നമ്മൾ പ്രബുദ്ധർ

സമയം സന്ധ്യ പിന്നിട്ടിരിക്കുന്നു. ഇരുട്ടിന് ഓരോ നിമിഷവും കഠിന്യമേറുന്നുണ്ട്. മാറഞ്ചേരി അങ്ങാടിയിൽ തിരക്കൊഴിഞ്ഞു കൊണ്ടിരിക്കുകയാണ്. ഷട്ടറുകൾ കരഞ്ഞു കൊണ്ട് നിലത്തേക്ക് വീണു. കടയുടമക്കും ജീവനക്കാർക്കും ശുഭരാത്രി നേരുന്ന ശബ്ദങ്ങൾ പലയിടത്ത് നിന്നായി കേൾക്കാനുണ്ട്. അത്യാവശ്യം പലചരക്ക്, ബേക്കറി സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങി പോകുമ്പോഴാണ് റോഡരികിലെ ഇരുനില കെട്ടിടത്തിൻറെ വരാന്തയിൽ നിന്നൊരു തേങ്ങലിൻറെ ശബ്ദം കേട്ടത്. വൈദ്യുതിയെ പോലെ തന്നെ തെരുവ് വിളക്കിന്റെ പ്രകാശത്തിനും വലിയ ശക്തിയില്ലാത്തതിനാൽ ചുരുണ്ടു കിടക്കുന്ന ഒരു രൂപം മാത്രമാണ് കണ്ണിൽ പതിഞ്ഞത്. ഇടയ്ക്കിടെ പാഞ്ഞുപോകുന്ന വാഹനങ്ങൾ അയാളുടെ രൂപത്തെ വ്യക്തമാക്കി കാണിച്ചു തന്നതിനാൽ ആ തേങ്ങൽ അവഗണിച്ച് മുന്നോട്ട് പോകാൻ കഴിഞ്ഞില്ല.

മുഷിഞ്ഞ വേഷം, നീണ്ട താടിയും മുടിയും, കണ്ണുകളിലെ തിളക്കമൊഴികെ ബാക്കിയെല്ലാം ഇരുണ്ടതായിട്ടുള്ള ആ രൂപത്തെ ഞാൻ സൂക്ഷിച്ചു നോക്കി. ഇരുകൈകളും കാലുകൾക്കിടയിൽ തിരുകി വെച്ച് ചുരുണ്ടു കിടക്കുകയായിരുന്ന അയാൾ എന്നെ സാമീപ്യമറിഞ്ഞ് ഒന്നു തല ചെരിച്ചു നോക്കി.

ഒന്നും പറയാതെ പൂർവ്വ സ്ഥിതിയിൽ തന്നെ കിടത്തം തുടർന്ന അയാളെ നോക്കി ഞാൻ നിന്നു. പോക്കറ്റിൽ ചില്വാനം വാങ്ങിയതിന്റെ ബാക്കി ഒരു നോട്ടും കുറച്ചു ചില്ലറയുമുണ്ട്. വീട്ടിൽ നിന്നും പറഞ്ഞേൽപ്പിച്ചതിനു വിരുദ്ധമായി ഒരു പാക്കറ്റ് ബിസ്‌കറ്റ് അധികം വാങ്ങിച്ചിട്ടുമുണ്ട്. സാധനം വാങ്ങാൻ കാശ് കൊടുത്താൽ ബാക്കി കിട്ടുന്നില്ല എന്ന ഉമ്മയുടെ പരാതിക്ക് കൂടുതൽ തെളിവുകളാവുമെന്നതിനാൽ പോക്കറ്റിലിട്ട കൈ പിൻവലിച്ച് പലചരക്കു സാധനങ്ങളുടെ സഞ്ചിയിലേക്കിട്ട് ബിസ്കറ്റ് പാക്കറ്റ് തപ്പിയെടുത്തു.

“ഇതാ….”
ബിസ്ക്കറ്റ് പാക്കറ്റ് ഞാൻ അയാൾക്ക് നേരെ നീട്ടി.

“ചോറുമതി”
അയാൾ ബിസ്കറ്റ് പാക്കറ്റ് നിരസിച്ചു കൊണ്ട് വീണ്ടും തല ചെരിച്ചു കിടന്നു.
തേങ്ങലുകൾക്ക് അപ്പോഴും ശമനമുണ്ടായിരുന്നില്ല.

ഞാനയാളുടെ മുഖം ഓർത്തെടുത്തു. പരമേട്ടന്റെ മോട്ടോർ ആശുപത്രിയുടെ ചുവരിലും ബാലാജി അപ്പോൾസ്റ്ററിക്ക് സമീപവും ചെമ്പയിൽ സ്‌കൂളിൽ പോകുന്ന വഴിയിലുമൊക്കെ അയാൾ കളർ ചോക്കുകളൂം കരിക്കട്ടകളും പച്ചിലയുമൊക്കെ ഉപയോഗിച്ച് മനോഹരങ്ങളായ ചിത്രങ്ങൾ വരക്കുന്നത് അസൂയയോടെ നോക്കി നിന്നിട്ടുണ്ട്. ഇല്ല, ഈ തേങ്ങൽ കേൾക്കാതെ, ഈ അവസ്ഥ കാണാതെ തനിക്ക് പോകാൻ കഴിയില്ല. ‘ബാക്കിയെവിടെ’ എന്ന ഉമ്മയുടെ ചോദ്യത്തിന് മറുപടിയായി നൽകാൻ എന്തൊക്കെ കള്ളങ്ങൾ ഭാവനയിൽ ഒളിഞ്ഞു കിടക്കുന്നു! മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

റോഡുമുറിച്ച് കടന്ന് എതിർ വശത്തുള്ള ഹസ്സൻകാടെ ഹോട്ടലിലേക്ക് നടന്നു. അവിടെ ഈ സമയത്തും ചോറും കറികളുമുണ്ടാകും.

ഉച്ചക്ക് അപ്രതീക്ഷിത വിരുന്നുകാരുള്ള ദിവസങ്ങളിൽ രാത്രിയിലെ ചോറിന്റെ അളവ് സ്വാഭാവികമായും കുറയും. വൈകീട്ട് ഹസ്സൻകാടെ ഹോട്ടലിലേക്ക് പൊറോട്ട വാങ്ങാൻ പോകും.

“ശെൽവന് കുറച്ചു ചോറും സാമ്പാറും കൊടുക്ക്…”
ദാസേട്ടൻ പൊറോട്ട വീശുന്നത് അത്ഭുതത്തോടെ നോക്കി നിൽക്കുമ്പോൾ ഇടക്ക് ഹസ്സൻകാടെ സപ്ലയറോടുള്ള ആജ്ഞ കേൾക്കാം. അങ്ങിനെയാണ് അവിടെ രാത്രിയും ചോറും കറികളുമുണ്ടാകുമെന്ന് മനസ്സിലായത്.

“ഈ നേരത്ത് ആർക്കാ ചോറ്.. ആരെങ്കിലും ആശുപത്രിയിൽ ഉണ്ടോ?” കാശ് വാങ്ങുന്നതിനിടയിൽ ഹസ്സൻക്ക ചോദിച്ചു.

“ഇല്ല, അയാൾക്ക് കൊടുക്കാനാ..” ഞാൻ റോഡിനപ്പുറത്തെ ഇരുട്ടിലേക്ക് ചൂണ്ടിക്കാണിച്ചു.

“ഞാനും ശ്രദ്ധിച്ചിരുന്നു ഒരാൾ അവിടെ കിടക്കുന്നത്.. വല്ല അണ്ണന്മാരും കള്ളുകുടിച്ച് കിടക്കാന്നാ വിചാരിച്ചേ..”

“അല്ല, അയാൾ വിശക്കുന്നുന്നു പറഞ്ഞു.. കരയുന്നുമുണ്ട്..” ഞാൻ വിശദീകരിച്ചു കൊടുത്തു.

“കാശൊന്നും വേണ്ട, ഇജ്ജ്ത് അയാൾക്ക് കൊണ്ട് കൊടുക്ക്..”

മേശവലിപ്പിലേക്കിടാൻ ഒരുങ്ങിയ കാശ് ഹസ്സൻക്ക ചോറിന്റെ പൊതിക്കൊപ്പം എനിക്ക് തന്നെ തിരിച്ചു തന്നു.

ചോറുപൊതി അടുത്ത് വെച്ച് കൊണ്ട് ഞാൻ അയാളുടെ ചുമലിലൊന്നു തൊട്ടു. ചുരുണ്ടു കിടന്ന അയാൾ എണീറ്റിരുന്നപ്പോഴും നടു വളഞ്ഞു കൊണ്ടുതന്നെയായിരുന്നു. ബട്ടനഴിഞ്ഞു കിടക്കുന്ന കുപ്പായത്തിന്റെ വിടവിലൂടെ അയാളുടെ അടിവയറ്റിൽ പട്ടിണി വരച്ച പലപല വരകൾ തെളിഞ്ഞു കണ്ടു. ആദ്യത്തെ രണ്ടു മൂന്നു ഉരുളകൾ അകത്താക്കിയപ്പോൾ അതിൽ ചില വരകൾ അപ്രത്യക്ഷമായി. അയാൾക്കൊപ്പം എന്റെയും മനസ്സിൽ ഒരു ആനന്ദം വിരുന്നെത്തി.

തിരിച്ചു വീട്ടിലെത്തിയപ്പോഴും ഉറങ്ങാൻ കിടന്നപ്പോഴും ആ കാഴ്‌ച്ച കണ്ണിൽ നിന്നും മാഞ്ഞില്ല. പിന്നീടൊരിക്കലും അയാളെ കണ്ടില്ലെങ്കിലും പലയിടത്തും കാണുന്ന ചുവർ ചിത്രങ്ങളിലൂടെ അയാൾ എവിടെയൊക്കെയോ ഉണ്ടെന്ന് മനസ്സിലായി.

പതിറ്റാണ്ടുകൾക്കിപ്പുറം വറുതികൾ സമ്മാനിച്ച പ്രവാസ ലോകത്ത് കുറച്ചു കാലം പലവട്ടം ഞാനും അയാളെ പോലെ ചുരുണ്ടു കിടന്നു. ഞാനാ കലാകാരന് അന്ന് നീട്ടിയത് ബിസ്കറ്റായിരുന്നെങ്കിൽ, തേങ്ങലുകളുള്ളിലൊളിപ്പിച്ച എനിക്ക് നേരെ നീട്ടപ്പെട്ടത് ലഹരി നുരയുന്ന ഗ്ലാസ്സുകളായിരുന്നു. വിഷമാണെന്നും പിന്നീട് വിഷമമാവുമെന്നും അറിയാമായിരുന്നെങ്കിലും നീട്ടിയതൊന്നും നിരസിച്ചില്ല. നിരസിച്ചാൽ തൊട്ടുനക്കാൻ കൊണ്ടുവെച്ചവ എനിക്ക് അപ്രാപ്ര്യമാവുമെന്നും വയറു നിറയ്ക്കാൻ മറ്റൊരു വഴിയില്ലെന്നും മനസ്സ് പറഞ്ഞു കൊണ്ടിരുന്നു.

കടത്തിണ്ണയിൽ കിടന്നുറങ്ങിയ ആ കലാകാരൻ വിളിച്ചു പറഞ്ഞത് പോലെ വിശക്കുന്നു എന്ന് സഹജീവികളോട് മനസ്സ് തുറന്നു പറയാനുള്ള സത്യസന്ധത പോലും എന്നിൽ നിന്ന് നഷ്ടമായിരിക്കുന്നു.

അങ്ങിനെ ഉള്ളം തുറന്നു ആവശ്യങ്ങൾ പറഞ്ഞവരെ നമ്മൾ ഭ്രാന്തനെന്നു വിളിക്കുന്നു. ആരെയും അറിയിക്കാതെ പണയം വെച്ചും കടം വാങ്ങിയും മേനി നടിച്ചും അഭിനയിച്ചും എല്ലാം ഉള്ളിലൊതുക്കി നടക്കുന്ന നമ്മൾ പ്രബുദ്ധരും!

മലപ്പുറം ജില്ലയിലെ മാറഞ്ചേരിയിൽ ജനനം. കാഴ്‌ച, പരാജിതൻ, നെല്ലിക്ക, ചെക്കൻ, നാലുവരക്കോപ്പി, ഒമ്പതാളും ഒരോന്തും എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്‌. സ്വന്തം പേരിൽ ആനുകാലികങ്ങളിലും പരാജിതൻ എന്ന തൂലികാ നാമത്തിൽ സോഷ്യൽ മീഡിയയിലും എഴുതുന്നു