തുലാമേഘവർഷം

ഇലയിൽ നിന്നിറ്റുവീഴും മഴത്തുള്ളി
ജലതരംഗസ്വരങ്ങളായ് മാറവെ
റെയിലിരമ്പുന്ന പാതയിലേകാന്ത
കഥകൾ കേൾക്കാനിരുന്നു അമാവാസി
നിലവിളിച്ചു കൊണ്ടോടുന്ന തീവണ്ടി
മുറികളിൽ രാവുറങ്ങും നിശ്ശബ്ദത
തെരുവ് തോറും ഉറങ്ങാതിരിക്കുന്ന
ഇരുളിനോരോ പകർപ്പുള്ള ശൂന്യത
നിറവെളിച്ചം കുടിച്ചുപെയ്തേറുന്ന
പ്രകൃതി തൻ തുലാനീലമേഘാരവം
പകുതി ദൂരം നടന്നു പിന്മാറുന്ന
കഥകളായ് തീരമേറും തിരപ്പക്ഷി
ചിറകിൽ കാറ്റാടിമരമുള്ള സ്വപ്നങ്ങൾ
കടലിനൊപ്പം ഉയർന്നു താഴ്ന്നീടവെ
വിരലിലെ തരിമണലിലായ് ശംഖുകൾ
കവിത തേടി വിരുന്നുവന്നീടുന്നു
ഗഗനവാദ്യങ്ങൾ മിന്നലടരുമായ്
പുതിയപാട്ടുകൾ തേടിയെത്തീടുന്നു
യവനികയ്ക്കുള്ളിൽ യാമങ്ങളേറ്റിയ
കഥകളൊന്നുമറിയാതെ കടലിൻ്റെ
കരയിലായ് പൂർവ്വചക്രവാളത്തിലായ്
മിഴി തുറന്ന് പ്രഭാതമെത്തീടവെ
മഴ തുടരുന്നുവെങ്കിലും ഘനനീല
മുകിലിൽ നിന്നകന്നീടുന്നു യാമിനി
പവിഴമല്ലി കൊഴിഞ്ഞ മുറ്റത്തൊരു
നഗര-ഗ്രാമം തിരക്കിലേയ്ക്കൊഴുകുന്നു
ഇടമുറിയാതെ പെയ്യും തുലാവർഷ-
മഴയിൽ ഭൂമിയും നൃത്തമാടീടുന്നു
പുഴകളോ ജഗന്മോഹനം പാടുന്നു
കടലിലുണ്ട് ജലവരാളിസ്വരം
പൊഴിയുമോരോയിലയ്ക്കുള്ളിലും
മഴക്കഥകളുണ്ടെന്ന് കാലം പറയുന്നു…

നക്ഷത്രങ്ങളുടെ കവിത, സൂര്യകാന്തം, അർദ്ധനാരീശ്വരം എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓൾ കർണ്ണാടക മലയാളി അസോസിയേഷൻ ബെസ്റ്റ് പൊയട്രി പ്രൈസ്, കവി അയ്യപ്പൻ പുരസ്ക്കാരം തുടങ്ങി നിരവധി അംഗീകാരങ്ങൾ നേടിയിട്ടുണ്ട്. ബാംഗ്ലൂർ നിവാസി. പ്രശസ്ത കഥകളിനടനായിരുന്ന മാങ്ങാനം രാമപ്പിഷാരടിയുടെയുടെ മകളാണ്.