അതൊരു വലിയ മതിലായിരുന്നു. പൂമരങ്ങൾ വെട്ടി മാറ്റി അടുത്തടുത്തുള്ള രണ്ട് വീടുകൾക്കിടയിൽ കടുത്ത വെറുപ്പിൻ്റെ കരിങ്കല്ലിനാൽ എൻ്റെ വല്യമുത്തച്ഛൻ്റെ നേതൃത്വത്തിൽ കൽപ്പണിക്കാരൻ ശംഭു പണിത, മൂന്ന് തലമുറകൾ കാത്തു സൂക്ഷിച്ച വന്മതിൽ.
ഭൂമിയുടെ വിശുദ്ധിയും സുഗന്ധവും നിറഞ്ഞ ഗ്രാമമായിരുന്നു അത്. ആൽമരങ്ങൾ കുട പിടിച്ച് നിന്നിരുന്ന അമ്പലവും നാലു കിലോമീറ്ററിനപ്പുറം നെല്ലിമരത്തണലിൽ നിത്യ ശാന്തിയുടെ ശവകുടീരങ്ങൾക്കരികിൽ കുരിശിലേറിയ ദൈവപുത്രനായുള്ള ദേവാലയവും ഉണ്ടായിരുന്നു. നാട്ടു പൂക്കളുടെ സുഗന്ധം നിറഞ്ഞ കാറ്റിൻ്റെ മർമ്മരങ്ങൾ ഗ്രാമം ചുറ്റിയൊഴുകുന്ന കൊടൂരാറ്റിലൂടെ കായലിലൂടെ കേവുവള്ളങ്ങളിലൂടെ എവിടെയൊക്കെയോ സഞ്ചരിച്ചിരുന്നു.
ഒരു പാലം കടന്നാൽ ഗ്രാമത്തിൽ നിന്ന് പട്ടണത്തിലേയ്ക്കുള്ള ബസ് ലഭിച്ചിരുന്നു. ഗ്രാമവും പട്ടണവും തമ്മിലുള്ള അകലം അത്രയൊന്നുമില്ലാത്തതിനാൽ നഗരത്തിലെ പരിഷ്ക്കാരങ്ങളെ കുറിച്ചൊക്കെ ഗ്രാമവാസികൾക്ക് നല്ല അറിവുണ്ടായിരുന്നു. എങ്കിലും ഗ്രാമത്തിൻ്റെ തനിമ മായ്ച്ച് കളയാനുള്ള പൂർണ്ണ ധൈര്യമൊന്നും ഗ്രാമവാസികൾക്കുണ്ടായിരുന്നില്ല.
അങ്ങനെയുള്ള ഗ്രാമത്തിൽ രണ്ട് വീടുകൾക്കിടയിലാണ് ആ മതിലുയർന്നത്. ആ മതിലിന് പിന്നിലെ ചരിത്രം മൂന്ന് തലമുറകളായി കൈമാറപ്പെട്ട അത്രയൊന്നും സുഖകരമല്ലാത്ത കഥകളാൽ പരിപോഷിപ്പിക്കപ്പെട്ട ഒന്നായിരുന്നു. മതിലനിരികിലേയ്ക്ക് അധികമൊന്നും ആരും പോകാറില്ലെങ്കിലും വല്യമുത്തച്ഛൻ്റെ അഭിമാനം കാത്തു സൂക്ഷിക്കാനെന്ന പ്രഖ്യാപനവുമായി ഇന്നും ആണ്ടോടാണ്ട് ആ മതിൽ പുതുക്കി സൂക്ഷിക്കുന്നുണ്ട്.
ഗ്രാമപാതയിലേയ്ക്ക് രണ്ട് വീടുകളിലൂടെ എത്തിച്ചേരാനുള്ള ഇടവഴിയുടെ സ്ഥലം എൻ്റെ വല്യമുത്തച്ഛൻ്റേതായിരുന്നു. മതിലിനോടൊപ്പം ആ വഴിയും വല്യമുത്തച്ഛൻ അടച്ചു. അതു പോരാഞ്ഞ് അവിടെയൊരു മുൾവാക നടുകയും ചെയ്തു. ഒരു പവിഴമല്ലിപ്പൂമരം നട്ട് പകരം വീട്ടേണ്ടിയിരുന്ന നിസ്സഹരണപ്രസ്ഥാനത്തിൻ്റെ സാദ്ധ്യതകൾ എന്തുകൊണ്ടോ ഗാന്ധിയനായ എൻ്റെ വല്യമുത്തച്ഛന് അന്ന് മനസ്സിലേയ്ക്ക് വന്നില്ല. അതിനെപ്പറ്റി ചോദിക്കുമ്പോൾ ‘കോപം വരുമ്പോൾ ഗാന്ധിയനിസം ഒക്കെ ആരോർക്കും എൻ്റ കുട്ട്യേ’ എന്ന് പറഞ്ഞ് മുത്തശ്ശി ചിരിക്കും.
ഗ്രാമം ഒരു തുരുത്തായിരുന്നതിനാൽ നാലു വശവും നഗരത്തിലേയ്ക്ക് പോകാനാകും. ഇടവഴി അടഞ്ഞതോടെ അടുത്തവീട്ടുകാർ കൂടുതലും തെക്കോട്ടുള്ള ഗ്രാമപാതയിലൂടെയും ഞങ്ങളുടെ വീട്ടുകാർ വടക്കോട്ടുള്ള പാതയിലൂടെയും സഞ്ചരിച്ചു. അറിഞ്ഞ് കൊണ്ട് അപരിചിത്വം ഭാവിച്ച് നടന്ന വല്യമുത്തച്ഛൻ്റെ തലമുറക്കിപ്പുറം പുതിയ തലമുറ അത്രയൊന്നും പരിശ്രമിക്കാതെ തന്നെ അപരിചിതരായി മാറി
യുദ്ധകാലാടിസ്ഥാനത്തിൽ പണിത രണ്ട് വീടുകളുടെയും മൂന്ന് തലമുറയുടെ ചരിത്രവൈരാഗ്യത്തിൻ്റെ സ്മാരകമെന്നോണം ഉയർന്ന് നിൽക്കുന്ന ആ വന്മതിലനരികിലെ മഞ്ചാടിമരത്തിൻ്റെ ചോട്ടിൽ നിന്നപ്പോഴാണ് ആ പാട്ടുകേട്ടത്.
മതിലിനടുത്തേയ്ക്ക് പോകരുതെന്ന് അമ്മ ശാസിക്കാറുണ്ട്. ‘പാമ്പും പഴുതാരേണ്ട് കുട്ട്യേ അങ്ങട് പോണ്ടാ’ന്ന് മുത്തശ്ശിയും കൂടെക്കൂടും. അവറ്റകളെ പേടിച്ചല്ല പോകാതിരിക്കുന്നത്. പോയാൽ കൈയില് തൊട്ടാവാടീടേം, കൈതേടേം മുള്ളുകൊള്ളും. തണുത്ത വെള്ളത്തിൽ കുളിക്കുമ്പോൾ നീറ്റലുണ്ടായി വശം കെടും. ഇന്ന് അങ്ങോട് പോയത് നിവൃത്തിയില്ലാഞ്ഞിട്ടാണ്. മഞ്ചാടിമരങ്ങൾ മതിലനരികിലാണ് നിൽക്കുന്നത്. ക്രിയേറ്റിവ് വർക്ക്ഷോപ്പിലെ ഒരു സൃഷ്ടിക്ക് കുറെ മഞ്ചാടിമണികൾ അത്യാവശ്യമായി വന്നു.
മതിലനരികിൽ സിമൻ്റടർന്ന കരിങ്കൽപ്പാളിയിൽ പറ്റിപ്പിടിച്ചിരിക്കുന്നു ഒരു മഞ്ചാടിമണി. മെല്ലെ അത് കൈയിലേയ്ക്കെടുത്തു. എത്ര ഭംഗിയാണീ മഞ്ചാടിക്ക്. അതേ പോലെ തന്നെ കണ്ണെഴുതിയ മഞ്ചാടിപോലുള്ള ഉരുണ്ട കുന്നിക്കുരു..
ഒരു ചകോരപ്പക്ഷി അടുത്തുകൂടി പറന്നു പോയി. അപ്പോഴാണ് ആ ശബ്ദം ആകർഷിച്ചത്.
ജാലന്ധര സുപീഠസ്ഥേ
ജപാകുസുമ ഭാസുരേ…
കുട്ടിയായിരുന്നപ്പോൾ അമ്മ നിർബന്ധിച്ച് കൊണ്ടിരുത്തിയ കർണ്ണാടകസംഗീത ക്ളാസിൽ ഒട്ടും ഇഷ്ടമില്ലാഞ്ഞിട്ടും പഠിക്കേണ്ടി വന്ന കുറെയേറെ ഗീതങ്ങൾ, സ്വരജതികൾ, വർണ്ണങ്ങൾ, കീർത്തനങ്ങൾ തില്ലാനകൾ. ഒക്കെ മറന്നിരിക്കുകയായിരുന്നു. അതെല്ലാം ഒന്നായി മുന്നിലേയ്ക്ക്…! ഗാന്ധാരങ്ങളും, ദൈവതങ്ങളുമായി വന്ന് നൃത്തം ചെയ്യുന്നത് പോലെ ഒരനുഭവം.
വേപ്പുമരത്തിൻ്റെ വേരുകൾ പടർന്നുകയറി അല്പമടർന്ന മതിലിലെ ചെറിയ വിടവിൽ ചെവിചേർത്തു വച്ചപ്പോൾ ഒരോ വരികളും ഉയർന്നു താഴ്ന്നുപോകുന്നത് കേൾക്കാനായി. പാടുന്ന ആൾ അപ്പുറത്തെ മതിൽക്കെട്ടിലാണ്
ബാലാർക്കകോടിപ്രഭേ….
ബാലേ പരിപാലിസൗ….., പാട്ട് തുടരുകയാണ്. പിന്നെ സ്വര വിന്യാസം.
അപ്പുറത്തെ വീട്ടിൽ അധികം ആൾക്കാരൊന്നുമില്ലെന്നാണ് ജോലിക്കാരി ആരോടോ പറയുന്നത് കേട്ടത്. അവിടുത്തെ കുട്ടികളൊക്കെയും ദൂരെദിക്കിലാണത്രെ. അടുത്ത വീട്ടിലെ കഥകൾ പറയാൻ ജോലിക്കാർക്ക് പോലും വിലക്കുള്ള ഇടമാണ് ഞങ്ങളുടെ വീട്. എങ്കിലും ജോലിക്കാരി വല്ലപ്പോഴും ശബ്ദം താഴ്ത്തി മുത്തശ്ശിയോട് പറഞ്ഞ കഥകളിലൊന്നും ഇങ്ങനെയൊരു പാട്ടുകാരിയെ കുറിച്ച് കേട്ടിട്ടില്ല.
അപ്പുറത്തെ വീട്ടിലുള്ള ആരോടും സംസാരിക്കരുതെന്ന് വീട്ടിൽ നിന്ന് കർശനമായ താക്കീതുണ്ട്. അതുകൊണ്ട് ആരാണ് പാടുന്നതെന്നറിയാൻ ഒരു മാർഗ്ഗവുമില്ല
ഗ്രാമത്തിലെ വീടുകൾക്കൊന്നും നിർബന്ധിത അതിരുകളുണ്ടായിരുന്നില്ല. വെട്ടുകല്ലുകൊണ്ടുയർത്തിയ ഒരു കയ്യാല, അല്ലെങ്കിൽ മണ്ണു കൊണ്ടുയർത്തിയ ഒരു ചെറിയ അതിര്. അല്ലെങ്കിൽ വേലിപ്പത്തൽ നട്ട് അതിരു പോലെ തിരിക്കുക. ചെറിയ ഇടവഴികൾക്കുപ്പുറവുമിപ്പുറവും വന്ന് കുശലം പറയാനാവുന്ന അടുപ്പമുള്ള മനസ്സുകളാണ് ഗ്രാമത്തിലെ ആൾക്കാർ.
അങ്ങനെയുള്ള ഗ്രാമത്തിലാണ് എൻ്റെ വല്യമുത്തച്ഛൻ അഭിമാനം സംരക്ഷിക്കാൻ ഒരു വന്മതിൽ പണിതത്. വെറുപ്പിൻ്റെ കരിങ്കല്ലുകൾ കൊണ്ട് പണിത ഞങ്ങളുടെ മതിൽ കഠിനവും അങ്ങനെയൊന്നും ഉടയാത്തതുമായിരുന്നു. അങ്ങനെയുള്ള ഒരു വീട്ടിൽ നിന്ന് മഞ്ചാടി ശേഖരിക്കാൻ പോയ എനിയ്ക്ക് മതിലനപ്പുറത്ത് നിന്നൊരു പാട്ട് കേൾക്കാനായതിൽ സന്തോഷം തോന്നി. മതിലിനരികിലൂടെ നടന്നപ്പോൾ ഒരു ചെറിയ കരിങ്കല്ലടർന്ന് വീണ വിടവ് കാണാനായി. പക്ഷെ അതിൻ്റെ അപ്പുറത്തെ പാതി കല്ല് എൻ്റെ കാഴ്ച്ചയെ മറച്ചു. അറിയാതെ പോലും അടുത്ത വീട്ടുകാരുമായി പരിചയം ഭാവിക്കരുത്. വല്യമുത്തച്ഛനോടുള്ള ബഹുമാനമാണത്. പഴയ തലമുറയുടെ കണക്കാണത്. നേരിൽ കണ്ടാൽ പോലും അപ്പുറത്തുമിപ്പുറത്തുമുള്ളവർ പരിചയം ഭാവിക്കാറില്ല. പക്ഷെ ഈ പാട്ട് എന്നെ ആകർഷിക്കുന്നു. പട്ടുപാവാടയിട്ട ഒരു പെൺകുട്ടി മതിലിനപ്പുറത്ത് നിന്ന് പാടുന്നത് പോലെ…
മതിലിലേയ്ക്ക് വേരുകൾ പടർന്നു കയറിയിട്ടുണ്ട്. ഇടയിലെവിടെയെങ്കിലും വിടവുണ്ടോ എന്ന് നോക്കി. ഒരു ചെറിയ അരയാൽ മതിലുടച്ച് ആകാശത്തേക്ക് വളരാൻ ശ്രമിക്കുന്നുണ്ട്.
ഈ മതിലില്ലായിരുന്നെങ്കിൽ ചിലപ്പോൾ ഈ പാട്ടുകാരിയും ഞാനും ഒരുമിച്ച് സ്ക്കൂളിലേയ്ക്കും പിന്നീട് കോളേജിലേയ്ക്കും ഒന്നിച്ച് പോയേനെ. എൻ്റെ വീട്ടിലെ വിശേഷങ്ങൾക്കും അവരുടെ വീട്ടിലെ വിശേഷങ്ങൾക്കും ഞങ്ങൾ അങ്ങോട്ടുമിങ്ങോട്ടും ആശംസകളറിയിച്ചേനെ. ഇനി ആ പാടിയത് ചെറിയ കുട്ടികളുടെ ശബ്ദമുള്ള വലിയ മാമിയായിരിക്കുമോ.
മതിലിനരികിലൂടെ നടന്ന് വീണ്ടും ഞാനൊരു നിരീക്ഷണം നടത്തി. എൻ്റെ ഭാഗ്യത്തിന് ആഞ്ഞിലിമരത്തിൻ്റെ വേര് പടർന്നൊരു കല്ലിനൊരു വിടവ്. അതിലൂടെ എനിക്കപ്പുറത്തെ മരങ്ങൾ കാണാം. അരികിലാരുമില്ലെന്നുറപ്പ് വരുത്തി ഞാൻ പതുക്കെ പറഞ്ഞു..
“പാട്ട് നന്നായിട്ടോ…”
എനിക്കൊരു മറുപടിയും കിട്ടിയില്ല.
“നീ എന്തെടുക്കാ അവിടെ…? ഒന്നിനേം ഭയമില്ല ഇപ്പോഴത്തെ കുട്ടികൾക്ക്. സർപ്പക്കാവിനടുത്താ കുട്ടീ കളി”
ഓ.. സർപ്പക്കാവിവിടെയാണല്ലോ. നാഗയക്ഷിയെയും നാഗരാജാവിനെയുമൊക്കെ ഇവിടെന്ന് മുത്തച്ഛൻ മാറ്റിയിരുന്നു. പൂജേം ശുദ്ധീമില്ലാതെ അതുങ്ങൾ വിഷമിക്കണ്ട എന്ന് പറഞ്ഞാണണത്രെ നാഗദേവതകളുടെ അമ്പലത്തിലേയ്ക്ക് ആ ദൈവങ്ങളെ അയച്ചത്.
“ഇവിടിപ്പം സർപ്പോന്നുല്ലിലോ അമ്മുവമ്മേ…?”
“ഉണ്ടാർന്ന സ്ഥലാ…… ഇങ്ങ് പോരേ..”
“ഓ ശരി..”
ഇനിയും നിന്നാൽ അമ്മ അച്ഛനോടും വല്യച്ഛോടും പറയും. മുറിയിൽ തിരികെയെത്തി കൈയിലിരുന്ന മഞ്ചാടിമണികൾ ഭദ്രമായി വെങ്കലച്ചെല്ലത്തിൽ സൂക്ഷിച്ചുവച്ചു. എങ്കിലും പാട്ടുകാരി കുട്ടിയെ കാണാനാവാത്തതിൻ്റെ അല്പം വിഷമം ഉണ്ടായിരുന്നു.
മുത്തശ്ശിയോട് പലവട്ടം ചോദിച്ചിട്ടുണ്ട് മതിലിനപ്പുറത്തെ വീട്ടിൽ മുത്തശ്ശിയ്ക്ക് ആരെങ്കിലും സുഹൃത്തുക്കളുണ്ടോന്ന്. ആ വീട്ടിലെ കാര്യങ്ങൾ ഇവിടെ സംസാരിക്കാറില്ല. ആ വീട്ടിൽ എന്തെങ്കിലും ദുരന്തമുണ്ടായാൽ അന്നിവിടെ സദ്യയുണ്ടാകും. ഇവിടെയുണ്ടായാലോ എന്ന് ചോദിച്ചാൽ ‘തെറ്റ് ചെയ്തോരെന്തിനാഘോഷിക്കണം’ എന്നൊരു മറുചോദ്യമുണ്ടാകും.
മതിലിൻ്റെ കഥ തുടങ്ങുന്നത് വല്യമുത്തച്ഛനിൽ നിന്നാണ്. അയൽവീട്ടിലെ അക്കാലത്തെ കാരണവരും വല്യ മുത്തച്ഛനും സുഹൃത്തുക്കളായിരുന്നു. എല്ലാ വഴക്കുകളും തുടങ്ങുന്നത് വിവാഹത്തിൽ നിന്നായിരിക്കുമെന്നത് പോലെ ഇവിടെയും അത് തന്നെയാണ് സംഭവിച്ചത്. അവർ രണ്ട് പേരും സ്വന്തം കുട്ടികളെ അങ്ങോട്ടുമിങ്ങോടും വിവാഹം കഴിപ്പിക്കുമെന്നൊരു പ്രഖ്യാപനമൊക്കെ കുട്ടികൾ ജനിച്ചയുടനെയങ്ങ് നടത്തി. കുട്ടികൾ വലിയ കുട്ടികളായപ്പോൾ ആൺകുട്ടിയ്ക്ക് എൻ്റെ വീട്ടിലെ പെൺകുട്ടിയെ വേണ്ട. കറുത്തിട്ടാണത്രെ, പഠിപ്പില്ലത്രേ, അയാൾ ഡോക്ടറാണത്രേ, കൂടെ ജോലി ചെയ്യുന്ന ഒരു ഡോക്ടറോട് പ്രണയമാണത്രെ. ആർട്ട്സ് പഠിച്ചവർക്ക് ഡോക്ടറോട് അഡ്ജസ്റ്റ് ചെയ്യാനാകില്ലത്രേ…
അങ്ങനെയങ്ങനെ ഇരുണ്ട നിറമാണെങ്കിലും ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴിയുള്ള, മുഖശ്രീയുള്ള അന്നത്തെ ചെറുപ്പക്കാരിയെ, ഇന്നത്തെ എൻ്റെ മുത്തശ്ശിയെ, എൻ്റെ വല്യമുത്തച്ഛൻ്റെ മകളെ അയാൾ വേണ്ടെന്ന് തീർത്തും പറഞ്ഞു. അങ്ങോട്ടുമിങ്ങോടും സ്വാതന്ത്ര്യത്തോടെ ഓടിക്കളിച്ചിരുന്ന കുട്ടികളെയെല്ലാം വീടുകളിലെ വലിയവർ ശാസിച്ചു നിർത്തി. രണ്ട് വീടുകളിലും കൊടുങ്കാറ്റുകൾ വീശിയടിച്ചു. സൗഹൃദവും സ്നേഹവും കാറ്റിലിളകിയാടി നിലം പതിച്ചു. അയൽ വീട്ടിലെ ഡോക്ടർ പയ്യൻ്റെയും കൂടെ ജോലിചെയ്യുന്ന പെൺകുട്ടിയുടെയും വിവാഹനിശ്ചയത്തിന് ക്ഷണിക്കാൻ വന്ന അയൽ വീട്ടുകാരെ വല്യമുത്തച്ഛൻ പടിപ്പുരയ്ക്കകത്തേയ്ക്ക് കയറാൻ പോലും അനുവദിച്ചില്ല. അന്നാണ് മതിൽ പണിയ്ക്കുള്ള തീരുമാനം വല്യമുത്തച്ഛനെടുത്തത്. സാധാരണമതിലായിരുന്നില്ല അത്, രണ്ട് വീടുകളിലെ ഒച്ചയനക്കങ്ങൾ പോലും ആവാഹിച്ചെടുക്കുന്ന വന്മതിൽ.
മതിലനപ്പുറവുമിപ്പുറവും വളർന്ന കുട്ടികളൊക്കെ ശത്രുക്കളായി മാറി. അറിയാതെയെങ്കിലും കണ്ട് പോയാൽ പോലും അപചരിതത്വത്തിൻ്റെ ആവരണവുമണിഞ്ഞ് നടക്കുന്നവർ. അയൽവീട്ടിലെ ഡോക്ടറുടെ കല്യാണം ഗംഭീരമായി നടന്നു. അയാളുടെ കല്യാണത്തിന് മുൻപേ ഇവിടുള്ളയാളെ വിവാഹം ചെയ്തയയ്ക്കണമെന്നൊരാഗ്രഹം വല്യമുത്തച്ഛനുണ്ടായിരുന്നു. പി എച്ച് ഡി ചെയ്തൊരു ഡോക്ടറായിട്ടേ വിവാഹം ചെയ്യുള്ളൂ എന്നൊരു വലിയ പ്രതിജ്ഞ ഇവിടുന്നുണ്ടായതിനാൽ അത് നടന്നില്ല. പഠിക്കാനലസത കാണിച്ചിരുന്ന വല്യ മുത്തശ്ശി, പഠിക്കുകയും ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് ഏടുക്കുകയും പ്രശസ്തയായ എഴുത്തുകാരിയായി മാറുകയും അവരുടെ രണ്ട് മക്കളിൽ ഒരാൾ ഐ എ എസെടുക്കുകയും മറ്റൊരാൾ ഇന്ത്യയിലെ തന്നെ പ്രശസ്തനായ ഹാർട്ട് സർജനായി മാറുകയും ചെയ്തു. പലപ്പോഴും ജീവിതത്തിൽ അതി കഠിനമായി അവഗണിക്കപ്പെടുന്നവരിൽ ജയിക്കാനായ് ജനിച്ച ഒരു പോരാളി ഒളിഞ്ഞിരിപ്പുണ്ടെന്ന് മുത്തശ്ശി ഇടയ്ക്കിടെ പറഞ്ഞിരുന്നു.
മതിലനപ്പുറത്തെ വീട്ടിൽ പല സംഭവങ്ങളും നടന്നത് അറിഞ്ഞിട്ടും അറിയാത്ത പോലെ അഭിനയിക്കാൻ ഈ വീട്ടിലുള്ളവർ സമർഥരായിരുന്നു. അങ്ങനെയൊരു നാൾ ഡോക്ടറും കുടുംബവും സഞ്ചരിച്ചിരുന്ന മാരുതി ജീപ്പ് ഒരു വലിയ അപകടത്തിൽ പെടുകയും അതിൽ അവിടുത്തെ വലിയ കാരണവർ മരിക്കുകയും ചെയ്തു. ‘വാക്കിനു വിലയില്ലാത്തവൻ മനുഷ്യനല്ല.. ഇന്നിവിടെയൊരു സദ്യ ഉണ്ടാവും.. ‘ എന്നരുളപ്പാട് നടത്തി വല്യമുത്തച്ഛൻ ആ മരണം ആഘോഷിച്ചു. വേണ്ടെന്ന് വല്യ മുത്തശ്ശി പലവട്ടം പറഞ്ഞിട്ടും വല്യമുത്തച്ഛൻ ചെവിക്കൊണ്ടില്ല. മുത്തശ്ശി മാത്രം വെറുതെയിരുന്നു കരഞ്ഞു അന്ന്. അതിന് കുറെ വഴക്കും കിട്ടിയത്രെ.
അവിടെയുള്ള ചിലരൊക്കെ ഡൽഹി, കാനഡ ഇങ്ങനെയുള്ള സ്ഥലങ്ങളിലാണെന്ന് പുല്ലരിയാൻ വന്നൊരു സ്ത്രീ പറഞ്ഞിരുന്നു. അവരെ കണക്കിന് ശകാരിച്ചാണ് വീട്ടിലുള്ള വലിയവർ തിരിച്ചയച്ചത്. പിന്നീട് ആരും അയൽപക്കക്കാരെപറ്റി ഇവിടെ വന്ന് പറയാൻ ധൈര്യം കാട്ടിയില്ല.
മതിലനപ്പുറത്തെ വീട്ടിലുള്ളവരുടെ മുഖം പോലും എങ്ങനെയെന്നറിയില്ല. അറിയാൻ ശ്രമിക്കരുതെന്നാണ് കർശന താക്കിത്. അതിനിടയിലാണൊരു പാട്ടുകാരി കുട്ടി അവിടെയുണ്ടെന്ന് അറിയുന്നത്. മഞ്ചാടി പെറുക്കിയെടുക്കാനെന്ന വ്യാജേന ഒരാഴ്ച്ച മുഴുവൻ ആ കുട്ടിയെ ഒന്ന് കാണാനായി മതിലിനരികിലൂടെ നടന്നു. പക്ഷെ പാട്ടും കേട്ടില്ല ആളേം കണ്ടില്ല. മതിലിനരികിലേയ്ക്കിനിയും പോകേണ്ട എന്ന് മനസ്സ് തീരുമാനിച്ചെങ്കിലും ഹൃദയം അതിനെതിരായിരുന്നു. അതിനാൽ മതിലിനരികിലേയ്ക്ക് വീണ്ടും വീണ്ടും യാത്ര ചെയ്തു. അങ്ങനെ ഒരു ശനിയാഴ്ച മതിലിനരികിലൂടെ നടക്കുമ്പോൾ വീണ്ടും കേട്ടു…..
‘പാഹി പർവ്വതനന്ദനി….’
ഇഷ്ടമുള്ള പാട്ടുകളിൽ ‘പാഹി പർവ്വതനന്ദിനിയും’, ‘പാഹിമാം ശ്രീ രാജരാജേശ്വരിയും’, ‘ശ്രീചക്രരാജസിംഹാസനേശ്വരി’യുമുണ്ടായിരുന്നു.
അന്ന് ഞാൻ മതിലിലെ ചെറിയ കല്ലുവിടവിലൂടെ പാട്ടു പാടുന്ന കുട്ടിയോട് സംസാരിക്കാനൊരു ശ്രമം നടത്തി. ഹലോ എന്നും, ഏയ് എന്നും, പാട്ട് നന്നായി എന്നും പറഞ്ഞു. പക്ഷെ അപ്പുറത്ത് നിന്ന് ഒന്നു കേൾക്കാനായില്ല.
മതിലനപ്പുറത്തുള്ള പാടുന്ന കുട്ടിയെ കാണാനെന്തൊരു മാർഗ്ഗം എന്നാലോചിച്ച് ഒടുവിൽ ഒരു ഐഡിയ എൻ്റെ മനസ്സിലെത്തി. ആദ്യം സെൽ ഫോണിൽ റെക്കോർഡ് ചെയ്ത് മതിലിനിടയിലൂടെ ആ കുട്ടിയെ കേൾപ്പിക്കാമെന്നാണ് കരുതിയത്. കുറച്ചു കൂടി സ്വാഭാവികമായതെന്തങ്കിലുമാകും നല്ലത് എന്ന് പിന്നീടെനിക്ക് തോന്നി. ആ കുട്ടി പാടിയ പാട്ടുകളുടെ ഫ്ളൂട്ട് ഞാൻ പഠിച്ചെടുത്തു. ഇടയ്ക്കിടെ ശ്രുതി പോയെങ്കിലും ആരഭി എനിക്കിഷ്ടപ്പെട്ട രാഗമായതിനാലും, സ്വാതിതിരുനാളിൻ്റെ കൃതിയായതിനാലും, എനിയ്ക്ക് പ്രിയപ്പെട്ടതായിരുന്നതിനാലും ‘പാഹി പർവ്വതനന്ദിനി പാർവ്വണേന്ദുസമവദനേ..’ ഒരു വിധം ഞാനൊപ്പിച്ചു. എങ്കിലും ‘ജാലന്ധര സുപീഠസ്ഥേ’ എന്ന ആദ്യം കേട്ട പാട്ടായിരിക്കും ഏറ്റവും അനുയോജ്യം എന്നൊടുവിൽ ഞാൻ തീരുമാനിച്ചു.
വീട്ടിലും ഇടയ്ക്കിടെ ‘ജാലന്ധരസുപീഠസ്ഥേ.. ബാലാർക്കകോടിപ്രഭേ….. കഞ്ചദളലോചനേ….’ എന്നൊക്കെ ഞാൻ മൂളിക്കൊണ്ടിരുന്നപ്പോൾ മുത്തശ്ശി അതിശയിച്ചു. പാട്ട് പഠിക്കാൻ പോവാനുള്ള മടികൊണ്ട് എന്നും തലവേദനയും, വയറ്റിൽ വേദനയും അഭിനയിച്ച എൻ്റെ കുട്ടിത്തിരുടക്കാലം ഓർത്താവും മുത്തശ്ശി ചിരിച്ചത്.
പിറ്റേന്ന് ഭാഗ്യവശാൽ പാട്ടുകാരി മതിലനപ്പുറത്തുണ്ടായിരുന്നു.
‘സാമജവരഗമനാ….’ ഹിന്ദോളം ഉയരുകയാണ്..
എനിക്ക് ഫ്ളൂട്ടിൽ അതെടുക്കാനായില്ല. അവിടത്തെ പാട്ടല്പം നിന്ന ഇടവേളയിൽ മതിൽ വിടവിനോട് ചേർന്ന് നിന്ന് ഞാൻ ജാലന്ധരസുപീഠയെ ഫ്ളൂട്ടിലെടുത്തു
‘ബാലാർക്കകോടിപ്രഭേ….’
അതേറ്റു… ശബ്ദം കേട്ട ദിക്കിലേയ്ക്ക് ആ കുട്ടി നടന്നടുക്കുന്നത് ഞാൻ കണ്ടു. പട്ടുപാവാടയും ബ്ളൗസും ധരിച്ച പെൺകുട്ടിയെ കാത്തിരുന്ന ഞാൻ ഞെട്ടി, അതൊരാൺകുട്ടിയായിരുന്നു. മുന്നിൽ വലിയ മതിലായതിനാൽ അയാൾക്ക് എന്നെ കാണാൻ അല്പം ബുദ്ധിമുട്ടായിരുന്നു. എന്തായാലും വേണ്ടില്ല, ഇത്ര കഷ്ടപ്പെട്ടതല്ലെ ആരാന്നറിയാം..
അല്പം നടന്ന് ആ കുട്ടി വിടവിനരികിലെത്തി. ദൂരേന്ന് വന്നത് കൊണ്ട് എനിക്കയാളെ കാണാൻ പറ്റി. ആ കുട്ടി അടുത്ത് വന്ന് അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഞാൻ മിണ്ടിയില്ല. കുട്ട്യോളൊന്നും അങ്ങോട്ടുമിങ്ങോട്ടും സംസാരിക്കാൻ പാടില്ലാത്ത ലോകമാണല്ലോ ഞങ്ങളുടെ വീടുകൾ.
“ഹൂ ഈസ് ദാറ്റ്…”
അപ്പുറത്തെ മതിലിൽ നിന്നൊരു ചോദ്യം. ഞാൻ മിണ്ടിയില്ല. പട്ടുപാവാടയിട്ട ഒരു കുട്ടിയെ അടുത്ത വീട്ടിൽ നിന്ന് പരിചയപ്പെടാം എന്ന് വിശ്വസിച്ച എനിയ്ക്ക് നിരാശയായി.
“രേവതി… നീയവിടെ എന്തെടുക്ക്വാ..” അമ്മ വിളി തുടങ്ങി.
“മതിലനരികിലെയ്ക്ക് സവാരി നടത്തരുതെന്ന് എത്ര വട്ടം പറഞ്ഞിട്ടുണ്ട്”
“ഓ ശരി…”
“അകത്തേയ്ക്ക് വാ….”
“ശരി.. അമ്മേ”
പിന്നീട് മതിലനരികിലേയ്ക്ക് പോയില്ല. അല്ലെങ്കിലും അവിടെ ഞാനെന്തിന് പോണം ? എൻ്റെ വല്യമുത്തച്ഛനെ അപമാനിച്ചവരുടെ, എൻ്റെ മുത്തശ്ശിയെ കറുമ്പിയെന്ന് വിളിച്ചവരുടെ വീട്ടുകാര്യങ്ങൾ നമ്മളെന്തിനറിയണം.? അങ്ങനെയൊക്കെ അന്ന് മനസ്സിൽ കരുതിയിരുന്നെങ്കിലും ഒരാഴ്ച്ച കഴിഞ്ഞ് ഒരു കൗതുകത്തിന് മതിലിനരികിലൂടെ വെറുതെ നടന്നിരുന്നു. അന്ന് പാട്ട് കേട്ടില്ല. മൂന്നാഴ്ച്ചയ്ക്ക് ശേഷം മതിലനരികിൽ നിന്ന് വീണ്ടും ആ ശബ്ദം ഉയർന്നു
“ജഗദോദ്ദാരണ…….. “
പിന്നീടെൻ്റെ ഫൈനൽ എക്സാമായി. മതിലനരികിലേയ്ക്ക് പോകാനായില്ല. പരീക്ഷയ്ക്ക് ശേഷം വീണ്ടും ഒരു ദിവസം മതിലനരികിലേയ്ക്ക് നടന്നു. അപ്പോഴേയ്ക്കും മതിലിന് പുതിയ രൂപമുണ്ടായി. മതിലനപ്പുറത്ത് നിന്ന് ഒരു ശബ്ദവും കേൾക്കാനാകാത്ത വിധത്തിൽ എല്ലാ വിടവുകളും സിമൻ്റ് തേച്ച് അടയ്ക്കുകയും വെളുപ്പ് നിറമുള്ള ചായം അതിനു മേലൊഴിച്ച് ഒന്ന് മോടിപിടിപ്പിക്കുകയും ചെയ്തിരുന്നു. വല്യമുത്തച്ഛൻ്റെ അഭിമാനം അതിൽ തിളങ്ങി നിന്നപ്പോഴും അപ്പുറത്ത് നിന്നൊരു പാട്ട് കേൾക്കണമെന്നൊരാശയുണ്ടായി. പാട്ടുകാരനെക്കാൾ ആ പാട്ടുകൾ കേൾക്കുന്നതൊരു സുഖമുള്ള കാര്യമായിരുന്നു, അതിനിയുണ്ടാകില്ല.
ഋതുക്കളുടെ സഞ്ചാരത്തിനിടയിൽ വേരുകൾ ഇനിയും അതിക്രമിച്ച് ആ മതിലിൻ്റെ കരിങ്കൽപ്പാളികൾക്കിടയിലൂടെ പടർന്ന് കയറി വിടവുണ്ടാക്കും വരെ ഇനിയൊരിക്കലും ഒരു ശബ്ദവും അവിടെ നിന്ന് കേൾക്കാനാവില്ല.
പട്ടുപാവാടക്കാരിയോട് കൂട്ട് കൂടാൻ പേരെഴുതി പ്രീയൂണിവേഴ്സിറ്റി കോളേജിൻ്റെ അഡ്രസ് വട്ടപ്പശ വച്ച് ഒട്ടിച്ച് വിടവിലൂടെ മതിലനപ്പുറത്തേയ്ക്കിട്ട ഫ്ളൂട്ട് മതിലിനുള്ളിൽ കുടുങ്ങിയോ അപ്പുറത്തെത്തിയോ എന്നെനിയ്ക്ക് നിശ്ചയമില്ലായിരുന്നു. ഏകദേശം ഒന്നരമാസം കഴിഞ്ഞപ്പോൾ എന്നെ തേടി ഒരു കത്ത് പ്രീയൂണിവേഴ്സിറ്റി കോളേജിലെത്തി. ഒരൊറ്റവരിക്കത്ത്
‘ഓടക്കുഴലിന് നന്ദി.’ ..
അന്ന് മുഴുവൻ ഞാൻ വെറുതെ ‘ജഗദോദ്ദോരണ ആടിസിതളെശോദേ.’. മൂളിക്കൊണ്ട് നടന്നു. മുത്തശ്ശി വരാന്തേലൊന്ന് തെന്നിവീണ് കിടപ്പിലായതിനാൽ എൻ്റെ പാട്ട് കേട്ട് അത്ഭുതപ്പെട്ടില്ല. അമ്മ ഞാൻ മതിലനിരികിലേയ്ക്ക് പോകുന്നില്ലെന്ന ആശ്വാസത്തിലും.
അന്ന് രാത്രി ഞാനൊരു സ്വപ്നം കണ്ടു. സ്വപ്നത്തിൽ ഫ്ളൂട്ടിനും, പാഹിപർവ്വതനന്ദിനിയ്ക്കും പകരം ഭീമാകാരമായ മതിൽ മുഴുവൻ പടർന്ന് വല്യമുത്തച്ഛൻ ജാലന്ധര മഹാമുദ്രയിൽ നിന്ന് തലയുയർത്തി എന്നെ നോക്കി ചിരിക്കുന്നത് ഞാൻ കണ്ടു.
ആ സ്വപ്നത്തിൻ്റെ രഹസ്യം വല്യമുത്തച്ഛൻ്റെ മകളായ മുത്തശ്ശി പിന്നീടെന്നോട് പറഞ്ഞു. അതൊരു വലിയ വലിയ കഥയായിരുന്നു. അപ്പുറത്തെ ഡോക്ടറല്ല ഞങ്ങളുടെ വീട്ടീലെ മുത്തശ്ശിയായിരുന്നു ആ കല്യാണം മുടക്കിയതെന്ന്. ഡോക്ടർ ഒരു പാവമായിരുന്നെന്ന്. മുത്തശ്ശിയ്ക്ക് ഒരു സ്ക്കൂൾ മാഷോട് ഇഷ്ടോണ്ടായിരുന്നെന്നും ഡോക്ടറോട് കല്യാണത്തിന്ന് രക്ഷിക്കണോന്നും ആരും അറിയാതെ മുത്തശ്ശി അഭ്യർഥിച്ചെന്നും ആ പാവം ഡോക്ടർ സ്വയം കുറ്റക്കാരനായി വിവാഹത്തിൽ നിന്ന് ഒഴിഞ്ഞുപോയതെന്നും….
മരണത്തിന് ശേഷമാണത്രെ വല്യമുത്തച്ഛന് ആ സത്യം മനസ്സിലായത്. ഒന്നും ചെയ്യാനാവാതെ പാവം വല്യമുത്തച്ഛൻ ഇനി വരുന്ന തലമുറയിൽ ആരാവും ഈ മതിലുടയ്ക്കുക എന്ന് കാത്തിരിക്കുകയായിരുന്നത്രെ. എന്നിലൂടെ അതുടഞ്ഞു പോയേക്കും എന്നൊരു സൂചനയാണത്രേ ഈ സ്വപ്നം….
അതൊക്കെ നേരാണാവോ…’.
ആവോ…. എനിക്കറിയില്ല