സത്യം ചെരുപ്പുതേടുമ്പോൾ

സ്വന്തം
ചെരുപ്പന്വേഷിച്ച്
തെരുവുകളിൽ
അലഞ്ഞുനടക്കുകയാണ്
വഴിയടച്ചകറ്റിയ
പാറ്റകളെപ്പോലെ-
സത്യം..!

കാഴ്ചകൾ മറയ്ക്കുന്ന
വെടിപ്പുകകൾക്കും
ചോരതെറിച്ച് വികൃതമായ
സ്വപ്നങ്ങൾക്കുമിടയിൽ
ചിതറിവീണ
കണ്ണീർത്തുള്ളികളുടെ
ചൂടേറ്റു പൊള്ളിയടർന്ന
ചെരുപ്പുകൾക്കിടയിലേക്ക്
പതിവിലും വേഗത്തിൽ
ലോകം ചുറ്റിയെത്തുന്നു-
നുണ..!

നിറംപിടിപ്പിച്ച
പുതിയ വാക്കുടുപ്പുകളണിഞ്ഞ്
കുഴലൂത്തുകാരുടെ
ചില്ലുജാലകങ്ങളിലൂടെ
സത്യത്തെ നോക്കി,
നുണ ഇപ്പോഴും
പല്ലിളിച്ചുകൊണ്ടിരിക്കുന്നു…!!

കണ്ണൂർ സ്വദേശി. ദുബായിൽ ജോലി ചെയ്യുന്നു. ആനുകാലിക മാഗസിനുകളിലും സോഷ്യൽ മീഡിയകളിലും എഴുതുന്നു. 'ഗുൽമോഹർ ഇത് നിനക്കായ്', 'നീക്കിയിരുപ്പ്', 'നിന്നോർമ്മയിൽ', 'ചില നേരങ്ങളിൽ' തുടങ്ങിയ ആൽബങ്ങൾക്ക് വരികൾ എഴുതി. 'ലേബർ ക്യാമ്പുകളിലെ തലയിണകൾ' എന്ന കവിത സമീപകാലത്തു വളരെ ശ്രദ്ധ നേടുകയുണ്ടായി.