സൂയിസൈഡ് പോയിന്റ്

കോടമഞ്ഞും ഇരുട്ടും… ഞാനെന്റെ മരണത്തിന്നരികെ തനിച്ചുനിന്നു.
നിലാവില്ലെങ്കിലും ഇരുണ്ടരാത്രിയല്ല. കോടമഞ്ഞിന്റെ തിരശ്ശീലയ്ക്കപ്പുറം, അകലെയെവിടെയൊക്കെയോ പ്രകാശത്തിന്റെ പൊടിപ്പുകൾ. മലഞ്ചെരുവുകളിൽ തഴച്ചുനിൽക്കുന്ന പുൽക്കൂട്ടങ്ങളിൽ കാറ്റുപോലും വീശുന്നില്ല. രാത്രിയിലുണരുന്ന ജീവികളുടെ ശബ്ദങ്ങളില്ല. മൗനത്തോളം ആഴമുള്ള നിശബ്ദത. അഗാധമായ കൊക്കയെ മറച്ച് പാൽപ്പതപോലെ മഞ്ഞ് പെരുകിവന്നപ്പോൾ പ്രകാശത്തിന്റെ ശേഷിപ്പുകൾ കൂടി മാഞ്ഞുപോയി. സൂയിസൈഡ് പോയിന്റിൽ ഞാനും കുറെകാട്ടുചെടികളും മാത്രം.

ഈനിമിഷം, ഞാനിവിടെയാണുള്ളതെന്ന് മറ്റൊരാൾക്കുമറിയില്ലെന്ന ചിന്ത നട്ടെല്ലിൽ ഒരു മിന്നൽ പായിച്ചു. അപാരമായ ഏകാന്തത എന്നെ വന്നുപൊതിഞ്ഞു.

പ്രണയപരാജയമോ സാമ്പത്തികബാധ്യതയോപോലെ ജനപ്രിയമായ കാരണങ്ങളൊന്നും എന്റെ ആത്മഹത്യയ്ക്ക് പിന്നിലില്ല. ഇനി ജീവിക്കേണ്ടതില്ലെന്ന തീരുമാനത്തിലേയ്ക്ക് സ്വാഭാവികമായി എത്തിപ്പെടുകയായിരുന്നു. അല്ലെങ്കിൽ മറ്റൊരാൾക്കു വിശദീകരിച്ചു കൊടുക്കാനാവാത്തൊരു ശൂന്യത ജീവിതത്തിൽ നിറയുകയായിരുന്നു. വിവരമറിയുന്നവരൊക്കെ അന്തം വിട്ടേയ്ക്കാം ‘ഈ ചെറുക്കനിത് എന്തിന്റെ കുറവുണ്ടായിട്ടാണെന്ന്’ മൂക്കത്തുവിരൽ വെച്ചേക്കാം. പരിഹസിക്കുന്നവരുണ്ടാകാം. ഉള്ളാലെ സന്തോഷിക്കുന്നവരുണ്ടാകുമോ !! ചുരുക്കം ചിലരെങ്കിലും കരഞ്ഞേക്കാം. എന്തായാലും അവൾ കരയും; ശബ്ദമില്ലാതെ, ചെറുതേങ്ങലുകൾ ചേർത്തുചേർത്ത്… കരയുമ്പോൾ അവളെക്കാണാൻ പ്രത്യേകചന്തമാണെന്ന എന്റെ കളിവാക്കോർത്ത് പിന്നെയും പിന്നെയും കരയും. കരഞ്ഞുകരഞ്ഞവൾ എന്നെ മറക്കട്ടെ !! എന്റെ തോൽവികളിൽ ഉരുകിത്തീരാനുള്ളതല്ല അവളുടെ ജീവിതം. എങ്ങനെയാകും അവളെന്റെ മരണവാർത്ത അറിയുക!. ആരെങ്കിലും പറഞ്ഞാകുമോ? അതോ, പത്രത്തിൽ വായിച്ച്.. ഞാനൊക്കെ മരിച്ചാൽ പത്രത്തിൽവരുമോ?! അതോർത്തപ്പോൾ ചിരിവന്നു. എന്റെ ചിരിയെ പകുത്തെടുത്ത് മൂടൽമഞ്ഞ് ചിരിച്ചു, പൊട്ടിപ്പൊട്ടിച്ചിരിച്ചു. കുറെനേരം ചിരിച്ചു തളർന്നപ്പോൾ ഞങ്ങൾ നിശബ്ദനായി, ഏകാന്തതയെ പ്രണയിച്ച് വെറുതെയിരുന്നു. മരണപ്പെടാൻ തീരുമാനിച്ചതുമുതൽ ഇവിടെവരെയുള്ളയാത്ര മനസ്സിലേയ്ക്ക് കടന്നുവന്നു. ഒരാഴ്ച മുമ്പ്, ആശയക്കുഴപ്പങ്ങളൊന്നുമില്ലാതെയാണ് മരിക്കാനുള്ള തീരുമാനത്തിലേയ്ക്ക് എത്തിയത്. പക്ഷേ, വീട്ടിൽനിന്ന് അകലെയല്ലാത്ത സൂയിസൈഡ്പോയിന്റിലേക്ക് എത്തിച്ചേരാൻ ഒരാഴ്ചയാത്രയും പോരാതെവന്നു. ജനിച്ചുവളർന്ന വീട്ടിൽ, കളിസ്ഥലങ്ങളിൽ, സ്ക്കൂളിൽ, പ്രിയകാമ്പസിൽ, പണിയിടങ്ങളിലൊക്കെ വെറുതെകറങ്ങി. പ്രിയപ്പെട്ടവരെന്ന് തോന്നിയവരെയൊക്കെ അവരറിയാതെ കണ്ടു മടങ്ങി. എങ്കിലും എവിടൊക്കെയോ ഇനിയുംപോകാൻ ബാക്കി; ആരെയൊക്കെയോ കാണാനും…

അവളെ മാത്രം കാണാൻ പോയില്ല. കണ്ടാൽ, മരിക്കേണ്ടന്ന് തോന്നിയാലോ; ലോകം എത്രസുന്ദരമെന്ന് വീണ്ടും തോന്നിയാലോ ?!!
എന്റെമരണത്തെ ആത്മഹത്യയെന്ന് അടയാളപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല. ഇനി ജീവിതമില്ല എന്നതിരിച്ചറിവിനൊടുവിലെ പൂർണ്ണവിരാമമാണിത്. അതിനെയാരും ആത്മഹത്യയെന്ന് പറയാതിരിക്കണമെങ്കിൽ ഞാൻ തന്നെ അത് വെളിപ്പെടുത്തേണ്ടതുണ്ട്. ഇല്ലെങ്കിൽ മരണംപോലും എന്റെ പരാജയമായി അടയാളപ്പെടുത്തും. കരഞ്ഞുകലങ്ങിയ അവളുടെ കണ്ണിലേയ്ക്ക് നോക്കി തീരെ ദയവില്ലാത്ത ചിലരെങ്കിലും ചോദിച്ചേക്കാം ” ഞങ്ങളന്നേ പറഞ്ഞില്ലേ, ഹീ സ് സഫ്റിംഗ് ഫ്രം ഡിപ്രഷൻ…”
അത്തരം വിചാരണകൾ ഒഴിവാക്കാൻ സ്വയം സാക്ഷ്യം പറയലാണ് നല്ലത് . ഒരു മരണക്കുറി എഴുതിയാലോ ?!!
മനസ്സിലുണർന്ന ആശയം എന്നെയൊന്നുലച്ചു. “അത് കൊള്ളാം…പക്ഷേ, എങ്ങനെ?”
ഈ ഇരുട്ടിൽ പേനയോ പേപ്പറൊ കയ്യിലില്ലാതെ… !!!

മഞ്ഞണിഞ്ഞ്,കൊതിപ്പിച്ച് ഇടയ്ക്കിടെ മാടിവിളിക്കുന്ന മരണത്തെ തുറിച്ചുനോക്കി, മനസ്സിലെഴുതിത്തുടങ്ങിയ മരണക്കുറിപ്പ് വീണ്ടും വീണ്ടും വായിച്ച് കുറേനേരമങ്ങനെയിരുന്നു. ഫോൺഅടങ്ങിയ ബാഗ് വഴിയിലെവിടെയോ ആണുപേക്ഷിച്ചത്. ഒത്തിരി താഴെയല്ലെന്നുറപ്പ്. പോയെടുത്താലോ!! കൈവരികളില്ലാത്ത, അപൂർണ്ണമായ ഉരുളൻപാറകൾ നിറഞ്ഞപടവുകൾ അവ്യക്തമായ വരപോലെ കാണാം. പുല്ലിലും പാറകളിലും പിടിച്ച് ഇറങ്ങുന്നേരം നേർത്തഭയം എന്നെകീഴടക്കി. ഒരാളകലത്തിൽ വെച്ചില്ലാതായിപ്പോകുന്ന ഒറ്റയടിപ്പാതയിൽ, അതീവശ്രദ്ധയോടെ ഞാൻ ചുവടുകൾ വെച്ചു. നേർത്തനിലാവിൽ ഞാൻ ബാഗ് പരതി നടന്നപ്പോൾ മൂടൽ മഞ്ഞും കൂടെക്കൂടി. ഒടുവിൽ വളർന്നുമുറ്റിയ പുൽമേടുകൾക്കിടയിൽ ഞാന്നുകിടന്ന ബാഗിന്റെ വള്ളി കാലിൽ ചുറ്റി, ഭയന്നുകരഞ്ഞ് നിലത്തിരിക്കുമ്പോൾ, എന്റെ നിലവിളിക്ക് കൂട്ടായി മലമടക്കുകളിൽ നിന്ന് അനേകം അലർച്ചകൾ ഇറങ്ങിവന്നു.

ആകാശത്ത് നക്ഷത്രങ്ങൾ പൂത്ത് നിൽക്കുന്നു. ബാഗ് നെഞ്ചോടടുക്കിപ്പിടിച്ചു. എന്റെ നിലവിളിയാൽ മുറിഞ്ഞ നിശബ്ദതയെ തിരികെപ്പിടിക്കാനെന്നോണം കിതപ്പും നെഞ്ചിടിപ്പും ശമിക്കുംവരെ നക്ഷത്രങ്ങളെ നോക്കിക്കിടന്നു. മഞ്ഞിന്റെ സൂചിമുനകൾ ദേഹമാസകലം കു ത്തിനോവിക്കുന്നത് വകവെയ്ക്കാതെ കിടക്കുന്നതിനിടയിൽ മരണത്തെക്കുറിച്ചുള്ള ചിന്തകൾ മടങ്ങിയെത്തി. പല നക്ഷത്രങ്ങളും എന്നെ നോക്കി കണ്ണ് ചിമ്മുന്നു. നാളെ, ഇതിലൊരു നക്ഷത്രമായി ഞാനുംപുനർജനിക്കുമോ?! തൊട്ടടുത്തുള്ള പാറയിലേയ്ക്ക് തലയുയർത്തി വെച്ചിട്ട് ബാഗിൽപരതി. ഫോണല്ല,സിഗരറ്റ്പായ്ക്കാണ്. ലൈറ്റർകൂടി തപ്പിയെടുത്ത് കൊളുത്തി, നിവർന്നിരുന്നു. തണുപ്പും പരിഭ്രമവും മാറാൻ പിന്നെയും ഒന്ന് കൂടി കൊളുത്തേണ്ടി വന്നു.

നിലാവ് മുറിച്ചിട്ട, വഴിത്തുണ്ടിനപ്പുറം മഞ്ഞിൽ മറഞ്ഞിരുന്ന് മരണമെന്നെ മാടിവിളിക്കുന്നു. പുകയുന്ന സിഗരറ്റ് ചുണ്ടിലും ലൈറ്ററിൽനിന്നുള്ള വെളിച്ചം കൈയ്യിലും പിടിച്ചുമുകളിലേക്ക് കയറി. വെളിച്ചമില്ലാതെ, പരിഭ്രാന്തനായി ഇറങ്ങിവന്നതിലും സമയമെടുത്താണ് തിരികെ കയറിയത്. മുകളിലെത്തിയപ്പോൾ വല്ലാതെ കിതച്ചും കൊണ്ട് ഒരു പാറമേലിരുന്നു. കെട്ടുപോയ സിഗരറ്റ്, കിതപ്പിനൊപ്പിച്ച് മഞ്ഞിന്റെ അഗാധതയിലേക്ക് നീട്ടിത്തുപ്പി. മഞ്ഞ് കൂടുതൽ കനത്തു വരുന്നു. ലൈറ്റർ അണച്ചപ്പോൾ അന്ധകാരം എന്നെ വിഴുങ്ങി.

ബാഗിൽ, കുറെ മുഷിഞ്ഞ തുണികൾ, മാസികയോമറ്റോ….ലൈറ്ററിന്റെവെളിച്ചത്തിൽ എന്തെന്ന് തിരിയാത്ത കുറച്ച് പേപ്പറുകൾ. ഇതൊക്കെ ഈ ബാഗിൽ എങ്ങനെ വന്നു? ഇതെന്റെ ബാഗ് തന്നെയോ ? ഫോൺ കയ്യിൽ തടയുന്നത് വരെ സംശയം നീണ്ടു. ടവർറേഞ്ച് സ്ഥിരത കൈവരിക്കുന്നത് വരെ സ്ക്രീനിൽ നോക്കിയിരുന്നു. ബിഎസ്സ്എൻഎല്ലിന് നന്ദി. മരണക്കുറി ഫേസ്ബുക്കിൽ തന്നെയാകാം!!

എങ്ങനെ വേണം? വീഡിയോ എടുത്താലോ!! പക്ഷേ, ആരത് പോസ്റ്റ് ചെയ്യും? ലൈവ് ആയാലോ?!! വീഡിയോയിൽ ഫ്ലാഷ് പ്രവർത്തിക്കില്ല. കൂടുതൽ ആലോചിച്ചാൽ ആശയക്കുഴപ്പമാകും. എഴുതി പോസ്റ്റ് ചെയ്യുക – ചാടുക, അത്ര തന്നെ !!
“ഇതൊരു ആത്മഹത്യാക്കുറിപ്പല്ല. കാരണം ഞാൻ ആത്മഹത്യ ചെയ്യുക യല്ല….” എഴുതിയും തിരുത്തിയും വീണ്ടുമെഴുതിയും ഞാനത്പൂർത്തിയാക്കി. ഒരാവർത്തി കൂടി വായിച്ച് നോക്കിയിട്ട് പോസ്റ്റ് ചെയ്തു. ജീവിതത്തിലെ അവസാന പ്രവൃത്തി. എന്തോ ഒരപൂർണ്ണത പോലെ… എഡിറ്റ് ചെയ്താലോ? ആലോചനപൂർത്തിയാക്കുന്നതിന് മുമ്പേ നോട്ടിഫിക്കേഷൻ അലർട്ട് വന്നു. ആകാംക്ഷയോടെ പരിശോധിച്ചു – ലവ് റിയാക്ഷനാണ്. ആളെ ക്കണ്ടപ്പോൾ വല്ലായ്മതോന്നി. പ്രിയപ്പെട്ട സാഹിത്യകാരനാണ്. എക്കാലത്തെയും ആരാധനാമൂർത്തികളിൽ ഒരാൾ. ഫേസ്ബുക്കിലൂടെ പരിചയമായതിൽ പിന്നെ, സമഭാവന കലർന്ന പെരുമാറ്റത്തിലൂടെ കൂടുതൽ സ്നേഹം പിടിച്ച് വാങ്ങിയ അദ്ദേഹം എന്റെ മരണം ഇഷ്ടപ്പെടുന്നുവെന്നോ!! എഡിറ്റിംഗ് ഓപ്ഷനിലേയ്ക്ക് നീണ്ട വിരലുകൾ ചലിപ്പിക്കാതെ ആ ഹൃദയാംഗീകാരത്തിൽ തറച്ചുനോക്കി, സ്ക്രീൻ ഓഫ്ആയിട്ടും ഞാനിരുന്നു. നക്ഷത്രങ്ങൾ നിറഞ്ഞ ആകാശത്തിന്റെ പ്രതിബിംബം സ്ക്രീനിൽ.

പൂർണ്ണമാകാതെപോകുന്ന ജീവിതാഭിലാഷങ്ങൾക്കാണ് വിരാമമിടുന്നത്. പിന്നെയീ സ്റ്റാറ്റസിന് പൂർണ്ണത വരുത്തുന്നതെന്തിന്?! ഫോൺ താഴെവെച്ച് ഞാൻ തയ്യാറെടുത്തു. ദീർഘമായൊന്ന് ശ്വസിച്ചു. മുകളിലേക്ക്, മരണശേഷം കുടിപാർക്കേണ്ട നക്ഷത്രക്കൂട്ടങ്ങളിലേക്ക് നോക്കി. ആസ്വദിക്കുന്ന അവസാനശ്വാസം!! അവസാനകാഴ്ച!! കണ്ണകളടച്ചു. ഒരു തരിപ്പ്… ഒരുചുവടു മുന്നാക്കം. പിൻവിളിപോലെ ഫോണിൽനിന്ന് വീണ്ടും അലർട്ട്. അറിയാതെ കാൽ പിൻവലിച്ചു. നോക്കണോ? ആരാകാം!

പിന്നെയും ചിലനോട്ടിഫിക്കേഷൻ വിളികൾ. ഫോൺ കയ്യിലെടുത്തപ്പോൾ സ്ക്രീനിൽ വീണ്ടും നക്ഷത്രങ്ങൾചിരിക്കുന്നു. അവയെ മായ്ചുകളഞ്ഞു. വിവിധ അപ്ലിക്കേഷനുകളുടെ വർണ്ണ ലോകം തെളിഞ്ഞു. ഫേസ്ബുക്കിൽ കോർത്തിട്ടിരിക്കുന്നു മൂന്ന് അറിയിപ്പുകൾ. രണ്ട് ലൈക്കുകൾ – വലിയ അടുപ്പമില്ലാത്തവരുടേത്. പിന്നെ സാഹിത്യകാരന്റെ വക കമന്റ്. ” ജീവിതത്തെ മരണം കൊണ്ടടയാളപ്പെടുത്തേണ്ടി വരുന്നത് ഗതികേടാണ്. പക്ഷേ, അതിന്റെ മനോഹാരിത എന്നെ അമ്പരപ്പിക്കുന്നു…ഗംഭീരം സഹോദരാ… മനോഹരമായ ശൈലി. ഫേസ്ബുക്ക്സ്റ്റാറ്റസുകളിൽനിന്ന് കഥയിലേയ്ക്കുള്ളവളർച്ച സന്തോഷംനൽകുന്നു. തെരഞ്ഞെടുത്തപ്രമേയം ജീവിതത്തോട് ചേർന്നു നിൽക്കുന്നതാണ്. അഭിനന്ദനങ്ങൾ…. ഇനിയും നല്ല സൃഷ്ടികൾ പ്രതീക്ഷിക്കുന്നു.”

മരണത്തിന്റെ ഭയാനകമായ മൗനത്തെ ഉടച്ചുകൊണ്ട് ഞാൻ ഉറക്കെചിരിച്ചു – ഇത് കഥയോ !!
ഇതാ അടുത്ത കമന്റ്, ആരോ ഒരാൾ വക – ”നൈസ് സ്റ്റഫ് ബ്രോ…”
ലൈക്കുകൾകൂടുന്നു. ഈ പാതിരാവിലും ഇത്രയുമാളുകൾ ഉറങ്ങാതിരിക്കുന്നുവോ?!! കൂടെക്കൂട്ടാൻ ക്ഷണിക്കുന്ന നക്ഷത്രക്കുരുന്നുകൾക്ക് സ്ക്രീനിലേക്ക് പ്രവേശനം നിഷേധിച്ച് , എവിടെയൊക്കെയോ ഉറങ്ങാതെയിരിക്കുന്ന ആരൊക്കെയോ എനിക്ക് കൂട്ടിരിക്കാനെത്തി. അറിയാവുന്നവരും അറിയാത്തവരുമായ കുറേപ്പേർ…
“what a writing style… “
ഹൃദയചിഹ്നത്തിലുള്ള ഒരു ഇമോജി കമന്റ്
” നൈസ്…”
“അഭിനന്ദനങ്ങൾ “
“മച്ചാ… കിടിലം…”
“നല്ല കഥ”
“PWOLICHU… BROll… “
ഹൃദയചിഹ്നങ്ങൾ അടുക്കി വെച്ച ഒരു കമന്റ്
“ആശംസകൾ”
“നന്നായി പറഞ്ഞു “
“നീ ഒരു സംഭവം തന്നെ അളിയാ…” – പഴയ കളിക്കൂട്ടുകാരനാണ്.
“നൈസ്…”
“അഭിനന്ദനങ്ങൾ “
“മച്ചാ… കിടിലം…”
“നല്ല കഥ”
“PWOLICHALLO… “
ഹൃദയചിഹ്നങ്ങൾ അടുക്കി വെച്ച ഒരു സ്മൈലി കമന്റ് കൂടി വന്നു.
“ആശംസകൾ”
“നന്നായി പറഞ്ഞു “
ഇതാ യുവകവയത്രിവക ഹൃദയചിഹ്നം – പിന്നാലെ കമൻറും. ” നീണ്ടുപോകുന്ന ആത്മഗതങ്ങൾ വിരസമാണ്. ആത്മഗതങ്ങൾ കൊണ്ട് മാത്രം ഒരു കഥ പറയുക- അതും സരസമായി… അഭിനന്ദനാർഹമായ ക്രാഫ്റ്റ് കൂട്ടുകാരാ… “
“നിനക്ക് ഉറക്കമില്ലടേ…” എന്നൊരു ഗ്ലാസ്മേറ്റ്.
തമാശ കലർന്ന ഫോട്ടോ കമന്റുമായി ഒരു ക്ലാസ്മേറ്റ്…

കമൻറുകളിലൂടെമുകളിലേയ്ക്ക് സ്ക്രോൾചെയ്തു. പോസ്റ്റ് വീണ്ടും വായിക്കുന്നേരം എനിക്കു തന്നെ സംശയം ‘ഇത് കഥയോ ചരമക്കുറിപ്പോ?!!’ പിടിവിട്ടുപോയ മനസ്സിനെ നക്ഷത്രങ്ങൾക്കിടയിലേക്ക് പറത്തി വിട്ടിട്ട് ഞാൻ പിന്നിലേക്ക് മലർന്നു. ആകാശ വിതാനങ്ങളിൽ നിന്ന് എന്നെ നോക്കിയ താരകങ്ങൾക്ക് ഇത്തവണ തിളക്കം കൂടുതലായിരുന്നു.

പ്രകാശത്തിന്റെ പ്രളയത്തിലേയ്ക്കാണ് ഉണർന്നത്. മഞ്ഞിന്റെ മൂടുപടത്തിനുമപ്പുറം സൂര്യൻ; മഞ്ഞിനിപ്പുറം ഇലപ്പച്ചകളിൽ കാറ്റിന്റെ കിന്നാരം. നെഞ്ചിൽ മൊബൈൽ വിശ്രമിക്കുന്നു. തലേന്ന് രാത്രി; അതിനും പിന്നിലേക്കുള്ള ദിനരാത്രങ്ങൾ എന്റെ ഓർമ്മയിൽ തിടം വെച്ചു. തലയൊന്ന് കുടഞ്ഞു. ഫോൺ സ്വിച്ച് ഓഫാണ്. സുഖദമായ നിദ്ര വന്ന് പുണരുന്നതിന് മുമ്പ് ഞാൻ തന്നെ ഓഫ് ചെയ്തതാണ്. ഓണായി വരുന്ന ഇടവേളയിൽ ഞാൻ ബാഗ് പരതി – വെള്ളംകുടിച്ചു. വെള്ളമൊക്കെ ബാഗിലുണ്ടായിരുന്നോ!! ഞാൻ മരിക്കാൻ തന്നെയോ വന്നത് !!
ഫോണിൽ കൂട്ടബഹളം. ജീവിതത്തിലാദ്യമായി ആ യന്ത്രത്തോട് അനിയന്ത്രിതമായസ്നേഹം തോന്നി. നോട്ടിഫിക്കേഷനും മെസ്സേജുകളും ധാരാളമുണ്ട്…
ലൈക്കുകൾ….
കമന്റുകൾ…
റിയാക്ഷനുകൾ…
ഷെയറുകൾ…
എല്ലാത്തിലും ഒരിക്കൽകൂടി കണ്ണോടിച്ചു. ഒരു കമന്റിൽ കണ്ണുടക്കി, സുഹൃത്തായ രാഷ്ട്രീയപ്രവർത്തകനാണ്. “ആത്മഹത്യയെ സാമൂഹ്യപ്രശ്നമായി കണ്ടുള്ള ആഖ്യാനം കൂടുതൽ ആഴമുള്ളതാണ്. ഓരോ ആത്മഹത്യയും സാമൂഹ്യജീവി എന്ന വിളിപ്പേരിനെ വെല്ലുവിളിക്കുന്നു…” ഇങ്ങനെതുടങ്ങുന്ന കമന്റ് ലാൽസലാം പറഞ്ഞാ ണ് അവസാനിപ്പിക്കുന്നത്. അടുത്ത കമന്റിലേക്ക് പോകുന്നതിന് മുമ്പ് ഒരറിയിപ്പ് സ്ക്രീനിൽ തെളിഞ്ഞു. സാഹിത്യകാരന്റെ വക ഒരു ടെക്സ്റ്റ് മെസേജ് – ” ആ കഥ നമ്മുടെ ——- മാസികയ്ക്ക് നൽകണം. വലിയ മാസികയൊന്നുമല്ലെന്ന് താങ്കൾക്കും അറിയാമല്ലോ. നിലവാരമുണ്ട്. ഞാനവർക്ക് നമ്പർ നല്കിയിട്ടുണ്ട്. വിളിക്കും. ഫോൺ എടുക്കണേ… “
മഞ്ഞ് മായുന്നു, സൂര്യൻ കൂടുതൽ തെളിഞ്ഞു. എനിക്ക് വിശപ്പ് തോന്നി. താഴെയ്ക്കുള്ള വഴി തേടി അൽപ്പം നടന്നു.

ഫോൺ ചിലയ്ക്കുന്നു. സേവ് ചെയ്യാത്ത നമ്പരാണ് – ആ മാസികക്കാരാകും.
മറുതലയ്ക്കൽ ഒരു സ്ത്രീ ശബ്ദം. ഏത് യന്ത്രത്തിൽ കൂടി വന്നാലും, ഏത് ഉറക്കത്തിൽ കേട്ടാലും തിരിച്ചറിയുന്ന സ്വരം, അവൾ.
ഞാൻ നിശബ്ദനായി.
“ഇന്നലെ മുതൽ ഞാൻ വിളിക്കുന്നു. നീയെന്നെ ബ്ലോക്ക് ചെയ്തോ?” അവൾ കരയുന്നു.
“ജീവിതത്തിൽ കൂടെക്കൂട്ടില്ല എന്നല്ലേ വാശി. മരിക്കാൻ പോകുമ്പോളെങ്കിലും വിളിക്കാരുന്നില്ലേ? “
അവൾ അത് വായിച്ചിരിക്കുന്നു. പക്ഷേ, എങ്ങനെ?! ഇവൾക്കും ഫേക്ക് ഐഡിയോ !!
അവൾക്ക് മാത്രം മനസ്സിലായിരിക്കുന്നു. കരച്ചിൽ മുറുകയാണ്. എന്റെ മനസ്സിലും.
ഞാനൊന്ന് ദീർഘമായി ശ്വസിച്ചു. വെളിച്ചവും വായുവും ഉള്ളിലേക്ക് കയറി.
“മരിക്കാനല്ല…. ജീവിക്കാൻ… വരുന്നോ കൂടെ?…” എന്റെ മന്ത്രണം അവൾ കേട്ടില്ലെന്നുണ്ടോ!! മറുവശത്ത് ശ്വാസം നിലച്ചപോലെ നിശബ്ദത. പിന്നെ പൊട്ടിച്ചിതറിക്കരയുന്നു.

താഴെയ്ക്കുള്ള വഴി എന്റെ മുന്നിൽ തെളിഞ്ഞു കിടക്കുന്നു. അവളുടെ കരച്ചിലിനും ചിരിയ്ക്കുമൊപ്പം ഞാൻ പടവുകളിറങ്ങി.

ആനുകാലികങ്ങളിലും നവമാധ്യമങ്ങളിലും കഥകള്‍, ലേഖനം , സിനിമ നിരൂപണം എന്നിവ എഴുതുന്നു. ആയുര്‍വേദ വകുപ്പിൽ ജോലി. അമക്ച്വര്‍ ഫോട്ടോഗ്രാഫറുമാണ്. ആലപ്പുഴ ആര്യാട്സ്വദേശി.