Francis Norona
മലയാളത്തിലെ പുതിയ കാല എഴുത്തുകാരിൽ ശ്രദ്ധേയനാണ് ഫ്രാൻസിസ് നൊറോണ. അശരണരുടെ സുവിശേഷം (നോവൽ ), ആദമിന്റെ മുഴ, ഇരുൾരതി, കടവരാൽ, പെണ്ണാച്ചി, തൊട്ടപ്പൻ (കഥകൾ ) എന്നിവയാണ് കൃതികൾ .
വളരെ കുറഞ്ഞൊരു കാലം കൊണ്ട് മലയാള സാഹിത്യത്തില്‍ വേറിട്ടൊരു വഴിയിലൂടെ കടന്നുകയറി തന്റേതായ സ്ഥാനമുറപ്പിച്ച എഴുത്തുകാരനാണ് ഫ്രാന്‍സിസ് നൊറോണ. ആനുകാലികങ്ങളിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്ത ഇരുള്‍രതി, കടവരാല്, കക്കുകളി, എലേടെ സുഷിരങ്ങള്‍, തൊട്ടപ്പന്, ആദമിന്റെ മുഴ, പെണ്ണാച്ചി എന്ന ഏഴു കഥകളുടെ സമാഹാരമാണ് ‘തൊട്ടപ്പന്’.
തനിക്ക് പരിചിതമായ ചുറ്റുപാടുകളില്‍ നിന്ന്, കണ്ടറിയുകയും അനുഭവിച്ചറിയുകയും കേട്ടറിയുകയും ഒക്കെ ചെയ്ത ജീവിത പരിസരങ്ങളില്‍ നിന്ന് നൊറോണ കണ്ടെത്തിയ കഥകളും കഥാപാത്രങ്ങളുമാണു ഈ സമാഹാരത്തിലെ കഥകളിലെല്ലാം ഉള്ളത്. അരികുവല്‍ക്കരിക്കപ്പെട്ട പച്ചമനുഷ്യരുടെ ജീവിതങ്ങള്‍ ചെത്തിയൊരുക്കി പോളിഷ് ചെയ്യാതെ അവതരിപ്പിക്കുമ്പോള്‍ ആ ഭാഷയും ശൈലിയും മലയാളത്തിന് ഇതുവരെ അന്യമായിരുന്ന ഒന്നായിത്തീരുന്നു. ശ്ലീലമെന്നോ അശ്ലീലമെന്നോ വേര്‍തിരിക്കാനാവാത്ത വാക്കുകള്‍ കഥാപാത്രങ്ങള്‍ പറയുമ്പോള്‍ അവ നാട്ടുമനുഷ്യരുടെ നൈസര്‍ഗ്ഗിക ഭാഷ മാത്രമാവുന്നു. അതുകൊണ്ടുതന്നെയാണ് സദാചാരവാദികളുടെ നെറ്റി ചുളിയാതെ തന്നെ നൊറോണക്ക് ഈ കഥകളില്‍ രതിയും സ്വവര്‍ഗ്ഗരതിയും മൃഗരതിയും സ്വയംഭോഗവും അവിഹിതബന്ധങ്ങളും ഒക്കെ സ്വാഭാവികമായിത്തന്നെ അവതരിപ്പിക്കാനും കഴിയുന്നത്. “അറുപ്പാന്റെ കത്തികളുടെ” സീല്‍ക്കാരം പോലെ തീഷ്ണമായ വാക്കുകളും ശൈലികളും നാട്ടുഭാഷയുടെ പൊള്ളിക്കലുകളുമാണ് നൊറോണയുടെ കഥകളെ വേറിട്ടവയാക്കുന്നത്.
കടപ്പുറത്തിന്റെ ഇരുട്ടില്‍ ആണ്ടുപോയ മനുഷ്യരാണു നൊറോണയുടെ കഥാപാത്രങ്ങള്‍ എല്ലാം തന്നെ. അവിടുത്തെ ആചാരങ്ങളും വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും മിത്തുകളും ഒക്കെ കഥകളില്‍ പല രീതിയില്‍ നിറഞ്ഞുനില്ക്കുന്നു. പാപപുണ്യങ്ങള്ക്കപ്പുറം ആഗ്രഹിക്കുന്നത് ചെയ്യുകയും ജീവിതത്തിന്റെ ഇരുണ്ടതും വെളുത്തതുമായ ഓരോ നിമിഷവും ആസ്വദിക്കുകയും ചെയ്യുന്നവരാണവര്‍. നന്മകളും അതിലേറെ തിന്മകളുമുള്ള പച്ചയായ മനുഷ്യരാണ് ഇതിലെ കഥാപാത്രങ്ങള്‍ എല്ലാവരും തന്നെ.
സാമാന്യവല്‍ക്കരണത്തിന്റെ ഇത്തിരിവട്ടത്തില്‍ ഒതുക്കവുന്നവയല്ല നൊറോണയുടെ കഥകളെങ്കിലും ഈ സമാഹാരത്തിലെ മിക്ക കഥകളിലും നിറഞ്ഞുനില്ക്കുന്നത് ആസക്തിയും പ്രതികാരവുമാണ്. പ്രണയമില്ലാത്ത രതിയാണ് നൊറോണയുടെ മിക്ക കഥകളിലും കാണുന്നത്. രതിയിലും രതിവൈകൃതങ്ങളിലും പുളയുന്ന മനുഷ്യരുടെ കാമകേളികള്‍ നൊറോണയുടെ മനോഹരമായ ഭാഷാശൈലി കാരണം ഒരിക്കലും ആഭാസമോ അശ്ലീലമോ ആകുന്നില്ല.
ഈ സമാഹാരത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥ ‘തൊട്ടപ്പന്’ തന്നെയാണ്. മതചിഹ്നങ്ങള്‍ വളരെ സമൃദ്ധമായി ഉപയോഗിച്ചിരിക്കുന്ന ഈ കഥ, ‘അന്ത്യം വരെ ഒന്നിച്ച് കക്കാമെന്ന് കൊതിപ്പിച്ചേച്ച് കണ്മുന്നീന്ന് മാഞ്ഞുപോയ’ തൊട്ടപ്പന്റേയും കുഞ്ഞാട് എന്ന വിളിപ്പേരുള്ള പെണ്‍കുട്ടിയുടേയും ആത്മബന്ധത്തിന്റെ കഥയാണ്. അതോടൊപ്പം ആണധികാരത്തിനും അധികാരശക്തികള്‍ക്കും കീഴടങ്ങേണ്ടീവരുന്ന വര്‍ത്തമാനകാല സാമൂഹികാവസ്ഥയും അധികാരിവര്‍ഗ്ഗത്തിന്റെ ഒറ്റുകാരും പാദസേവകരുമായി സമൂഹം മാറുന്നതിന്റെ രഷ്ട്രീയവും ഈ കഥ ചര്‍ച്ച ചെയ്യുന്നു.
സ്വവര്‍ഗ്ഗരതിയും പ്രതികാരവുമാണ് ‘പെണ്ണാച്ചി’ എന്ന കഥയുടെ ഇതിവൃത്തം. തന്റെ ഇരട്ടയെ കൊന്നവനെ കണ്ടെത്തി പ്രതികാരം ചെയ്യാനായി പുരുഷരതിക്കു തയ്യാറാകുന്ന ചക്കരയുടെ കഥ. അതോടൊപ്പം പെണ്‍കുഞ്ഞുങ്ങളുടെ പീഡനം പോലെ ക്രൂരമാണ് പീഡിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികളുടെ കാര്യവും എന്നും ഈ കഥ നമ്മളോട് പറയുന്നുണ്ട്. ‘ഇരുള്‍രതി’ എന്ന കഥയില്‍ ഒരു അന്ധന് പെണ്ണീന്റെ നഗ്നത വിവരിക്കുന്നത് എങ്ങനെ എന്നറിയാന്‍ ഒരാള്‍ക്കുണ്ടാവുന്ന ഒടുങ്ങാത്ത ആഗ്രഹവും, അതിനായി കണ്ടെത്തുന്ന അന്ധനായ ദാനിയേല്‍ അയാളുടെ തന്നെ ഭാര്യയെ പ്രാപിച്ചിട്ട്, മാനസികവും ശാരീരികവുമായി അയാളെ ഇല്ലാതാക്കുന്നതുമാണ് പറയുന്നത്. ‘കടവരാല്’ എന്ന കഥയില്‍ താന്‍ കാവല്‍ക്കാരനായ റിസോര്‍ട്ടിലെ രതിദൃശ്യങ്ങള്‍ കാമാസക്തനാക്കുന്ന പ്രകാശന്, ഭാര്യ ചിമിരിയെ മാസങ്ങളോളം പ്രാപിക്കാന്‍ കഴിയാതെ പോകുന്നതും, അയല്‍വീട്ടിലെ വിധവയോട് തോന്നുന്ന കാമവും ഒക്കെയാണ് പ്രമേയം. ‘ആദമിന്റെ മുഴ’യില്‍ പുറംലോകവുമായി ബോട്ടു വഴി മാത്രം ബന്ധമുണ്ടായിരുന്ന ജനങ്ങള്‍ തങ്ങളുടെ വന്യമായ കാമാസക്തികള്‍ തീര്‍ക്കാനായി ഒളിച്ചുനോട്ടങ്ങള്ക്കും അവിഹിതബന്ധങ്ങള്‍ക്കും പിന്നാലേ പോകുന്നതും അതിലൂടെയുണ്ടാകുന്ന പ്രതികാരവും ഒരിക്കലും തീരാത്ത പാപചിന്തകളും ഒക്കെയാണ് വിഷയമാകുന്നത്. അതോടൊപ്പം രാഷ്ട്രീയം കൂലിപ്പണിയാവുകയും രക്തസാക്ഷിത്വം അര്‍ത്ഥശൂന്യമാവുകയും ചെയ്യുന്ന വര്‍ത്തമാനകാല രാഷ്ട്രീയവും കഥാകാരന് സൂചിപ്പിക്കുന്നു. കന്യാസ്ത്രീ ആകാന്‍ പോയ, കമ്മ്യൂണിസ്റ്റ് ആയ അച്ചന്റെ മകള്‍, മഠത്തിലെ പീഡനങ്ങൾക്കൊടുവിൽ വീടിന്റേയും അമ്മയുടേയും സ്നേഹത്തണലിലേക്ക് തിരിച്ചുവരുന്നതാണു ‘കക്കുകളി’ എന്ന കഥ. സ്കൂളുകളില്‍ പോലും പെണ്‍കുട്ടികളുടെ നേര്‍ക്ക് അധ്യാപകരുടെ കൈകള്‍ നീണ്ടുചെല്ലുന്നതും, പീഡന വാര്‍ത്തകളോട് സമൂഹത്തിന്റെ തെറ്റായ പ്രതികരണങ്ങളും മറ്റും ‘എലേടെ സുഷിരങ്ങള്‍’ എന്ന കഥ വിഷയമാക്കുന്നു.
മലയാളത്തിലെ പുതുകാല കഥകളുടെ തൊട്ടപ്പനാവാന് ഫ്രാന്‍സിസ് നൊറോണക്ക് അധികകാലം വേണ്ടിവരില്ല എന്ന് ഈ കഥകള്‍ അടിവരയിടുന്നു. മലയാളത്തിന്റെ പ്രിയ കഥാകാരന് സക്കറിയ നൊറോണയുടെ കഥകളെ കുറിച്ച് ഇങ്ങനെ പറയുന്നു “തീരത്തിന്റെ ഉപ്പിലും വിയര്‍പ്പിലും മദജലത്തിലും കുതിര്‍ന്ന് പൊട്ടിത്തെറിക്കുന്ന ഒരു രതിയുടെ ക്രൗര്യവും ഉന്മാദവും ശരീരഭാഷയും മലയാള കഥ ഇതു വരെ കാണാത്ത വിധങ്ങളില്‍ നൊറോണ ആഖ്യാനം ചെയ്യുന്നു. പിടിച്ചിരുത്തി വായിപ്പിക്കുന്ന ഈ കഥകള്‍ എനിക്കു തന്നത് ഭയാനക സൗന്ദര്യങ്ങള്‍ നിറഞ്ഞു നില്ക്കുന്ന ഒരു മാന്ത്രിക അധോലോകത്തിന്റെ മധുരാനുഭവങ്ങളാണ്.”