
സംഘകാലത്തിലേക്ക് ഞെട്ടറ്റു വീണ പ്ലാവില പോലെ വിജയ ഹോസ്പിറ്റലിന്റെ മെയിൽ വാർഡിലെ എട്ടാം നമ്പർ ബെഡ്ഡിൽ പ്രകാശൻ വലതു വശത്തേക്ക് ചരിഞ്ഞു കിടന്നു. രണ്ടാമത്തെ ഗ്ലൂക്കോസും ഡ്രിപ്പ് സ്റ്റാന്റിൽ തൂക്കിയ ശേഷം നേഴ്സുമ്മാരുടെ സംഘം പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ഗിരിയും രാജേഷും സംഗതിയറിഞ്ഞു പാഞ്ഞെത്തിയത്.
“എന്താടാ നിനക്ക് പറ്റിയേ…? ആരാടാ നിന്റെ ദേഹത്ത് കൈ വെച്ചേ?” വന്നപാടെ പ്രകാശനെ ഇടത്തേക്ക് വലിച്ചു തിരിച്ചു കൊണ്ട് ഗിരി അലറി. അപ്പോൾ പ്രകാശനൊരു വേദനയുടെ ഞെരുക്കം പുറപ്പെടുവിച്ചു.
“ഗിരിയേ… ഇതൊരു ആസ്പത്രിയാണ് അതോർമ്മ വേണം.” പ്രകാശനരികിൽ നിന്നും അജി ചാടിയെഴുന്നേറ്റ് ഗിരിയെ തള്ളിമാറ്റി കൊണ്ട് മുറുമുറുത്തു.
“ഇവന് എന്തേലും പറ്റിയാ നിനക്കൊരു കോപ്പും ഇല്ലായിരിക്കും… അങ്ങനല്ലല്ലോ ഞങ്ങക്ക്.” ഗിരി അജിയ്ക്ക് നേരെ കണ്ണ് ചുവപ്പിച്ചു കൊണ്ട് കൂട്ടിലടച്ച വെരുകിനെ പോലെ കട്ടിലിനരിൽ തന്നെ തലങ്ങും വിലങ്ങും നടന്നു.
“ന്റെ പൊന്ന് ഗിരീ… എന്റെ പിടി വിട്ട് നിക്കുവാ. നീ വെറുതെ ഇവിടൊരു സീനിണ്ടാക്കരുത്.” അജി സകല നിയന്ത്രണങ്ങളും പൊട്ടിയത് പോലെ ഗിരിയ്ക്ക് നേരെ തിരിഞ്ഞു.
“നീ വെഷമിക്കണ്ടടാ മോനേ, ഞങ്ങടെ പങ്കാളിയെ തൊട്ടവന്മാർ ഏത് കൊമ്പത്തുള്ളവരായാലും ഈ ഗിരി പൂളിയിരിക്കും.” ഉള്ളിലെ അമർഷത്താൽ പല്ലു ഞെരിച്ചുകൊണ്ട് ഗിരി കൈമുഷ്ടി ചുരുട്ടി കിടക്കയിൽ ഓങ്ങി ഒരിടി ഇടിച്ചു. ‘ടപ്പേ…’ എന്നൊരു ഒച്ചയാണ് അതോടൊപ്പം കേട്ടത്. മറ്റ് രോഗികളും കൂട്ടിരുപ്പുകാരും ആ ഒച്ചയിലേക്ക് ഒരു നിമിഷത്തേക്ക് ഞെട്ടിത്തരിച്ചു തലയുയർത്തി നോക്കി.
“നീയെന്നെ തല്ലിയല്ലേ…” കരണത്തെ പുകച്ചിലിലേക്ക് ഉള്ളം കൈ ചേർത്തു കൊണ്ട് ഗിരി രാജേഷിനരികിലേക്ക് നീങ്ങി നിന്ന് നീറി.
“ഇറങ്ങെടാ നായേ ഇവിട്ന്ന്. അടങ്ങി ഇരുന്ന ചെക്കനെ വേണ്ടാത്ത ബുദ്ധി പറഞ്ഞ് എരിപിരി കേറ്റി ഈ വിധം ആക്കീട്ട് ഇവിടെ വന്ന് കെടന്ന് ചെലയ്ക്കുന്നോ.” അജി അടിമുടി വിയർത്തു കൊണ്ട് വീണ്ടും കൈയ്യോങ്ങാൻ തുനിഞ്ഞപ്പോൾ രാജേഷ് ഇടയ്ക്ക് കയറി നിന്നു.
പ്രകാശൻ ഒന്നും മിണ്ടാതെ തലയ്ക്ക് മുകളിൽ അതിവേഗത്തിൽ തിരിയുന്ന ഫാനിലേക്ക് നോക്കി കണ്ണ് നിറഞ്ഞു തുളുമ്പി ശ്വാസം വിട്ടു.
ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ, കൃത്യമായി പറഞ്ഞാൽ ‘ഓഗസ്റ്റ് 2’. നമ്മുടെ ജോർജ്കുട്ടിയും കുടുംബവും പാറേപ്പള്ളിയിൽ ധ്യാനത്തിന് പോയ അന്ന്. പെരുമണ്ണൂർ ദേവീ ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠാ ചടങ്ങിന്റെ തിരക്കിലായിരുന്നു പ്രകാശൻ. ശ്രീകോവിലിന് പിന്നിലെ കവുങ്ങിലേക്ക് തോരണം വലിച്ചു കെട്ടിക്കൊണ്ട് നിന്നപ്പോഴാണ് അവന്റെ മൊബൈലിലേക്ക് ഒരു മെസ്സേജ് വന്നത്. ഈ ആശുപത്രിയിലെ കിടപ്പിലേക്കുള്ള കാരണങ്ങളുടെ തുടക്കം അവിടെ നിന്നായിരുന്നു.
‘പ്രമീളാ രാഘവൻ – പ്രകാശന്റെ കാമുകി.’
‘ഏട്ടാ… വീട്ടുകാര് എന്റെ കല്യാണം ഒറപ്പിക്കാൻ പോവാ… ഞാനെന്താ ചെയ്യണ്ടേ?’
പ്രമീളയുടെ മെസ്സേജിന് മറുപടി കൊടുക്കാൻ നിൽക്കാതെ മൊബൈൽ പാന്റ്സിന്റെ പോക്കറ്റിൽ തിരുകി ഇടത് കൈയിൽ പിടിച്ചിരുന്ന തോരണം നിലത്തേക്കിട്ട് പ്രകാശൻ ആൽത്തറയ്ക്ക് മുന്നിലെ ബൈക്കിനടുത്തേക്ക് ഓടി.
98 മോഡൽ സ്പ്ലെൻഡർ പ്ലസ്സിന്റെ ഫസ്റ്റ് ഗിയറിൽ അജിയുടെ വീട്ടിലേക്കുള്ള കയറ്റം കയറുമ്പോൾ എഞ്ചിനേക്കാൾ മുറുക്കത്തിൽ പ്രകാശന്റെ ചങ്കൊന്ന് കൊളുത്തി വലിച്ചു. മുറ്റത്തെ വണ്ടിയുടെ ശബ്ദം കേട്ട് അജി കതക് തുറന്നപ്പോൾ നിലയുറയ്ക്കാതെ പ്രകാശൻ വിറയ്ക്കുകയായിരുന്നു.
“എന്താടാ… എന്ത് പറ്റി?” അജി പ്രകാശന്റെ തോളിലേക്ക് കൈകൾ ചേർത്ത് പിടിച്ചു.
“പ്രമീടെ കല്യാണം ഒറപ്പിച്ചു.” അപ്പോൾ പ്രകാശന്റെ കണ്ണിൽ നിന്നും രണ്ട് തുള്ളി പ്രണയനീരുകൾ പുറത്തേക്ക് ചാടി.
“ഇത് നീയെങ്ങനെ അറിഞ്ഞു?” അജി പ്രകാശന്റെ തോളിലെ പിടിത്തം ഒന്നുകൂടി മുറുക്കി.
“അവള് ഇപ്പോ മെസ്സേജ് ഇട്ടാരുന്നു. അവനില്ലേ… അവള്ടെ ആ മൊറച്ചെറുക്കൻ അവന് അവളെ മതീന്നുള്ള ഒറ്റ പിടുത്തത്തില് നിക്കുവാ.”
മനസ്സ് കുഴഞ്ഞു വന്നപ്പോൾ പ്രകാശൻ ഉമ്മറപ്പടിയിലേക്ക് ചടഞ്ഞിട്ടിരുന്ന് കരച്ചിലിന്റെ ഒച്ച കൂട്ടി. അജിയ്ക്ക് കാര്യമായി ഒന്നും പറയാൻ കിട്ടാതെ പ്രകാശനെ നോക്കി നിൽക്കേണ്ടി വന്നപ്പോഴാണ് ഗിരിയും രാജേഷും തക്കസമയത്ത് അങ്ങോട്ടെത്തിയത്.
“എവനെന്തിനാ ഈ മോങ്ങുന്നേ. എന്താടാ?”
ഗിരി പ്രകാശാന്റെ പുറത്തു തട്ടിക്കൊണ്ട് ചോദിച്ചു. എന്നാൽ മുഖം ഒന്ന് ഉയർത്തുക പോലും ചെയ്യാതെ പ്രകാശൻ കരച്ചിലിന്റെ താളത്തിലേക്ക് തന്നെ ലയിച്ചു പോയി കഴിഞ്ഞിരുന്നു. അതുകൊണ്ട് ഗിരിയുടെ ചോദ്യത്തിന് മറുപടി കൊടുത്തത് അജിയായിരുന്നു.
“ശ്ശേ… ഈ ചീള് കേസിന് കുത്തിയിരുന്ന് മോങ്ങുന്നോടാ കെഴങ്ങാ. ഇതൊക്കെ മിക്ക പ്രേമത്തിലും ഒള്ളതല്ലേ. നേരെ പോയ് പെണ്ണ് ചോദിച്ചാ കെട്ടിച്ച് തരാൻ ഇയാളാര് പ്രിത്വിരാജോ. നീ പോയ് അവളെ ഇങ്ങ് വിളിച്ചെറക്കിക്കോണ്ട് വാടാ.” ഗിരി ഒരു മിനിക്കുട്ടി കത്തിച്ചു പുകയൂതി വിട്ടു. അപ്പോൾ കവിളിലൂടെ ഒലിച്ചിറങ്ങിയ കണ്ണീർ തുടച്ചു കൊണ്ട് പ്രകാശൻ ഗിരിയെ നോക്കി.
“വീട്ടുകാരെ വിട്ടിട്ട് അവള് ഇറങ്ങി വരൂല്ലെന്ന് ആദ്യേ പറഞ്ഞതാ.”
“കോപ്പാ… നിന്നോട് ഇഷ്ടം ഒണ്ടേൽ അവള് ഇറങ്ങി വരും.” ഗിരിയുടെ ചുണ്ടിൽ നിന്നും ബീഡി വലിച്ചെടുത്തു ചുണ്ടോട് ചേർത്തു കൊണ്ട് രാജേഷ് പ്രകാശനോട് ഉറപ്പു പറഞ്ഞു.
“അതൊക്കെ വല്ല്യ എടങ്ങേറാവും… വേണ്ടാത്ത പണിയ്ക്ക് നിക്കണ്ട നീയൊക്കെ.” എല്ലാം കേട്ട് നിന്ന അജി അവരുടെ തീരുമാനത്തിലേക്ക് ഒരു എതിർപ്പിന്റെ കോലൊടിച്ചിട്ടു.
“ഒന്ന് പോടാ അവിട്ന്ന്. അവനൊരു പുണ്യാളൻ വന്നേക്കുന്ന്.” ഗിരി അജിയുടെ എതിർപ്പ് വക വെയ്ക്കാതെ പ്രകാശനരികിൽ തന്നെ ഇരുന്നു.
“അല്ല ആരാ ആള്… അവളെ കെട്ടാൻ മുട്ടി നിക്കുന്നവൻ?” രാജേഷും പ്രകാശനോട് ചേർന്നിരുന്നു.
“അവള്ടെ മൊറച്ചെറുക്കനാ. ആ വെണ്ടാറ്റ് മുക്കിലുള്ള മനോജ്.” അത് പറഞ്ഞപ്പോൾ പ്രകാശന്റെ കണ്ണിൽ വീണ്ടും ഒരു കുടം സങ്കടം വന്നു നിറഞ്ഞു.
“ഏത് അവള്ടെ പിന്നാലെ നടന്നാ നിന്നെ തല്ലൂന്ന് പറഞ്ഞ മറ്റവനോ. അവനാന്നോ ആള്. നീ പേടിക്കാണ്ടിരി അളിയാ, അവനിട്ട് ഒരു ചിമിട്ടൻ പണി നമ്മള് കൊട്ത്തിരിക്കും.” പ്രകാശന് നേരെ പ്രതീക്ഷയുടെ കൈകൾ ചൂണ്ടിക്കൊണ്ട് ഗിരി പതിയെ എഴുന്നേറ്റു. ഗിരിയുടെ കൈയിൽ പിടിച്ചു പ്രകാശനും.
“വേണ്ടാത്ത പണിക്ക് നിക്കര്ത്. വല്ല കൊഴപ്പോം ഒണ്ടായാൽ എന്നെ വിളിച്ചാ ഞാൻ നിക്കൂലേ.” അജി വീണ്ടും അവരെ എതിർത്തു.
“നീ പ്രമീളേ വിളിയ്ക്ക്. വണ്ടി ഞാനെടുക്കാം.” ഗിരി പ്രകാശന്റെ കൈയിൽ നിന്നും ചാവി വാങ്ങി ബൈക്കിലേക്ക് കയറി. രണ്ടാം തവണയും അജിയുടെ വാക്കുകൾക്ക് മുകളിലൂടെ നിഷേധത്തിന്റെ മുഖംമൂടിയും ചൂടി അവർ മൂന്ന് പേരും ഇറക്കമിറങ്ങി പോയി.
ഡിസംബർ 5 വൈകിട്ട് 4 മണി
പ്രകാശനും ഗിരിയും രാജേഷും അജിയുടെ വീട്ടുമുറ്റത്ത് എത്തിയപ്പോൾ അജി ഉമ്മറത്തു നീണ്ടു നിവർന്നു കിടക്കുകയായിരുന്നു. പ്രകാശനെ കണ്ട ഉടൻ അജി ചാടിയെഴുന്നേറ്റു.
“നന്നായെടാ… ഞാൻ കരുതി നീ ഇവന്മാരുടെ വാക്കും കേട്ട് വേണ്ടാത്ത പണിക്ക് നിക്കൂന്ന്. എന്തായാലും നാളെ അവള്ടെ കല്യാണല്ലേ. അതങ്ങ് നടക്കട്ടടാ. നീയതങ്ങ് മനസ്സീന്ന് കളഞ്ഞേക്ക്.” അജി പ്രകാശനെ നോക്കി ഒരു സമാധാനത്തിന്റെ ചിരി സമ്മാനിച്ചു.
“ഹലോ… ഇയാളിത് എന്തോന്നൊക്കെയാ പറയുന്നേ. അങ്ങനെ കളയാനാന്നോ ഞങ്ങള് ഈ ദിവസം വരെ കാത്തിര്ന്നേ.” രാജേഷ് അജിയെ തള്ളിമാറ്റി കൊണ്ട് ഉമ്മറത്തേക്ക് കയറി.
“ഇന്ന് രാത്രി ഞങ്ങള് അവളെ പൊക്കും.” ഗിരി ഒന്ന് കുലുങ്ങി ചിരിച്ചു.
“പൊക്കാനോ… നിനക്കൊക്കെ എന്തിന്റെ കുത്തിക്കഴപ്പാ.” അജി പ്രകാശനിൽ നിന്നും നോട്ടം പിൻവലിക്കാൻ കൂട്ടാക്കിയില്ല.
“എനിക്ക് അവളില്ലാണ്ട് പറ്റൂല്ല അജിയേട്ടാ.” പ്രകാശൻ ആത്മവിശ്വാസത്തോടെ തന്നെ അജിയ്ക്ക് മുന്നിൽ നിവർന്നു നിന്നു.
“എടാ കോപ്പേ… എന്നാ നിനക്കത് നേരത്തെ ആയിക്കൂടാര്ന്നോ. നാളെ അവള്ടെ കല്യാണാ.” അജി ശബ്ദം കലിപ്പിച്ചു കൊണ്ട് അകത്തേക്ക് കയറി ഉമ്മറത്തെ കസേരയിലൊന്നിൽ ഇരുന്നു കൊണ്ട് ദേഷ്യത്തോടെ അവരെ മൂന്ന് പേരെയും അടിമുടി നോക്കി.
“ഇന്നവളെ ചാടിക്കുന്നതല്ലേ മോനേ അജീ അതിന്റെ ഒരു ത്രില്ല്.” ഗിരി പുഞ്ചിരിച്ചു കൊണ്ട് ഉമ്മറത്തിണ്ണയിലേക്ക് കാല് നീട്ടി വെച്ച ശേഷം സംസാരം തുടർന്നു.
“നീ പറഞ്ഞ ശരിയാ ഇത് ഞങ്ങക്ക് നേരത്തെ ആവാരുന്നു. ഇത് ആ മറ്റവനിട്ടുള്ള പണിയാ. മനോജിന്. നാളെ മണ്ഡപത്തീ പെണ്ണില്ലാതിരിക്കുമ്പോ അവന്റെ ചങ്കൊന്ന് പെടയും. അത്രയും മതി ഞങ്ങക്ക്. അല്ലേടാ പ്രകാശാ.” ഗിരി ഒരു കൊടുംവില്ലനെ പോലെ വായിലെ മുറുക്കാൻ അമർത്തി ചവച്ചു കൊണ്ട് മുറ്റത്തേക്ക് തന്നെ നോക്കിയിരുന്നു. അപ്പോഴേക്കും അരയിൽ നിന്നും അടർത്തിയെടുത്ത രണ്ട് കുപ്പി മിലിട്ടറി രാജേഷ് തിണ്ണയിലേക്ക് വെച്ചു.
“നീയൊന്ന് പോയി കുളിച്ച് സെറ്റാവ്. അപ്പഴേക്കും ഞങ്ങള് രണ്ടെണ്ണം അടിച്ച് സെറ്റാവട്ടെ. രാത്രി പറന്ന് നിക്കാനൊള്ളതാ.” രാജേഷ് പറഞ്ഞത് കേട്ട് അകത്തേക്ക് തിരിഞ്ഞ പ്രകാശനോട് ഗിരി ഒന്ന് കൂടി ഓർമിപ്പിച്ചു.
“നീ അവളെ വിളിച്ചാരുന്നോ. ഇറങ്ങുമ്പോ സാധനം മറക്കാതെ എടുക്കാൻ പറയണം. അല്ലാതെ പണ്ടോം പണോം അവിടെ കളഞ്ഞിട്ട് ഇറങ്ങിയാൽ പണി പാളും.”
“സ്വർണ്ണോ…?” അജി ഒന്ന് പരിഭ്രമിച്ചു.
“ആ സ്വർണ്ണം തന്നെ.” ഗിരി അജിയുടെ മുഖത്തേക്ക് നോക്കികൊണ്ട് ഒരു കുപ്പിയുടെ തല പൊട്ടിച്ചു.
“പ്രകാശാ…. പോലീസ് എങ്ങാനും ക്ലിപ്പിട്ടാ കളി മാറുമേ.” അജി പ്രകാശനെ അനുനയിപ്പിക്കാൻ നോക്കിയെങ്കിലും നടന്നില്ല.
രാത്രി എട്ട് മണി കഴിഞ്ഞപ്പോൾ രാജേഷ് പ്രമീളയുടെ വീട്ടിലേക്ക് പോയി. രാജേഷ് പ്രമീളയെയും കൂട്ടി പെരുമണ്ണൂർ ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഗിരിയും പ്രകാശനും അവിടെ ഉണ്ടാകും എന്നതായിരുന്നു അവരുടെ പ്ലാൻ. അതിന് ശേഷമുള്ള കാര്യങ്ങളുടെ ചർച്ചയിൽ വ്യാകുലരായി ഹാളിൽ മുഖത്തോട് മുഖം നോക്കിയിരുന്ന ഗിരിയ്ക്കും പ്രകാശനും മുന്നിലേക്ക് പോയതിലും വേഗത്തിൽ രാജേഷ് വന്നു നിന്നു.
“എന്താടാ നീ പോയില്ലേ?” പ്രകാശൻ ഞെട്ടിയെഴുന്നേറ്റു അവന് ചുറ്റും പേടിയോടെ നോക്കി.
“നീ എന്താ പറഞ്ഞെ, നിന്നോട് അവൾക്ക് ചങ്ക് പൊട്ടുന്ന പ്രേമാന്ന് അല്ലേ. അവളവിടെ മഞ്ഞളും മോന്തേല് പൊത്തി ഡിസ്കോക്കൂത്ത് നടത്തുവാ.” അത്രയും പറഞ്ഞ് രാജേഷ് കിതച്ചു കൊണ്ട് സോഫയിലേക്ക് വീണു.
പെട്ടെന്ന് അടക്കിപ്പിടിച്ച ഒരു പൊട്ടിച്ചിരിയോടെ അജി നിർത്താതെ കൈയടിച്ചു.
“ബെസ്റ്റ്… അല്ല പ്രകാശാ സ്വർണ്ണം എത്ര പവൻ കാണൂടാ?” അജിയ്ക്ക് ചിരി അടക്കാൻ കഴി ഞ്ഞില്ല.
“ഇല്ല അവളെന്നെ ചതിക്കില്ല. ഞാൻ വിളിച്ചാ അവള് വരും. ഞാൻ അങ്ങോട്ട് പോവാ.” പ്രകാശൻ കണ്ണ് നിറഞ്ഞു കൊണ്ട് പുറത്തേക്ക് ഇറങ്ങാൻ തുനിഞ്ഞപ്പോൾ രാജേഷ് അവന് മുന്നിലേക്ക് കയറി നിന്നു.
“പൊന്ന് പ്രകാശാ അവിടെ മൊത്തോം ആളുകളാ. ആ മനോജും അവിടുണ്ട്. പോയാ നല്ലിടി കിട്ടും.”
“മോനേ പ്രകാശാ… വിട്ട് കളഞ്ഞേക്കടാ.” ഗിരി പാതിയാക്കിയ കുപ്പി കൈയിലേക്ക് എടുത്തു കൊണ്ട് നിവർന്നിരുന്നു. അപ്പോൾ പ്രകാശൻ ഒരു നീറ്റലോടെ അജിയ്ക്ക് അരികിലേക്ക് ചാരി.
“പോട്ടെടാ… നിന്നെ വേണ്ടാത്തവളെ നിനക്ക് എന്തിനാ.” അജി അവനെ അടുത്തേക്ക് ചേർത്ത് പിടിച്ചു.
“നമ്മടെ ഭാഗത്തും തെറ്റ്ണ്ട്. ആ ഗൾഫുകാരൻ മനോജിന്റെ കൈയില് പൂത്ത കാശുണ്ട്. ഇവന്റെ കൈയില് എന്ത് തേങ്ങയാ ഒള്ളെ. അവള്ടെ സ്ഥാനത്ത് ഞാനായാലും അവനെ കെട്ടുള്ളൂ.” ഗ്ലാസ്സിലേക്ക് ഒഴിച്ച പെഗ്ഗ് വായിലേക്ക് കമഴ്ത്തിക്കൊണ്ട് രാജേഷ് ചിരിച്ചു.
“പ്രകാശാ നീയവളെ പൂശീട്ടുണ്ടോ?” രണ്ടെണ്ണം അകത്ത് ചെന്നപ്പോൾ ഗിരിയുടെ ഉള്ളിലെ തൽപ്പരകക്ഷിയുണർന്നു.
“ഇല്ല.” കൈയിലെ കാലി ഗ്ലാസ്സിലേക്ക് നോക്കി പ്രകാശൻ മൗനം നിറച്ചു.
“പിന്നെ നീ രണ്ടും എല്ലാ ആഴ്ചേലും കടലും മലേം കാണാൻ പോവുമ്പോ എന്തോ ഒണ്ടാക്കുവാര്ന്നു. ഒരു ഉമ്മയേലും കൊടുത്തിട്ടുണ്ടോടേ.” രാജേഷ് ഗിരിയുടെ ചോദ്യത്തിലേക്ക് മറ്റൊന്ന് കൂടി കൂട്ടിച്ചേർത്തു.
“ഉണ്ട്.” പ്രകാശൻ അമർഷത്തോടെ രാജേഷിനെ തലയുയർത്തി നോക്കി.
“കവിളിലായിരിക്കും.” ഗിരി ഒന്ന് ഉറക്കെ പൊട്ടിച്ചിരിച്ചപ്പോൾ വായിൽ നിന്നും രണ്ട് മൂന്ന് തുള്ളി മദ്യലഹരികൾ പുറത്തേക്ക് ചാടി.
“ഒന്ന് നിർത്തിയേടാ… പ്രേമിക്കുന്ന പെണ്ണിനെ പൂശിയില്ലേല് ആകാശോന്നും ഇടിഞ്ഞ് വീഴൂല്ലല്ലോ.” അജി തന്റെ കൈയിലെ ഗ്ലാസ്സ് പ്രകാശന് നേരെ നീട്ടിക്കൊണ്ട് ഗിരിയോട് തർക്കിച്ചു.
“ആഹ്… രമണൻ ഇവിട്ണ്ടാരുന്നോ.” ഗിരിയും അല്പം പോലും വിട്ടുകൊടുക്കാൻ കൂട്ടാക്കിയില്ല.
“ആകാശം ഒന്നും ഇടിഞ്ഞ് വീഴൂല്ലാ. പക്ഷേ പെണ്ണ് വല്ലവന്റേം കൈയിലിരിക്കും. ശാലിനിയെ ഓർമ്മയ്ണ്ടല്ലോല്ലേ.” രാജേഷ് ഇടയിലേക്ക് കയറി അജിയുടെ പ്രണയകാലത്തിന്റെ താളുകൾ മറിച്ചു.
“അതിനെന്താ… അവള് അവൾക്ക് ഇഷ്ട്ടമുള്ള ഒരാളെ കെട്ടി. അതിന് ഞാനെന്ത് ചെയ്യാൻ പറ്റും. അവളെ കൊല്ലാൻ പറ്റുവോ. അതോ എനിക്ക് ചാവാൻ പറ്റുവോ.” അജി തന്റെ പൂർവ്വകാല പ്രണയത്തെ ഒറ്റവാക്യത്തിൽ ഒതുക്കി കളഞ്ഞു.
“ഓ ആയിക്കോട്ടെ. നിന്നോട് തർക്കിക്കാൻ പറ്റൂലെന്റെ പൊന്നേ.” രാജേഷ് അജിയിൽ നിന്നും തെന്നിമാറി പ്രകാശന്റെ തുടയിൽ തട്ടിക്കൊണ്ട് പറഞ്ഞു.
“എന്തായാലും ഇത്രയൊക്കെ ആയില്ലേ. അവിടെ പാട്ടും കൂത്തും നടക്കുവാ. നമ്മടെ ഒരു സമാധാനത്തിന് വേണ്ടി, അവൾക്ക് ഒരിക്കലും മറക്കാൻ പറ്റാത്ത വിധത്തിലൊള്ള ഒരു അടാറ് ഐറ്റം അങ്ങ് കാച്ചിയാലോ പ്രകാശാ.” രാജേഷ് മനസ്സിൽ എന്തോ കണക്ക് കൂട്ടിയിരുന്നു.
“എന്ത്?” പ്രകാശന്റെ ശബ്ദം അടഞ്ഞു.
“അതൊക്കെ ഒണ്ട്. പക്ഷേ തടി കേടാവുന്നേന് മുന്നേ ഓടിക്കോണം. അങ്ങനാണേൽ ഈ രാത്രി അവളൊന്ന് നാറിവെളുക്കും.” രാജേഷ് അപ്പോഴും കാര്യം എന്താണെന്ന് വെളിപ്പെടുത്തിയില്ല.
“നീ കാര്യം പറയെടാ.” ഗിരി അഞ്ചാമത്തെ പെഗ്ഗ് ഗ്ലാസ്സിലേക്ക് സൂക്ഷ്മതയോടെ പകർത്തിക്കൊണ്ട് ഒച്ചയെടുത്തു.
“മടലേറൽ”
“എന്തോന്ന്, മടല് എരിയല്ലോ…” ഗിരിയുടെ നാവ് കുഴഞ്ഞാടി.
“എന്റെ ശവീ… മടലേറൽ. ലിജോയ് സാറ് നമ്മളെ പഠിപ്പിച്ച ഐറ്റം.” രാജേഷ് ഗിരിയുടെ തോളിലേക്ക് തട്ടിക്കൊണ്ട് കാര്യം വിശദീകരിച്ചു കൊടുത്തു.
“ഓ… മറ്റേ ഐറ്റം. തേപ്പ് കിട്ടിയോൻ മടലേല് കേറി പെണ്ണിന്റെ മുന്നില് പോയി കഴുതയാവുന്ന പരിപാട്യല്ലേ. ഇത് നമ്മള് പൊളിക്കും.” ഗിരി അച്ചാറിലേക്ക് കൈ മുഴുവനായി പൂഴ്ത്തിക്കൊണ്ട് തല കുലുക്കി ചിരിച്ചു.
“ഇനി അടുത്തത്. നിനക്കൊക്കെ എന്തോന്നെടേ.” അജി രാജേഷിന് നേരെ കൈ മലർത്തി.
“ഇതേലും ഞങ്ങളൊന്ന് ചെയ്യട്ടടാ. അവള്ടെ ഹൽദിയ്ക്ക് അവള്ടെ കാമുകന്റെ വകയൊര് മടല് ഡാൻസ്.” ഗിരി അജിയോട് പിറുപിറുത്തു കൊണ്ട് സോഫയിലേക്ക് ചാരി കണ്ണടച്ചു. അവസാന പെഗ്ഗിൽ രാജേഷും ചെറുതായി കണ്ണടച്ചു തുറന്നു.
രാത്രി രണ്ട് മണി കഴിഞ്ഞ് അജി രണ്ടാം ഉറക്കത്തിലേക്ക് തിരിഞ്ഞു കിടന്നപ്പോൾ അടുത്ത് പ്രകാശനെ കണ്ടില്ല. തലയ്ക്ക് പിടിച്ച ജവാന്റെ താളത്തിൽ ഏന്തി വലിഞ്ഞു മുറ്റത്തേക്ക് ഇറങ്ങിയപ്പോഴാണ് മെമ്പർ ദിവാകരന്റെ കോൾ വന്നത്.
“ടാ അജീ നീ എവിടാ വീട്ടിലാണോ?” അജി കോളെടുത്തപ്പോൾ ദിവാകരൻ വളരെ തിടുക്കത്തോടെയാണ് സംസാരിച്ചത്.
“എന്താ ദിവാരേട്ടാ…” അജിയും തിടുക്കപ്പെട്ടു.
“നിന്റെ കൂടെയുള്ള ആ ചെക്കന് എന്തോത്തിന്റെ കേടാ. ഈ പാതിരാത്രീല് അവന് രാഘവേട്ടന്റെ തെങ്ങുമ്മേല് എന്താ കാര്യം.” ദിവാകരൻ ശ്വാസമൊന്ന് നീട്ടി വലിച്ചു.
“നിങ്ങള് കാര്യം എന്താന്ന് പറയ് ദിവാരേട്ടാ.” അജി കാര്യം അറിയാനായി വെപ്രാളപ്പെട്ടു.
“അവൻ ഇവിടെ വന്ന് തെങ്ങുമ്മേല് വലിഞ്ഞ് കേറി. എന്തോത്തിനാന്നോ എന്തോ. എന്തായാലും ഇന്നലത്തെ മഴേല് നല്ല വഴ്ക്കലുണ്ടാരുന്നു. പിടിവിട്ട് വീണത് മുറ്റത്ത് കെടന്ന ബ്രെസേടെ മേളിലോട്ടാ. രാഘവേട്ടൻ അങ്ങേരുടെ മോൾടെ കല്യാണത്തിന് സമ്മാനം കൊടുക്കാൻ ഇട്ടിരുന്ന കാറാ ആ ചെക്കൻ ഇമ്മിണി നേരം കൊണ്ട് തകർത്ത് തരിപ്പണമാക്കിയെ. കള്ളനാന്ന് കരുതി ആളോള് നന്നായിട്ട് പെറുമാറീട്ടുണ്ട്. നീ പെട്ടെന്ന് വിജയ ആസ്പത്രീലോട്ട് ചെല്ല്.”
കോൾ കട്ടായ ഉടൻ അജി തിരികെ അകത്തേക്ക് കയറി ഗിരിയെ കുലുക്കി വിളിച്ചു. ഉറക്കത്തിൽ എന്തോ പുലമ്പിക്കൊണ്ട് ഗിരി തിരിഞ്ഞു കിടന്നു. രാജേഷും കോട്ടുവായിട്ടുകൊണ്ട് ഉറക്കത്തിലേക്ക് തന്നെ നീണ്ടു.
ഉള്ളിലൊരു പിടച്ചിലോടെ ആശുപത്രി മുറ്റത്തേക്ക് ഓടിക്കയറിയപ്പോൾ പേടികൊണ്ട് അജിയുടെ കാലുകൾ തളർന്ന് തുടങ്ങിയിരുന്നു. റിസപ്ഷനിൽ വിവരം തിരക്കി കാഷ്വാലിറ്റിയിലേക്ക് എത്തിയപ്പോൾ പ്രമീളയും മനോജും ബന്ധുക്കളും അവിടെ ഉണ്ടായിരുന്നു. അജിയെ കണ്ടപ്പോൾ പ്രമീള മനോജിന്റെ കൈയിൽ പിടിച്ചു കൊണ്ട് മുന്നോട്ടു നടന്നു. അവർക്കൊപ്പം നിന്ന മറ്റുള്ളവരും അജിയെ രൂക്ഷമായി നോക്കി നടന്നകന്നു. ഡ്യൂട്ടി ഡോക്ടർ പുറത്തേക്ക് വന്നപ്പോൾ അജി അടുത്തേക്ക് ചെന്ന് വിവരം തിരക്കി.
“പറയത്തക്ക വല്ല്യ പ്രോബ്ലംസ് ഒന്നൂല്ല. കാലിനും കൈയ്ക്കും ഓരോ ഫ്രാക്ച്ചേഴ്സുണ്ട്. കുറച്ചു ദിവസത്തേക്ക് വീണതിന്റെ ഒരു ചെറിയ വേദന ഉണ്ടാവും. പിന്നെ അവര് കേസ് ഫയൽ ചെയ്തിട്ടുണ്ട്. പോലീസ് എൻക്വയറിയ്ക്ക് വരുമ്പോൾ നിങ്ങളിടെ കാണണം. ഓക്കേ.”
അജി അകത്തേക്ക് നോക്കിയപ്പോൾ പ്രകാശൻ നല്ല മയക്കത്തിലായിരുന്നു. പുലർച്ചെ ആറരയോട് അടുത്തപ്പോഴാണ് അവൻ കണ്ണ് തുറന്നത്. തൊട്ടടുത്ത് ഉറക്കച്ചടവോടെ തന്റെ മുഖത്തേക്ക് നോക്കിയിരിക്കുന്ന അജിയെ കണ്ടപ്പോൾ അവനൊന്ന് നെഞ്ച് നീറി.
“ഇനി എന്നാ അടുത്ത മടലേറൽ.” അജി ഒരു കോട്ടുവാ ഇട്ടുകൊണ്ട് കസേരയിലിരുന്നു കാല് നിവർത്തി.
അവൻ മറുപടി പറഞ്ഞില്ല. പകരം വിലക്കപ്പെട്ട പ്രണയത്തെ ഓർത്ത് കണ്ണ് മിഴിച്ചു. ശേഷം അസാധാരണമായ ഏതോ നിമിഷത്തിൽ മരണത്തിന്റെ തടവറയിൽ നിന്നും അതിസാഹസികമായി ഒരു പുതിയ ജീവിതത്തിലേക്ക് തന്നെ ചുഴറ്റിയെറിഞ്ഞ രാത്രിയ്ക്ക് നേരെ അവനൊരു പുഞ്ചിരി സമ്മാനിച്ചു.
*മടലേറൽ – സംഘകാലത്ത് കേരളത്തിൽ നിലവിലിരുന്ന രസകരമായ ഒരാചാരമാണ് മടലേറൽ. പ്രണയാഭ്യർത്ഥന നിരസിക്കപ്പെട്ടാൽ നിരാശാകാമുകൻ തന്റെ പ്രണയം തെരുവീഥിയിൽ പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് മടൽ കൊണ്ടുണ്ടാക്കിയ ഒരു പൊയ്ക്കുതിരപ്പുറത്തു കയറി എരുക്ക് പൂമാല അണിഞ്ഞ് മരണം വരെ നിരാഹാരം അനുഷ്ഠിക്കണം.
