സൂര്യഹവനം

ചിതയിൽ സൂര്യ, നീ മാഞ്ഞുപോകും മുൻപ്
പതിയെ ഭൂമിയോടെന്തോ പറഞ്ഞു നീ
ചുരുളഴിച്ച് നീ നോക്കുക പിന്നിലെ
ചുമരെഴുത്തുകൾ ചോർന്ന കിനാവുകൾ.

കറുകനാമ്പുകൾ നിന്നിലെയഗ്നിയെ
പഴി പറഞ്ഞെന്ന് വേനലോർമ്മിക്കവെ
പുഴകളല്ലിന്ന് കൈവിരൽത്തുമ്പിലായ്
നിലവിളിക്കുന്നതെന്നും പെരുങ്കടൽ.

മഴ പകുത്തോരു കണ്ടൽ വനങ്ങളിൽ
ചിറകു നീർത്തിപ്പറന്നോരു പക്ഷികൾ
ചുമരിലായ് മൗനമാർന്നങ്ങരിപ്പുണ്ട്
മറവി നിർദ്ദയം കൂട്ടായിരിപ്പുണ്ട്

നദി കടക്കും നിലാവിൻ്റെ തോണികൾ
നിഴലരിച്ച് വരുന്നോരു രാവുകൾ
നിറുകയിൽ വന്ന് തീ തുപ്പുമോർമ്മകൾ
ചിരിയുടയ്ക്കുന്ന ദു:സ്വപ്നസർപ്പങ്ങൾ

പഴയ നോവുകൾ ചില്ലുപാത്രങ്ങളിൽ
പൊടിപിടച്ചു കിടക്കും നിലവറ
ശവകുടീരങ്ങൾ കണ്ടുകണ്ടങ്ങനെ
ദുരിതഗർത്തങ്ങൾ മൂടും മറവികൾ

നിലവിളിച്ചു കൊണ്ടോരോരോയോർമ്മകൾ
ഇടയിൽ വന്ന് വിളിച്ചുണർത്തും വരെ
സുഖദ സ്വപ്നങ്ങൾ നെയ്തുകൊണ്ടങ്ങനെ
പതിയെ ധ്യാനത്തിലാകുന്നു ലോകവും

മുറിവുണക്കും ഋതുക്കൾക്കുമപ്പുറം
ചരമഗീതങ്ങൾ വീണ്ടുമുയരവെ
ഇരുളു നീലിച്ച മേഘനൈഷാദങ്ങൾ
മഴയിയിലേക്ക് പടർന്നേറി നിൽക്കവെ,

നിഴലുമായ് ഏപ്രിൽ പോകും വെയിലിൻ്റെ
വഴിയിൽ മെയ്മാസപ്പൂ വിടർന്നീടവെ
പഴയ അഗ്നിയിൽ അഗ്നിഹോത്രത്തിൻ്റെ
കനലെരിയുന്ന യാഗാന്ത്യശാലയിൽ

അരണിയിൽ നീയുറങ്ങിക്കിടക്കവെ
ഹവനമെല്ലാം കഴിഞ്ഞെന്ന് ചൊല്ലവെ
പതിയെയെങ്കിലും യാത്ര മുടങ്ങാതെ
വഴിയിൽ നീങ്ങുന്ന ഭൂമിയെ കാണവെ,

രഥമതിൽ നിന്നു കത്തിയാളും തമോ-
ഗഹനഗർത്തങ്ങൾ കണ്ട നക്ഷത്രത്തിനെ
കനലിൽ നീറ്റിത്തെളിച്ച വിളക്കുമായ്
ഹവനസൂര്യൻ പറഞ്ഞു പ്രതീക്ഷയാം

പകലിതാ എൻ്റെ ഹോമകുണ്ഡങ്ങളിൽ
സമയുഗങ്ങളെ തേടി ജ്വലിക്കുന്ന
ചിറകിൽ സ്വപ്നങ്ങളുള്ളൊരു പക്ഷി ഞാൻ.
മൃതയുഗത്തിൻ്റെ നിശ്വാസമാണ് ഞാൻ..
ഹിമയുഗത്തിൻ്റെ സൂര്യനാകുന്നു ഞാൻ.

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.