
ഡിജിറ്റൽ ഫോർമാലിനിൽ
നിത്യനിദ്രകൊള്ളുന്നു
ശീതീകരിക്കപ്പെട്ട
സൈബർപെട്ടിക്കുള്ളിലൊരു
മുതിർന്ന കഡാവർ*
ഫേസ്ബുക്കിൻ്റെ നീലത്തിരികളിലേക്ക്
തുറന്നു വെച്ച കണ്ണുകൾ
സ്ക്രോൾ ചെയ്യുന്ന വിരലുകൾ
മരണത്തിനു മേലെ സ്വൈപ്പ്
നുറുങ്ങിയ ഹൃദയത്തിൻ്റെ ചോര
ലവ്വും ലൈക്കുമില്ലാത്ത,
മഞ്ഞ മുഖത്തെ നീലക്കണ്ണീര്
വളയിട്ട കൂപ്പുകൈകൾ,
പ്രണാമം,
ആദരം,
അജ്ഞലികളും,
മണ്ണിൽ നിന്ന് ജനിച്ചവനേ
മണ്ണിലേക്ക് തന്നെ മടങ്ങുക,
ശാന്തമായുറങ്ങുക…..
വേദഗ്രന്ഥമോതുന്ന
എഐ പുരോഹിതർ
ശ്രുതി താഴ്ത്തി കരഞ്ഞുകൊണ്ട്,
ശ്മശാനത്തിലേക്ക്
ശവഘോഷയാത്രയെ
അനുഗമിക്കുന്ന നിർമ്മിതഹൂറികൾ
വൈഫൈ കണക്ഷനുള്ള ഖബർ
ഡ്രോപ്ബോക്സിൽ അടക്കം ചെയ്ത
കഡാവറിൻ്റെ ഓർമ്മകൾ
മീസാൻകല്ലിലൊട്ടിച്ച
ക്യൂആർ കോഡ് സ്കാൻചെയ്താൽ
അയാൾ ഉപേക്ഷിച്ചുപോയ
ജീവിതത്തെ വീണ്ടും കാണാം
ഹൃദയത്തിൻ്റെ മിടിപ്പു കേൾക്കാം
ഹൂർലീങ്ങൾ വിളിച്ചു പറയുന്നു:
“ഇല്ലായില്ലാ മരിച്ചിട്ടില്ല
ഈ പുണ്യദേഹം
ഞങ്ങളുടെ അൽഗോരിതങ്ങളിൽ
ജീവിക്കുന്നു..”
കഡാവറിൻ്റെ പുതിയ പ്രൊഫൈൽ,
നിർമ്മിത സ്വർഗ്ഗകുമാരി
ഇങ്ങനെ പുതുക്കി :
വിലക്കപ്പെട്ട വൃക്ഷത്തിൻ്റെ
മുന്നിൽ നിന്ന്
സെൽഫിയെടുക്കുന്ന
നഗ്നനായ കഡാവറിൻ്റെ വീഡിയോ;
അയാൾക്കു ചുറ്റും പറക്കുന്ന
ചുവന്ന ഹൃദയം പോലത്തെ
ചിറകുകളുള്ള ചിത്രശലഭങ്ങൾ
ശവമടക്കിൻ്റെ നാല്പതാംപക്കം,
പ്രാർത്ഥനായോഗത്തിനു ശേഷം
പ്രധാനപുരോഹിതൻ
മുൻപ്രവാസിയായ കഡാവറിൻ്റെ പേരക്കുട്ടിക്ക്,
എല്ലാ ഭൗതിക സ്വത്തുക്കളുടെയും
ഡാറ്റ അടക്കം ചെയ്ത
ട്രങ്ക്പെട്ടീലെ നമ്പർപൂട്ടിൻ്റെ
അതിപുരാതനമായ പാസ്വേഡ്
കൈമാറി : 786.**
*കഡാവർ’: മൃതദേഹം
**പഴയകാല ഗൾഫുകാർ തങ്ങളുടെ സമ്പാദ്യങ്ങൾ കൊണ്ടുവരുന്ന സ്യൂട്ട്കേസിൻ്റെ നമ്പർ ലോക്കിൻ്റെ കോഡ് 786 എന്നാണ് സെറ്റു ചെയ്യുന്നത്. ഇത് മുസ്ലിം സാമാന്യജനത്തിന് ഒരു പുണ്യ സംഖ്യയാണ്. ‘ബിസ്മില്ലാഹ് അൽ റഹ്മാൻ അൽ റഹീം’ (In the name of Allah, the Most Gracious, the Most Merciful) എന്നാണ് സംഖ്യയുടെ പൊരുളായി കണക്കാക്കുന്നത്.








