മഴയും മരണവും

മഴ നല്ല കനത്തിൽ പെയ്യുന്നുണ്ട്. ആനന്ദ് എപ്പോഴും കൂടെ കൊണ്ടു നടക്കുന്ന കാലൻ കുട എടുത്ത് നിവർത്തി.
ചെരുപ്പിടണോ എന്നാലോചിച്ചു.

കുത്തിയൊലിച്ചു ഒഴുകുന്ന മഴവെള്ളം വഴിയും തൊടിയും എല്ലാം കഴുകി വെടിപ്പാക്കിയിരിക്കുന്നു. ചെരുപ്പിട്ടാൽ മുണ്ടിൽ വെള്ളം തെറിപ്പിക്കാമെന്നേ ഉള്ളൂ. മഴ നിർത്താതെ പെയ്യുന്നത് കൊണ്ട് എല്ലായിടത്തും വെള്ളം ഒഴുകി കൊണ്ടിരിക്കുന്നു.

ആനന്ദിനപ്പോൾ ഒരു കുട്ടിയുടെ മനസായിരുന്നു.

അയാൾ ചെരുപ്പിടാതെ കുടയും ചൂടി മുറ്റത്തെ വെള്ളത്തിലേക്കിറങ്ങി. തോട്ടിൻകരയിൽ നിന്ന് ഇങ്ങോട്ടുള്ള അഞ്ച് വീടുകളും വെള്ളത്തിൽ മുങ്ങിയിരിക്കുന്നു. ഇനി അടുത്തത് ആനന്ദിൻ്റെ വീടാണ്. വെള്ളം വേലിക്കിപ്പുറം കയറി കഴിഞ്ഞു. തോടിൻ്റെ തൊട്ടടുത്തുള്ള വീട് സൺ ഷേഡിനൊപ്പം വെള്ളത്തിലായി. രണ്ടു ദിവസം മുൻപ് വരെ തങ്ങളുടെ വീട് വെള്ളത്തിൽ മുങ്ങില്ല എന്ന ആത്മവിശ്വാസത്തിലായിരുന്നു അവിടെയുള്ളവർ. വെള്ളം വീടിനകത്ത് കയറിയ ശേഷം എല്ലാവരും നിർബന്ധിച്ചിട്ടാണ് അവർ ബന്ധു വീട്ടിലേക്ക് താമസം മാറിയത്.

ആനന്ദിൻ്റെ ഭാര്യയും മക്കളും ഇതെല്ലാം കണ്ട് പേടിച്ച് വെള്ളം കയറും മുമ്പേ സ്വന്തം വീട്ടിലേക്ക് പോയി. ടോമിയും ആനന്ദും വീട്ടിൽ ഒറ്റക്കായി. ടോമിയെ വിട്ട് സ്വന്തം സുരക്ഷ നോക്കി പോകാൻ അയാൾക്കാവില്ലായിരുന്നു. അവനെ കൊണ്ട് പോകാമെന്ന് വെച്ചാൽ ഭാര്യ വീട്ടുകാർക്ക് നായ്ക്കളെ വലിയ ഇഷ്ടമല്ലതാനും.

ടോമിയെ മുകളിലെ നിലയിലാക്കി വീട് പൂട്ടി പോകാൻ അവർ അയാളെ നിർബദ്ധിച്ചു. തകഴിയുടെ ചേന്നൻ്റെ പട്ടിയെ അപ്പോൾ അയാൾക്ക് ഓർമ്മ വന്നു. എല്ലാവരും പോയി തനിച്ചായ രാത്രിയിൽ അയാൾക്ക് ഉറക്കം തീരെ ഉണ്ടായില്ല. വെള്ളം തൊട്ടടുത്ത് വരെ എത്തിയതിനാലാകും അസഹ്യമായ വിധം തവളകളുടെ കരച്ചിൽ. മഴയുടെ ശബ്ദം അന്നാദ്യമായി അയാൾക്ക് അരോചകമായി തോന്നി.

ടോമിയെ കൂട്ടിൽ നിന്നിറക്കി മുകളിലെ റൂമിൽ ഇട്ടിരിക്കുകയാണ്. മഴ അവൻ്റെ കൂട്ടിലേക്ക് അടിച്ചു കയറി അവിടം നനച്ചു കുതിർത്തിരിക്കുന്നു. റൂമിലാക്കി അടച്ചതുകൊണ്ടോ അതോ ഒരു ദുരന്തം മുൻകൂട്ടി കണ്ടിട്ടോ അവൻ മുകളിൽ കിടന്ന് ബഹളം ഉണ്ടാക്കുന്നുണ്ട്.
ടോമീ… മിണ്ടാതിരിക്ക്… മുകളിലെ ജനാലയിൽ കൂടി പുറത്തേക്ക് നോക്കി കുരക്കുന്ന നായയെ നോക്കി ആനന്ദ് ഉറക്കെ പറഞ്ഞു.

അപ്പുറത്തുള്ള വീടുകളിലെല്ലാം ആൾക്കാരുണ്ട്. എപ്പോഴാണ് പോകേണ്ടി വരിക എന്ന ആധിയിലാണ് എല്ലാവരും. പരമാവധി സാധനങ്ങളെല്ലാം മുകളിലേക്ക് കയറ്റി വച്ച് ഒരുങ്ങി ഇരിക്കുകയാണ്. നാൽക്കാലികളെ എല്ലാവരും മാറ്റി പാർപ്പിക്കുന്നുണ്ട്. കോഴികളെ അഴിച്ചു വിട്ടിരിക്കുന്നു. വെള്ളം കയറുന്നതിനുസരിച്ച് അവറ്റകൾ മാറി പൊയ്ക്കോളുമായിരിക്കും. മരത്തിന് മുകളിൽ കയറി ഇരിക്കുന്നവ വെള്ളം കയറിയാൽ ചത്തു പോവുകയേ ഉള്ളൂ.

മഴ തകർത്ത് പെയ്ത് വെള്ളം കയറിയത് പെട്ടെന്നാണ്. എല്ലാ വർഷവും പാടത്ത് വെള്ളം കയറി റോഡ് മുങ്ങുന്നത് പതിവാണ്. ഇക്കൊല്ലം പാടവും റോഡും കടന്ന് വീടുകളിലേക്കും കയറിയിരിക്കുന്നു.

നാൽപത് വർഷം മുമ്പ് ഇതുപോലെ വെള്ളം കയറിയ കഥ അമ്മ പറഞ്ഞ് ആനന്ദ് കേട്ടിട്ടുണ്ട്. അന്ന് അതിരിൽ നിൽക്കുന്ന വരിക്ക പ്ലാവ് വരെ വെള്ളം വന്നിരുന്നുവത്രേ! ഇപ്പോൾ വെള്ളം വരിക്കപ്ലാവും കടന്ന് മുന്നോട്ട് കയറി കൊണ്ടിരിക്കുകയാണ്.

ആനന്ദ് ഇന്ന് റോഡിലേക്ക് എത്രത്തോളം വെള്ളം കയറിയിട്ടുണ്ട് എന്ന് നോക്കി. എന്നിട്ട് അവിടെ നിന്നിരുന്ന ശ്രീനിയോട് ചോദിച്ചു…

“ഇന്നലെ അടയാളം വെച്ച കല്ല് വെള്ളത്തിനടിയിലായി അല്ലേ?”

“കല്ലൊക്കെ കഴിഞ്ഞ് വെള്ളം മുന്നോട്ട് പോന്നു….”

അയാൾ വേറൊരു വലിയ കല്ലെടുത്ത് കുറച്ച് കൂടി മുകളിൽ വീണ്ടും അടയാളം വെച്ചു.

ഈ കല്ല് മുങ്ങിയാൽ ആനന്ദേട്ടൻ്റെ വീടിൻ്റെ ആദ്യപടിയിൽ വെള്ളം കയറും…..

ഇവിടുന്ന് പോയാലും ഒരു സമാധാനോം കിട്ടുന്നില്ല…. ആനന്ദേട്ടാ…. നേരം വെളുത്തപ്പോ എണീറ്റിങ്ങ് പോന്നു… ശ്രീനി ഇതും പറഞ്ഞ് അരയോളം വെള്ളത്തിലൂടെ അയാളുടെ വീട്ടിലേക്ക് നടന്നു.

ശ്രീനിയുടെ വീടിൻ്റെ അകത്തേക്ക് വെള്ളം കയറി കഴിഞ്ഞു. അവരെല്ലാം ഇന്നലെ തന്നെ വീടൊഴിഞ്ഞിരുന്നു.

താഴെ തട്ടിലുള്ള വാഴകളും ജാതിയും എല്ലാം മുങ്ങിയിരിക്കുന്നു. പാടം ഒരു കടൽ പോലെയുണ്ട്. നിറം നീലയല്ലെന്നേ ഉള്ളൂ. പറമ്പിൽ ഒഴുകി നടക്കുന്ന കുപ്പികളും നാളികേരവും കളിപ്പാട്ടങ്ങളും നോക്കി ആനന്ദ് നിന്നു..

ഇടക്ക് കാലിൽക്കൂടി എന്തോ അരിച്ചു കയറുന്ന പോലെ തോന്നി ആനന്ദ് കാല് കുടഞ്ഞ് താഴോട്ട് നോക്കി.

ഒരു ചെറിയ അട്ടയാണ് .തോട്ടിൽ നിറയെ അട്ടയായിരുന്നു. വെള്ളം കയറിയ കൂട്ടത്തിൽ അവറ്റകളും മുകളിലേക്ക് കയറി കാണും…

ആനന്ദ് കാലിൽ നിന്ന് അട്ടയെ താഴേക്ക് തട്ടിയിട്ടു.

കഴിത്തവർഷങ്ങളിൽ വെള്ളം കയറി പാടവും തോടും ഒന്നായി പറമ്പിലേക്ക് വെള്ളം കയറുമ്പോൾ ചങ്ങാടം കെട്ടിത്തുഴയാൻ എല്ലാവർക്കും വലിയ ഉൽസാഹമായിരുന്നു. വെള്ളം കയറുന്ന രണ്ട് ദിവസം ആഘോഷമായിരിക്കും.

ഇപ്രാവശ്യം വെള്ളം ഒറ്റ ദിവസം കൊണ്ടാണ് ആദ്യത്തെ വീടു വരെ എത്തിയത്. എല്ലാവർക്കും ഒരു പന്തിയില്ലായ്മ മണത്തു… അതു കൊണ്ട് ആഘോഷത്തിന് പകരം നിശബ്ദതയായി. സാധാരണ വെള്ളം കയറുന്നതും നോക്കി എല്ലാവരും നിരന്ന് നിൽക്കാറുള്ളതാണ്. ഇന്ന് ഈ പെരുമഴയത്ത് ഒരു മരണം. ആനന്ദിൻ്റെ നാല് വീടപ്പുറം.

വീട്ടിലേക്ക് പോയ ശ്രീനി ഒരു പെട്ടിയും തലയിൽ വച്ച് തിരിച്ച് വരുന്നുണ്ടായിരുന്നു. ആനന്ദിന് അത് കണ്ടപ്പോൾ പത്രത്തിൽ കാണാറുള്ള അഭയാർത്ഥികളുടെ ഫോട്ടോയാണ് ഓർമ്മ വന്നത്.

ആനന്ദ് മരിച്ച വീട്ടിലേക്ക് നടന്നു.

നാട്ടിൽ ആര് മരിച്ചാലും പഷ്ണി കഞ്ഞി തയ്യാറാക്കുന്ന ആളാണ് ശിവരാമേട്ടൻ.

ശിവരാമേട്ടൻ പണി തുടങ്ങി കഴിഞ്ഞു. മരിച്ച വീടിൻ്റെ തൊട്ടപ്പുറത്തെ വീട്ടിൽ….. സഹകരിക്കാൻ കുറച്ചു പേരും ഉണ്ട്. കുട മടക്കി വീടിൻ്റെ ഗ്രില്ലിൽ കൊളുത്തിയിട്ട് ആനന്ദ് അവരുടെ സംസാരം കേട്ട് സാമ്പാറിൻ്റെ കഷണം നുറുക്കാൻ സഹായിച്ചു.

അരി കഴുകി അടുപ്പത്തിടുന്നതിനിടെ ശിവരാമേട്ടൻ പറഞ്ഞു…

“ഇയാള് ജീവിച്ചിരിന്നപ്പളും ഇങ്ങനന്ന്യാന്നേ….. എല്ലാരേം ബുദ്ധിമുട്ടിച്ച് … ഇപ്പോം മരണോം തഥൈവ ! അല്ലെങ്കിൽ പിന്നെ അഞ്ചാറ് കൊല്ലായില്യേ ഈ കെടപ്പ് കെടക്കണ്. ഇപ്പോ ഈ പെരുമഴേത്താ…. തെക്കോട്ടെടുക്കാറായേ….”

കൂട്ടത്തിൽ പ്രായം ചെന്ന വാസുവേട്ടൻ ശിവരാമേട്ടനെ ശരിവച്ച് തല കുലുക്കി കൊണ്ട് ചോദിച്ചു

“അല്ല ശിവരാമാ….. ഇനി കാര്യങ്ങളൊക്കെ എങ്ങനാ….. എല്ലാടത്തും വെള്ളം കേറി കിടക്കല്ലേ….. “

“ദഹിപ്പിക്കാൻ കൊണ്ടോവലൊന്നും നടക്കില്ല്യാലോ…. ഇവിടെ തന്നെ ദഹിപ്പിക്യാന്നാ…. പറയണ കേട്ടേ….. എല്ലാരടേം വീട്ടിലുള്ള ഉണങ്ങിയ ചകിരിം ചിരട്ടേം സംഘടിപ്പിച്ച് സ്ഫുടം ചെയ്യാന്നാ… “

“ഈ മഴയത്ത് എങ്ങനാ…. ഇപ്പോ? തുള്ളിക്കൊരു കുടം പോലല്ലേ പെയ്ത്ത്… ?”വാസുവേട്ടൻ പുറത്തേക്ക് നോക്കി പറഞ്ഞു.

“അയാൾക്കത് പാകാന്നേ…. കൊറേ പേരടെ നീറ്റല് ശാപായി തലക്ക് മുകളിൽ കെടക്കല്ലേ…. ഏടേലും കൊണ്ടോയി നല്ല പോലെ ദഹിപ്പിക്കണ്ടതല്ലേ….”

“തെക്കോറെ നിക്കണ മാവിൻ്റെ ചോട്ടില് ടാർപ്പായ പൊക്കി കെട്ടിട്ടുണ്ട്…. അതിൻ്റടീലാന്നാ കേട്ടേ…. “

മരിച്ച് കിടക്കുന്ന ആളെത്ര വലിയ പാപിയും ആയ്ക്കോട്ടെ… അയാളെ പഴി പറയുന്നത് കേട്ടിരിക്കാൻ കഴിയാഞ്ഞ് ആനന്ദ് കുടയെടുത്ത് അപ്പുറത്തെ മരണവീട്ടിലേക്ക് നടന്നു.

മരിച്ച് കിടക്കുന്നത് ഭാസ്ക്കരനാണ്. ഒരു കാലത്ത് നാട്ടിലെ പ്രമാണിയായിരുന്നു. നാട്ടിലുള്ളവരിൽ ഭൂസ്വത്തും കൃഷിയും കൂടുതലുള്ള ആൾ എന്ന നിലക്കാണ് അയാൾക്ക് പ്രമാണി പദം കിട്ടിയത്. അയാളുടെ ഭാര്യ കല്യാണിക്കുട്ടി ഉൾപ്പെടെയുള്ളവരുടെ അഭിപ്രായത്തിൽ അയാൾ അറുത്ത കൈക്ക് ഉപ്പു തേക്കാത്തവനും പരമ ദുഷ്ടനും ആണ്. അയാൾ കിടപ്പിലായതിന് ശേഷമാണ് അയാളുടെ ഭാര്യക്ക് ശ്വാസം പോലും നേരെ വിടാൻ പറ്റിയതത്രെ…..

മല പോലെ കൊഴുത്തുരുണ്ട അയാളുടെ ശരീരം ആറേഴ് കൊല്ലത്തെ കിടപ്പു കൊണ്ട് ശോഷിച്ച് എല്ലു പോലെയാണ് ഇരിക്കുന്നത്. വാഴയിലയിൽ വെള്ളപുതപ്പിച്ച് കിടത്തിയ അയാളെ ആനന്ദ് സഹതാപത്തോടെ നോക്കി.

കത്തിച്ചു വച്ച എണ്ണതിരികൾ തലയ്ക്കൽ കത്തികൊണ്ടിരിക്കുന്നു. അന്തരീക്ഷത്തിൽ വീർപ്പ് മുട്ടിക്കുന്ന സ്ഥിരം മരണ ഗന്ധം. ഭാര്യ അടുത്ത് തന്നെ ഇരിപ്പുണ്ടായിരുന്നു. ആ മുഖത്ത് സങ്കടം ഉണ്ടെന്ന് സങ്കൽപ്പിച്ചെടുക്കാൻ ആനന്ദ് വൃഥാ ശ്രമിച്ചു പരാജയപ്പെട്ടു.

ഒരു അയൽക്കാരൻ ആനന്ദിനെ തോണ്ടി വിളിച്ചു…..

തിരിഞ്ഞ് നോക്കിയ ആനന്ദിനെ പിടിച്ച് ഒരരികിലേക്ക് മാറ്റി നിർത്തി അയാൾ പറഞ്ഞു….

“ഒരു കാര്യം അറിഞ്ഞോ…. ഭാസ്ക്കരൻ്റെ താഴെയുള്ള മോളില്ല്യേ….. ആ കുട്ടിയെ രണ്ടാമത്തെ പ്രസവത്തിന് കൊണ്ടു വന്നിരിക്കല്ലാർന്നേ…. ആ കുട്ടിക്ക് വേദന തൊടങ്ങീന്ന്…. അതോണ്ട് ചടങ്ങോള് പെട്ടെന്നാവും…”

ഭാസ്ക്കരൻ്റെ ഭാര്യ പെട്ടെന്നെണിറ്റ് അകത്തേക്ക് പോകുന്നത് ആനന്ദ് കണ്ടു.

മുറ്റത്ത് വലിച്ച് കെട്ടിയ ടാർപായക്കു പുറത്ത് മഴ അപ്പോഴും ഒട്ടും കുറവില്ലാതെ പെയ്തു കൊണ്ടിരുന്നു.

ആനന്ദിൻ്റെ ഈ ഗ്രാമം ഒരു ചെറിയ തുരുത്താണ്….. മൂന്ന് ഭാഗവും പാടവും ഒരു ഭാഗത്ത് റെയിൽപാതയും…. പുറത്തേക്ക് കടക്കാനുള്ള ഒരേ ഒരു റോഡ് വെള്ളം മൂടി കിടക്കുകയാണ്. ഗ്രാമത്തിനകത്തേക്കും പുറത്തേക്കും വാഹന സൗകര്യം തൽക്കാലത്തേക്ക് ലഭ്യമല്ല. തോട്ടിൻ കരയിലുള്ള ട്രാൻസ്ഫോർമർ വെള്ളത്തിൽ മുങ്ങിയതിനാൽ വൈദ്യുതി വിഛേദിച്ചിരിക്കുകയാണ്. അതു കൊണ്ട് കറന്റും ഇല്ല. ആനന്ദ് പുറത്തേക്ക് വരുന്ന കമലച്ചോത്തിയെ കണ്ട് കേട്ട കാര്യം ശരിയാണോ എന്നന്വേഷിച്ചു….

“കുട്ടിക്ക് ചെറിയ അസ്കിതയുണ്ട്. ചടങ്ങ് വേഗം തീർത്ത് ആശുപത്രില് കൊണ്ട് പോണം.”

ആനന്ദ് കസേരയിലിരുന്ന് സംസാരിക്കുന്ന ആളുകളുടെ ഇടയിൽ ചെന്ന് അവർ പറയുന്നതും കേട്ട് ഒഴിഞ്ഞ് കിടന്ന ഒരു കസേരയിൽ ഇരുന്നു.

ആനന്ദിനെ ഒന്നു നോക്കിയ ശേഷം ഒച്ച താഴ്ത്തി അവർ സംസാരം തുടർന്നു.

” ….എന്തൊരു മഴയാ ഇത്…”

“ഇനീം ഒരാഴ്ച കൂടി പെയ്യുംന്നാ കേട്ടത്.”

“എന്നാ പിന്നെ നമ്മളെല്ലാം വെള്ളത്തിനടിലാവും ….സംശയല്യ….”

“പാതേടെ മോളില് കരണ്ട് ഉണ്ടന്നേ… എൻ്റെ മൊബൈല് അവടൊരു വീട്ടിൽ കുത്തി വെച്ചേക്കാണ്…..”

“ടി.വി ഉണ്ടായിരുന്നേ വാർത്തകളെങ്കിലും കാണായിരുന്നു….”

“പ്രത്യേകിച്ച് ഒന്നും കാണാനില്ല…. സർവ്വത്ര വെള്ളം… ആൾക്കാരൊക്കെ വീടും കുടീം ഉപേക്ഷിച്ച് ക്യാമ്പുകളിലാണ്. ഇക്കണക്കിനു പോയാ നമ്മളും ചെലപ്പോ പോണ്ടി വരും…..”

“പുറത്തെവിടേയോ വിഷവായു ശ്വസിച്ച് ആൾക്കാര് മരിച്ചൂന്ന് കേട്ടല്ലോ….

“കേട്ടു…. വെള്ളോം വായും വരെ വിശ്വസിക്കാൻ പറ്റാണ്ടായിരിക്കണു. മിനറൽ വാട്ടറ് പോലെ മിനറൽ വായു വാങ്ങി ശ്വസിക്കണ്ട കാലാ ഇനി വരാൻ പോണെ….. ഇപ്പൊ ഈ മഴന്നെ കണ്ടില്ലേ…. പതിവൊള്ളതാണോ…!!?”

ഇത് കേട്ട ആനന്ദ് വിഷമത്തോടെ ഉള്ളിൽ ചിരിച്ചു. തമാശക്ക് പറഞ്ഞതാണെങ്കിലും…പാക്കറ്റിലാക്കിയ വായു വാങ്ങേണ്ട ഒരു കാലം വരുമോ?

അകത്ത് നിന്ന് ഭാസ്ക്കരൻ്റെ മോളുടെ കരച്ചിൽ കേട്ട് എല്ലാവരും എഴുന്നേറ്റു.

കുട്ടിയെ ഉടനെ ആശുപത്രിയിൽ കൊണ്ട് പോകണം. പാതയുടെ മുകളിലുള്ള റോഡ് വരെ എത്തിച്ചാൽ അവിടുന്ന് അടുത്തുള്ള മിഷൻ ഹോസ്പിറ്റലിൽ കൊണ്ട് പോകാം.

ആരോ ഒരാൾ കാറ് വിളിക്കാനായി ഓടി.

ഭാസ്ക്കരൻ്റെ ശരീരം സ്ഫുടം ചെയ്യാനായി തെക്ക് ഭാഗത്തെ മാവിൻ ചുവട്ടിലേക്ക് എടുത്തിൻ്റെ പിന്നാലെ ഒരു കസേരയിലിരുത്തി ഭാസ്കരൻ്റെ മകളെ കുറേ ചെറുപ്പക്കാർ റെയിൽപാതക്കപ്പുറം കിടക്കുന്ന കാറിനടുത്തേക്ക് കൊണ്ടുപോയി.

ഭാര്യ കല്യാണി കുറച്ച് നേരം ആലോചിച്ച് നിന്നതിന് ശേഷം മകൾക്ക് പിന്നാലെ ഓടുന്നത് ആനന്ദ് നോക്കി നിന്നു.

അപ്പോൾ മാവിൻ ചുവട്ടിൽ ഭാസ്കരൻ്റെ ശരീരം വെന്ത് നീറാൻ തുടങ്ങിയിരുന്നു..

തൃശൂർ ജില്ലയിലെ കാട്ടുകുഴി സ്വദേശിയാണ്. സ്വന്തമായി ബ്യുട്ടിക്ക് നടത്തുന്നു. നവമാധ്യമങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്