ചോരവെയിൽ പെയ്ത പാടങ്ങൾ

പിന്തിരിഞ്ഞ്
നടക്കാനായുന്തോറും
കടയ്ക്കൽ കത്തി വെച്ചപോലെയുള്ള
ആ കരിനിഴൽ
നിങ്ങൾ കരുതും പോലെയല്ല,
വെറും തല്ലിപ്പൊളിയാണത്
ഉലഞ്ഞ നോക്കുകുത്തി മാതിരി.
നിന്റേതോ
എന്റേതോ അല്ലത്,
നമ്മുടെ നോക്കുകുത്തികൾ
അടിപൊളിയാണല്ലോ.

പക്ഷേ,
കാലടിയിൽ നിന്ന്
മണ്ണൊലിച്ചു പോകുമ്പോഴാണ്
ഇത്രയും കാലം നടുക്കടലിലോ
അല്ലെങ്കിൽ
അജ്ഞാതമായ
വെള്ളക്കെട്ടുള്ള
ചതുപ്പിലോ ആയിരുന്നു
എന്ന് തിരിച്ചറിയുന്നത്.

അപ്പഴേക്കും
നോക്കൂ
ഒലിച്ചുപോകുന്ന
മണ്ണിന്റെ നടുപ്പുറത്ത്
നമ്മുടേതെന്ന്
തോന്നിപ്പിക്കും വിധത്തിലുള്ള
നനുത്ത കാൽപ്പാടുകളായിരിക്കും
കാണാനാവുക.
മുന്നിൽ
നിറയെ വഴികളുണ്ടായിട്ടും
‘ഉഴറുക’ എന്ന വാക്ക്
നമുക്കൊപ്പമപ്പോൾ
വല്ലാതങ്ങ് ചേർന്ന് നിൽക്കും.

സൂക്ഷിച്ചു നടന്നാലും
വഴിയാകെ
മാമ്പഴം പോലെ
പഴുത്ത് ചുവന്ന് തുടുത്തതോ
കടുംപച്ചയിൽ പുളിക്കുന്നതോ
പുഴുകുത്തിയതോ
വാടിപ്പഴുത്തതോ ആയ
ഹൃദയങ്ങളാണ്
ചിലത് അടർന്നു വീഴാനായുന്നത്.
അവയുടെ പഴുത്ത
ഹൃദയവാൽവിലുടക്കി വലിക്കുന്ന
നീണ്ട നിഷ്ഠൂരമായ
തോട്ടിയുടെ അറ്റത്തിനു
നമ്മുടെ മുഖഛായ .

അന്തരാളത്തിൽ നിന്നുറവയിടും
വരണ്ട നീർച്ചോലപ്പാടുകൾ
കിരുകിരാ ഒച്ച വയ്ക്കുകയാണ്
ഒരുവിത്ത് മുള പൊട്ടുന്നത് പോലെ
ഹൃദയത്തുടിപ്പിനൊച്ച.

ഇരുളിൻ കുന്നിമ്പുറത്തൂടെ
നിലാവിൻ
വാഴനാരു കൊണ്ടൊരു
തെരിക തീർത്ത്
തലയിലതിന്മേൽ
കാർമേഘക്കുടവുമേന്തി
വെള്ളം തിരഞ്ഞിറങ്ങിയ നമ്മൾ
പിന്തിരിയുമ്പോൾ
കടയ്ക്കൽ
കുത്തി നിർത്തിയകത്തി
മുറിക്കുന്നു കാൽപ്പത്തി.

ജീവിതത്തിൻ
വരമ്പിടിഞ്ഞതിൻ വിളുമ്പത്ത്
ഒടിഞ്ഞിരുന്ന്
പൊരിവെയിലേറ്റ്‌ വിയർപ്പ് കുറുക്കുന്നു
ഞങ്ങൾ.

തണൽപറ്റി പോകുന്നോരെ
ഞങ്ങടെ ചോരവെയിൽ നനച്ചു
ഒടുവിലത്തെ തിനകൊത്തിപ്പറന്ന
പാടമാകെ.
നിങ്ങൾക്കത് സൂര്യോദയം
നേരം വെളുത്തെന്ന അർത്ഥം മാത്രം.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.