ഓർമ്മപ്പെയ്ത്ത്

എന്റെ നീല നിറമുള്ള കുഞ്ഞുടുപ്പ് നിറയെ
കറുത്ത പൂമ്പാറ്റകളായിരുന്നു.
അതിലന്നൊന്നും ഒരൊറ്റപ്പൂക്കളും
വിരിഞ്ഞിരുന്നില്ല.

ഉടുപ്പ് പൊക്കിപ്പിടിച്ചു
ഉറുമ്പരിച്ച അനേകായിരം
ദ്വാരകവാടങ്ങളിലൂടെ നോക്കി
ഞാനെന്റെ ആകാശത്തുള്ള
സൂര്യനിലേക്ക്
എത്രയോ പ്രകാശവർഷങ്ങൾക്കിപ്പുറമിരുന്ന്
ഭ്രമണം ചെയ്തുകൊണ്ടിരുന്നു.

അന്നൊന്നും തുള വീണ
മച്ചിൻപുറങ്ങളിലൂടെ
ഒരു തുള്ളി വെളിച്ചം പോലും
ചോർന്നിരുന്നില്ല.  

പിഞ്ഞിപ്പറിഞ്ഞ്
അകാലത്തിൽ വൃദ്ധയായ പെറ്റിക്കോട്ട്
ഇടയ്ക്കിടെ തലപുറത്തിടുമ്പഴെല്ലാം
ജാള്യതയോടെ
അതിന്റെ കൈ നിറയെ,
കഴുത്തുനിറയെ
അനേകായിരം പിന്നുകൾ കുത്തിനിറക്കും.

ഒട്ടും ആവതില്ലെന്ന് തോന്നുമ്പോൾ
തുള വീണ് തുരുമ്പിച്ച
മുറിപ്പാടുകൾ കെട്ടുപഴകിയത്
അടുക്കളയിലെ  
കരിക്കലത്തുണിയിലേക്കൊരു ഇറക്കം.

അന്നൊക്കെ ഞാൻ
മുഷിഞ്ഞ പെണ്ണായിരുന്നു.

ചാണകം മെഴുകിയ തറയിൽ
കിടന്നുണർന്നു
മണ്ണെണ്ണയുടെ പുകമണമുള്ള
തലമുടി വാരിക്കെട്ടി
ഹക്കീം കൂട്ടായിയുടെ
വാർത്ത കഴിഞ്ഞാലുടനെ
ബാഗും ചുമലിലേറ്റി
നിന്ന നിൽപ്പിൽ തന്നെ
അരമുറിദോശയിലൊരേമ്പക്കം
വിട്ടോടുന്നു,  
വിശന്നു വിശന്നു
വിശപ്പ് കെട്ടൊരു പെണ്ണ്.  

ആഴ്ചയിൽ കളറുള്ള
ആ ഒരൊറ്റ ദിവസം എല്ലായ്പ്പോഴും
എല്ലാവരും ‘നീലക്കുറുക്കത്തി ‘യെന്നു
നീട്ടി വിളിച്ചു ചുറ്റിലും നിന്ന്
ഓരിയിടുമായിരുന്നു.

അന്നെല്ലാം എന്റെ നീല ഉടുപ്പിന്
കണ്ണീരിൽ നനഞ്ഞുണങ്ങിയൊരു  
വാടയുണ്ടാകും.
മൂക്ക് പിഴിഞ്ഞ് പൂമ്പാറ്റകളൊക്കെ
ചത്തു പോയിട്ടുണ്ടാകും.
ഉറുമ്പരിച്ച ദ്വാരകവാടങ്ങളെല്ലാം
മൂക്കളയിൽ അടഞ്ഞു പോയിട്ടുണ്ടാകും.
വിയർപ്പടിഞ്ഞ് അതാകെ അഴുകിയിട്ടുണ്ടാകും.

പതുക്കെപ്പതുക്കെ
എന്റെ നീലനിറമുള്ള ഉടുപ്പ്
വെളുത്തു തുടങ്ങി.
കറുത്ത പൂമ്പാറ്റകളെല്ലാം
പൂന്തോട്ടങ്ങളിലേക്ക്
മറ്റൊരു പൂക്കാലം തേടി
യാത്ര തുടരുന്നുണ്ടാവും.

കളറുടുപ്പിടുന്നൊരു ദിവസം
മഞ്ഞയിൽ ചുവന്ന പൂക്കൾക്ക് ചുറ്റും
പൂമ്പാറ്റകൾ പാറിക്കളിക്കുന്ന
ഉടുപ്പിട്ടൊരു പെൺകുട്ടി
സ്കൂളിലേക്ക് പോകുന്നത്
ഉറക്കച്ചടവോടെ
ചേറുനഖം കടിച്ച് തുപ്പി
ആശയോടെ ഞാൻ നോക്കി നിന്നു.

അവളുടെ ഉടുപ്പിലെല്ലാം
എന്റെ കറുത്ത പൂമ്പാറ്റകളായിരുന്നു.

പിറ്റേന്ന്,
കളറുടുപ്പിടുന്ന ദിവസമായത് കൊണ്ടുമാത്രം
എനിക്ക് പനിച്ചു,
എനിക്ക് മാത്രം
ഇല്ലാത്ത സമരത്തിന്റെ പേരിൽ
ലീവനുവദിക്കപ്പെട്ടു,
ആ ദിവസമായത് കൊണ്ട് മാത്രം
വയറു വേദനിച്ചു.

ഓർത്തോർത്തു ഉറങ്ങിപ്പോയപ്പോഴൊക്കെ
കളറുടുപ്പിടുന്ന ദിവസമായത് കൊണ്ട് മാത്രമായിരിക്കണം
സ്വപ്നത്തിൽ ഞാൻ
ഹക്കീം കൂട്ടായിയുടെ വാർത്ത കേട്ട് ഞെട്ടിയുണരാത്തത്,
ബസ്സ് കിട്ടാത്തത്.  

റേഷൻ കടയുടെ വരാന്തയിൽ
നിൽക്കുന്നപെൺകുട്ടി
കുഞ്ഞുടുപ്പ് പൊക്കിപ്പിടിച്ചു
ഉറുമ്പരിച്ച അനേകായിരം ദ്വാരകവാടങ്ങളിലൂടെ
നട്ടുച്ചയുടെ ചൂട്ട് കത്തിച്ച
ആകാശത്തേക്ക് കണ്ണുകൾ കൊണ്ട്
ഭ്രമണം ചെയ്തു കൊണ്ടിരുന്നു.

പുതച്ച സ്വപ്നത്തിനു നീല നിറം.
നീലയിൽ നിറയെ കറുത്ത പൂമ്പാറ്റകൾ.
കരിഞ്ഞ പൂക്കൾക്കെല്ലാം
മണ്ണെണ്ണയുടെ മണം.

സ്വപ്നം നരച്ചു തുടങ്ങുന്നു.
നിറങ്ങൾ കലർന്ന്….
മണങ്ങൾ പൊലിഞ്ഞ്…
വിത്തുകൾ മുളക്കുന്നതും കാത്ത് പൂമ്പാറ്റകൾ അടുത്തപൂക്കാലം വരേയ്ക്കും
പ്യൂപ്പയായി കാത്തുകിടന്നു.

കണ്ണൂർ മുഴക്കുന്ന് സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്. ദുബായ് ആസ്ഥാനമായുള്ള കമ്പിനിയിൽ ക്രീയേറ്റീവ് കണ്ടൻറ് ഡവലപ്പർ ആയി ജോലി ചെയ്യുന്നു