്ങിക്കിടന്നു.
നിനക്ക് സ്വർഗ്ഗ രാജ്യമില്ലെന്ന്
നിനക്ക് രാജയോഗമില്ലെന്ന്
ജാതകമെഴുതിയ കവി.
നദി ജന്മത്തിലേക്ക്
തിരിഞ്ഞൊഴുകുന്നു.
വരണ്ട വയലുഴുതുന്ന ജനകന്റെ തൂമ്പയിൽ നാക്കുകൊണ്ടവൾ
തൊട്ട് നനയ്ക്കുന്നു.