
ശ്രീ ബാബു എബ്രഹാമിന്റെ കമ്പിളിക്കണ്ടത്തെ കൽഭരണികളിലൂടെ ഒരു യാത്ര
സമീപകാലത്ത് ഡി.എൻ.എയും വിദ്യാഭ്യാസവും തമ്മിൽ ബന്ധമുണ്ടെന്ന വിമർശനാത്മക വിവാദം ശ്രദ്ധയിൽപെട്ടിരുന്നു. വിദ്യാഭ്യാസത്തെ ഡി. എൻ. എയുമായി ബന്ധപ്പെടുത്തിയത് അസംബന്ധമണ് എന്ന വ്യക്തമായ ധാരണ ഉണ്ടായിരുന്ന അതേ സമയത്താണ് കൽഭരണികളിലൂടെ കടന്ന് പോയത്. വിദ്യാഭ്യാസത്തിന് കഠിനാധ്വാനം എന്ന വാക്കിനോളം ബന്ധം മറ്റൊരു പദവുമായി ഉണ്ടാകില്ല എന്ന ഉറപ്പ് ബാബുവിനെപോലുള്ള വ്യക്തികൾ നൽകുമ്പോൾ അത്തരം പ്രസ്താവനകളിൽ വഴുക്കി വീഴേണ്ടതേയില്ല എന്ന് ആത്മവിശ്വാസത്തോടെ പറയാൻ കഴിയും. ഡി.എൻ. എ വിവാദത്തിന് കമ്പിളിക്കണ്ടത്തെ ബാബുവുമായി യാതൊരു ബന്ധവുമില്ല എങ്കിലും ചില തെറ്റിദ്ധാരണകൾ തൂത്തെറിയുവാനും ആത്മവിശ്വാസം നൽകുവാനും കൽഭരണികൾ ഉപകരിക്കും.
വിദ്യാഭ്യാസം എന്നത് ഒരു പ്രശ്നം എങ്കിൽ പരിശ്രമം എന്നതാകണം പരിഹാരം എന്ന വചനവുമായി ഇടുക്കിയിലേക്ക് ഒന്ന് പോയ് വരാം. അവർണനാകട്ടെ സവർണനാകട്ടെ സാമ്പത്തിക സ്വാതന്ത്ര്യം കൈവരുന്നതോടെ എല്ലാവിധ വർണങ്ങൾക്കും പൂര്‍ണ വിരാമം ഉണ്ടാകുന്നെന്ന് കാലവും അനുഭവങ്ങളും പലരിലൂടെ പറഞ്ഞുവെച്ചിട്ടുണ്ട്. സാഹചര്യം വില്ലനായപ്പോൾ അതിനെ വരുതിയിലാക്കിയ വിരുതനാണ് ശ്രീ ബാബു എബ്രഹാം എന്നും വിദ്യാഭ്യാസം ആയിരുന്നു അദ്ദേഹത്തിന്റെ ഏക ആയുധം എന്നും കൽഭരണികൾ കഥ പറയുന്നു. വിദ്യാഭ്യാസം നൽകുന്ന അന്തസ്സിലൂടെ വിദ്യാഭ്യാസത്തിലൂടെ നേടിയ കരുത്തിലൂടെ എത്രയോ ജീവിതങ്ങൾ മാറി മറിഞ്ഞിരിക്കുന്നു. നിരന്തരമായ പരിശ്രമത്തിലൂടെ,നിരന്തരമായ പോരാട്ടങ്ങളിലൂടെ, സ്ഥിരോത്സാഹം കൈമുതലാക്കിയതിലൂടെ ജീവിതത്തിന്റെ ഗതിമാറ്റി വിട്ട ഒരുപാട് പേരുടെ കൂടെ ശ്രീ. ബാബു എബ്രഹാമും പേരു ചേർക്കുകയാണ്. ത്യാഗങ്ങളുടെ, നിരന്തര ശ്രമങ്ങളുടെ കണ്ണുനീരിന്റെ പ്രതിഫലം അദ്ദേഹത്തിനും ലഭിച്ചു തുടങ്ങിയിരിക്കുന്നു.
ജീവിതം ഓർമ്മ പുസ്തകമായ കമ്പിളിക്കണ്ടത്തെ കൽഭരണികളിലൂടെ കമ്പിളിക്കണ്ടത്തെ അറിയാം. നന്ദികുന്നേൽ മേരീടെ മോൻ ബാബു ചുമന്ന കൽഭരണികളിലൊക്കെയും വീഞ്ഞിന്റെ വീര്യവും വീറുമുണ്ട്. അല്പാല്പമായി മാത്രം നാവിലൂടൂർന്നിറങ്ങി അന്തരാത്മാവിന്റെ ദാഹത്തെ കെടുത്തുന്ന മരുന്നിന് വീഞ്ഞെന്ന പേര് നൽകിയതാരാണ്? വായന നൂറ്റി എൺപത്തിനാലാം പേജിലെത്തും വരെ, ശുഭകരമായ ഒരു അവസാന പേജിൽ പിന്നീടുള്ള കാലം മേരി കുഞ്ഞാടുകളോടൊപ്പം സസുഖം വാണു എന്നൊരു വരിക്കായി ഞാൻ എന്റെ പ്രതീക്ഷകളെ വളർത്തി. ആ പേജിലെത്തിയ എന്റെ പ്രതീക്ഷയുടെ ചിറകരിഞ്ഞുകൊണ്ട് ആ ഡോക്ടർ നിർദേശിച്ച കാര്യങ്ങളിൽ എന്റെ വായന കുറേ നേരത്തേക്ക് തറഞ്ഞു നിന്നു പോയി. കുടുംബത്തേ ചേർത്ത് പിടിച്ചു കൊണ്ട് മേരി കൊണ്ടു പോയ ലോകം മറ്റൊന്നായിരുന്നു. ഡാമിന് താഴേക്ക് കനം കുറഞ്ഞ തൂവലാകുന്ന യാത്രയിലേക്ക് മക്കളെ കൂട്ടിയ നിസ്സഹായായ അമ്മ എത്ര പെട്ടെന്നാണ് ശക്തയായ സിംഹിനിയായി മാറിയത്. തെള്ളിത്തോട് പള്ളിക്കകത്ത് പുരുഷന്മാരുടെ വശത്ത് അൽപം കുനിഞ്ഞു നിന്നിരുന്ന യൗസേപ്പ് പിതാവ്, അന്ന് നോട്ടമെത്തിക്കാൻ മെനക്കിടാഞ്ഞതിനാൽ മേരിയുടെ പരിവേദനങ്ങൾ അദ്ദേഹം കേട്ടു കാണില്ല.

“നമ്മൾ ഇവിടന്നു കല്ലാർകുട്ടി ഡാം വരെ നടക്കും. അവിടെച്ചെന്ന് പാലത്തിൽ നിന്ന് അമ്മ വെള്ളത്തിലേക്കെടുത്ത് ചാടും. അമ്മ ചാടിക്കഴിയുമ്പോൾ മക്കൾ ഓരോരുത്തരായി ചാടിയാൽ മതി”എന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ അമ്മയോട് നമ്മളെ അറിയാത്തിടത്ത് പോയി ഭിക്ഷ തെണ്ടി ജീവിക്കാമെന്നപേക്ഷിച്ച ഒരു പത്ത് വയസ്സുകാരിയുടെ മരണഭയത്തെ പിന്നീടുള്ള ഓരോ നിമിഷവും ജീവിക്കാനുള്ള കാരണങ്ങളാൽ രാകി മൂർച്ചവെപ്പിച്ച നന്ദികുന്നേൽ മേരിയുടെ ആവേശം പിന്നീട് കൽഭരണികളിൽ കൽക്കണ്ടമായി നിക്ഷേപിക്കപ്പെടുകയാണ്.
ഉത്തരാവിദിത്വങ്ങളിൽ നിന്ന് അകലെ പറന്ന ഭർത്താവിന്റെ കുറവുകളെ പഴിക്കാതെ സ്വന്തം ഉത്തരവാദിത്വങ്ങളിലേക്ക് ദൃഷ്ടിയൂന്നി സഞ്ചരിച്ച ഒരു സ്ത്രീയണ് മേരി. തളർത്താൻ ശ്രമിച്ച രോഗങ്ങളെ പോലും നാണംകെടുത്തി തിരികെ അയച്ച സന്ദർഭങ്ങൾ അവരുടെ ജീവിതത്തിലൂടെ രേഖപ്പെടുത്തുന്നുണ്ട്. തന്നെ ഇഞ്ചിഞ്ചായി ചതച്ചെടുത്ത മനുഷ്യനെ വീണ്ടും തന്നിലേക്ക് ചേർത്ത് ദുരിതം പേറിയപ്പോൾ,ആ മനുഷ്യൻ വീണ്ടും ആ കുഞ്ഞുങ്ങളടെ കണ്ണീരിന് കാരണമാകുന്നതിൽ മേരിക്കും പങ്കുണ്ടല്ലോ എന്ന തോന്നലിൽ മാത്രം മേരിയോട് ഒരു കെറുവ് തോന്നാതിരുന്നില്ല. പക്ഷെ ഏറ്റവും നല്ല വേഷം ധരിച്ച് തന്റെ നാഥനെ കാണാൻ പള്ളിയിൽ പോകുന്ന മേരി തന്റെ ഈ പാപഭാരം പേറുന്നതിനുള്ള മറുപടിയും ഇതിലൂടെ പറയുന്നല്ലോ? കർത്താവിൽ അടിയുറച്ച വിശ്വാസത്തിൽ ജീവിക്കുന്ന ഏതൊരാൾക്കും അദ്ദേഹത്തിങ്കലേക്കും ആ കുരിശിലേക്കും ഒരു നോക്ക് ചേർക്കാതെ നോട്ടം പിരിയാനാകില്ലല്ലോ ?
മനക്കരുത്തെന്ന ഒറ്റമൂലിയിൽ ജീവിതം കരുപ്പിടിക്കാൻ സ്വയം പഠിക്കാനും, മക്കളെയെല്ലാം അത് പഠിപ്പിക്കാനും വെയിലത്ത് വാടാത്തവരായി അവരെ മാറ്റിയെടുക്കുവാനും അവർക്കു കഴിഞ്ഞതും അതിനാലാകണം. നോവിന്റെയും, നേരിന്റെയും സമസ്യകളെ പൂരിപ്പിച്ചു പൂർത്തിയാക്കുന്ന കൽഭരണികളിൽ തിളച്ചു പാകമാകുന്നത് ബാബു എബ്രഹാമിന്റെയും കുടുംബ ത്തിന്റെയും ജീവിതമാണ്. വിദ്യാഭ്യാസം പൂർത്തിയാക്കുന്നതിനായും, മരിക്കാതിരിക്കുന്നതിനായും, കുടുംബത്തെ ജീവനോടെ നിലനിർത്തുന്നതിനായും ഒറ്റക്കും കൂട്ടായും ഒരമ്മയും മക്കളും നടത്തുന്ന പോരാട്ടങ്ങളിൽ അനാഥാലയങ്ങളുടെ മറവിലെ ചതിയും, കൊതിയും തമ്മിൽ തല്ലുന്നുണ്ട്. മത മേലധ്യക്ഷരുടെ ചെയ്തികളിൽ മനം നൊന്ത് മതത്തിന്റെ ചക്രക്കൂട്ടിൽ നിന്ന് അകന്ന് പീലാത്തോസായി മാറി കൈകഴുകി അകലുന്ന കർത്താവിനെ കാണാനാകുന്നുണ്ട്. പാപവും പുണ്യവും വേർതിരിക്കുന്ന കുമ്പസാരക്കൂടുകൾക്ക് പുറകിൽ പാപം തെളിഞ്ഞ് കാണുന്നത് മറക്കാനെന്ന പോലെ നിലകൊള്ളുന്ന നിലപാടുകളില്ലാത്ത കാറ്റത്താടുന്ന വിരിപ്പുകളെ പോലെ വെള്ളയുടുത്ത മനുഷ്യരും. രാത്രിയുടെ മറവിലും ഇരുളിലെ നിഴലിനു പുറകിലും പെണ്ണെന്നോ ആണെന്നോ വ്യത്യാസമില്ലാതെ സ്വന്തം പാപഭാരത്തെ അഴിച്ചുവിട്ട് സ്വതന്ത്രരാകുന്ന പാതിരികളുടെ പകൽ വെളിച്ചത്തിന് മുന്നിൽ ഇന്നും വെളിച്ചം കാണാത്ത കഥകൾ പലതും കൽഭണികളിലൂടെ വെളിച്ചം കാണുന്നുണ്ട്. കർത്താവിനെ സഭ വീതിച്ചെടുത്തെന്ന് തിരിച്ചറിഞ്ഞ കർത്താവ് സ്ഥിരമായ ഇരുപ്പിടം കണ്ടെത്താനാകാതെ ഇപ്പോഴും അലഞ്ഞുകൊണ്ടേയിരിക്കുന്നു. ജാതിയടിസ്ഥാനത്തിൽ മനുഷ്യരെ വിഭജിച്ചു നീക്കിയ സമൂഹവും സഭക്കനുസൃതമായി നിയമങ്ങളെയും കുരിശടയാളത്തെയും കർത്താവിനെയും പരിഷ്കരിച്ച സമൂഹവും മനുഷ്യരെന്ന പേരിൽ ഇവിടെ ജീവിക്കുന്നല്ലോ എന്ന അദ്ഭുതം ജനിപ്പിക്കാൻ ഈ ജീവിത പാഠങ്ങൾ മതിയായേക്കും.
വേനൽപ്പരീക്ഷ കഴിഞ്ഞ ദിനങ്ങളിലൊന്നിൽ തങ്ങൾ വിസർജിച്ച മലം ചുമന്ന് പോകുന്ന കുട്ടികളുടെ മനസ്സിൽ നിന്ന്? ആ വാട്ട ദുർഗന്ധത്തെ തോൽപ്പിക്കുന്ന പച്ചരിക്കഞ്ഞിയുടെയും ഇറച്ചി – പേരിനുള്ള കറിയുടെയും ഓർമ്മയാണെന്ന് കോറിയിടുമ്പോൾ അയാൾ കോരിക്കുടിച്ച വെളുത്ത പുഴു പൊന്തിക്കിടക്കുന്ന ഗോതമ്പു കഞ്ഞിയിലെ പുഴുക്കൾ വായനയിൽ നുളക്കുന്നുണ്ട്. ദേഹത്ത് വീഴുന്ന മലത്തെ ഗൗനിക്കാതെ, ദുർഗന്ധത്തിന്റെ അലട്ടില്ലാതെ, അറപ്പിനെ പാകപ്പെടുത്താൻ ആ ചെറിയ ചെറുക്കനെ പ്രേരിപ്പിച്ചത് വിശപ്പിന്റെ വിളി മാത്രമായിരുന്നു. വിശപ്പിന്റെ വിളിയിൽ അമ്മയുടെ ദയനീയതയും, ഉമ്മച്ചിക്കൂട്ടൂകാരിയുടെ നോട്ടവും ദുർബലമാകുന്ന നിമിഷങ്ങളെ എണ്ണിപ്പറയുന്നതിലൊന്നിൽ പതിയിരുന്ന ചതിയെപ്പറ്റിയും ശ്രീ. ബാബു സൂചിപ്പിച്ചിട്ടുണ്ട്. വിശപ്പും,ദൈന്യതയും ബലഹീനരാകുന്നിടത്ത് ശരീരം മറുപടി നൽകേണ്ട സന്ദർഭങ്ങളുണ്ടാകുന്നു എന്ന് കൽഭരണികളും സാക്ഷി പറയുകയാണ്.
ഒരാളുടെ ദയനീയതയിലും, നിസ്സഹായതയിലും വ്യഭിചരിക്കുന്ന, അനേകം പാപികൾ കൽഭരണിയുടെ മൂടി തുറന്ന് പുറത്തിറങ്ങി തലയിൽ മുണ്ടിടാതെ തന്നെ ഇറങ്ങിപ്പോക്ക് നടത്തുന്നുണ്ട്. നടുക്കത്തോടെയും ഉൾഭയത്തോടും ജീവിതത്തെ നേരിടുന്ന സാഹചര്യങ്ങളിൽ മനുഷ്യർ ചില ഇറങ്ങിപ്പോകലുകൾ നടത്തുക പതിവാണ്. നായകനും വിശപ്പിനും, വയറിനും, അഭിമാനത്തിനും മുന്നിൽ അടിയറവ് പറഞ്ഞ് എങ്ങോട്ടെന്നില്ലാത്ത യാത്ര പോകുന്ന അവസരത്തിൽ മാത്രം നായകനോട് അനിഷ്ടം തോന്നിപ്പോകുന്നു. മേരിയെ വേദനിപ്പിക്കുന്ന ഒന്നും തന്നെ കൽഭരണിക്കുള്ളിൽ നിക്ഷേപിക്കപ്പെട്ടുകൂടാ എന്ന വായനക്കാരിയുടെ ശാഠ്യം മൂലം സ്വാഭാവികമായുണ്ടാകുന്ന അനിഷ്ടമാണിത്. ദാരിദ്ര്യവും വിശപ്പും അനാഥത്വവും പേറുന്ന കണ്ണനും സാലുവും ബാബുവും അടങ്ങുന്ന ബാല്യങ്ങളിൽ ബാല്യം കാണാനാകില്ല. അവരിൽ ഭീതിയും സഹനവും പിന്നെ ഒരു പേരുകൊണ്ട് മാത്രം പശിയടങ്ങാത്ത ഒരുപാട് വികാരങ്ങളും എരിഞ്ഞമരുന്നുണ്ട്.
ജാതിയുടെ മുന കൂർത്തതാണെന്ന് ആക്രോശിക്കുന്ന അനാഥരുടെ അമ്മച്ചി, നിന്നെപ്പോലൊരു പുലയൻ എന്റെ നേരെ നിന്ന് സംസാരിക്കുന്നോ എന്ന് ആവേശിക്കുന്നിടത്താകാം നാഥൻ അവരെ പൂർണമായും ഉപേക്ഷിച്ചത്. എന്റെ അപ്പൻ ദാനം നല്‍കിയ പറമ്പിൽ ജീവിച്ചോണ്ട് ഒരു പെലയൻ എന്നെ വെല്ലുവിളിക്കാറായോ എന്ന് പോർ വിളിക്കുന്നിടത്ത് ദൈവം തന്നതല്ലാതൊന്നും ഇല്ലയെന്റെ ജീവിതത്തിൽ എന്ന ഗാനം അർത്ഥമില്ലാതൊഴുകുന്നു. അനാഥരുടെ അമ്മ ഒരു കുടുംബം അനാഥമാക്കുമ്പോൾ നിശബ്ദരാകുന്ന ദൈവങ്ങൾ!!
കൗതുകത്തിന് ഗോപികമാരുടെ വെണ്ണയും, ഭക്ഷണവും കട്ടെടുത്ത കണ്ണന് കൊതിതീരുവോളം വാത്സല്യവും സ്നേഹവും ലഭിച്ചെന്ന് ഭഗവാൻ കണ്ണനും, വിശപ്പിനെ തളക്കാനാകാതെ ഒരു കഷണം മാംസം കട്ടതിന് മാംസം തുളക്കുന്ന ശിക്ഷ കിട്ടിയെന്ന് അനാഥൻ കണ്ണനും. പെങ്ങന്മാരുടെ വിയർപ്പു വിറ്റു ജീവിക്കുന്ന ആങ്ങളമാർക്ക് മുന്നിൽ ആജീവനാന്ത വൃതമെടുത്ത് മണവാട്ടിയായി മാറി പ്രതികാരം ചെയ്ത കുഞ്ഞാന്റിയും, തെറിക്കുത്തരം മുറിപ്പത്തലെന്ന പോൽ നിന്ന മേരിയും രക്തബന്ധം കണ്ണടച്ചപ്പോഴും ചേർത്തണച്ച അങ്കിളും ഒരു വീട്ടിലെ വിവിധ മുഖങ്ങളെ പരിചയപ്പെടുത്തുകയാണ്.
വൈദികരുടെയും, സഭയുടെയും സന്യാസിനിമാരുടെയും കപടമുഖങ്ങൾ മനസിലെ പ്രകാശം കെടുത്തുമ്പോഴും ജോസച്ചനെപോലെ, അത്തനേഷ്യസ് തിരുമേനിയെ പോലെ, ടെസ്സി സിസ്റ്ററെ പോലെ ഫാദർ ജൂലിയനെ പോലെയുള്ളവർ പ്രഭാതം അകലെയല്ല എന്നുറപ്പിക്കുന്നു.
അധ്യാപകരുടെ അത്യഹവും, അധികാര ദുരുപയോഗവും, വിവേചനവും ഈ അനുഭവകഥകളുടെ കാതലാണ്. സാമ്പത്തിക അരക്ഷിതത്വം നൽകുന്ന അവർണബോധവും അടിച്ചേൽപ്പിക്കലും അനുഭവങ്ങളിൽ സ്പഷ്ടമാണ്. സാമ്പത്തിക ഉന്നതിയിലൂടെ മാത്രമെ ജീവിത പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാകൂ എന്നും വിദ്യാഭ്യാസത്തെ അതിനായി ആയുധമാക്കുക എന്നും എഴുത്തുകാരൻ ആഹ്വാനം ചെയ്യുന്നുണ്ട്.
“ചുറ്റും വെള്ളം പൊങ്ങുന്നു എന്നു കണ്ടാൽ, നീന്തൽ വശമില്ല എന്നറിയാവുന്ന നീ പകച്ചു പേടിച്ച് അലമുറയിടരുത്. ആ വെള്ളപ്പാച്ചിലിൽ അവിടവിടെ പൊങ്ങിക്കിടക്കുന്ന മരക്കഷണങ്ങളിൽ പിടിച്ചുകയറി വെള്ളത്തിരങ്ങ് പൊങ്ങിക്കിടക്കണം. എന്നിട്ട് ഓളത്തിത്തിനൊപ്പം ഒഴുകുന്ന ശിഖരങ്ങൾ കാട്ടുവള്ളികളിൽ ചേർത്തുവെച്ചു കെട്ടി ഒരു ചങ്ങാടമുണ്ടാക്കണം. കരപറ്റിക്കഴിയുമ്പോഴുണ്ടാകുന്ന ആ സന്തോഷമായിരിക്കണം തുഴഞ്ഞു നീങ്ങുമ്പോൾ നിന്റെ മനസ്സിൽ. ” – നന്ദികുന്നേൽ മേരി
“നെന്മേനി വാക ആ വർഷവും ഓണാവധിക്ക് പൂത്തു. ഇടവകപ്പള്ളിയിലെ അവർണർ ആയിരുന്ന ഞങ്ങൾക്ക് എല്ലാരെയും പോലെ ആകാമെന്നു സ്ഥാപിച്ച ജോസച്ചൻ കുട്ടികളുടെ മിഷൻ ലീഗിൽ എന്നെയും ചേർത്തു. ” – ബാബു എബ്രഹാം
“പൊന്നമ്മച്ചീ, എനിക്ക് വെള്ളത്തിലേക്ക് ചാടാൻ പേടിയാ” – ജെസ്സി
“നിനക്കെന്താണ് പറ്റിയത് ? നിന്റെ എല്ലാ പ്രശ്നങ്ങൾക്കും എനിക്ക് പരിഹാരം കാണാനാകില്ല. പക്ഷെ ഇങ്ങനെ വിഷമിച്ചിരിക്കാതെ നിന്റെ പ്രശ്നം എന്നോട് തുറന്നു പറഞ്ഞാൽ എനിക്ക് സാധിക്കുന്നത് എന്തെങ്കിലും ഉണ്ടെങ്കിൽ എനിക്കത് ചെയ്തു തരാനാകും.” – കൊളേത്ത്
“അയാളിട്ട മാർക്കല്ല നിന്റെ കഴിവിനെ വിലയിരുത്തുക. നിന്റെ മുമ്പോട്ടുള്ള യാത്രയിൽ അയാളെക്കുറിച്ചുള്ള ഓർമ്മകളെപ്പോലും നീ കൂടെകൂട്ടരുത്. നീ വിജയിക്കും എനിക്കുറപ്പുണ്ട് ബാബൂ. നിന്നെ തോൽപ്പിക്കാൻ നിനക്കു മാത്രമെ പറ്റൂ. നിന്റെ മത്സരവും എന്നും നിന്നോട് തന്നെയാണ് എന്നത് ഒരിക്കലും മറക്കരുത്.” –ഇക്ബാൽ സാർ
കുറെയധികം കഥാപാത്രങ്ങളിലൂടെ, അവരുടെ ഇടപെടലുകളിലൂടെ, ചതിയിലൂടെ, അണച്ചു ചേർത്തതിലൂടെ, ജീവിതം കൈമറിഞ്ഞ വിധവും, പരിശ്രമത്തിലൂടെ മാത്രം കൈപ്പിടിയിലാക്കിയ മരുന്നും പരിചയപ്പെടുത്തിയിട്ടുണ്ട്. ”സ്ഥിരോത്സാഹം ” എന്ന് ഞാൻ അതിനെ ഒന്നാകെ വായിച്ചെടുക്കുമ്പോൾ കാന്തം പോലെ അതിനോടടുക്കുന്ന ചില ബാബുഗുണങ്ങളും ഞാനറിയുന്നു. കുടുംബ സ്നേഹവും, കൂടെപ്പിറപ്പ് സ്നേഹവും, ദയയും,കരുണയും പിന്നെ ആ അമ്മയോടുള്ള അവസാനിക്കാത്ത ആത്മബന്ധവും. നന്ദികുന്നേൽ മേരിയുടെ മക്കൾ നീണാൾ വാഴ്ക!!
കമ്പിളികണ്ടത്തെ കൽഭരണികൾ (ഓർമ്മകൾ )
ബാബു എബ്രഹാം
മാതൃഭൂമി ബുക്ക്സ്
വില : 300 രൂപ








