ആകാശത്തെ കൃഷിയിടങ്ങൾ

ഇന്നലെ തുടങ്ങിയതാണ് അപ്പുവിന്റെ സംശയം.

അമ്മയോട് ചോദിച്ചാൽ വഴക്ക് കേൾക്കും. ജോലിത്തിരക്കുള്ള സമയത്ത് ശല്യം ചെയ്യരുതെന്ന് പ്രത്യേകം പറഞ്ഞിട്ടുള്ളതാണ്.

അപ്പു ഒരുപാടാലോചിച്ചു. ഉത്തരമൊന്നും കിട്ടിയില്ല. ഇനി അമ്മ തന്നെ ആശ്രയം. ആകാശത്തേക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ച് അപ്പു അമ്മയുടെ തിരക്കൊഴിയുന്നതും കാത്തിരുന്നു.

വില്ലേജ് ഓഫീസിനടുത്ത് ഒരു ചെറിയ ഫോട്ടോസ്റ്റാറ്റ് കട നടത്തുകയാണ് ആതിര. വില്ലേജ് ഓഫിസ്സിലേക്കാവശ്യമായ രേഖകളും ഫോമുകളും അവിടെയെപ്പോഴും സ്റ്റോക്കുണ്ടാകും. എന്താവശ്യവും ആതിരയെ ഏൽപ്പിച്ചാൽ മതി, അപേക്ഷയും മറ്റു രേഖകളും അടക്കം എല്ലാം കൃത്യമായി ചെയ്തു കിട്ടും. വീട്ടിലേക്കുള്ള ഏക വരുമാനമാർഗമാണ് ഈ കട.

ആതിരയുടെ തിരക്കൊഴിഞ്ഞപ്പോൾ അപ്പു പതുക്കെ അമ്മയുടെയടുത്തെത്തി. ആതിരയുടെ ചുരിദാറിന്റെ ഷാളെടുത്തു കയ്യിൽ ചുറ്റി അവൻ അമ്മയുടെ മുഖത്തേക്കു നോക്കി.

അപ്പുവിന്റെ കൈ മെല്ലെ വിടുവിച്ച് ആതിര ചോദിച്ചു, “എന്താന്റെ മോന്റെ സംശയം? പുത്യേതെന്ത് സംശയാന്റെ മോന്? പറയ്, കേൾക്കട്ടെ.”

അപ്പൂന് എപ്പോഴും നൂറുകൂട്ടം സംശയങ്ങളാണ്. കുറേ നേരമായി അപ്പു, വീട്ടിൽ നിന്നും കൊണ്ടുവന്ന കളിപ്പാട്ടങ്ങളിൽ തൊടാതെ ആലോചിച്ചിരിക്കുന്നത് തിരക്കിനിടയിലും ആതിര ശ്രദ്ധിച്ചിരുന്നു.

“അമ്മേ… ആകാശത്ത് വീടു വച്ചാ നല്ല രസായിരിക്കും അല്ലേ?”

“ആയിരിക്കും.”

“വില്ലേജിലെ സാറ് എങ്ങനാമ്മേ ആകാശത്തേക്ക് പോണെ? ഇന്നലെ വന്ന അപ്പൂപ്പൻ പറഞ്ഞല്ലോ സാറിനേം കൊണ്ട് ആകാശം അളക്കാൻ പോവാണെന്ന്…”

ആതിരക്ക് അപ്പൂന്റെ ചിന്തയുടെ രഹസ്യം അപ്പോഴാണ് പിടി കിട്ടിയത്. അവന്റെ സീരിയസ് ആയ ചോദ്യത്തിനവൾ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.

“അപ്പൂ, ആകാശം അളക്കാനൊന്നും പറ്റില്ല. ഭൂമിയല്ലേ അളക്കാൻ പറ്റൂ… അപ്പൂപ്പൻ ഒരു തമാശ പറഞ്ഞതല്ലേ, ന്റെ അപ്പൂനെ പറ്റിക്കാൻ…. ആകാശം ദൈവങ്ങള് താമസിക്കണ സ്ഥലല്ലേ. അത് അളക്കാൻ ദൈവം ആരെയും സമ്മതിക്കില്ല. ന്റെ മോൻ വല്ല്യ കുട്ട്യാകുമ്പോ എല്ലാം മനസ്സിലാകൂട്ടോ.”

“അപ്പോ ആ അപ്പൂപ്പൻ നുണ പറഞ്ഞതാ…. ആകാശത്ത് കുറേ സ്ഥലം വാങ്ങിയിട്ടുണ്ടെന്നും അപ്പു വലുതാവുമ്പോ കുറെ സ്ഥലം തരാന്നുമൊക്കെ.” അവന്റെ മുഖത്ത് നിരാശയുടെ ഇരുട്ടു പരന്നു.

“എന്റെ അപ്പൂ, അപ്പൂപ്പൻ അതൊക്കെ വെറുതെ പറഞ്ഞതാ… മോനെ പറ്റിക്കാനായിട്ട്. പോയിരുന്നു കളിച്ചോളൂട്ടോ.”

അപ്പുവിന്റെ സംശയങ്ങൾ തീർത്ത് മുന്നിലെ ഫോമിലേക്കു തിരിഞ്ഞപ്പോഴാണ് കടയിലേക്ക് ഇടയ്ക്കു വരാറുള്ള ജോസേട്ടനെ ആതിര ഓർത്തത്. അവൻ ജോസേട്ടനെ ആദ്യമായിട്ടാണ് ഇന്നലെ കാണുന്നത്. അവനെ അമ്മയുടെ അടുത്താക്കിയിട്ടാണ് കടയിലേക്ക് വരാറുള്ളത്. അമ്മക്ക് തീരെ വയ്യാത്തതുകൊണ്ട് രണ്ടുദിവസമായി അവനെയും കൂടെ കൂട്ടി.

മുന്നിലെ കടലാസുകൾ അടുക്കിവെച്ച് ആതിര അപ്പു കളിക്കുന്നതും നോക്കിയിരുന്നു. ഒരു കാലിന് ചെറിയൊരു സ്വാധീനക്കുറവുള്ള തനിക്ക് അമ്മ മാത്രമേ കൂട്ടിനുണ്ടായിരുന്നുള്ളൂ. തന്റെ വലിയ കണ്ണുകളിലേക്കു നോക്കി, ചുരുളൻ മുടിയിലൂടെ വിരലോടിച്ചു കൊണ്ട് അപ്പുവിന്റെയച്ഛൻ വിവാഹാഭ്യർഥന നടത്തിയപ്പോൾ ആകാശവും ഭൂമിയും ഒന്നുചേർന്ന് ദേവതകൾ പുഷ്പവൃഷ്ടി നടത്തുന്നതുപോലെ തോന്നി. ആ ആനന്ദ നിമിഷങ്ങളിൽ ഒരു ചോദ്യം മാത്രം മനസ്സിൽ തികട്ടി വന്നു. ചോദിക്കും മുൻപേ അദ്ദേഹം പറഞ്ഞു, “ശരീരമല്ല, മനസ്സാണ് എനിക്കു വേണ്ടത്.” എന്നിട്ടോ? അപ്പുവിന് ആറുമാസമായപ്പോഴേക്കും അദ്ദേഹം വീടു വിട്ടിറങ്ങിയില്ലേ? എവിടെയാണെന്നൊരു നിശ്ചയുമില്ല. അന്തിത്തിരി കത്തിച്ച് ഏത്രയോ രാത്രികളിൽ കാത്തിരുന്നു. എന്തായാലും നാളേയ്ക്കൊരു പ്രതീക്ഷയായി അപ്പുവിനെ തന്നിട്ടാണല്ലോ പോയത് എന്നൊരു സമാധാനമുണ്ട്.

ജോസേട്ടൻ അപ്പുവുമായി സംസാരിച്ചു നിൽക്കുമ്പോൾ, അവനൊരു നേരം പോക്കായല്ലോ എന്നു മാത്രമാണ് കരുതിയത്.

ആളൊരു ശുദ്ധനാണ്. തേച്ചുമിനുക്കിയ വെളുത്ത മുണ്ടും ഷർട്ടും, ഭംഗിയായി വെട്ടിയൊതുക്കിയ നരച്ച താടിയും മുടിയും. ഏതോ വലിയ വിവരമുള്ള ഒരു മനുഷ്യൻ എന്നാണ് മറ്റുള്ളവർക്ക് ജോസേട്ടനെ ആദ്യം കാണുമ്പോൾ തോന്നുക. അടുത്തത്തിടപഴകുമ്പോഴേ ആ സംസാരത്തിലെ താളപ്പിഴകൾ മനസ്സിലാകൂ. തൃശ്ശൂരിലെ വലിയ ഒരു ജ്വല്ലറിയുടെ ഉടമയായിരുന്നൂത്രേ. വർഷങ്ങൾക്കുമുമ്പേ പണിക്കൂലിയും പണിക്കുറവും ഇല്ലാതെ സ്വർണം കൊടുത്തിരുന്ന ഏക ജ്വല്ലറി, ‘ഷാരോൺ ജ്വല്ലറി’. സ്വർണത്തിന് മാറ്റ് കുറവാണെന്ന് അസൂയക്കാർ പറഞ്ഞു നടന്നിരുന്നെങ്കിലും സാധാരണക്കാർക്ക് പ്രിയപ്പെട്ട ജ്വല്ലറി ആയിരുന്നു ‘ഷാരോൺ.’

ഭീമൻ ഓഫറുകളും പരസ്യങ്ങളുമായി വലിയ ജൂവല്ലറികൾ തൃശ്ശൂർ നഗരത്തെ കീഴടക്കിയപ്പോൾ ‘ഷാരോൺ’ അതിൽ മുങ്ങിപ്പോയി. ജ്വല്ലറിയും റിയൽ എസ്റ്റേറ്റ് ബിസിനസും ഒക്കെയായി മുന്നോട്ടുപോയ ജോസേട്ടന്റെ തകർച്ച!. ജിഎസ്ടിയും നിരോധനവുമെല്ലാം ആ തകർച്ചയ്ക്ക് ആക്കം കൂട്ടി. സ്ഥലക്കച്ചവടം ഒന്നും നടക്കാതായതോടെ സ്ഥലങ്ങൾക്ക് അഡ്വാൻസ് കൊടുത്ത വലിയ തുകകൾ നഷ്ടത്തിന്റെ കണക്കു പുസ്തകത്തിൽ ഇടം നേടി. വീടും കാറും സ്ഥലങ്ങളും എല്ലാം പോയി. ജ്വല്ലറി ആൺമക്കൾ രണ്ടു പേരും കൂടി ഒരുവിധത്തിൽ കരകയറ്റിയെടുത്തു. ബിസിനസ് തകർച്ചയിൽ താളം തെറ്റിയ അപ്പന്റെ മനസിനെ തിരിച്ച് പിടിക്കാൻ അവർക്കിതുവരെ കഴിഞ്ഞിട്ടില്ല. പണ്ടത്തെ പ്രൗഢിക്കും അന്തസിനും അനുസരിച്ച് അപ്പനെ കഴിയും പോലെ കൊണ്ട് നടക്കുന്നുണ്ട് എന്നു മാത്രം.

വില്ലേജ് ഓഫിസ്സിനടുത്താണ് ജോസേട്ടന്റെ വീട്. റിയൽ എസ്റ്റേറ്റ് ബിസിനസ് ആയിരുന്നതുകൊണ്ട് വില്ലേജ് ഓഫിസിലെ ജീവനക്കാരുമായി നല്ല ബന്ധമായിരുന്നു. ആ ഓർമ്മയിലായിരിക്കണം ഇടയ്ക്കിടെയുള്ള ഇങ്ങോട്ടുള്ള സന്ദർശനം. മുന്നിൽ വന്നുപെടുന്നവരോട് ജോസേട്ടൻ കുശലം ചോദിക്കും. അതിനു ശേഷം സങ്കടപ്പെടും:… “എത്ര തവണയായി ഒരു സ്ഥലത്തിന്റെ കാര്യത്തിനായി കേറിയിറങ്ങുന്നു. ഇതു വരെ ശരിയായില്ല.”

സ്വാഭാവികമായും ജോസേട്ടനെ അറിയാത്തവരാണെങ്കിൽ ചോദിക്കും: “എന്തു പറ്റി?”

ഉടനെ ജോസേട്ടൻ പറയും: “ഒരു നൂറ് ഏക്കർ സ്ഥലത്തിന് അഡ്വാൻസ് കൊടുത്തിട്ടുണ്ട്. അതിന്റെ സ്കെച്ച് തയ്യാറാക്കി കിട്ടാനാണ് ഈ വരുന്നത്. സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞിട്ട് വേണം അവിടെ കൃഷി തുടങ്ങാൻ. സ്ഥലം കാണാതെ ഒന്നും ചെയ്യാൻ പറ്റില്ലെന്നാ ഇവരു പറയുന്നത്. കൺമുമ്പിൽ കിടക്കുന്ന സ്ഥലാ…”

കേൾക്കുന്ന ആൾ തീർച്ചയായും ചോദിക്കാതിരിക്കില്ലല്ലോ സ്ഥലം എവിടെയാണെന്ന്. അപ്പോൾ ജോസേട്ടൻ ആകാശത്തേക്ക് ചൂണ്ടിക്കാണിക്കും.

“ആകാശത്താണ് സ്ഥലം വാങ്ങിയിട്ടുള്ളത്. നാട്ടിലെ ഭൂമിക്കൊന്നും ഇപ്പോൾ മാർക്കറ്റില്ല. സ്ഥലത്തിന്റെ രജിസ്ട്രേഷൻ കഴിഞ്ഞാലുടനെ സ്വർണക്കൃഷി തുടങ്ങാനാണ് തീരുമാനം.” കേൾവിക്കാർക്ക് എന്തായാലും വിവരം മനസ്സിലാവും.

കളി നിറുത്തി മിണ്ടാതെയിരിക്കുന്ന അപ്പുവിന്റെ നേരെ ആതിര കണ്ണോടിച്ചു.

“അപ്പു വിഷമിക്കണ്ടാട്ടോ… നാളെ ആ അപ്പൂപ്പൻ വരട്ടെ. നമുക്ക് ചോദിക്കാട്ടോ, ആകാശത്ത് സ്ഥലം കിട്ടാൻ എന്താ ചെയ്യണ്ടേന്ന്…”

അപ്പു ചിരിച്ചു.

ആതിര നെടുവീർപ്പിട്ടു. കൈപ്പുരസം നുണയുന്ന ജീവിതയാഥാർഥ്യങ്ങളെ നേരിടും വരെ, സ്വപ്നങ്ങളെങ്കിലും തന്റെ മോൻ കാണട്ടെ.

പുറത്തെ വാഹനങ്ങളുടെ തിരക്കിൽ നിന്നും കണ്ണുകൾ അകത്തി അപ്പു ആകാശത്തേക്ക് നോക്കിയിരുന്നു. ഒഴുകി നടക്കുന്ന മേഘങ്ങൾക്കിടയിൽ അവന്റെ മനസ്സ് മറ്റൊരു ചോദ്യത്തിനായി തയ്യാറായെടുക്കുകയായിരുന്നു.

തൃശൂർ ജില്ലയിലെ കാട്ടുകുഴി സ്വദേശിയാണ്. സ്വന്തമായി ബ്യുട്ടിക്ക് നടത്തുന്നു. നവമാധ്യമങ്ങളിൽ കഥകളും കവിതകളും എഴുതാറുണ്ട്