എന്റെ വായന : അകം ( നോവല്‍ ) – കെ ആര്‍ മല്ലിക

ഇന്ന് വായനക്കെടുത്ത പുസ്തകം കെ.ആര്‍.മല്ലിക എഴുതിയ അകം എന്ന നോവല്‍ ആണ്. ആഖ്യായന ശൈലിയിലും വിഷയാവതരണത്തിലും അത്യന്തം നവ്യമായ ഒരു രചനാ രീതിയാണ് കെ.ആര്‍.മല്ലിക ഈ നോവലിലൂടെ പരിചയപ്പെടുത്തുന്നത് . മൂന്നുതലമുറയിലെ സ്ത്രീകളെ വിവിധങ്ങളായ സാഹചര്യങ്ങളിലൂടെ നടത്തിക്കൊണ്ട് പോകുവാന്‍ നോവലിസ്റ്റ് ശ്രമിച്ചിട്ടുണ്ട് . അതിന്റെ വായനാനുഭവം അത്രയും നന്നായിരുന്നു എന്നതാണു നോവലിന്റെ മഹത്വം ആയി പറയാനുള്ളത് . സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരുടെ പ്രത്യേകിച്ചു സ്ത്രീകളുടെ ജീവിതത്തെ അധികമാരും അടയാളപ്പെടുത്തിക്കണ്ടിട്ടില്ല എന്നതിനാല്‍ ഈ നോവല്‍ ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. അമ്മയില്‍ നിന്നും തുടങ്ങി മകളിലും മകളുടെ മകളിലും ചെന്നു നില്‍ക്കുന്ന കഥാതന്തു വായനക്കാരില്‍ മുഷിപ്പ് അനുഭവപ്പെടാതെ കൊണ്ടുപോകാന്‍ കഴിയുന്ന രീതിയില്‍ ത്തന്നെയാണ് അവതരിപ്പിച്ചിരിക്കുന്നത് . മാറുന്ന കാലഘട്ടം, മാറുന്ന കാഴ്ചപ്പാടുകള്‍ മാറുന്ന പ്രതിരോധങ്ങള്‍ ഒക്കെയും വളരെ സ്പഷ്ടമായി വായനക്കാരെ മനസ്സിലാക്കിച്ചുകൊടുക്കാന്‍ കെ.ആര്‍.മല്ലികയ്ക്ക് കഴിഞ്ഞിട്ടുണ്ട് .

സമൂഹ ജീവിതത്തിന്റെ പഴയ കാലഘട്ടം മനസ്സിലാക്കാനും അത് എങ്ങനെ ഓരോ തലമുറയിലും അവരുടെ ജീവിതത്തിലും ചിന്താഗതിയിലും പ്രതിഫലിപ്പിക്കാനും കഴിയുന്നു എന്നത് പറഞ്ഞു മനസ്സിലാക്കിക്കാന്‍ കഴിയുന്നതിലും നല്ലത് അവയെ വരച്ചു കാണിക്കുക എന്നതാണു. സാഹിത്യ രചനകള്‍ എല്ലാം തന്നെ ഒരു തരത്തില്‍ ചിത്രങ്ങളുടെ ആഖ്യായനം ആണ്. വായനക്കാരന് ഒരു പ്രതലത്തിലൂടെയുമല്ലാതെ മനസ്സില്‍ അവയെ അതേ നിറങ്ങളും മിഴിവുകളും ആയി കാണാനും മനസ്സിലാക്കാനും അത് സഹായിക്കുന്നു. കുടുംബ ജീവിതത്തിലെ, സ്ത്രീയുടെ പ്രത്യേകിച്ചും ദാരിദ്ര്യ രേഖയ്ക്ക് താഴെ ജീവിക്കുന്ന സ്ത്രീയുടെ അവസ്ഥയും അനുഭവങ്ങളും അവയെ അവര്‍ക്ക് എങ്ങനെ മറികടക്കാന്‍ കഴിയുന്നു എന്ന കാഴ്ചകളും അതിലവര്‍ നേരിടുന്ന വിജയപരാജയങ്ങളും വളരെ നന്നായി തന്നെ ഈ നോവലില്‍ പറഞ്ഞു വയ്ക്കുന്നുണ്ട്. ഓരോ തലമുറയും അവരുടെ കുടുംബ ജീവിതത്തിലേക്ക് കടക്കുമ്പോള്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍ എന്താണ് അല്ലെങ്കില്‍ അവയില്‍ സ്ഥായിയായ എന്തെങ്കിലും ഘടകങ്ങള്‍ മാറാതെ നിലനില്‍ക്കുന്നുണ്ടോ എന്നൊക്കെയുള്ള ഒരു അന്വേഷണം ആയും ഇതിനെ വായിക്കാന്‍ കഴിയും.

രാഷ്ട്രീയ സാമൂഹിക വിഷയങ്ങളിലെ സ്ത്രീയുടെ കാഴ്ചപ്പാടിനെ വ്യക്തമായി അടയാളപ്പെടുത്താന്‍ കെ.ആര്‍.മല്ലികയിലെ നോവലിസ്റ്റിന് കഴിയുന്നുണ്ട് എന്നത് ഈ നോവലിന്റെ വിജയ ഘടകങ്ങളില്‍ ഒന്നായി കണക്കാക്കാം. ഒഴുക്കുള്ള , ലളിതവും ശക്തവും സാന്ദ്രവുമായ ഭാഷയും പ്രയോഗങ്ങളും ശൈലിയും കൊണ്ട് വായനയില്‍ കല്ലുകടികള്‍ ഇല്ലാതെ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുന്നതിനാല്‍ ഒറ്റയിരുപ്പിന് വായിച്ചു തീര്‍ക്കാനാവുന്ന ഒരു നോവല്‍ ആണ് ഇതെന്ന് പറയാം. അധികം വായിക്കപ്പെടേണ്ടതുണ്ട് ഈ എഴുത്തുകാരിയുടെ രചനകളെ എന്നു കരുതുന്നു.

അകം (നോവല്‍)
കെ ആര്‍ മല്ലിക
മാതൃഭൂമി ബുക്സ്
വില 100 രൂപ

ആനുകാലികങ്ങളിലും സാമൂഹ്യ മാധ്യമങ്ങളിലും സജീവമായി എഴുതുന്നു. കനൽ ചിന്തുകൾ എന്ന കവിതാ സമാഹാരം ആദ്യ പുസ്തകം. ദുബായിൽ ഇൻഡസ്ട്രിയൽ സേഫ്റ്റി വിഭാഗത്തിൽ ഉദ്യോഗസ്ഥൻ. വർക്കല സ്വദേശി.