ഹൊ!
എന്തൊരു കലാപമാണ്
ഹൃദയത്തിന്റെ അറകളിൽ.
മഴയത്തൊരു വെയിലങ്ങനെ
ആളിക്കത്തുന്നത് പോലെ
രാത്രി നിലാവിനെ കുടിക്കുന്നു.
അടിമച്ചന്തയിൽ
ചങ്ങലകളുണ്ടെന്ന് കേട്ട്
വാങ്ങാനൊരുങ്ങുകയാണ് ആളുകൾ.
തുച്ഛമായ വിലയിൽ
പ്രണയം കൊണ്ട് മുറിവേറ്റവരുടെ
മ്യൂസിയത്തിലും കേറാമത്രേ.
വേഗമെത്തിയാൽ
നിരാശയാല്‍ പ്രണയം
കഴിച്ചു മരിച്ചെന്നു തെറ്റിദ്ധരിച്ച
ജീവിതമാഘോഷിക്കുന്നൊരുവരെ
നിങ്ങൾക്കും സ്വന്തമാക്കാം.
ആളുകൾ എത്തുമ്പോഴേക്കും
പ്രണയത്തിന്റെ കലാപകാരികളായ
അടിമകളെ ബന്ധിച്ച
പ്രേമത്തിന്റെ ചരക്ക് വണ്ടികൾ
രാജാവിന്റെ കൊട്ടാരത്തിൽ നിന്നും
എന്റെ രാജ്യത്തേക്ക്
യാത്ര തുടങ്ങിയിരിക്കുന്നു.
അവിടത്തെ ഒരേയൊരു
വ്യാപാരി മാത്രമെന്നെ
പ്രേമത്തിന്റെ അടിമയാക്കണമെന്നും
ഞാനാഗ്രഹിച്ചു.
പതിയെ ഞാൻ
അയാളുടെ മണമുള്ളൊരു പൂമൊട്ട്
നുള്ളിയെടുത്ത് കണ്ണിൽ നട്ടു.
അപ്പോഴെനിക്കയാളുടെ
ജരാനര ബാധിച്ച പ്രണയത്തിന്റെ
നരച്ച പൂവ് വെയിലേൽക്കുന്നത് കാണാം.
എന്റെ കണ്ണിൽ മാത്രമയാൾ വിരിയട്ടെ.
അപ്പോഴെനിക്കതു വിരിഞ്ഞ
ആദ്യത്തെ മണമറിയാം.
ചുണ്ടുകളിൽ
ആദ്യത്തെ തേൻ നുകരാം.
അർദ്ധരാത്രി ആകുമ്പോഴേക്കും
പൂക്കളെ ചിതയിലേക്കെടുക്കുമെന്ന്
അറിയാത്തവർ പ്രണയത്തിന്റെ
ചങ്ങലകൾക്ക് അടിമകളാകുന്നു.
ഒറ്റയായ ഭൂഖണ്ഡത്തിൽ
എന്റെ വണ്ടി വഴി മാറുകയും
കാറ്റിൽ കണ്ണിലെ പൂവ് കൊഴിയുകയും
പ്രണയത്തിന്റെ ചങ്ങലക്കണ്ണികൾ
അറ്റു പോകുകയും ചെയ്തു.
മുന്‍വിധികളില്ലാതെ പ്രണയിക്കുകയും
പരുന്തുകൾ മാത്രം
പറക്കുകയും ചെയ്യുന്ന രാജ്യത്ത്
പ്രണയമൊരു ആരും ഭയക്കുന്ന ഭ്രാന്തിയായി.