പ്രിയ ആൻ,
നിന്നെപ്പോലെ
അകാലത്തിൽ മരവിച്ചുപോയ
എന്റെ ചിറകുകൾക്ക്,
നീ നിറമെഴുതിയ തൂവലുകളാണ്
ജീവൻ പകർന്നത്.
ചന്തമില്ലാത്ത കുട്ടിത്താറാവിന്റേതെന്ന്
നീ പലപ്പോഴും കളിയാക്കാറുള്ള
നിന്റെയോർമ്മകളാണ്
എന്നെയെന്നും നയിക്കുന്നതും.
നാസിത്തടവറയിലെ
നരക യാതനകളിൽ
നിന്റെ, കുഞ്ഞു സ്വപ്നങ്ങൾ
പൊലിഞ്ഞുപോയെങ്കിലും
എലിയും ചിതലുമെടുക്കാതെ,
ഒളിത്താവളത്തിലെ
പഴകിയ പത്രക്കെട്ടുകൾക്കിടയിൽ
ഞാൻ മാത്രം ബാക്കിയായത്
ചരിത്ര നിയോഗമാകാം.
ഒരു കൊച്ചു കൗമാരക്കാരി
എന്നോട് പങ്കുവച്ചതൊക്കെ
വലിയ തത്വശാസ്ത്രങ്ങളെന്നാണ്
ഇപ്പോഴത്തെ കുട്ടികൾ പറയുന്നത്.
അതിൽ,
ഒരു ‘കെട്ട’ കാലത്തിന്റെ
നേർചിത്രമുണ്ടത്രെ.
ഒരു,
ഇരുണ്ട കാലത്തിന്റെ
ഓർമ്മപ്പെടുത്തലായ്,
നിശബ്ദമാക്കപ്പെട്ടവരുടെ ശബ്ദമായ്,
ഞാൻ ഉണർന്നിരിക്കുമ്പോഴും…
നുണകൾ,
പ്രാവുകളെപ്പോലെ കുറുകുകയും
കഴുകനെപ്പോലെ
വട്ടമിട്ടു പറക്കുകയും
ചെയ്യുന്നതു കാണുന്നുണ്ട്.
എത്ര ശക്തമായ വെളിച്ചം
തൂവിലും
ചിന്താശൂന്യമായ ദിനങ്ങൾ
രാത്രിയുടെ,
ഇരുണ്ട യാമങ്ങൾ പോലെയാണെന്ന്
നീ പറയാറുണ്ടായിരുന്നില്ലേ?
ഇവിടെ,
ഇപ്പോഴും
മനുഷ്യർ പലതും കാണുന്നില്ല.
അനുഭവങ്ങളിൽ നിന്ന്
യാതൊന്നും പഠിക്കുന്നുമില്ല.
മഹായുദ്ധങ്ങൾക്ക് ശേഷവും
വംശവെറിയും
മതവൈരവും നിലച്ചിട്ടില്ല.
എണ്ണപ്പാടങ്ങളിൽ
അഗ്നി ഗോളങ്ങളായും
നിലയ്ക്കാത്ത പലായനങ്ങളുടെ
കരയടുക്കാത്ത
അലൈൻ കുർദ്ദിമാരായും
അതിപ്പോഴും
തുടർന്നുകൊണ്ടിരിക്കുന്നു.
ഇനിയേത്
കൊടുങ്കാറ്റുയരുകിലും
ഞാൻ, പറന്നു പറന്ന്
നിന്റെ സ്വപ്നങ്ങൾ
ലോകത്തെ കാട്ടിക്കൊണ്ടിരിക്കും.
അത്,
നാളെകളിലേയ്ക്ക്
സമാധാനത്തിന്റെ വർണ്ണച്ചിറകുകൾ
വിടർത്തുക തന്നെ ചെയ്യും.
ഒരു നാൾ,
നിന്നെപ്പോലുള്ളവരുടെ
സ്വപ്ന സാഫല്യമായ്
ഭൂമിയിൽ-
കുഞ്ഞു നക്ഷത്രങ്ങൾ പൂത്തിറങ്ങും.
ബഹുവർണ്ണങ്ങളിൽ പെയ്തിറങ്ങുന്ന
ആ നക്ഷത്രങ്ങൾക്ക്
നിന്റെ മുഖമായിരിക്കും.
അന്ന്,
നീ അവരോടൊപ്പം
കളിച്ചു രസിക്കുക തന്നെ ചെയ്യും.
സ്നേഹത്തോടെ,
നിന്റെ കിറ്റി*.
*കിറ്റി – സ്വന്തം ഡയറിക്ക് ആൻ ഫ്രാങ്ക് നൽകിയ പേര്.