
മഴ തോർന്നു കഴിഞ്ഞു-
വെങ്കിലും മരം
പെയ്തുകൊണ്ടിരുന്നു..
പൊരക്ക് മുമ്പിലിട്ട
തകര കഷ്ണത്തിൽ നിന്നും
ജലകണികകൾ
ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.
മരത്തണ്ടിൽ
നിന്നൊലിച്ചിറങ്ങുന്ന
വെള്ളത്താൽ മരവും
കുളിരണിഞ്ഞു..
പാരപ്പെറ്റിനുള്ളിൽ
തങ്ങി നിൽക്കുന്ന വെള്ളം
പുറത്തേക്കു ചാടാൻ
ഉന്തുംതള്ളും കൂട്ടി..
ആരോ എറിഞ്ഞ
പുളിങ്കുരു മഴ തോരാൻ
കാത്തിരുന്നപോൽ
തലഉയർത്തി നോക്കുന്നു.
വലിച്ചു കെട്ടിയ
ടാർപായയിൽ നിന്നുറ്റി വീഴുന്ന
ബാഷ്പഗണങ്ങളും
തന്റെ കഥനകഥകൾ മൊഴിയുന്നു..
വെളളമിതുവരെകാണാ-
മകുടകൂടാരവും
മുങ്ങിക്കുളിച്ച
പൊലിവിലിരിക്കുന്നു…
മേൽ നനച്ച മഴത്തുള്ളികൾ
കുടഞ്ഞ് ദൂരെ തെറിപ്പിച്ച്
കുറിഞ്ഞിപൂച്ച
അതിൻ്റെ ഭാഷയിൽ
പുലമ്പുന്നു…
അപ്പോഴതാ…
അങ്ങകലെ നനഞ്ഞ
കുർത്തയിൽ മുറുകി പിടിച്ച്
സുലൈമാൻക്ക ഓടി
കിതച്ചു വരുന്നു…
കറുത്ത മഷിയാൽ വരയിട്ട
മൂപ്പരുടെ ലുങ്കിയിൽ
അങ്ങിങ്ങായി ചളി
തെറിച്ചതായി കാണാം.
ഒരുമുണ്ടെടുത്ത് തല
തോർത്തിയയാൾ
മഴയെ ശപിച്ചുക്കൊണ്ടിരിന്നു..
അപ്പോഴും മഴ അറിയാതെ
ചാറ്റിക്കൊണ്ടിരി
ക്കുന്നുണ്ടായിരുന്നു….









