വെളിച്ചം വിതറിയ കവിതകൾ

മലയാളകവിതാ സാഹിത്യ ചരിത്രത്തിൽ ആധുനികതയെ അടയാളപ്പെടുത്തിയ ആസ്തിക ഭാവനയുടെ ചൈതന്യം തുളുമ്പുന്ന അനന്വയ പ്രതിഭാസമായ മഹാകവി അക്കിത്തത്തിന്റെ കാവ്യസപര്യ കാലാതിവർത്തിയാണ്. വൈയക്തികവും സാമൂഹികവും ആത്മീയവുമായ തലങ്ങളിലൂടെ കൈരളിക്കായ് അക്കിത്തം സമ്മാനിച്ച കതിർക്കനമുള്ള കവിതകളിലൂടെയുള്ള സഞ്ചാരം നമ്മെ ബോധ്യപ്പെടുത്തുന്നത് മൗലികതയുടെ വരപ്രസാദവും തനിമയാർന്ന ജീവിതദർശനവും ഹൃദയത്വവും പാരമ്പര്യ ബോധവും സമന്വയിക്കുന്ന കാവ്യ നഭസ്സിന്റെ മഹത്ത്വമാർന്ന വെളിച്ചത്തെയാണ്.

അഹിംസാ സിദ്ധാന്തത്തില്‍ അടിയുറച്ച, വിനയവും ലാളിത്യവും ആത്മ വിശുദ്ധിയുടെ ചന്ദന സുഗന്ധവും പരത്തുന്ന ജീവിതം കവിതയായി വിരിയിച്ച അക്കിത്തത്തിന്റെ സാത്വിക ബിംബങ്ങളെല്ലാം ആത്മാന്വേഷണത്തിന്റെ തപസ്സിൽ രൂപം കൊണ്ടവയാണ്.

എട്ടാം വയസില്‍ കവിത എഴുതിത്തുടങ്ങിയ അക്കിത്തം, സ്വന്തം പൈതൃകത്തെയും ജന്മദേശത്തെയും നെഞ്ചിലേറ്റി രചിച്ച കവിതകളെല്ലാം തന്നെ മലയാളകവിതയുടെ വികാസ ചരിത്രത്തിൽ ഇടം പിടിച്ച മികച്ച കൃതികളാണ്.

ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം മധുവിധു , വാടാത്ത താമരയും കെടാത്ത സൂര്യനും, വെണ്ണക്കല്ലിന്റെ കഥ , കരതലാമലകം, പണ്ടത്തെ മേശാന്തി, സ്പർശമണികൾ, അമൃത ഘടിക, അന്തിമഹാകാലം എന്നിങ്ങനെ നീളുന്ന പ്രൗഢോജ്ജ്വല രചനകളിലൂടെ നിരുപാധിക സ്നേഹം തന്നെയാണ് മാനവികതയെന്നും അതുതന്നെയാണു ആദ്ധ്യാത്മികത എന്നും ലോകത്തെ ബോധ്യപ്പെടുത്തുകയായിരുന്നു മഹാകവി .

കവിത്രയ കവിതകളുടെ പ്രഭാപൂരവും ആധുനികതയുടെ കാല്പപനിക മുദ്രകളും നവഭാവുകത്വത്തിന്റെ ആധുനികാനന്തര വെളിപാടുകളും കാവ്യ മേഖലയിൽ സൃഷ്ടിച്ച പരിണാമ ദശസന്ധിയിൽ മലായാണ്മയുടെ കാവ്യ മണ്ഡലത്തിലെ കർമ്മ സാക്ഷിയായി കാലത്തോട് പ്രതികരിച്ച ഉന്നത ശീർഷകനായ അക്കിത്തത്തിന്റെ കാവ്യാദർശം വിശ്വ സ്നേഹത്തിൽ അധിഷ്ഠിതമായ തത്ത്വചിന്ത തന്നെയാണ്.

വെളിച്ചം, കാലം, സത്യം, ശിവം, സൗന്ദര്യം, മോക്ഷമാര്‍ഗ്ഗം, പ്രതിജ്ഞാബദ്ധത, സംസ്‌കാരം, വിജയം, കര്‍മ്മം, സ്‌നേഹം, ആനന്ദം, മാനവികത, ഇവയാണ് അക്കിത്തം കവിതയിലെ ധര്‍മ്മസ്വരൂപത്തിന്റെ പ്രത്യക്ഷമുഖങ്ങൾ. സർവ്വചരാചരങ്ങളിലും ദൈവികത ദർശിക്കുന്ന ശ്രേഷ്ഠമായ അദ്വൈത സങ്കല്പമാണ് അക്കിത്തത്തിന്റെ കാവ്യ സംസ്കാരത്തിനാധാരം.

ബാല്യകാലത്തു തന്നെ ഹൃദയത്തിൽ പതിഞ്ഞ വേദമന്ത്രങ്ങളുടെ പൊരുളും ജീവിതപാതയിൽ കണ്ടുമുട്ടിയ മഹാവ്യക്തിത്വങ്ങളും മഹാഗ്രന്ഥങ്ങളിലെ അമൂല്യ സങ്കല്പങ്ങളും ഭാരതീയ നവോത്ഥാനത്തിനും സ്വാതന്ത്ര്യസമരത്തിനും നേതൃത്വം വഹിച്ച മഹാത്മാക്കളുടെ പ്രത്യക്ഷവും പരോക്ഷവുമായ സ്വാധീനവും അക്കിത്തത്തിന്റെ സ്വതസിദ്ധമായ ജ്ഞാന വിജ്ഞാന സർഗ്ഗാത്മകതയെ ആവോളം ജ്വലിപ്പിച്ചിട്ടുണ്ട്.

ദേശീയതയും, നവോത്ഥാന ചിന്താഗതിയും, വിപ്ലവബോധവും നിഴലിക്കുന്ന അനേകം കവിതകൾ പിറന്ന അക്കിത്തത്തിന്റെ തൂലിക സമകാലിന ജീവിത സമസ്യകൾക്ക് ഉത്തരം തേടിയലഞ്ഞതിന്റെ ദൃഷ്ടാന്തമാണ് “ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം” എന്ന കൃതി.

ആധുനിക ജീവപരിസരം ഉയർത്തുന്ന സംസ്കാരിക പ്രതിസന്ധിയുടെ മൂലകാരണം തിരിച്ചറിഞ്ഞ കവി ശാന്തസുന്ദരങ്ങളായ വീക്ഷണങ്ങളിലൂടെ മാനവികതയുടെ, വിശ്വപ്രേമത്തിന്റെ വക്താവും പ്രയോക്താവുമായി മാറുകയാണ്, തന്റെ കറ പുരളാത്ത ആത്മീയ ധർമ്മബോധത്തിന്റെ പാതകളിലൂടെ. താൻ ജീവിച്ചിരുന്ന ഇടിഞ്ഞ് പൊളിഞ്ഞ ലോകത്തെ കുറിച്ചുള്ള കണ്ണീർ കണങ്ങളാണ് കവിതകളായി പുനർജനി തേടിയത്.

ആർദ്രതതയുടെ, അലിവിന്റെ വരികളിലുടെ അക്കിത്തം ഉയർത്തുന്ന ദീനാനുകമ്പ കേവലം ആദർശം മാത്രമല്ല. സൗന്ദര്യത്മകതയും സത്യവും തുടിക്കുന്ന ജീവിതത്തിന്റെ പ്രതിഫലനം കൂടിയാണ്.

“ഒരു കണ്ണീർക്കണം മറ്റു-
ള്ളവർക്കായ് ഞാൻ പോഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റു
ള്ളവർക്കായ് ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യ നിർമല പൗർണമി.”

ഇവിടെ മനുഷ്യസ്‌നേഹത്തിന്റെ തീവ്രപക്ഷം അടയാളപ്പെടുത്തുകയാണ് കവി.

വിശപ്പാണ് തന്നെക്കൊണ്ട് കവിതയെഴുതിച്ചതെന്ന് അക്കിത്തം എപ്പോഴും പറയാറുണ്ട്. കുട്ടിക്കാലം ദുരിതകാലമായിരുന്നു. യാതനകള്‍ നിഴലായി കൂടെ നടന്നു. വിശപ്പിനൊപ്പം കവിതയും കൈവിടാതെ കൂട്ടുകാരനായി. നിരൂപകര്‍ അക്കിത്തം കവിതയില്‍ വേദാന്തം ദര്‍ശിക്കുമ്പോഴും അദ്ദേഹം സാധാരണക്കാരന്റെ കവിയാകുന്നത് അതിനാലാണ്. കര്‍ഷകനും തൊഴിലാളിയും അടിയാളവര്‍ഗവും ചേര്‍ന്ന സാധാരണ മനുഷ്യന്റെ വിയര്‍പ്പും വികാരവുമാണ് അക്കിത്തം കവിതകൾ.

”വെളിച്ചം ദുഃഖമാണുണ്ണി
തമസ്സല്ലോ സുഖപ്രദം”
എന്ന രണ്ടുവരികള്‍ കൊണ്ട് മാത്രം മലയാളികളുടെ മനസ്സില്‍ അക്കിത്തത്തിന് സ്ഥിരമായ ഇരിപ്പിടം ലഭിച്ചു. മറ്റൊരാള്‍ക്കും ലഭിക്കാത്ത സ്ഥാനം.

650-ല്‍ പരം കവിതകള്‍, അഞ്ച് ഖണ്ഡകാവ്യങ്ങള്‍, ഒരു ഗാനകഥാ കാവ്യവും നാടകവും,ഒരു ചെറുകഥാ സമാഹരം,നിരവധി പ്രബന്ധങ്ങള്‍. ശ്രീമദ് ഭാഗവതം ഉള്‍പ്പെടെ നാല് വിവര്‍ത്തനങ്ങള്‍ ഇങ്ങിനെ ഒരു മനുഷ്യായുസ്സിൽ ഇത്രയും മഹത്തായ സംഭാവന മലയാളത്തിനു നല്‍കിയ മറ്റൊരു കവിയില്ല.

പ്രതിഭയുടെ ഔന്നത്യം കൊണ്ട് ജ്ഞാനപീഠത്തെ സ്വവസതിയായ “ദേവയാന “ത്തിലേക്ക് ആവാഹിച്ച അക്കിത്തത്തെപ്പോലെ അക്കിത്തം മാത്രം. ഏട്ടു ദശകം നീണ്ട കാവ്യപൂജയിലൂടെ എണ്ണമറ്റ അംഗീകാരങ്ങളും പുരസ്കാരങ്ങളും ഏറ്റുവാങ്ങിയ അക്കിത്തമെന്ന അക്ഷര സൂര്യൻ മലയാണ്മയുടെ ആശയലോകത്ത് പുതുവെളിച്ചം വിതറിയാണ് ചിദാകാശത്തേക്ക് മറഞ്ഞത്.

“തോക്കിനും വാളിനും വേണ്ടി ചെലവിട്ടോരിരുമ്പുകള്‍ ഉരുക്കി വാര്‍ത്തെടുക്കാവൂ ബലമുള്ള കലപ്പകള്‍ ബോംബിനായ് ദുര്‍വ്യയം ചെയ്യു- മാണവോല്‍ബണശക്തിയാല്‍ അന്ധഗ്രാമക്കവലയില്‍ സ്നേഹദീപം കൊളുത്തുക”

“നിരുപാധികമാം സ്‌നേഹം ബലമായി വരും ക്രമാല്‍ ഇതാണഴകി,തേസത്യം ഇതു ശീലിക്കല്‍ ധര്‍മവും”

നന്മയെ ഉപാസിച്ചുകൊണ്ട് ലോകഹിതത്തിനായ് അക്കിത്തം കുറിച്ചിട്ട സ്നേഹാക്ഷരങ്ങൾ നമ്മുടെ വൈകാരിക വൈചാരിക തലങ്ങളെ ശുദ്ധീകരിക്കുന്ന അമൃത സന്ദേശങ്ങളാണ്.

മംഗളദായകമായ ചിന്താ സാരത്തിന്റെ സാംസ്കാരിക പാഠങ്ങൾ പകർന്ന് നമ്മോടൊപ്പം ജീവിച്ച മഹാകവി നിത്യതയിൽ വിലയം പ്രാപിച്ചെങ്കിലും ആർഷമായ ഉൾപൊരുളുകളുടെ ധ്വനികളാൽ സമ്പന്നമായ കവിചേതനയും ഭാവാത്മകതയും എന്നും വഴിവിളക്കായ് നമ്മോടൊപ്പമുണ്ട്.

റൈറ്റേഴ്സ് കാപിറ്റൽ ഇന്റർനാഷണൽ ഫോറം ഡയക്ടർ, പ്രസിഡണ്ട് സെൻറർ ഫോറം ഇന്ത്യ സ്റ്റഡീസ് കുവൈത്ത് . കോഴിക്കോട് ജില്ലയിലെ തിക്കോടി സ്വദേശി.