ഓണം

വിട്ടുപോയൊരു ബാ
ല്യത്തിൻ നോവുമായി
തൊട്ടടുത്തെത്തി
പൊന്നോണപ്പൂവിളി.
ഭാരമാണെനിക്കോ
ണത്തിന്നോർമ്മകൾ
എങ്കിലും….
ആ ഭാരമില്ലാതെ
നിക്കെന്തു ജീവിതം?

കുഞ്ഞിളം കൈയാൽ
പൂക്കളം നേദിച്ചു.
പ്രിയമുള്ളൊരാളേ
ലുമെത്തുമെന്നാശ
തുടുത്തുള്ളിലോണം
നിറയവേ,യപ്പുറ
ത്താർപ്പോ വിളി,പാട്ടി
ന്നാരവ,മലകടൽ
കോരിയെടുത്തെന്നെ
ആഴത്തിൽ മുക്കുന്നു.

ഒക്കെയുമോർമ്മകൾ
ബാല്യത്തിൻ മുറ്റത്ത്
കൊത്തിപ്പെറുക്കുന്ന
കൊച്ചരിപ്രാവുകൾ.

മൗനത്തിൻ മേഘം
മെടഞ്ഞൊരു കൂരയിൽ
പൂക്കാമരങ്ങൾക്കു
കാവലാളിന്നു ഞാൻ.
രാവാണു ചുറ്റിലും,
കർണ്ണം തുളയ്ക്കുന്ന
രാവൊച്ച നീറ്റിയ
രക്തപ്രഭാതങ്ങൾ..
പട്ടിണി വിൽക്കുന്ന
അടിയാളദേശങ്ങൾ
റീലുകൾ നെയ്യുന്ന
ജെൻസിത്തുടിപ്പുകൾ.

മക്കളെ തേടുന്ന
വാർദ്ധക്യനൊമ്പരം.
ഇനിവരുമോണത്തി
നെങ്കിലുമെങ്ങളെ
കൂട്ടീട്ടു പോമെന്ന
ദീർഘനിശ്വാസങ്ങൾ.

നാവുടഞ്ഞാർദ്രമായ്
മൗന ശൈലങ്ങളിൽ
ഒറ്റവിരലൂന്നി
നോമ്പെടുക്കുന്നു ഞാൻ

ഇനി വരുമോണങ്ങൾ
പച്ചപ്പിൻ തുഞ്ചത്ത്
പൂക്കൾ വിടർത്തുന്ന
ആർപ്പോ വിളികളും
പൊന്നൂയലാടുന്ന
പുഞ്ചിരിക്കൊഞ്ചലും
പൈമ്പാൽ മധുരവും
ഒന്നിച്ചുണരുമെ
ന്നാശിച്ചുപോകുന്നു.

കേരള പോലീസിൽ എസ്.പി. പ്രസിദ്ധീകരിച്ച കൃതികൾ : ഉറുമ്പുകൾ ഭൂപടം വരയ്ക്കുമ്പോൾ (കവിതകൾ), സഖീ ഞാൻ മടങ്ങട്ടെ (കവിതകൾ), നാവു ദഹനം (കവിതകൾ), ഇവിടെയൊരാളുണ്ട് (കവിതകൾ), ജനിക്കാത്തവരുടെ ശ്മശാനം (കഥാസമാഹാരം ), മൈ സ്റ്റോറി - (യു എ ഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിൻ്റെ ആത്മകഥയുടെ മലയാളം പരിഭാഷ).