മേതിൽ രാധാകൃഷ്ണന് മാതൃഭൂമി സാഹിത്യ പുരസ്‌കാരം

മലയാളസാഹിത്യത്തിൽ തന്റെ വ്യത്യസ്തമായ സൃഷ്ടിപ്രതിഭയിലൂടെ ശ്രദ്ധേയമായ ഇടം നേടിയ എഴുത്തുകാരനായ മേതിൽ രാധാകൃഷ്ണന് 2025-ലെ മാതൃഭൂമി സാഹിത്യപുരസ്‌കാരം ലഭിച്ചു. ഭാഷയുടെ സൃഷ്ടിപരമായ വിന്യാസവും ആഴമുള്ള ചിന്തയും പുതുമയാർന്ന ഭാവനയും കൊണ്ടു സാഹിത്യലോകത്ത് വ്യക്തമായ അടയാളം പതിപ്പിച്ച അദ്ദേഹത്തിന്റെ സമഗ്ര സാഹിത്യ സംഭാവനകളെ പരിഗണിച്ചാണ് പുരസ്‌കാരം. സി. രാധാകൃഷ്ണൻ, സാറാ ജോസഫ്, കല്പറ്റ നാരായണൻ എന്നിവർ അംഗങ്ങളായ സമിതിയാണ് പുരസ്‌കാരജേതാവിനെ തിരഞ്ഞെടുത്തത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.

ആറു ദശാബ്ദത്തിലേറെയായി മലയാള ഭാഷാസാഹിത്യത്തിൽ എഴുത്തിന്റെ വിസ്മയം തീർക്കുന്ന മേതിലിന് മാതൃഭൂമി പുരസ്‌കാരം ലഭിക്കുമ്പോൾ, ഈ ദേശത്തിന്റെ ഭാഷയും ഭാവനയുമാണ് ആദരിക്കപ്പെടുന്നത് എന്ന് പുരസ്കാരസമിതി വിലയിരുത്തി.

മാർച്ച് 18-ന് കോഴിക്കോട്ട് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം മേതിലിന് സമർപ്പിക്കും.