ഒരു സാധാരണ പെൺകുട്ടിയുടെ കഥ

അരികിലിരുന്നവൾ കൈയ്യിൽ തലോടി മെല്ലെ തട്ടിവിളിക്കുമ്പോഴാണു ഞാൻ രാത്രി പെട്ടന്നുണർന്നത്. ഇല്ല, മറ്റാരുമില്ല മുറിയിൽ. പക്ഷേ, ഞാൻ കണ്ടത് അവളെത്തന്നെയാണ്. ഒരു മാറ്റവുമില്ല. എത്ര വർഷം? മുപ്പത്? അതോ അതിലേറെയോ?

“ചിലതു പറയുവാനുണ്ട്. കോളേജിലേക്കു വരൂ…” അതാണവൾ ചെവിയിൽ പറഞ്ഞത്.

നാട്ടിലെത്തിയതിന് പിറ്റേന്ന് ആയിട്ടും പോകാതിരിക്കാനെനിക്കായില്ല.

നിറയെ പൂത്ത ചെമ്പകച്ചോട്ടിൽ ഞാൻ ഒറ്റയ്ക്കാണിപ്പോൾ, കോളേജിന്റെ പ്രധാന മന്ദിരത്തിന്റെ തെക്കേയറ്റത്തെ മുകൾനിലയിലെ ക്ലാസ്മുറിയുടെ ജനാല ഇപ്പോഴും തുറന്നു തന്നെ.
ഒരാൾ…. ആ ഒരാൾക്കു വേണ്ടി മാത്രമാണിന്നു ഞാനീ മുറ്റത്തു വീണ്ടും.

വിമല! എം ടി യുടെ മഞ്ഞു വായിച്ചു ലഹരി പൂണ്ടകാലത്തു മുന്നിൽ വന്നുപെട്ട പെൺകുട്ടിക്കും അതേ പേരെന്നറിഞ്ഞപ്പോൾ തോന്നിയ കൗതുകം. അവളുടെ നീണ്ട മുടിയോ, ഇരുനിറമോ, മങ്ങിയ സാരിയോ, ചുമന്ന കുപ്പിവളയോ എന്റെ മനസിനെ തൊട്ടില്ല. അവളുടെ കണ്ണുകളിൽ അസാധാരണത്വം കണ്ടെടുക്കാനെനിക്കായതുമില്ല. രണ്ടു വിഷയങ്ങളാണു പഠിച്ചിരുന്നതെങ്കിലും എന്നും ഒരു വട്ടമെങ്കിലും തമ്മിൽ കണ്ടിരുന്നു. ഡിഗ്രി രണ്ടാം വർഷം ഡിസംമ്പറിലേ മഴ നനഞ്ഞതോടെ തുടങ്ങിയ പനി എന്നെ ചിക്കൻപോക്സിസിന്റെ രൂപത്തിൽ ഒരു മാസത്തോളം കിടപ്പിലാക്കി. തിരികെ ചെല്ലുമ്പോൾ അവളില്ല. രണ്ടു വർഷത്തിലാദ്യമായി ഞാൻ അവളെ തിരഞ്ഞു. പിന്നെ, അവളെ കാണാതെ വർഷങ്ങൾ അതിവേഗം കടന്നു പോയി. ഞാൻ പലയിടത്തും തെന്നിത്തെറിച്ചു പ്രവാസിയായി. വിവാഹിതനും കുടുംബസ്ഥനുമായി.

അവൾ കാത്തു നിൽക്കുന്നു, ചെമ്പകച്ചോട്ടിൽ പച്ച കോട്ടൺസാരിയിൽ… ഇതെന്തു ഭംഗിയീപ്പെണ്ണിനിപ്പോൾ!

ഞങ്ങൾ കൈ കോർത്തു നടന്നു തുടങ്ങി.

ഇനി അവൾ പറയട്ടെ…

അന്നു കെമിസ്ട്രി ലാബിന്റെ അവസാന പടിയും കടന്നു മുറ്റത്തേക്ക് ഒഴുകിപ്പടർന്ന ചോര. ലാബിലെ വലിയ വാതിലിന് പിന്നിൽ, കടും പച്ച സാരി ധരിച്ചു, നിലത്തു മലർന്നു കിടന്ന എന്റെ, പിന്നിയിട്ട മുടിയിലെ ചുകന്ന റോസാപ്പൂ തെറിച്ചു വീണതു കൈത്തണ്ടയിൽ നിന്നൊഴുകിയ ചോരച്ചാലിൽ ഒന്നുകൂടി കുതിർന്നിട്ടുണ്ടായിരുന്നു. അന്ന് ഒഴുകി അകന്ന അവസാന തുള്ളിച്ചോരയും, ജീവന്റെ അവസാന മിടിപ്പും എന്റെതു തന്നെയായിരുന്നു. ഒരു രാവു മുഴുവനും രാസപദാർത്ഥങ്ങൾ മണക്കുന്ന വലിയ ഹാളിൽ ഞാൻ തനിച്ചങ്ങനെ….

അന്ന് അവർ പറഞ്ഞതൊക്കെ ഞാൻ ഓർക്കുന്നു…

സന്തോഷ് സാർ…
‘ വിമല, അവൾ ഞങ്ങളുടെ ക്ലാസിലെ ഒരു സാധാരണ പെൺകുട്ടി മാത്രമായിരുന്നു. എത്ര പറഞ്ഞു കൊടുത്താലും കണക്കും, ഫിസിക്സും പഠിക്കാനിഷ്ടമില്ലാത്ത പെൺകുട്ടി. അവളുടെ നീണ്ട് മെടഞ്ഞ മുടിയിൽപ്പോലും ഒരു കൗതുകവും കണ്ടിട്ടില്ല. എന്റെ അറിവിൽ ആരുമൊരു പ്രേമലേഖനവുമായി അവളെ സമീപിച്ചിട്ടില്ല. പക്ഷേ, ഇന്നവൾ ആത്മഹത്യ ചെയ്തിരിക്കുന്നുവെന്ന് എല്ലാവരും പറയുന്നു. എന്തിനാവും?അതും പരീക്ഷയടുത്ത ഈ സമയത്ത്….’

ഇനി പ്രൊഫസർ രംഗനാഥൻ സാർ…
‘ആ പെൺകുട്ടി…. അതും സൂയിസൈഡ്…! പ്രൊഫസർ ലക്ഷ്മി അവളോട് ഇന്നുതന്നെ റിക്കോഡ് വയ്ക്കണമെന്നു പറഞ്ഞത്രേ. പക്ഷേ, അതിന് ഇങ്ങനെ! സത്യം പറയാമല്ലോ ഞാനധികം ശ്രദ്ധിച്ചിട്ടില്ല ഈ കുട്ടിയെ. ശ്രദ്ധിക്കപ്പെടാൻ വലിയ പാടായ ആവറേജ്. പിന്നെ, ഒരു പച്ച സാരിയും ചുറ്റി റിക്കോഡ് കാണിക്കാൻ വന്ന ദിവസം, വല്ലാത്തൊരു ഭംഗിയുണ്ടായിരുന്നു….. ഹൊ, പാവം കുട്ടി.’

അതേയ്, രണ്ടുപേരു പറഞ്ഞതു കേട്ടില്ലേ? ഒരാൾ കൂടിയുണ്ടല്ലോ, രാമചന്ദ്രൻ, ലാബിലെ അസിസ്റ്റൻറ്.

‘ഇല്ല… വിമലയെ അന്നു ഞാൻ കണ്ടിട്ടേയില്ല. എനിക്കാ കുട്ടിയെ വലിയ ഇഷ്ടമായിരുന്നു. എന്റെ മോളുടെ പ്രായമല്ലേ. നല്ല അടക്കവും ഒതുക്കവും. ദേവിയല്ലേ… എങ്ങനെ ഒരു നോട്ടം കൊണ്ടുപോലും വേദനിപ്പിക്കും? ന്നാലും…ആ കുട്ടി എന്തിനു…?’

നീ ഓർക്കുന്നോ, നിന്റെ ഇംഗ്ലീഷ് ഡിപ്പാർട്ടുമെൻറിലെ ജനാലയിലൂടെ കാണുന്ന കെമിസ്ട്രിക്ലാസിലെ അവസാന ബഞ്ചിൽ ഞാനിരുന്നിരുന്നത്? ഡിഗ്രി ഒന്നാം വർഷം മുതലേ സാരിയുടുക്കാൻ എനിക്ക് വലിയ ഇഷ്ടമായിരുന്നു, പ്രത്യേകിച്ചും അമ്മയുടെ ആ പച്ച കോട്ടൺ സാരി.

അന്നു ഞാൻ അതേ പച്ചസാരിയിൽ… ഹൊ.. വേണ്ടീരുന്നില്ല… അന്നു നിന്നോടൊന്ന് മിണ്ടുവാനാണു കോളേജിൽ വന്നത്. അന്നതു പറഞ്ഞില്ലെങ്കിൽ പിന്നൊരിക്കലും കഴിഞ്ഞില്ലെങ്കിലോയെന്നു ഭയന്നു. പക്ഷേ, ഭയന്നതു പോലെ, പിന്നീടൊരിക്കലും നമ്മൾ…!

നിനക്കറിയണോ, അന്നുച്ചതിരിഞ്ഞു ലാബ് ആയിരുന്നു. നിന്നെക്കണ്ടില്ല, എനിക്ക് ചെയ്തതൊക്കെയും തെറ്റി. ഞാൻ തിരക്കുകൂട്ടി, അവസാന ബെല്ലടിച്ചതുകേട്ട് എന്നെ തനിച്ചാക്കി, ലക്ഷ്മി ടീച്ചറും കൂടി ലാബിൽ നിന്നു പോയപ്പോൾ, രാമചന്ദ്രൻ ചേട്ടാ, എനിക്ക് ‘സാൾട്ടു’ കിട്ടീയില്ല ഇനിയുമെന്ന് കണ്ണുനിറഞ്ഞപ്പോൾ, മോളൊന്നു നിൽക്ക്, ഞാൻ നോക്കിപ്പറയാം എന്നുപറഞ്ഞ് അവിടെത്തന്നെ നിർത്തിച്ചത്, പെട്ടന്ന് ആരോ പിന്നിൽ നിന്നെന്റെ നീണ്ട മുടിക്കെട്ടിൽ പിടിച്ചു വലിച്ചത്, സന്തോഷ് സർ….. എന്നു പറഞ്ഞു തിരിയുമ്പോൾ രംഗൻസാർ, തന്റെ പച്ചസാരി എന്നെ ഭ്രാന്ത് പിടിപ്പിക്കുമല്ലോ എന്നു പറഞ്ഞത്. പിന്നെ അബോധാവസ്ഥയിൽ എന്റെ ദേവിയെന്ന് ചെവിയിൽ പതിഞ്ഞ ശബ്ദവും!

പാതിബോധത്തിൽ ബലമായെന്നെ അമർത്തിപ്പിടിച്ചു കൈത്തണ്ടയിലെ ഞരമ്പു മുറിക്കുമ്പോൾ മൂന്നുപേരേയും ഞാൻ കണ്ടിരുന്നു കേട്ടോ. ഒടുവിലെന്റെ അവസാന ശ്വാസവും അവർ തൊട്ടറിഞ്ഞ ശേഷമാണ് ഞാൻ തീർത്തും ഒറ്റക്കായത്!

ഇന്ന്, ഒരിക്കൽക്കൂടി നിന്നെ കാണുവാൻ തോന്നി, അതാണു ഒന്നു വരൂ എന്നു വിളിച്ചത്. നീ വന്നല്ലോ… വിനയാ, ഇനി എനിക്കു മടങ്ങാം… സ്വസ്ഥമായി ഉറങ്ങാം….

‘നാട്ടിൽ വന്നാലെങ്കിലും നിനക്കീ ലാപ്ടോപ്പൊന്നു മാറ്റി വക്കരുതോ? രാത്രി ഉറക്കവും ഇല്ലേടാ നിനക്ക്.?’ അമ്മയാണ്. കണ്ണു തുറന്നു നോക്കുമ്പോള്‍ മുറിയിലെ സോഫയില്‍, മടിയില്‍ ലാപ്‌ടോപ്പും വച്ച് ഉറങ്ങുകയായിരുന്നു.

കോളേജു വിദ്യാർത്ഥിനിയുടെ ആത്മഹത്യയുടെ പേപ്പർകട്ടിങ്ങുകൾ നിറഞ്ഞ പഴയ ഡയറി തൊട്ടരികിലുണ്ട്!

ഓർമ്മകളുടെ ജാലകം, അബ്സല്യൂട്ട് മാജിക്, പുരുഷാരവം (എഡിറ്റർ) എന്നീ കഥാസമാഹാരങ്ങളും മണൽനഗരത്തിലെ ഉപ്പളങ്ങൾ എന്ന ഓർമ്മകുറിപ്പും പ്രസിദ്ധീകരിച്ചു. ഓർമ്മ കഥാ പുരസ്കാരം, മെഹ്ഫിൽ ഇന്റർനാഷണൽ പുരസ്‌കാരം, അസ്‌മോ പുത്തൻചിറ പുരസ്‌കാരം, കേസരി നായനാർ പുരസ്‌കാരം, അക്കാഫ് പുരസ്‌കാരം എന്നിവയുൾപ്പടെ നിരവധി കഥാപുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. ദുബായിൽ ജോലി ചെയ്യുന്നു.