ജീവിത ഗാനം – പി. എൻ. ദാസ്

ഒരേ ഒരു പുസ്തകമേ പി എൻ ദാസ് എന്ന എഴുത്തുകാരൻ്റേതായി ഞാൻ വായിച്ചിട്ടുള്ളൂ. ആ ഒറ്റ വായന മനുഷ്യ മനസിനെ ഏതൊരു ഉന്നതിയിലേക്കാണുയർത്തുന്നതെന്നു വിശദീകരിക്കുന്നതെങ്ങനെ?

ജീവിത ഗാനമെന്ന പുസ്തകത്തിൻ്റെ ആമുഖത്തിൽ ഒരു വാചകമുണ്ട്,
“ജീവിതം ഒരോടക്കുഴൽ പോലെയത്രെ. ഒഴിഞ്ഞതും ഒന്നുമില്ലാത്തതും.എന്നാൽ അതേ സമയം അതിരറ്റ മാധുര്യമാർന്ന ഗാനവീചികളാൽ വിസ്മയകരവും. പക്ഷേ, എല്ലാം അതു വായിക്കുന്നവനെ ആശ്രയിച്ചിരിക്കുന്നു.” അതെ, വായന എഴുത്തുകാരുടെ രചനയെ മാത്രമല്ല വായനക്കാരൻ്റെ മനസിനേയും ആശ്രയിച്ചാണ് ഫലം നൽകുന്നത്.

നിരവധി ശ്രുതികൾ ചേർന്നതാണീ പുസ്തകം. പ്രതീക്ഷാശ്രുതിയിൽ നിന്നാരംഭിച്ച്, മഴശ്രുതിയും ആകാശശ്രുതിയും പിന്നിട്ട് നിലാവിൻ്റെ ശ്രുതിയിൽ അലിഞ്ഞ്, സ്വയം അറിവിൻ്റെ ശ്രുതിയിലൂടെ മൃതിശ്രുതിയിലെത്തുന്ന ‘ജീവിത ഗാനം’ ശെരിക്കുമൊരു ഗാനമാണ്.

അന്യരെ വേദനിപ്പിക്കാതെ ജീവിതം പുലർത്താനുള്ളത് സമ്പാദിക്കാൻ കഴിയുന്നവൻ അനുഗ്രഹിക്കപ്പെട്ടവനാണ് എന്ന ഗൗതമ ബുദ്ധൻ്റെ വരികളിൽ പുസ്തകം ആരംഭിക്കുന്നു.

പുസ്തകത്തിലുടനീളം ബുദ്ധ സൂക്തങ്ങളും ബുദ്ധ കഥകളും കാണാം. ഗൗതമ ബുദ്ധനു ജ്ഞാനോദയമുണ്ടായപ്പോൾ ആദ്യമായി അദ്ദേഹത്തോടു ചോദിച്ചുവത്രേ
‘അങ്ങ് ഒരീശ്വരനാണോ?’
‘അല്ല !’ അദ്ദേഹം പറഞ്ഞു
‘അങ്ങ് ആരാണ്?’
‘ഞാൻ ഉണർന്നവനാകുന്നു.’
ഇതാണു മറുപടി. ഈശ്വരനാകുവാനല്ല. മറിച്ച് ഉണർന്നവനാകുവാൻ ഉദ്ബോധിപ്പിക്കുന്ന വചനങ്ങൾ.

അനേകം ശ്രുതികൾക്കിടയിൽ യുദ്ധശ്രുതി വേറിട്ടു നിൽക്കുന്നു. മനുഷ്യർ മനുഷ്യരെ കൊന്നൊടുക്കിയ എണ്ണമറ്റ യുദ്ധങ്ങൾ മുൻനിർത്തിയാണ് യുദ്ധശ്രുതിയിലൂടെ എഴുത്തുകാരൻ നമ്മുടെ മനസിലെ യുദ്ധക്കൊതിയെക്കൂടി അടർത്തിമാറ്റുന്നത്. നാമിനി മരണത്തിനു പകരം ജീവിതത്തെ തിരഞ്ഞെടുത്താൽ, ആർത്തിക്കു പകരം സംയമനത്തെ തിരഞ്ഞെടുത്താൽ, ഹിംസക്കു പകരം അഹിംസ തിരഞ്ഞെടുത്താൽ, ജീവിതത്തിൻ്റെ നിറം അപ്പാടെ മാറിമറിയും.

ആകാശ ശ്രുതിയിൽ ആകാശം നോക്കിക്കിടക്കുന്ന ഒരുവനിലേക്കു ആകാശം അലിഞ്ഞു ചേരുന്നതു വിശദീകരിക്കുന്നു. വായിച്ചവസാനിക്കുമ്പോൾ ആകാശത്തിലേക്ക് ഒരു വട്ടം നോക്കാതിരിക്കുന്നതെങ്ങനെ?

മനസ് അപൂർണ കർമ്മങ്ങളുടെ കൂട്ടി വെച്ച ഭൂതകാലമാകുവുന്നുവെന്ന ജെ കൃഷ്ണമൂർത്തിയുടെ വചനത്തിലൂടെ അപൂർണ ശ്രുതിയിലേക്കു നമുക്കു സഞ്ചരിക്കാം. അപൂർണത ഒരു കുറവായിട്ടാണു നാം എണ്ണാറ്. എന്നാൽ പൂർണ്ണമാകുന്ന ഒന്നിൽ നിന്നും നമ്മുടെ മനസ് അതിൻ്റെ ഇടപെടൽ അവസാനിക്കും. അതിനാൽ ചിലതൊക്കെ അപൂർണമായി തുടരട്ടെ, നമുക്കു മനുഷ്യസ്വഭാവം നഷ്ടമാകാത്ത മനുഷ്യരായി ജീവിക്കാം. ഇങ്ങനെ മുത്തുകൾ കോർത്തുണ്ടാക്കിയ ഒരു മാലപോലെ ശോഭിക്കുന്നു ജീവിത ഗാനമെന്ന ഈ പുസ്തകം.

’ശാരീരികമായ തൊഴിലില്‍നിന്ന്, കര്‍മത്തില്‍നിന്ന് ബന്ധമറ്റുപോകുമ്പോള്‍ അവന് ജീവിതവുമായുള്ള ബന്ധം എന്നേക്കും നഷ്ടപ്പെട്ടുപോകുന്നു. പിന്നെ ജീവിതത്തിന് എന്തര്‍ത്ഥമാണുണ്ടാവുക?’ ജീവിപ്പിക്കാന്‍ പ്രേരിപ്പിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് ‘ജീവിത ഗാനം’.

എഴുത്തുകാരൻ ഭൂമിയിലെ ജീവിതം അവസാനിപ്പിച്ചു നിത്യതയിൽ പ്രവേശിച്ചു കഴിഞ്ഞിരിക്കുന്നു. അതുപോലെ അദ്ദേഹത്തിൻ്റെ വാക്കുകളും ലളിതമായ ശൈലിയിലൂടെ അനുവാചകൻ്റെ ഹൃദയത്തിൽ നിത്യമായിടം പിടിക്കുന്നു.

മാതൃഭൂമി ബുക്സ് ആണ് പ്രസാധകർ.

ജീവിത ഗാനം
(ഫിലോസഫി)
പി. എൻ. ദാസ്
പ്രസാധകർ : മാതൃഭൂമി ബുക്ക്സ്
വില : Rs.200/-

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.