നക്ഷത്രങ്ങളുടെ നിറം കറുപ്പല്ല

സാറലീനയുടെ കഥ എനിക്കു തുടങ്ങേണ്ടിയിരുന്നത് സ്റ്റീവ് അവളെ രക്ഷിച്ചു കൊണ്ടു പോകുന്നയിടത്തു നിന്നായിരുന്നു . സാറലീനയുടെ തന്നെ ഭാഷയിൽ പറഞ്ഞാൽ മാർക്കോവുമായി തീവ്രാനുരാഗത്തിലായിരിക്കുമ്പോഴും സ്റ്റീവിനെ പിരിയുക എന്നത് അവൾക്ക് ചിന്തിക്കാൻ പോലും കഴിയാത്തതാണ്.

മാർക്കോവിനെ തനിക്ക് ജീവനാണെന്ന് പറഞ്ഞൊരു വേളയിൽ സാറലീനയോടു ഞാൻ ചോദിച്ചു ,

” ലീന , ഈസ് മാർക്കോവ് യോർ ബോയ് ഫ്രണ്ട് ?”

”നൊവ്..”

അതു പറയുമ്പോൾ ലീനയുടെ ശബ്ദത്തിൻ്റെ ഘനം , മുഖത്തെ ഭാവം.. അതൊക്കെ എന്നെയൊന്ന് ഭയപ്പെടുത്താതിരുന്നില്ല. അങ്ങനെയൊരു ചോദ്യം എൻ്റെ ഭാഗത്തു നിന്നുണ്ടാകാൻ പാടില്ലായിരുന്നുവെന്നു തോന്നുകയും ചെയ്തു.

ജനിച്ചപ്പോഴേ സാറലീനയ്ക്ക് അവളുടെ അമ്മയെ നഷ്ടപ്പെട്ടതാണ്. കോടീശ്വരനായ റീഗൻ ടാബ്ലോയുടെ മകൾക്ക് പിന്നെ അമ്മയായത് എഴുപത്താറുകാരിയായ മുത്തശ്ശി മിറാ ടാബ്ലോ. നാലു കൊല്ലങ്ങൾക്കു ശേഷം മിറാ ടാബ്ലോ മരിക്കുമ്പോൾ ലീനയുടെ സംരക്ഷണം കുശിനിക്കാരിയായ മാർത്ത സ്വയം ഏറ്റെടുക്കുകയായിരുന്നു. എനിക്ക് അന്നം തന്ന ടാബ്ലോ ഫാമിലിയോട് ഇങ്ങനെയല്ലാതെ എങ്ങനെയാണ് ഞാൻ കൂറുപുലർത്തേണ്ടത് എന്ന് മാർത്ത പലരോടും ചോദിച്ചിട്ടുണ്ട്. തൻ്റെ മക്കളായ മാർക്കോവിനെക്കാളും മിരാൻഡയെക്കാളും സ്നേഹിക്കേണ്ടത് അമ്മയില്ലാത്ത ഈ കുഞ്ഞിനെയാണ് എന്നു വാദിക്കുകയും ചെയ്തിട്ടുണ്ട്.

വീട്ടിൽ മറ്റാരും കൂട്ടിനില്ലാത്തതു കൊണ്ട് അവധിയുള്ളപ്പോൾ മക്കളും മാർത്തയോടൊപ്പം ടാബ്ലോ ഫാമിലിയിലെത്തും. അങ്ങനെ മാർത്തയുടെ മക്കളോടൊപ്പം കളിച്ചു വളരുന്നതിനിടയിലാണ് സാറലീന മാർക്കോവിനോടുള്ള തൻ്റെ ഇഷ്ടം തിരിച്ചറിയുന്നത് .അന്നവൾക്ക് പതിനാലു വയസ്സേയുണ്ടായിരുന്നുള്ളൂ മാർക്കോവിന് പതിനെട്ടും .

സാറലീനയുടെ കണ്ണുകൾ ഹൃദയത്തിലാഴ്ന്ന് ചോര വമിപ്പിക്കുമ്പോഴും അതിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് മാർക്കോവ് ശ്രമിച്ചത്.

“അവർ നമ്മുടെ യജമാനന്മാരാണ് . അന്നം തരുന്നവരോട് നന്ദികേട് കാട്ടരുത് ”

എന്ന് മാർത്ത എപ്പോഴും പറയുന്നത് കേട്ടു വളർന്നവന് ഒഴിഞ്ഞു മാറുകയല്ലാതെ മറ്റെന്താണ് പോംവഴി. ഒടുവിൽ സാറലീനയുടെ വിവാഹത്തിന് ഒരാഴ്ച മുമ്പാണ് അവനെ നാട്ടിൽ നിന്നും കാണാതായത്. സാറലീനയ്ക്കും മാർത്തയ്ക്കുമായി രണ്ടു കത്തുകളെഴുതി പോസ്റ്റു ചെയ്തിട്ടാണവൻ പോയതും.സാറലീനയുടെ കഴുത്തിൽ മറ്റൊരാൾ മിന്നു ചാർത്തുന്നത് കാണാനാവാത്ത മകൻ്റെ ഹൃദയവേദന വായിച്ചറിഞ്ഞ് നെഞ്ചു പൊട്ടി മാർത്ത ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടു.മൂന്നു ദിവസത്തെ ആശുപത്രിവാസത്തിനു ശേഷം മാർത്തയെ വീട്ടിലെത്തിക്കുമ്പോൾ അനാഥയായത് മകൾ മിരാൻഡയാണ് .

ആ മാർക്കോവിനെക്കുറിച്ചാണ് ഇപ്പോൾ സാറലീനയുടെ ഹൃദയവ്യഥ !

” എനിക്കു വേണ്ടിയാ അവൻ നാടുവിട്ടത്. മാർത്തമ്മ മരിച്ചതും ഞാൻ കാരണമാ ”

ഏങ്ങലടിച്ചു കൊണ്ട് സാറലീന അതു പറയുമ്പോൾ വാതിലിനടുത്തു കൂടെ ഒന്നും ശ്രദ്ധിക്കാത്ത മട്ടിൽ കടന്നു പോയ സ്റ്റീവിനെ ഞാൻ കണ്ടു. എങ്ങനെ ഈ മനുഷ്യനിത്രയും സൗമ്യനാകാൻ കഴിയുന്നു എന്നത് എനിക്ക് വല്ലാത്തൊരു ആശ്ചര്യമായിരുന്നു.

അന്ന് ജെഫിയുടെ ആവശ്യപ്രകാരമാണ് ബ്രൈമോൺ ഹില്ലിലെ ലീനയുടെ വസതിയിലേക്ക് ഞങ്ങൾ പോയത്. കുട്ടികളെ മമ്മയുടെ അടുത്താക്കി പോകുമ്പോൾ കാറോടിക്കുകയായിരുന്ന എന്നോട് ജെഫി ചോദിച്ചു ,

“ലീന ഡിഡ്ൻറ് ഇൻവൈറ്റ് യു…?”

ജെഫിയുടെ സുഹൃത്തായ സ്റ്റീവിൻ്റെ ഭാര്യയെന്ന നിലയ്ക്കാണ് ലീനയെ പരിചയപ്പെട്ടതും കൂട്ടുകാരായതും. എങ്കിലും ലീനയ്ക്കെന്നോടുള്ളത്ര അടുപ്പം അവളുടെ ഭർത്താവായ സ്റ്റീവിന് തന്നോടില്ലെന്നാണ് ജെഫി എപ്പോഴും പറയാറുള്ളത്. സ്റ്റീവിൻ്റെ മുഖം എപ്പോഴും ശാന്തമാണ്. ആരോടും ഔചിത്യത്തോടെ സംസാരിക്കാനും ഇടപെടാനും അയാൾക്കറിയാം. കുട്ടികളായ ജോയുടെയും ജാക്കിൻ്റെയും അഭിപ്രായത്തിൽ, ആ വീട്ടിൽ ലീനാൻറിയെക്കാൾ ഹോസ്പിറ്റാലിറ്റിയുള്ളത് സ്റ്റീവങ്ക്ളിനാണ് .സ്റ്റീവങ്ക് ളിൻ്റെ തമാശകളും സ്പെഷൽ വിഭവങ്ങളും ആണ് അവരുടെ ഫെയ് വെറിറ്റ് .

ബ്രൈമോൺ ഹില്ലിലെത്തുമ്പോൾ സ്റ്റീവ് സിറ്റൗട്ടിൽ തന്നെയുണ്ടായിരുന്നു. പതിവു തമാശകളുമായി സ്റ്റീവും ജെഫിയും സിറ്റൗട്ടിലിരുന്നപ്പോൾ ഞാൻ മെല്ലെ ലീനയുടെ അടുത്തെത്തി. മുഖത്ത് പുഞ്ചിരിയുണ്ടെങ്കിലും അവളുടെ മനസ്സ് സ്വസ്ഥമല്ലെന്ന് മനസ്സിലാക്കാൻ എനിക്ക് ബുദ്ധിമുട്ടുണ്ടായില്ല. കാരണം പുഞ്ചിരി കൊണ്ട് ചുണ്ടുകളെ കൂടുതൽ ഭംഗിയുള്ളതാക്കാൻ ശ്രമിക്കുമ്പോഴും അവളുടെ കണ്ണുകളിൽ ഓരോ തടാകങ്ങൾ ഊറിക്കൂടുന്നുണ്ടായിരുന്നു. അതിൻ്റെ ആഴവും കുറവല്ലെന്നു തോന്നി.

സാറലീനയെ കാണുമ്പോഴൊക്കെ മണ്ണിനു പകരം സ്നേഹം കൊണ്ടാണോ ഈശ്വരനിവളെ നിർമിച്ചതെന്നു തോന്നിപ്പോകും.മറ്റുള്ളവരുടെ നാട്യങ്ങൾക്കൊപ്പം പിടിച്ചു നിൽക്കാൻ പറ്റാത്ത സ്വന്തം കഴിവുകേടിനെയോർത്ത് എപ്പോഴും കണ്ണുനീറ്റുന്നവൾ …

സ്റ്റീവിൻ്റെ സ്നേഹമില്ലായിരുന്നെങ്കിൽ ഞാനെന്നേ പട്ടു പോകുമായിരുന്നെന്ന് അവൾ പലവട്ടം പറഞ്ഞിട്ടുണ്ട് . അവൾ സ്വയം ഇഷ്ടപ്പെടാൻ തുടങ്ങിയതു പോലും സ്റ്റീവ് അവളുടെ ജീവിതത്തിലേക്ക് വന്നതിൽപ്പിന്നെയാണത്രെ . സ്റ്റീവിനെപ്പോലൊരാൾക്കേ തന്നെ ഉൾക്കൊള്ളാനാവൂ എന്നവൾക്ക് നല്ല ബോധ്യമുണ്ട്.

സാറലീനയുടെ പിതാവായ ടാബ്ലോയുടെ സേനാത്തിലുള്ള ജ്യുവലറിയുടെ മാനേജരായിരുന്നു സ്റ്റീവ്. വിദ്യാസമ്പന്നനായ സ്റ്റീവിൻ്റെ പെരുമാറ്റമാണ് അയാളെ ടാബ്ലോയ്ക്ക് ഏറ്റവും പ്രിയങ്കരനാക്കി മാറ്റിയത്. സ്റ്റീവിൻ്റെ വീട്ടിലെ സ്ഥിതി അത്ര മെച്ചപ്പെട്ടതായിരുന്നില്ല. പിതാവ് മരണപ്പെട്ട മക്കളെ വളർത്താനും വിദ്യാഭ്യാസം ചെയ്യിക്കാനും സ്റ്റീവിൻ്റെ അമ്മ അനുഷ്ഠിച്ച ത്യാഗത്തെക്കുറിച്ചു അയാൾ പറയുമ്പോൾ ഇങ്ങനെയൊരു മകനെക്കിട്ടിയ ആ അമ്മ എത്ര ഭാഗ്യവതിയാണെന്ന് ചിന്തിച്ചിട്ടുണ്ട്.

ജീവിതത്തിലെ കഷ്ടപ്പാടുകൾ അറിഞ്ഞു വളർന്ന ആ മകന് സാറലീനയെ ജീവനാണ്.
സ്നേഹിക്കാൻ മാത്രമറിയുന്ന അവളെക്കിട്ടിയതാണ് തൻ്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമെന്നും അവളുടെ സന്തോഷങ്ങളിലാണ് താൻ ഏറ്റവുമധികം സന്തോഷിക്കുന്നതെന്നും ജെഫിയോടൊപ്പം
രണ്ടു സിപ്പെടുക്കുമ്പോഴൊക്കെ അയാൾ പറയാറുണ്ടത്രെ.

താൻ കാരണമാണ് മാർക്കോവിന് ഈ ഗതി വന്നതെന്ന വിഷമമാണ് ഇപ്പോൾ സാറലീനയ്ക്ക്. സ്റ്റീവിനൊപ്പം ഷോപ്പിംഗിനു പോയപ്പോൾ അയാളെക്കണ്ടുവത്രെ. ഒരു ഭ്രാന്തൻ്റെ വേഷത്തിൽ അലയുകയായിരുന്നെന്ന് . കാണുന്ന സ്ത്രീകളുടെയെല്ലാം മുഖത്തു ചുണ്ടി

“ആർ യു സാറലീന ?”

എന്നയാൾ ചോദിക്കുന്നുണ്ടായിരുന്നെന്ന് .

ഒടുവിൽ സുഹൃത്തായ സൈക്യാട്രിസ്റ്റിൻ്റെ സഹായത്തോടെ മെൻറൽ ഹോസ്പിറ്റലിൽ അയാളെ അഡ്മിറ്റ് ചെയ്തിട്ടാണവർ വന്നിരിക്കുന്നത്.

മാർക്കോവ് തന്നെ അത്രമാത്രം പ്രണയിച്ചിരുന്നു എന്നും തനിക്കു മാത്രമേ അവനെ രക്ഷിക്കാനാവൂ എന്നും സ്റ്റീവിനോടു പറഞ്ഞപ്പോൾ പ്രിയതമയുടെ സന്തോഷത്തിനു വേണ്ടി എന്തു ചെയ്യാനും സ്റ്റീവ് ഒരുക്കമായിരുന്നു.

“പക്ഷെ… മാനസികനില തകരാറിലായ മാർക്കോവ് ഇപ്പോൾ സാറലീനയെപ്പോലും തിരിച്ചറിയുന്നില്ല. പിന്നെങ്ങനെ ഞാനവളെ അയാൾക്കു വിട്ടുകൊടുക്കും”

അതാണയാളുടെ ചോദ്യം.

” ഹൗ കാൻ വി ബ്രിങ് ഹിം റ്റു നോർമൽ ലൈഫ് ? ”

അയാൾ സാധാരണ ജീവിതത്തിലേക്കു മടങ്ങി വന്നാൽ ഒരു പക്ഷേ പ്രശ്നത്തിനു പരിഹാരമാകും എന്നു തോന്നിയതുകൊണ്ട് അങ്ങനെ ചോദിക്കാതിരിക്കാൻ എനിക്കായില്ല. ചോദ്യം കേട്ട് സ്റ്റീവ് എൻ്റെ മുഖത്തേയ്ക്കു നോക്കുമ്പോൾ അയാളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ സൂര്യനുദിക്കുന്നത് കാണാമായിരുന്നു.

“അതെ.. അയാളെ സാധാരണ നിലയിലേക്കു കൊണ്ടുവരാൻ കഴിഞ്ഞാലത് ലീനയ്ക്കും ആശ്വാസമാകും. അവളെ വേദനിപ്പിക്കുന്നത് മാർക്കോവിൻ്റെ ഇപ്പോഴത്തെ ദയനീയമായ അവസ്ഥയാണ് , താൻ കാരണമാണ് അയാളൊരു ഭ്രാന്തനായിത്തീർന്നതെന്ന കുറ്റബോധമാണ് ” .

സ്റ്റീവ് അത്രയേ പറഞ്ഞുള്ളൂ. ബ്രൈമോൺ ഹില്ലിലെ കാറ്റിന് അപ്പോൾ നല്ല തണുപ്പുണ്ടായിരുന്നു. മേപ്പിൾ മരങ്ങളുടെ ഇലകൾ കൊഴിച്ചിട്ടു കൊണ്ട് കാറ്റ് ഞങ്ങളെ വലം വച്ച് നിൽക്കുകയാണെന്നും ആകാശത്തിൻ്റെ ഇരുളിലും തിളങ്ങുന്ന നക്ഷത്രങ്ങൾക്ക് മനുഷ്യരോട് എന്തോ പറയാനുണ്ടെന്നും എനിക്കു തോന്നി.

അടുത്ത ദിവസം മെൻ്റൽ ഹോസ്പിറ്റലിലേക്കുള്ള കല്പടവുകൾ കയറവേ സാറലീന കണ്ണുകൾ തുടയ്ക്കുമ്പോൾ സ്റ്റീവ് അവളെ ചേർത്തു പിടിച്ചു .

” ഐ ലവ് യു സോ മച്ച് ”

എന്നയാൾ ആവർത്തിച്ച് ഉരുവിടുന്നുമുണ്ട്.

സ്റ്റീവിൻ്റെ കരവലയത്തിനുള്ളിൽ രോമക്കുപ്പായമുള്ള പൂച്ചക്കുഞ്ഞിനെപ്പോലെ അവൾ പറ്റിച്ചേർന്നു.

സാറലീനയുടെ മനസ്സ് കൈവിട്ടു പോകാതിരിക്കാൻ പാടുപെടുന്ന, അവളുടെ സന്തോഷത്തിനു വേണ്ടി എന്തു ത്യാഗമനുഭവിക്കാനും തയാറുള്ള സ്റ്റീവിലേക്കു തന്നെയാണ് അവൾ മടങ്ങിയെത്തേണ്ടത് അവിടെ വച്ചുതന്നെ ഞാനുറപ്പിച്ചു .

തുടർന്നും എല്ലാ ദിവസവും സാറലീനയ്ക്കൊപ്പം ആശുപത്രി സന്ദർശിക്കാനും മാർക്കോവിനു വേണ്ടതൊക്കെ ചെയ്തു കൊടുക്കാനും കൂടുതൽ ഉത്സാഹിച്ചത് സ്റ്റീവാണ്.

മാസങ്ങൾക്കു ശേഷം അതേ പടവുകൾ ഇറങ്ങുമ്പോഴാണ് മറ്റാരും കേൾക്കാതെ സാറലീന പറഞ്ഞത്

” ഇപ്പോഴും മാർക്കോവിനെ സ്നേഹിച്ച് മതിയായിട്ടില്ലെനിക്ക്…. “

ഞങ്ങൾക്കു മുമ്പെ പടവുകളിറങ്ങാൻ തുടങ്ങിയ സ്റ്റീവും ജെഫിയും ഇത് കേൾക്കാഞ്ഞത് നന്നായി എന്നാണ് അപ്പോളെനിക്കു തോന്നിയത്.. ഞാൻ വെറുതെയൊന്നു തിരിഞ്ഞു നോക്കി മാർക്കോവ് അപ്പോഴും പടവുകൾക്കു മുകളിലുണ്ട് . കൂടെ സ്റ്റീവിൻ്റെ പരിചയക്കാരനായ സൈക്യാട്രിസ്റ്റും. മാർക്കോവിൻ്റെ കണ്ണുകളിലെ തിളക്കം ഇപ്പോൾ പതിന്മടങ്ങ് വർദ്ധിച്ചിട്ടുണ്ട്. സാധാരണ അവസ്ഥയിലേക്ക് മടങ്ങിയെത്തിയപ്പോഴേക്കും കാര്യങ്ങൾ മനസ്സിലാക്കാനും യാഥാർത്ഥ്യങ്ങളെ തിരിച്ചറിയാനും അയാൾ പ്രാപ്തനായിരിക്കുന്നു. തിരിഞ്ഞു നോക്കിയ എനിക്കു നേരെ കൈവീശിക്കാണിച്ചിട്ട് അയാൾ ഡോക്ടർക്കൊപ്പം അകത്തേക്കു പോയി.

പെയ്തൊഴിഞ്ഞ് ശാന്തമായ മനസ്സോടെ ബ്രൈമോൺ ഹില്ലിലെ പുൽത്തകിടിയിൽ സാറയ്ക്കൊപ്പമിരിക്കുമ്പോൾ ഭൂമിയിൽ നിന്ന് സ്വർഗത്തിലേക്കുള്ള വഴികളെല്ലാം തുറന്നിരിക്കുന്നതു ഞാൻ കണ്ടു.പുൽമേട്ടിൽ വൃക്ഷങ്ങളുടെ നിഴലുകൾ വരച്ചുണ്ടാക്കിയ ചിത്രങ്ങൾക്കു മീതെ വീണു കിടന്ന പൂക്കൾ പുതിയൊരു വസന്തകാലത്തെ കാണിച്ചു തന്നു. അവിടെ മനസ്സിൻ്റെ ഭാരമൊഴിഞ്ഞ് സാറലീനയും അവൾക്കു വേണ്ടി മാത്രം ജീവിക്കാനുറച്ച സ്റ്റീവും. ജനനത്തിനു മുമ്പേ പരസ്പരമറിഞ്ഞ ആത്മാവുകളെപ്പോലെ ചേർന്നിരിക്കുകയാണവർ. സാറലീനയുടെ തലമുടിയിൽ പിണയുന്ന സ്റ്റീവിൻ്റെ വിരലുകൾ അവളുടെ കണ്ണുകളെ പാതി മയക്കത്തിലേക്കു നയിക്കുകയാണെന്നു മനസ്സിലാക്കിയിട്ടാവും ജെഫി പോകാനെഴുന്നേറ്റു.

ജെഫിയും ഞാനും ബ്രൈമോൺ ഹില്ലിൽ നിന്ന് വിടവാങ്ങാനൊരുങ്ങുമ്പോൾ സ്റ്റീവ് എൻ്റെ വലതുകൈ പിടിച്ച് കുലുക്കിക്കൊണ്ടു പറഞ്ഞു.

” താങ്ക് യു ഡിയെർ .. ഐ ലവ് ഹെർ സോ മച്ച് , ലെറ്റ്സ് നെവ്ർ ലെറ്റ് ഗോ “

വീട്ടിലേക്കു ഡ്രൈവ് ചെയ്യുമ്പോൾ ഇടയ്ക്കൊന്നു ബ്രെയ്ക് ചെയ്തിട്ട് എൻ്റെ നേർക്ക് തിരിഞ്ഞ് ജെഫി ചോദിച്ചു ,

” അനുഭവങ്ങളിൽ നിന്ന് അറിവു നേടിയ , മനുഷ്യനെ മനുഷ്യനായിക്കാണാൻ പഠിച്ച , സ്നേഹം പ്രവർത്തിയിലാണെന്നു ബോധ്യപ്പെടുത്തുന്ന ഒരാൾ സുഹൃത്തായി ഉണ്ടായിരിക്കുക എന്നതും ഒരു ഭാഗ്യമാണല്ലേ? ”

പുഞ്ചിരിയോടെ ജെഫിയുടെ മുഖത്തേക്കു നോക്കിയിരുന്ന ഞാൻ മനസ്സിൽ പറഞ്ഞു.

” മീ റ്റൂ ലക്കി റ്റു ഹാവ് എയ് ഹസ്ബൻഡ് ലൈക് യു ”.

എൻ്റെ കണ്ണുകളിൽ നിന്നത് വായിച്ചറിഞ്ഞിട്ടെന്ന പോലെ ഇടതുകരംകൊണ്ട് എന്നെ മാറത്തേക്ക് അമർത്തിപ്പിടിക്കുമ്പോൾ ജെഫിയുടെ ഹൃദയമാണ് എന്നിൽ തുടിക്കുന്നത് എന്ന് ഞാൻ അനുഭവിച്ചറിയുകയായിരുന്നു.

തിരുവനന്തപുരം സ്വദേശിയാണ്. തിരുവനന്തപുരത്ത് ജഗതി, ഗവ.ഹൈസ്ക്കൂളിൽ അധ്യാപികയായി ജോലി ചെയ്യുന്നു. "എൻ്റെ മാത്രം സുൽത്താന് '' എന്ന പേരിൽ പ്രണയക്കുറിപ്പുകളെഴുതിയ ഒരു പുസ്തകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കവിതകളും കഥകളും എഴുതി വരുന്നു.