ശേഷം കാഴ്ചയിൽ പ്രതിബിംബിക്കുന്നതെല്ലാം ഇങ്ങനെയാണ്…

ഇന്നലെ ഞാൻ
നോക്കുമ്പഴെല്ലാം മിഴിച്ചു മേലെ
നഗരത്തിൻ പഴുത്ത
വ്രണ,ക്കണ്ണുപോൽ ചന്ദ്രൻ.

ഓർക്കുന്നു,
പൊട്ടിയൊലിച്ച്‌
ചലംപോലൊഴുകും മുറ്റത്തെ
നിലാവത്തെൻ കവാത്ത്.

വീടിനു വെളിയിൽ
തോട്ടിറമ്പിൻ പടവിനു താഴെ
ഭൂമിയതിന്റെ
നരച്ചമീശ
പിരിച്ചുവച്ചപോൽ
വളഞ്ഞ നീരൊയൊഴുക്ക്.

പൊടികേറി,നീറിയിട്ടെന്ന വണ്ണം
ചുവന്ന കണ്ണടച്ചിടയ്ക്കിടെ
പട്ടാപ്പകലിരുട്ടാക്കും
സൂര്യനെരിയുമൊരു
ഫിലമെന്റ് ബൾബ്.

ഇന്ന് ഞാൻ നോക്കുമ്പഴെല്ലാം
ഈ നഗരത്തിൻ മറവിലൂടെ
മുതുകിൽ ചിലന്തിവലയുമേന്തി
ഇടംവലംനോക്കി
പതുങ്ങിയെത്തുമിരവൊരു
പൂതനാക്ഷി.

കടലിൻ
കറുത്ത റൗക്കകീറി
മുഴുത്തമുലത്തിങ്കളുദിച്ച്
പുറത്ത് ചാടവേ
പാലല്ല,
തേനല്ല,
പൂനിലാവല്ല,
ചവർക്കും ചലം ചപ്പിത്തുപ്പും
തെരുവൊരുണ്ണിക്കണ്ണനായ്.

അക്ഷീണയായ്
മതിമറന്നവൾ,
ഇളംമാറിൽ
ചലംവിങ്ങും വേദനയെ.

പൂതനാ,ക്ഷിയാൽ
തഴുകിയുറക്കിയിരവ് തെരുവിനെ,
കടത്തിക്കൊണ്ടു പോകുന്നു
തഞ്ചത്തിൽ നേരം പുലരവെ.

അർബുദമോ?
പതിയെപ്പതിയെ
ക്ഷയിച്ചു മുഴുത്തമുലത്തിങ്കൾ.
അയഞ്ഞു തൂങ്ങിയ
കടലിൻ കറുത്ത റൗക്ക തെന്നിനീങ്ങി
വെളിപ്പെട്ടു മാറിൽ
വെളുത്ത നൂലുപോൽ
ചന്ദ്രക്കല.

നിറഞ്ഞ പൂതനാ,ക്ഷിയാൽ
കടവരാന്തയിൽ
കൈക്കുഞ്ഞായ് കിടക്കും
തെരുവിനെനോക്കിയിരവ്
പരതുന്നു മാറിൽ.

ശേഷം കാഴ്ചയിൽ കണ്ടുഞാൻ,
വിരലിൽ തടഞ്ഞ
ശൂന്യമാം
കറുത്തമേഘക്കീറൊന്നു
മാത്രം.

കണ്ണൂർ സ്വദേശി. ആനുകാലികങ്ങളിലും ഓൺലൈനിലും എഴുതുന്നു. 'രജസ്വല' ' മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്നീ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. ചടയൻ ഗോവിന്ദൻ ദിന അനുസ്മരണ കഥാരചന മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രഥമ പി. ഒമർ സാഹിത്യ പുരസ്‌കാരം 'മേരി ഹെസ്കേൽ എന്ന പ്രേമത്തിന്റെ ഓർബിറ്റ്' എന്ന കവിതാ സമാഹാരത്തിനും ലഭിച്ചിട്ടുണ്ട്.