
മലയാള കവിതാ ലോകം നിരന്തരം പരിഷ്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എങ്കിലും കാലികമായ പരിഷ്കാരങ്ങള്‍ അവയില്‍ ഉണ്ടാകുന്നുണ്ടോ എന്നത് ഒരു ചോദ്യം തന്നെയാണ്. എല്ലാവരും കവിത എഴുതുന്ന ഒരു കാലം വരും വരെയും ഈ പരിഷ്കാരങ്ങള്‍ തുടരട്ടെ. എന്തെഴുതണം എങ്ങനെ എഴുതണം എന്നൊക്കെ ഉള്ള പരിശീലനക്കളരികള്‍ ഇന്നത്തെ കവികള്‍ക്ക് ആവശ്യമുള്ള ഒന്നായി തോന്നുന്നില്ല. എഴുതാനുള്ള സ്വാതന്ത്ര്യം അതിനെ വിനിയോഗിക്കാനുള്ള മാധ്യമം ഇവ രണ്ടും മാത്രം മതി. ഭാഷാ ജ്ഞാനം പോലും ആവശ്യമില്ല ഇന്ന് കവിതയ്ക്ക്. “വെള്ളം വെള്ളം സര്‍വ്വത്ര തുള്ളി കുടിക്കാന്‍ ഇല്ലത്രെ” എന്ന അവസ്ഥ കവിതയിലും അനുയോജ്യമാകുന്നുണ്ട് എന്നതാണു പലപ്പോഴും സോഷ്യല്‍ മീഡിയകളും, ഗ്രൂപ്പുകളും, പ്രിന്റ് മീഡിയകളും കാണുമ്പോളനുഭവപ്പെടുന്നത് .
ഇങ്ങനെയൊക്കെ ആണെങ്കിലും ചിലപ്പോള്‍ വേനല്‍ മഴപോലെ ചില കവിതകള്‍ വായനക്കാരെ വിശിഷ്യാ ആസ്വാദകരെ തേടി വരാറുണ്ട്. അതിന്റെ മധുരം പലപ്പോഴും കവിതയോടുള്ള ഈര്‍ഷ്യ അകറ്റാനും പുതിയവ കാത്തിരിക്കാനും പ്രതീക്ഷ നല്‍കാറുമുണ്ട്. ഇന്നത്തെ വായന ‘ഡോ. രമ്യ വി.എസ്.’ എഴുതിയ “മോഹമേരു” എന്ന കവിത സമാഹാരത്തെക്കുറിച്ചാണ്. മൈക്രോസ്കോപ്പുകളും സൂക്ഷ്മാണുക്കളുമായി നിരന്തരം വിനിമയങ്ങള്‍ നടത്തുന്ന ഒരു മനസ്സില്‍ നിന്നും കവിതകളുടെ മായാകിരണങ്ങളെ വികിരണം ചെയ്യാന്‍ കഴിയുന്ന അവസ്ഥ അഭിനന്ദനാര്‍ഹമായ ഒന്നാണ്. തിരക്കുകള്‍ക്കിടയിലെ ജീവിതം കവിതയുടെ ലോകത്തിന് വേണ്ടിക്കൂടി തുറന്നു വയ്ക്കുന്ന ഡോ.രമ്യയുടെ ആദ്യ കവിത സമാഹാരമാണ് മോഹ മേരുവെന്ന ഈ പുസ്തകം. 75 കവിതകള്‍ അടങ്ങിയ ഈ പുസ്തകത്തിന് അവതാരിക എഴുതിയത് ശ്രീ. കെ. ജയകുമാര്‍ ഐ. എ. എസ്. ആണ്.

ജീവിതത്തിലെ വിവിധങ്ങളായ മുഹൂര്‍ത്തങ്ങളെ അടയാളപ്പെടുത്തുന്ന ഈ കവിതകള്‍, പ്രണയവും സാമൂഹിക വിഷയങ്ങളും ആരോഗ്യവിഷയങ്ങളും സ്ത്രീ ജീവിതത്തിന്റെ കഠിനമായ ചില അവസ്ഥകളും ബാല്യവും പ്രകൃതിയും ഒക്കെ വിഷയമാക്കിയ വിവിധങ്ങളായ ആസ്വാദക നിലവാരങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഒന്നാണ്. കവിതകള്‍ വായിക്കുമ്പോള്‍ ആദ്യം തന്നെ തോന്നിയ ഒരു ചിന്ത ഒരു കവിതക്കളരിയില്‍ വിഷയം നല്കി കവിതകള്‍ എഴുതിക്കുന്ന മത്സരത്തില്‍ പങ്കെടുത്ത ഒരാളുടെ എഴുത്തുകള്‍ ആണോ ഇവ എന്നാണ് . കാരണം ഓരോ കവിതയ്ക്കും ഓരോ തലക്കെട്ടുകള്‍ ഉണ്ട് . കവിത ആ തലക്കെട്ടിനുള്ളില്‍ ഒതുങ്ങിക്കൂടുന്നു. ചിലപ്പോഴൊക്കെ പ്രണയത്തിന്റെ അതിവൈകാരികമായ മായാവലയത്തില്‍പ്പെട്ടുഴറുന്ന ഒരു കാമിനിയായോ അതിലുപരി സ്വപ്നലോകത്തില്‍ സഞ്ചരിക്കുന്ന ഒരു മനസിന്റെ ഉടമയായോ കവിതകളെ വായിക്കപ്പെടുന്നുണ്ട്. സ്ത്രീകളുടെ മാനസിക ഭാവങ്ങളെ പുരുഷ കാഴ്ചകളിലൂടെ അവതരിപ്പിക്കപ്പെടുന്ന പരകായ പ്രവേശത്തിന് കവി ശ്രമിക്കുന്നത് എല്ലാ കവിതകളിലും കാണാന്‍ കഴിയുന്നുണ്ട്.
ഒരു സ്ത്രീയുടെ, ഒരു പ്രണയിനിയുടെ, ഒരമ്മയുടെ, ഒരു കൊച്ചുമകളുടെ ഒക്കെ ഭാവാന്തരീക്ഷങ്ങള്‍ കവിതയില്‍ ഉണ്ടാകുന്നുണ്ട്. മഴയെയും , മഞ്ഞിനെയും പുഴയെയും ഒക്കെ തന്റെ ശൈലിയില്‍ വാര്‍ത്തെടുക്കുമ്പോള്‍ വായനയില്‍ കല്ലുകടികള്‍ ഉണ്ടാകുന്നില്ല . മറ്റുള്ളവര്‍ പറഞ്ഞു പോകുന്ന സ്ഥിരം പാറ്റേണുകള്‍ ഒഴിവാക്കി സ്വന്തമായ ഒരു ശൈലി കവി പിന്തുടരുന്നത് കവിതാ ലോകത്തിന് ഒരു നല്ല ദിശാബോധം നല്കാന് ഉപയുക്തമാണ്. ഭാഷയുടെ പ്രയോഗങ്ങളും വിന്യാസവും പൊതുവായി ഇന്നത്തെ കവികളില്‍ കാണുന്ന ഭാഷ അറിവില്ലായ്മയെ ഒളിപ്പിക്കല്‍ പോലുള്ള ഗിമ്മിക്കുകള്‍ ഉപയോഗിക്കുന്നതല്ല എന്നു മനസ്സിലാക്കിക്കുന്ന രചനാ രീതിയുടെ സന്തോഷം വായനയില്‍ വളരെ നന്നായി തോന്നിപ്പിച്ചു.
ഓരോ കവിതകളും ഓരോ വിഷയങ്ങളെ ആസ്പദമാക്കി ആണെങ്കിലും അവയിലൊക്കെയും ഒളിഞ്ഞും തെളിഞ്ഞും ജീവിതത്തിന്റെ പാതകള്‍ വരച്ചിട്ടിട്ടുണ്ട്. വൈകാരിക മുഹൂര്‍ത്തങ്ങളെയും അനുഭവങ്ങളെയും പാഠങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട് . മാനുഷിക മൂല്യങ്ങളെ പറഞ്ഞു പോകാനും അവയിലെ മധുരവും എരിവും ചൂണ്ടിക്കാണിക്കാനും ശ്രമിക്കുന്നുണ്ട്. സമൂഹത്തോട് ചോദ്യങ്ങള്‍ ഉണ്ട്. അതുപോലെ സ്ത്രീയുടെ അടുക്കള എന്ന അലിഖിത സാമ്രാജ്യത്തിനപ്പുറം അവളുടെ സ്വന്തം ആകാശം ഉണ്ടെന്ന പ്രഖ്യാപനങ്ങള്‍ ഉണ്ട്. കുടഞ്ഞെറിയാന്‍ വെമ്പുന്ന പെണ് മനസ്സുകള്‍ ഉണ്ട്. ആകുലതയുടെ അമ്മ മനസ്സുകള്‍ ഉണ്ട്. സാരോപദേശത്തിന്റെ മുത്തശ്ശി ചിന്തകള്‍ ഉണ്ട്.
കവിതകളുടെ ഏകീകൃതമായ പാതയിലൂടെയല്ലാതെ പല കൈവഴികള്‍ ആയി ഒഴുകി ഒരു സമുദ്രത്തില്‍ (വായനക്കാരനില്‍ ) എത്തുന്ന അനവധി പുഴകളെ ഓര്‍മ്മിപ്പിക്കുന്നു ഡോ. രമ്യ വി.എസ്സി. ന്റെ ഈ കവിതകള്‍. തുടക്കം തന്നെ നല്ല ഒരു സംഭാവന നല്കാന് കഴിഞ്ഞ ഈ കവിയില്‍ നിന്നും കൂടുതല്‍ മനോഹരങ്ങള്‍ ആയ വായനകള്‍ പ്രതീക്ഷിക്കുന്നു.
മോഹമേരു(കവിതകള്‍)
ഡോ. രമ്യ വി.എസ്
കൈരളി ബുക്സ്
വില: ₹ 260.00






