ഞങ്ങളുടെ ബസിന് നീല ജാലകവിരികളുണ്ടായിരുന്നു. ഇതേ പോലെയൊരു ബസ് യാത്രയിലാണ് അലീഷ്യ ആദ്യമായി എൻ്റെയരികിൽ വന്നിരുന്നത്. അതൊരു ജൂൺ മഴക്കാലമായിരുന്നു. അന്ന് യാത്ര ചെയ്തത് കോളേജിലെ പൂർവ്വവിദ്യാർഥി സംഗമത്തിനായിരുന്നു.
ഇന്നത്തെ ബസ് യാത്ര ഒരു വിവാഘോഷത്തിൽ പങ്കെടുക്കാനാണ്. ബസിൽ ശീതികരണിയുടെ തണുപ്പ് പടർന്നു കയറുന്നുണ്ടായിരുന്നു. ചുമപ്പ് നിറമുള്ള കമ്പിളിയാണ് ഞങ്ങൾക്ക് പുതയ്ക്കാനായി തന്നത്. അത് ദിനേന മാറ്റുന്നുണ്ടോ എന്നായിരുന്നു എൻ്റെ ആശങ്ക. ഒരാൾ പുതച്ചത് പിറ്റേന്നും ഉപയോഗിക്കുമോ എന്ന് എങ്ങനെ അറിയാനാകും?.
പിന്നിട് ബസിൽ എത്ര സീറ്റുണ്ട് എന്ന് ഞാൻ എണ്ണിനോക്കി. എന്തിനാണ് അങ്ങനെയൊരു കണക്കെടുപ്പ് നടത്തിയതെന്ന് വെറുതെ ഞാൻ ആലോചിച്ചു. ഇങ്ങനെയുള്ള വിചിത്രമായ പല കാര്യങ്ങളും ഞാൻ ചെയ്യാറുണ്ട്. ഞങ്ങളുടെ ബസിൽ രണ്ട് ഡ്രൈവർമാർ ഉണ്ടായിരുന്നു. ഒരാൾ കറുത്ത മീശയുള്ള പൊക്കമില്ലാത്തയാളും മറ്റയാൾ സെൽ ഫോണിലേയ്ക്ക് മുഖം പകർന്നിരുക്കുന്ന ചെറുപ്പക്കാരനുമായിരുന്നു. രാത്രിയിൽ ഏകദേശം ഒന്നര രണ്ട് മണിയോടുത്തായിരിക്കും രണ്ടാമൻ വണ്ടിയുടെ സ്റ്റീയറിംഗ് കൈയിലേറ്റുക.
സീറ്റുകളെണ്ണി കഴിഞ്ഞപ്പോൾ ഞാൻ ബസിലെ ആളുകളെ ശ്രദ്ധിച്ചു. എനിക്കെതിർവശമിരുന്നവർ രണ്ട് റിട്ടയേർഡ് ഗസറ്റഡ് ഓഫീസേഴ്സിനെപ്പോലെ കാണപ്പെട്ടു. ഷാമ്പൂവിൻ്റെ കടുത്ത സുഗന്ധമുള്ള അഴിച്ചിട്ട മുടിയുമായി മുന്നിലിരുന്ന പെൺകുട്ടി ഒരു ടെക്കിയായിരിക്കും. എൻ്റെ അടുത്തിരിക്കുന്നയാൾ ന്യൂയോർക്കിൽ നിന്ന് ഈ നഗരത്തിൽ താമസിക്കുന്ന അനുജത്തിയെ കാണാനെത്തിയ ശ്രീജ വാസുദേവൻ എന്ന ഡൻ്റിസ്റ്റാണ്. അനുജത്തിയുടെ മകൾ പെട്ടെന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റായതിനാൽ കേരളത്തിലേക്ക് ബുക്ക് ചെയ്ത വിമാനത്തിൽ സമയത്തിനെത്തിച്ചേരാനാവാതെ ബസിലെത്തിച്ചേർന്നു എന്നേയുള്ളു.
എൻ്റെ സീറ്റിന് മുന്നിൽ ഇടത് വശത്തിരുന്നത് ഒരു കുടുംബമായിരുന്നു. അമ്മയുടെ മടിയിൽ എഴനേറ്റ് നിന്ന് ലോകത്തിലുള്ള സകല വിശുദ്ധിയും മുഖത്തേയ്ക്കാവാഹിച്ച് ഒരു കൊച്ചു കുട്ടി ഇടയ്ക്കിടെ എനിയ്ക്ക് ഫ്ളയിംഗ് കിസുകൾ തന്നു കൊണ്ടിരുന്നു. ഇടയ്ക്കിടെ ഒളിച്ചേ കണ്ടേ പോലൊരു ചിരിച്ചു കൊണ്ടുള്ള കുട്ടിത്വവും. ഞാനാ കുട്ടിയെ നന്നായി പ്രോൽസാഹിപ്പിച്ചു കൊണ്ടിരുന്നു. ഈശ്വരൻ്റെ പ്രതിരൂപങ്ങളായിരുന്നു എൻ്റെ മനസ്സിലെ കുട്ടികൾ.
രണ്ട് സീറ്റുകൾക്ക് മുൻപിലിരുന്ന ഒരു ചെറുപ്പക്കാരൻ ഇടയ്ക്കിടെ അല്പം ഉച്ചത്തിൽ ആരോടൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഇടയ്ക്കിടെ അയാൾ അഭിനവലോകവാക്കുകളായ ബ്രോ എന്നും, മസ്ത് എന്നും ഫൻ്റാബുലസ്, അമേസിംഗ് എന്നൊക്കെയുള്ള നാമവിശേഷണങ്ങൾ ഉപയോഗിക്കുന്നുണ്ടായിരുന്നു.
എൻ്റെ മനസ്സ് എവിടെയൊക്കെയോ സഞ്ചരിച്ചു കൊണ്ടിരുന്നു. ചെയ്തുകൂട്ടുന്ന വിചിത്ര കാര്യങ്ങളുടെ കലവറയായ മനസ്സിൻ്റെ വിശേഷണങ്ങളെപ്പറ്റി ഞാൻ ആലോചിച്ചു. ബസിലേയ്ക്ക് കയറിയവരുടെ ഷൂവാണ് ഞാൻ ആദ്യം ശ്രദ്ധിച്ചത്. ആളുകളുടെ ചെരിപ്പ് ശ്രദ്ധിക്കുന്നത് എനിക്കൊരു കൗതുകമായിരുന്നു. പോളിഷ് ചെയ്ത് തിളങ്ങുന്ന ഷൂവും, ചെരുപ്പും ധരിക്കുന്ന ചിലരുടെ വസ്ത്രങ്ങൾ വളരെ ലളിതമായിരിക്കും. ദേഹം മുഴുവൻ സ്വർണ്ണം മൂടി വരുന്ന ചില സ്ത്രീകൾ തേഞ്ഞ് പൊട്ടിയടരാറായ ചെരിപ്പുകൾ ധരിക്കുന്നത് കാണുമ്പോൾ അല്പം ഇഷ്ടക്കേട് തോന്നാറുണ്ട്. അതിനെയൊക്കെ ഖണ്ഡിച്ച് കൊണ്ട് ഡേൽ കാർണഗി അദ്ദേഹത്തിൻ്റെ പ്രസിദ്ധമായ ഹൗ ടു സ്റ്റോപ് വറിയിംഗുമായി മുന്നിൽ വരും. വെൻ യൂ ഹാവ് ഒൺലി ലെമൺ മേക്ക് ലെമണഡ് എന്നതും കാൽ നഷ്ടപ്പെട്ടവരെ കണ്ട നാൾ പാദരക്ഷകളില്ലാത്ത എൻ്റെ സങ്കടം തീർന്നു എന്നുമെല്ലാം ആലോചിക്കുമ്പോൾ എൻ്റെ പാദരക്ഷകളോടുള്ള കൗതുകം എത്രയോ ചെറിയ ചിന്തയാണ് എന്നെനിക്ക് തോന്നിപ്പോകും.
എൻ്റെയടുത്ത് ഇരിക്കുന്ന ശ്രീജ എന്തെല്ലാമോ പറയുന്നുണ്ട്. പക്ഷെ എൻ്റെ മനസ്സിൻ്റെ അരികിൽ എന്നോടൊപ്പം ഇരിക്കുന്നത് അലീഷ്യയാണ്. അലീഷ്യയോട് സംസാരിക്കാനുള്ള മാനസികാവസ്ഥയിലായിരുന്നില്ല ഞാൻ. വീട്ടിൽ രണ്ട് ദിവസം മുൻപ് മൂന്ന് കസേരകൾ ഉടഞ്ഞു, ഉടമസ്ഥാവകാശം പറഞ്ഞൊരു ഭർത്താവ് ശ്വാസം വിടാൻ അനുവദിക്കില്ല. അത്യാവശ്യത്തിന് ഒറ്റയ്ക്കൊരു യാത്ര പോലും അവകാശമില്ലാതെ മനുഷ്യചങ്ങലയിൽ പോയി നിൽക്കുന്നവർ. മനുഷ്യാവകാശങ്ങൾക്ക് ഒരു പ്രസക്തിയും ലഭിക്കാത്ത ഇടമാണ് വീടുകൾ എന്ന് പലപ്പോഴും തോന്നിപ്പോകാറുണ്ട്.
ഒറ്റപ്പാലത്തുള്ള അംബികചിറ്റയുടെ മകളുടെ കല്യാണത്തിന് പോവാനുള്ള അനുമതി കിട്ടാൻ ലോകസമ്മിറ്റിനെക്കാൾ വലിയ ചർച്ചയും വഴക്കും വീട്ടിൽ നടന്നിരിക്കുന്നു. വീട്ടിലെ ഇങ്ങനെയുള്ള അധികാര വടംവലികൾ മൂലം ഒരു ആഘോഷവും സന്തോഷകരമായി അനുഭവപ്പെടാറില്ല. ഉള്ളിൻ്റെയുള്ളിൽ ഉറഞ്ഞു പോയൊരാളെ ആരും കാണാതെ ഒളിച്ചു സൂക്ഷിക്കുന്ന ഇന്ദ്രജാലമാണ് ഇന്ന് മനസ്സിലുള്ളത്.
വീടെന്നാൽ ഇങ്ങനെയൊക്കെയാണെന്നാണ് പലരും പറയുന്നത്. പൗർണ്ണിമിക്കിടയിലെ അമാവാസി പോലെ പുകഞ്ഞു നീറുകയും, ഹൈടെൻഷൻ ഇലക്ട്രിസിറ്റി വയറുകൾ ശിരസ്സിന് മുകളിലൂടെ പോകുമ്പോഴുണ്ടാകുന്ന പോലെ ഇരമ്പുമുള്ള വീടുകളെ എങ്ങനെ സ്നേഹിക്കാനാകുമെന്ന് മനസ്സിലാക്കി വരുന്നേയുള്ളൂ.
അലീഷ്യയുടെ ഡയറി ഓഫ് അലീഷ്യ കേട്ടു കൊണ്ടിരുന്നപ്പോഴാണ് ആദ്യമായി രത്നമാല്യ എന്നോട് സംസാരിക്കാൻ വന്നത്. ഒന്നര വർഷങ്ങൾക്ക് മുൻപേയായിരുന്നു അത്.
I won’t tell your secrets, Your secrets are safe with me
I will keep your secrets, Just think of me as the pages in your diary..
കണ്ണടച്ചിരുന്ന് പാട്ട് കേൾക്കുമ്പോൾ അലീഷ്യയുടെ മുഖമായിരുന്നു മനസ്സിൽ. അപ്പോൾ വന്ന രത്നമാല്യയുടെ മുഖവും അങ്ങനെ തന്നെ മനസ്സ് വരച്ചു,
മനസ്സിൻ്റെ ഭാരം മുഖത്തേയ്ക്കിരച്ചു വരുമ്പോൾ കണ്ണിലെ മേഘങ്ങൾ പെയ്തു പോയേക്കും. ആരും കാണാതിരിക്കുവാൻ കണ്ണടച്ചതേയുള്ളൂ. അലീഷ്യയെത്തി. എന്താ പ്രശ്നമെന്നറിയണം. അലീഷ്യേ പ്രശ്നമൊന്നുമില്ലെന്ന് പറയുമ്പോൾ അലീഷ്യയല്ലെന്നെത്രവട്ടം പറഞ്ഞുവെന്നൊരു പരാതി. രത്നമാല്യ എന്ന പേര് വിളിക്കണമെന്ന്..! എന്നെ കാശീ എന്ന് വിളിച്ചതിനു ഞാനും പരാതി പറയേണ്ടതാണ്. എന്തെങ്കിലും പറഞ്ഞു പോയാൽ ഞാൻ കാശി എന്ന രത്നാകർ ആണെന്ന് അലീഷ്യ പറയും. ഞാൻ പാലക്കാട്ടുകാരി സിന്ധു മേനോനാണ് എന്ന് വീണ്ടും പറയാനുള്ള മൂഡിലായിരുന്നില്ല. വീട്ടിലെ വഴക്കിൻ്റെ ഒരു പുകക്കെട്ട് എൻ്റെ ശിരസ്സിലുണ്ടായിരുന്നു.
അലീഷ്യ വിടാനുള്ള ഭാവമില്ല. ഏഴാമത്തെ തവണയാണ് ഞാൻ അലീഷ്യയെന്ന് പേരിട്ടിരിക്കുന്ന രത്നമാല്യ അരികിലേയ്ക്ക് വരുന്നത്. ഞാനൊറ്റയ്ക്ക് പോകുന്ന പല ബസ് യാത്രകളിലും അലീഷ്യ വരാറുണ്ട്. രണ്ട് മാസം മുൻപൊരിക്കൽ വൈറ്റ് ഫീൽഡിലെയ്ക്ക് പോയൊരു വോൾവോ ബസിൽ അല്പനേരം കണ്ണടിച്ചിരുന്നപ്പോൾ വന്നരികിലിരുന്നു. അന്ന് സീറ്റിലൊരു ബാഗ് ഞാൻ മറന്നിട്ടു, അത് തിരികെയെടുക്കാൻ നഗരത്തിരക്കിൻ്റെ പാതകളിലൂടെ വന്ന വഴിയിൽ തിരികെ വീണ്ടുമൊരു യാത്ര ചെയ്യേണ്ടി വന്നു. മൂന്ന് മണിക്കൂർ സമയം പോയിക്കിട്ടി.
ഇപ്രാവശ്യം മനോരയിലേയ്ക്ക് വരണമെന്നാണ് പറയുന്നത്. ഒറ്റപ്പാലത്ത് നിന്ന് തിരികെ വരുമ്പോൾ വരാമെന്നൊരു പ്രോമിസ് കൊടുത്തിട്ടുണ്ട്. അതിനിടയിലാണ് കൂടെ കൂടിയത്. അലീഷ്യയും ബസും, അടുത്തിരുന്നവരും കുറെ നേരം കൂടി എന്നെ ചുറ്റിപ്പറ്റിയോടി, പിന്നീട് ഞാൻ ഗാഢനിദ്രയിലേയ്ക്ക് വീണുപോയി .
ഒറ്റപ്പാലത്ത് കല്യാണവും ആഘോഷവും കഴിഞ്ഞ് തിരികെ പോകുന്നതിന് ഒരു ദിവസം മുൻപേ വല്യമ്മാവൻ്റെ സാഹിത്യസ്നേഹിയായ മകൻ ചാവടിയിൽ സൂക്ഷിച്ചിരുന്ന പുസ്തകലോകത്തിലേയ്ക്കൊന്നിറങ്ങി. ചാവടിയിലിരുന്ന് എം ടി യുടെ ദാരിദ്രത്തിൻ്റെയും ജീവിതത്തിൻ്റെയും ഗന്ധമുള്ള കുറെ കഥകൾ വായിച്ചു. അയൽക്കാർ എന്നൊരു കഥ എൻ്റെ ഹൃദയത്തെ എന്നും വേദനിപ്പിച്ചിരുന്നു. ‘പത്ത് രൂപ തരുമോ എനിക്കാങ്ങളേല്ലല്ലോ’ എന്ന് ചോദിക്കുന്ന പാവം പാവം ഗ്രാമത്തിലെ അയൽക്കാരി എൻ്റെ മനസ്സിലിരുന്ന് ഇടയ്ക്കിടെ കണ്ണിർ വാർക്കാറുണ്ടായിരുന്നു. വായിച്ചു വായിച്ച് മേശമേൽ തല ചായ്ച്ചുറങ്ങുമ്പോൾ അലീഷ്യ വീണ്ടും വന്നു. എന്താണെന്ന് ചോദിക്കുന്നതിന് മുൻപേ ഇങ്ങോട്ടു പറഞ്ഞു. ശനിയാഴ്ച മനോരയിലെത്തിയിരിക്കണം. മനോരയിലെവിടെ എന്നൊന്നും ചോദിക്കുന്നതിന് മുൻപേ ഫോർട്ടിനരികിലെത്തി വിളിച്ചോളുക എന്നൊരനുബന്ധം. നമ്പർ എഴുതിയെടുക്കുന്നതിന് മുൻപേ ഒരാരവം ഉയർന്നു. കുട്ടികളുടെ പട ചാവടിക്ക് ചുറ്റും ഓടിക്കൂടി ബഹളം വച്ചു പോയി. ഒരു നീർക്കോലി പറമ്പിലൂടെ ഇഴഞ്ഞുപോയതിൻ്റെ ബഹളമായിരുന്നു അത്.
മനോരയിലേയ്ക്ക് പോകണമെന്നൊരാശ എനിയ്ക്കുണ്ടായി. ഒറ്റയ്ക്ക് പോവാനുള്ള ഭയം കൊണ്ട് അനിയൻ അരവിന്ദനെ കൂട്ടാമെന്ന് തീരുമാനിച്ചു. അത്യാവശ്യമെന്ന് പറഞ്ഞാൽ അവൻ വരും. അലീഷ്യയെന്ന് ഞാൻ വിളിക്കുന്ന രത്നമാല്യ എൻ്റെ കൂടെ കൂടിയിട്ട് ഒന്നര വർഷമായി. എന്നെ കാണാനായി വളരെയേറെ വർഷങ്ങൾ അന്വേഷണങ്ങൾ നടത്തിയത്രെ.
ചെന്നെ മുതൽ തൂത്തുക്കുടി വരെയുള്ള ഈസ്റ്റ് കോസ്റ്റ് റോഡിൽ നിന്ന് തഞ്ചാവൂർ പോകുന്ന വഴിയിലായിരുന്നു മനോര ഫോർട്ട്. അലീഷ്യ പറഞ്ഞ ഫോർട്ടും, പട്ടുക്കോട്ടയും മല്ലിപ്പട്ടണവുമൊക്കെ എനിക്ക് പുതിയ അറിവായിരുന്നു. ആദ്യമായാണ് ബംഗാൾ ഉൾക്കടൽ തീരത്തു കൂടി നീണ്ടു പോകുന്ന ഈസ്റ്റ് കോസ്റ്റ് റോഡിലൂടെ യാത്ര ചെയ്യുന്നത്. ഒരു വശത്ത് നീണ്ടു കിടക്കുന്ന കടൽ ഇടയ്ക്കിടെ കാണാം. ആ യാത്രയിൽ മുഴുവൻ മനസ്സിലും ഒരു കടലിരമ്പുന്നത് പോലെ എനിക്കനുഭവപ്പെട്ടു. ഉയർന്നു താഴുന്ന തിരകൾ. പറന്ന് നീങ്ങുന്ന കടൽപ്പക്ഷികൾ. കടലിൻ്റെ ഒരംശം എന്നിലുപ്പ് പോലെ പടർന്ന് കയറിയത് കോവളത്തു കടലിൽ നിന്നാണ്. ആ കടലോരത്ത് നിന്നാണ് ഞാൻ ആദ്യമായി ഒരു ശംഖ് വാങ്ങിയത്. അതിൽ എൻ്റെ അമ്മയുടെ പേരാണ് ഞാനെഴുതിയത്. അതിപ്പോഴും എൻ്റെ കൈയിലുണ്ട്. ഓരോ ഓർമ്മകൾക്കും ഒരോ കടലിൻ്റെ പേരാണെന്ന് അമ്മ പറയാറുണ്ടായിരുന്നു. അതെന്താണെന്ന് എനിക്ക് മനസ്സിലാകാറില്ല. തർപ്പണത്തിൻ്റെ, പാപനാശിനിയുടെ തീർഥങ്ങളാണ് കടലുകൾ എന്നമ്മ പറയാറുണ്ട്. അമ്മയുടെ കടലുകൾ വിശ്വാസിയുടെ കടലുകളാണ്. എൻ്റേത് ഒരതിശയമാണ്, വിസ്മയം.. അതിൽ ദൈവികമായ ഒന്നുമില്ല.. എന്നെ അമ്പരപ്പിക്കുന്ന സൃഷ്ടിയുടെ ജല വിസ്മയം. ഭൂമിയുടെ എന്നും നിറഞ്ഞു കിടക്കുന്ന മാഗ്നാനിമസ് എന്ന് പറയാനാവുന്ന ഒരു സ്ഫടികപാത്രം.
ബസ് സ്റ്റേഷനിൽ ഇറങ്ങാൻ പറഞ്ഞ സ്ഥലത്തായിരുന്നു ഞങ്ങൾ ഇറങ്ങിയത്. അവിടെ നിന്നും ടാക്സിയിൽ ലക്ഷ്മിനരസിംഹ ഹോളിലേയ്ക്ക് വരാൻ അലീഷ്യ പറഞ്ഞിരുന്നു. ഇതേതാ ചേച്ചി സ്ഥലം എന്ന് അരവിന്ദൻ ചോദിക്കുന്നുണ്ടായിരുന്നു. മനോരയാണിത്, എന്ത്.. ആദ്യായിട്ടാ ഇങ്ങനെയൊരു പേര് കേൾക്കുന്നത് എന്ന് സ്വയം പറഞ്ഞ് അരവിന്ദ് കൂടെ നടന്നു. ലക്ഷ്മിനരസിംഹ ഹോൾ എന്ന് പറഞ്ഞപ്പോൾ ടാക്സിക്കാരന് മനസ്സിലായില്ല. അടുത്ത് നിന്ന വയസ്സായ ഒരാൾ ‘അന്ത കോവിലിന് പിന്നാടി പോകയ്യ’ എന്ന് ഡ്രൈവറോടും അഞ്ചു കിലോമീറ്ററിലെത്തിച്ചേരുമെന്ന് ഞങ്ങളോടും പറഞ്ഞു..
ഇടയ്ക്ക് നിർത്തിയും വഴിപോക്കരോട് ചോദിച്ചും ഒരു പാടത്തിനിടയിലൂടെ തിരിഞ്ഞു പോയി വിശാലമായ തെങ്ങിൻ തോപ്പവസാനിക്കുന്ന വഴിയിൽ ഒരു ചെറിയ ടൗൺ പോലെ തോന്നിക്കുന്ന ഇടം. ‘മനോര ഇതായിരിക്കും അല്ലേ’..ഡ്രൈവറോട് അരവിന്ദൻ ചോദിച്ചു.
മനോര ഒരു ഫോർട്ടാണ്. ഒരു ബീച്ചും ഇതിനരികിലുണ്ട്. ചോളമണ്ഡലം കലാഗ്രാമം, ദക്ഷിണചിത്ര, മഹാബലിപുരം, ദേവദാരണ്യം ഇതൊക്കെയും ഈ വഴി പോകുമ്പോൾ കാണാം .
ഡ്രൈവർ അയാൾക്കറിയുന്ന കാര്യങ്ങൾ പറഞ്ഞു
മഹാബലിപുരമല്ലാതെ ഒരു പേരും ഞാൻ അത് വരെ കേട്ടിരുന്നില്ല. ..
കാർ ലക്ഷ്മി നരസിംഹ ഹോളിലെത്തിച്ചേർന്നപ്പോൾ ഒന്നരമണിയായിരുന്നു. അടഞ്ഞ ഹോളിന് മുന്നിലെ ചെറിയ പുൽമൈതാനത്ത് കുട്ടികൾ ഓടിക്കളിക്കുന്നുണ്ടായിരുന്നു. ഇവിടെയാരുമില്ലല്ലോ ചേച്ചി എന്ന് പറഞ്ഞ് അരവിന്ദ് അല്പം മുന്നോട്ട് നീങ്ങി. ഒരു വാച്ച്മാൻ ഇടതുവശത്തെ വരാന്തയിൽ കസേരയിലിരുന്ന് ഉറങ്ങുന്നുണ്ടായിരുന്നു. അയാളെ തട്ടിയുണർത്തി രത്നമാല്യ എവിടെയെന്ന് ചോദിച്ചു.
എല്ലാവരും മൂന്ന് മണിക്കേ എത്തിച്ചേരൂ. നാളെയാണ് തിരുമണം..
കല്യാണമോ..അതാരുടെയായിരിക്കും..! മനസ്സ് ചോദ്യങ്ങൾ ചോദിച്ചു. അരമണിക്കൂർ കഴിഞ്ഞപ്പോൾ ഒരു ടെമ്പോ അവിടെയെത്തി കുറെപ്പേർ പൂവുകൾ കൊണ്ട് തമിഴിൽ പേരെഴുതിയ രണ്ട് അലങ്കാരപ്പലകകൾ കവാടത്തിൽ കെട്ടി വയ്ക്കുന്ന തിരക്കിലേർപ്പെട്ടു, കോയമ്പത്തൂർ പഠിച്ചതിനാൽ അരവിന്ദന് തമിഴറിയാം . അതിലെ പേരുകൾ അവൻ വായിച്ചു.
വസന്തമല്ലിക വെഡ്സ് ത്യാഗരാജൻ..
ഭ്രാന്തിനെ വിശ്വസിച്ചു വന്ന മറ്റൊരു ഭ്രാന്തായി ഞാൻ മാറിയിരിക്കുന്നു. അലീഷ്യയെന്ന് ഞാൻ വിളിക്കുന്ന രത്നമാല്യയെ തേടി വന്ന എന്നെ വസന്തമല്ലിക വീണ്ടും ചിന്താകുഴപ്പത്തിലാക്കി. വഴി മുടക്കുന്ന ഒരു മതിൽ എന്നിൽ വളരുന്നത് പോലെ എനിക്കനുഭവപ്പെട്ടു.
“ചേച്ചീ.. എന്താദ് .. ഇനീപ്പോ എന്താ ചെയ്യുക.”
“മൂന്ന് വരെ കാത്തിരിക്ക്വ തന്നെ..”
രണ്ടേ മുക്കാലിന് ആദ്യ കാർ വന്നു. അതിൽ നിന്ന് പട്ടുസാരി ധരിച്ച കുറെ സ്ത്രീകൾ ഇറങ്ങി. അലീഷ്യയെ കണ്ടില്ല. പിന്നെ വന്നത് ഒരു ടെമ്പോ ട്രാവലർ അതിൽ നിന്ന് മുണ്ടും വേഷ്ടിയും ധരിച്ച കുറെപേരും കുറെ സ്ത്രീകളും ഇറങ്ങി.
പിന്നെ മൂന്നോ നാലോ കാറുകൾ.. രത്നമാലയെന്ന അലീഷ്യയെവിടെ..
ഒരോ കാറിലും അലീഷ്യയെ തിരഞ്ഞു. അവളില്ല. അകത്തേയ്ക്കു കയറി നോക്കാം. കുറെപ്പേർ ഇരിപ്പിടങ്ങളിൽ ഇരുന്ന് കുശലം പറയുന്നുണ്ട്. നാലര വരെ കാത്തിരുന്നിട്ടും രത്നയെ കണ്ടില്ല.
“തിരിയെ പോയേക്കാം ചേച്ചി… ഇപ്പോ ബസെടുത്താൽ ഇന്നു രാത്രി തന്നെ വീട്ടിലെത്താം..”
എനിക്കെന്നോട് തന്നെ ദേഷ്യം വന്നു. വിശപ്പും ദാഹവും എന്നെ വലച്ചു,
ചേച്ചി ഇവിടിരിക്ക് ഞാൻ പുറത്ത് പോയി ഒരു ചായ കിട്ടുമോന്ന് നോക്കി വരാം. പത്ത് മിനിട്ടനകം എത്താം. കസേരയിലിരുന്ന് യാത്രയുടെ ക്ഷീണം കണ്ണുകളിലേക്ക് വീശിയടിക്കുന്നു.. ‘ഉറങ്ങ്വാ.. അര മണിക്കൂർ കൂടി വെയ്റ്റു ചെയ്യൂ.. കാണാതെ പോകല്ലേ കാശീ..’
ഞാൻ കണ്ണ് തുറന്നു. ആകെ അസ്വസ്ഥത തോന്നി. അര മണിക്കൂർ കൂടി വെയ്റ്റു ചെയ്യാൻ എൻ്റെ മനസ്സ് എന്നോട് പറഞ്ഞു. അരവിന്ദിന് ഒന്നും മനസ്സിലായില്ലെങ്കിലും ആരോ ചേച്ചിയോട് കാത്തിരിക്കാൻ പറഞ്ഞെന്നവനറിഞ്ഞു.
മുക്കാൽ മണിക്കൂർ കഴിഞ്ഞ് അലങ്കരിച്ച വണ്ടിയിൽ ഒരുങ്ങിയിറങ്ങിയ ആളെ കണ്ടതും കടലൊന്നാകെ ഇളകിയിരമ്പി വരുന്ന പോലെ ഒരു ശബ്ദം അരികിലുണ്ടെന്ന് തോന്നി. വാതിലനരികിൽ നിന്ന എന്നെ കണ്ടതും വിലങ്ങുകൾ ഭേദിച്ചൊരു സമുദ്രം അരികിലേയ്ക്ക് വരുന്നത് പോലെ ഒരാൾ ഓടിയെത്തി. വന്നുവല്ലേ എന്ന് പറഞ്ഞ് കെട്ടിപ്പിടിച്ചു. എൻ്റെയുള്ളിലൊരു തിരയുയർന്നു. ഒരു ട്രെയിൻ പാഞ്ഞുപോയി.. വസന്തമല്ലിക അടുത്ത് നിന്ന അമ്മയോട് പറഞ്ഞു. കാശി വന്നു.. ഇതന്നെ.. അമ്മ ഒന്നും പറഞ്ഞില്ല. അവരുടെ മുഖത്ത് കണ്ടു ശീലിച്ച ഒരു നിസ്സംഗത പടർന്നിരുന്നു. വാങ്കോ.. അമ്മ എന്നെ ഹോളിലേയ്ക്ക് നയിച്ചു. വസന്തമല്ലികയുടെ വിവാഹാരംഭ പൂജകൾ നടക്കുമ്പോൾ നിർബന്ധിച്ച് അവളെന്നെ മണ്ഡപത്തിലിരുത്തി..
ധനുഷ്ക്കോടിയിലെ കടൽ, ട്രെയിൻ പാളങ്ങൾക്കിടയിലൂടെ ഞങ്ങൾക്കിടയിലൊഴുകി. പാമ്പൻ ധനുഷ്ക്കോടി പാസഞ്ചർ ട്രെയിനിൽ നിന്ന് ഭ്രാന്തവേഗത്തിലോടിയ കാറ്റും, ഉയർന്ന കടലും ചൂഴ്ന്നെടുത്തവരുടെ നിലവിളിയും നിസ്സംഗതയും ഞങ്ങളിൽ നിറഞ്ഞു. ചുഴലി കൊടുങ്കാറ്റിൽ തകർന്ന 1964 – ലിലെ ധനുഷ്ക്കോടിയിൽ ജലം ആവാഹിച്ചെടുത്ത രണ്ട് മെഡിക്കൽ വിദ്യാർഥികൾ അന്യോന്യം കണ്ടു നിന്നു. രാമേശ്വരത്തെ ഹോട്ടലുടമയുടെ മക്കൾ. അണ്ണനും തങ്കച്ചിയും. വസന്തമല്ലികയിൽ നിന്ന് ഞാൻ അലീഷ്യയെന്ന് പേരിട്ട് വിളിക്കുന്ന രത്നമാല്യ എൻ്റെ മുന്നിലേയ്ക്ക് വന്നു. സന്ധ്യാമേനോന്റെ ഹൃദയത്തിൽ രത്നാകർ കണ്ണീർ വാർത്തു. ഞങ്ങൾക്ക് മാത്രം എല്ലാം മനസ്സിലായി. ധനുഷ്ക്കോടിയിലെ പാളങ്ങളിൽ എൻ്റെ മനസ്സ് ഒഴുകി നടന്നു. ഓർമ്മയിലിരമ്പിയ കടലതായിരുന്നു. വിഭ്രമിക്കുന്ന രീതിയിൽ വീശിയടിച്ച കാറ്റും, പാളങ്ങളും ധനുഷ്ക്കോടിയിലേതായിരുന്നു.
ഞാൻ അലീഷ്യയെന്ന പേരിൽ മനസ്സിൽ കൊരുത്തിട്ട രത്നമാല്യയെന്ന വസന്തമല്ലിക എന്തിനിത്രയും നാൾ കാത്തിരുന്നു എന്ന് എനിയ്ക്ക് മനസ്സിലായി. രാമേശ്വരത്തെ ഹോട്ടലുടമയായ ഞങ്ങളുടെ പോയ ജന്മത്തിലെ അച്ഛൻ ആ ചുഴലിക്കൊടുങ്കാറ്റിന് ശേഷം ഹിമാലയത്തിലേയ്ക്ക് തപസ്സിന് പോയി എന്നറിഞ്ഞു.
തിരികെ പോരുമ്പോൾ വസന്തമല്ലിക എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു, ഇടയ്ക്കിടക്ക് വരണേ.. ഞാനൊന്നും പറഞ്ഞില്ല. എൻ്റെയുള്ളിൽ രത്നാകർ വല്ലപ്പോഴുമേ കടലുയർത്തിയുണർന്നു വന്നിരുന്നുള്ളു. രത്നയിലങ്ങനെയായിരുന്നില്ല എന്നെനിക്ക് മനസ്സിലായി. ഞാനവളെ നെഞ്ചോട് ചേർത്തു.. എൻ്റെ ഹൃദയത്തിൻ്റെ ഇരമ്പവും അവളുടെ ഹൃദയത്തിൻ്റെ ഇരമ്പവും ധനുഷ്ക്കോടിയിലെ കടലിൻ്റേതായിരുന്നു.
പിന്നീടൊരിക്കലും അലീഷ്യയെന്ന് ഞാൻ വിളിച്ചിരുന്ന രത്നമാല്യ എന്നോടൊപ്പം സഞ്ചരിച്ചിട്ടില്ല, ഞങ്ങളുടെ കടലുകൾ ഒന്ന് കൈ തട്ടി വിളിച്ചാൽ ഉണരും വിധം അടുത്തായിരിക്കുന്നു. രണ്ട് മൺതുരുത്തുകളിലിരുന്ന്…. ഞങ്ങളുടെ പുനർജനിയുടെ വർത്തമാനകാലത്തിലിരുന്ന് പഴയ കടലുകളെ ഞങ്ങൾ അടക്കി സൂക്ഷിച്ചു. അതീവ വിശുദ്ധമായ ഒരു ജലാശമായിരുന്നു ആ കടൽ.
ഞങ്ങൾക്ക് മാത്രം സഞ്ചരിക്കാനാവുന്ന കടൽ.