ഞാൻ

എന്തൊരു നരകം പിടിച്ച ദിവസമാണിന്ന് ?

രാവിലെ തൊട്ട് ഓഫീസിലുള്ള എല്ലാവന്മാരെയും മാറി മാറിവിളിക്കുകയാണ്. ഒരുത്തനെങ്കിലും ഫോൺ എടുക്കണ്ടെ? അതെങ്ങനെയാ, ഉത്തരവാദിത്വബോധം – അതില്ലാത്തവന്മാരോട് പറഞ്ഞിട്ടെന്തു കാര്യം! ചുമ്മാതല്ല ഈ നാട് നന്നാകാത്തത്. ഇന്നാള് ഞാൻ യൂറോപ്പിൽ പോയപ്പോൾ നേരിട്ട് കണ്ടതാണ്. എട്ട് മണിയാകുമ്പോൾ, എല്ലാവരും ഓഫീസിലുണ്ട്. ഞാൻ ഇതൊന്ന് എന്റെ ഓഫീസിൽ ഒന്നു പറഞ്ഞപ്പോഴോ? രാഹുലും, ശിവായും എന്നെ കൊന്നില്ലെന്നെയുള്ളു. യൂറോപ്പിലെ പോലെ വൈകുന്നേരം സമയത്ത് പോകാനും, ഓഫീസ് സമയമല്ലാത്തപ്പോൾ മെയിൽ അയയ്ക്കാതിരിക്കാനും പറ്റുമോ എന്ന്! ഇവരോടൊക്കെ എന്തുപറയാനാണ്?

ഞാൻ കട്ടൻ കാപ്പി ഒന്ന് വലിച്ചു കുടിച്ചു.

ഇനിയെന്തെങ്കിലും ബ്രേക്ക്ഫാസ്റ്റ് ഉണ്ടാക്കണം. ലിനി പറഞ്ഞത് കേട്ട്, ഇന്നലെ ആ ഹോസ്പ്പിറ്റലിൽതന്നെ കിടന്നാൽ മതിയായിരുന്നു. അവൾക്കൊരു കൂട്ടുമായേനെ, ഹോസ്പിറ്റൽ കാൻറ്റിനിൽ നിന്നുംഎന്തെങ്കിലും കഴിക്കുകയും ചെയ്യാമായിരുന്നു. പക്ഷെ, എന്തു ചെയ്യാനാണ്? അതിനിടയിലല്ലെ ഈ മാലി യാത്ര വന്നത്. ലിനി ഇന്നോ നാളേയോ പ്രസവിക്കുമെന്നും, അത് കൊണ്ട് ഇപ്പോൾ യാത്ര ബുദ്ധിമുട്ടാകുമെന്നുമൊക്കെ ജെനറൽ മാനേജരോട് ഞാൻ പതുക്കെയൊന്ന് സൂചിപ്പിച്ചതാണ്. പക്ഷെ, അദ്ദേഹം കേൾക്കണ്ടെ? മാലിയിലെ മീറ്റിംഗ് Mr.John തന്നെ ചെയ്താലെ ശരിയാകത്തൊള്ളു എന്നാണ് അദ്ദേഹം പറയുന്നത്. പൊങ്ങച്ചം പറയുകയാണെന്ന് തോന്നരുത്. GM പറഞ്ഞത് കുറെയൊക്കെ സത്യംതന്നെയാണ്. ഞാനാ പ്രസൻ്റേഷൻ ചെയ്യുന്നത് പോലെ വേറെയൊരാൾക്കും ചെയ്യാൻ പറ്റില്ല. അത്കൊണ്ടാണല്ലൊ എന്തിനും ഏതിനും ജനറൽ മാനേജർ ,Mr. John ,Mr. John എന്നും വിളിച്ച് എന്റെ പുറകെ നടക്കുന്നത്.

പക്ഷെ എന്തോ ലിനിയ്ക്കിത് എത്ര പറഞ്ഞാലും മനസ്സിലാകത്തില്ല. ഉദാഹരണത്തിന്, നേരത്തെയൊക്കെ ലിനിയോട് ഇന്ന് രാത്രി ഡിന്നറിന് കുറച്ചാളുകൾ ഉണ്ടെന്ന് പറഞ്ഞാൽ ഒരുമുറുമുറുപ്പുമില്ലാതെ അവളെല്ലാം അറേഞ്ച് ചെയ്യുമായിരുന്നു. പക്ഷെ, കഴിഞ്ഞയാഴ്ച ജനറൽ മാനേജരും വേറെ മൂന്നു പേരും ഡിന്നറിന് വരുന്നുണ്ടെന്ന് പറഞ്ഞപ്പോൾ – അവളെന്തൊക്കെയാണ്എന്നെ പറഞ്ഞത്? പ്രസവത്തിന് ഇന്നോ നാളെയോ എന്ന് പറഞ്ഞിരിക്കുന്ന അവളെക്കൊണ്ട് ഞാൻ പണിയെടുപ്പിച്ചത്രെ ! എന്റെ അമ്മച്ചിയൊക്കെ വീട്ടിലെ മുഴുവൻ പണിയും ചെയ്തിട്ടാണ് ഞങ്ങൾ പന്ത്രണ്ടു പേരെ പ്രസവിച്ചത്.

ശരിയാണ്, എനിക്ക് ഫുൾ ടൈം ജോലിക്കാരെ വീട്ടിൽ വയ്ക്കുന്നതിൽ താല്പര്യമില്ല. കാരണം ലിനിയുടെകൈ കൊണ്ട് ഉണ്ടാക്കി തരുന്നത് കഴിക്കാനാണ് എനിക്കിഷ്ടം. നോക്കൂ, എനിക്കങ്ങനെ ഒത്തിരിവിഭവങ്ങളൊന്നും വേണ്ട കേട്ടോ. രണ്ടു മൂന്ന് ചപ്പാത്തിയും, കുറച്ച് ‘ദാലു’മുണ്ടെങ്കിൽ എനിക്ക് കുശാലായി. പക്ഷെ, എന്തായാലും ജനറൽ മാനേജർ വന്നപ്പോൾ അവൾ ദുർമുഖമൊന്നും കാണിച്ചില്ല. മേശ നിറയെ വിഭവങ്ങളുമുണ്ടായിരുന്നുതാനും. എല്ലാം കഴിച്ച് കഴിഞ്ഞ് GM സാറെന്താ പറഞ്ഞത് ?

“You are a lucky man Mr John”.

ശരിക്കും പറഞ്ഞാൽ അത് ലിനിക്കുള്ള കോംപ്ലിമെൻറ്റല്ലെ? കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇങ്ങനെയൊരു നല്ല ഇംപ്രഷൻ ഉണ്ടാക്കാൻ പറ്റിയില്ലെ? പക്ഷെ, ഇത് ഞാനവളോട് ഇതൊന്ന് പറഞ്ഞപ്പോൾ- അവളുടെമുഖം കടന്നലു കുത്തിയത് പോലെയിരിക്കുന്നു ! ഗർഭിണികളുടെ Mood swings ആയിരിക്കും. സഹിക്കാം . അല്ലാതെന്ത് ചെയ്യും?

ഇന്നലത്തെ ഒരു സംഭവം കേൾക്കണോ? ഉച്ച കഴിഞ്ഞ് പെട്ടെന്ന് ലിനി എന്നെ വിളിച്ചിട്ട്പറയുകയാണ് “ജോണേ, വേഗം വാ, എനിക്ക് വേദന തുടങ്ങിയിരിക്കുന്നു” എന്ന്! ഞാനപ്പോൾ ഒരു important മീറ്റിംഗിനിടയിലാണ്. അവിടെ നിന്ന് എങ്ങനെ ഞാൻ എല്ലാം ഇട്ടെറിഞ്ഞ് ഓടി പോകും? അതു കൊണ്ടാണ് മൂത്ത മോനെയും, വീട്ടിൽ പാത്രം കഴുകാൻ വരുന്ന കുട്ടിയെയും കൂട്ടി, ഒരു uber വിളിച്ച് വേഗം ഹോസ്പിറ്റലിലേക്ക് പൊയ്ക്കൊള്ളാൻ ഞാനവളോട് പറഞ്ഞത്. ഹൊ! അതിനവൾ എന്നെ പറയാത്തതൊന്നുമില്ല. ശരിയാ, മോന് നാല് വയസ്സ് ആയിട്ടേയുള്ളു. പക്ഷെ അവൻ വളരെ മച്ചൂർഡ് ആയ കുട്ടിയാണ്. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ എന്നെ വിളിച്ച് പറയാനൊക്കെ അവനറിയാം. എന്റെ മുഖം കണ്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്ന് ജനറൽ മാനേജർക്ക് മനസ്സിലായി. കാര്യമറിഞ്ഞപ്പോൾ വീട്ടിൽ പൊയ്ക്കാള്ളാൻ അദ്ദേഹം അനുവദിയ്ക്കുകയും ചെയ്തു. പക്ഷെ പ്രസൻ്റേഷൻ കഴിഞ്ഞേ പോകുന്നുള്ളു എന്ന് ഞാൻ പറഞ്ഞപ്പോൾ, അദ്ദേഹത്തിന്റെ മുഖത്തുണ്ടായ അഭിമാനം! ലിനിയതൊന്ന് കാണ്ടേണ്ടത് തന്നെയായിരുന്നു.

അത് കഴിഞ്ഞുള്ള രണ്ട് മീറ്റിംഗുകൾ കാൻസൽ ചെയ്തിട്ടാണ് ഞാൻ ലിനിയെ കാണാൻ ഓടിച്ചെന്നത്. പക്ഷെ അവളുടെ മുഖം കണ്ടാൽ – ഞാനെന്തോ വലിയ പാപം ചെയ്തത് പോലെ !ചില സമയത്ത് ലിനി അങ്ങനെയാണ്. ശരിയായ രീതിയിൽ കാര്യങ്ങളവൾക്ക് മനസ്സിലാകത്തില്ല. ഞാനീ രാപകലില്ലാതെ കഷ്ടപ്പെടുന്നത് അവൾക്കും കൂടെയല്ലെ?

ഇതിപ്പോ, ഞാനാ മീറ്റിംഗ് ഇട്ടെറിഞ്ഞ് അപ്പോൾ തന്നെ വന്നിരുന്നെങ്കിൽ എന്തായേനെ? ഡോക്ടർ പറഞ്ഞു ലിനിയ്ക്കൊരു false pain വന്നതാണെന്ന്. സത്യം പറഞ്ഞാൽ എനിക്കതപ്പോഴെ സംശയമുണ്ടായിരുന്നു.

എല്ലാമൊന്ന് സെറ്റിലായി, രാത്രി ഞാൻ തിരികെ വീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞപ്പോൾ, ദേ, അവള് പിന്നെയും എന്റെ നേരെ ഒരു ചാട്ടം! റൂമിലാണെങ്കിൽ എല്ലാവിധ സൗകര്യങ്ങളുമുണ്ട്. രാത്രിയിൽ ഹോസ്പിറ്റലിൽ കിടക്കാമെന്ന് ജോലിക്കാരിക്കുട്ടി സമ്മതിച്ചിട്ടുണ്ട്. പിന്നെ ഞാൻ വീട്ടിൽ പോയാലവൾക്കെന്താണ്? എനിക്കാണെങ്കിൽ പോയിട്ട് പിറ്റേന്ന് മാലിക്ക് പോകാനുള്ള വസ്ത്രങ്ങളാക്കെ എടുത്ത് വയ്ക്കേണ്ടതുമുണ്ട്. ലിനി ഹോസ്പിറ്റലിലായതിനാൽ ഞാൻ തന്നെ വേണ്ടെ ഇതൊക്കെ ചെയ്യാൻ ? സാധാരണഗതിയിൽ എന്റെ യാത്രയ്ക്കുള്ള ബാഗൊരുക്കൽ അവളാണ് ചെയ്യുക. കാരണം ഞാനെപ്പോഴും ഓരോ തിരക്കിലായിരിക്കും. അതിനിടയിൽ ഇത്തരം ചെറിയ കാര്യങ്ങളൊക്കെ നോക്കാൻ എനിക്കെവിടെ സമയം ?

ഇന്ന് ഒരു വിധം എല്ലാമൊന്നൊതുക്കി വച്ച്, വിടും പൂട്ടി, ഓഫീസിലേക്ക് ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് ലിനി വിളിച്ചത്. പ്രസവം മിക്കവാറും ഉടനെ തന്നെ കാണും. അത് കൊണ്ട് മാലി യാത്ര മാറ്റിവക്കാൻ ! ഇവൾക്കെന്താ പ്രാന്ത് പിടിച്ചോ? ഇത് എത്ര important മീറ്റിംഗ് ആണെന്ന് ഞാൻ എത്ര പ്രാവശ്യംഇവൾക്ക് പറഞ്ഞു മനസ്സിലാക്കി കൊടുത്തതാണ്.

എന്നിട്ട് ദേണ്ടെ, പിന്നെയും അതേ പല്ലവി! ജനറൽ മാനേജർ സാറാണെങ്കിൽ എയർപ്പോർട്ടിൽ കാണാമെന്ന് പറഞ്ഞ് ഇപ്പോൾ ഫോൺ വച്ചതേയുള്ളു. ഞാൻ വരുന്നില്ല എന്ന് ഇനി എങ്ങനെ പറയും? എനിക്ക് തോന്നുന്നത് ഈ ഡോക്ടർമാർ വെറുതെ ഓരോന്ന് പറഞ്ഞ് നമ്മളെ പേടിപ്പിക്കുന്നതാണെന്നാണ്. രണ്ട് ദിവസം കൂടി ഒരു admission കിട്ടിയാൽ രൂപായെത്രയാ അവർക്ക് കിട്ടുന്നത് ?

ഞാനന്നേ പറഞ്ഞതാണ് ലിനിയുടെ അമ്മയെ ഒരു സഹായത്തിന് വിളിക്കാമെന്ന്. അപ്പോഴവൾക്ക് വലിയ ദുരഭിമാനം. “എന്റെ പ്രസവത്തിന് എന്റെ ഭർത്താവിന് കൂടെ നിൽക്കാൻ വയ്യെങ്കിൽ വേറെയാരെയും വിളിക്കില്ലന്ന്” ! നിങ്ങൾ തന്നെ പറ, ഇതൊക്കെ വെറും ആവശ്യമില്ലാത്ത ദുർവാശികളല്ലെ? വെറുതെ എനിക്ക് കുറ്റബോധം ഉണ്ടാക്കാനുള്ള അവളുടെ ഓരോ കളികൾ. എന്തായാലും രാവിലെ ഓഫീസിൽ ഒന്ന്ചെന്ന് തലകാണിച്ചിട്ട് , ലിനിയെയും കണ്ട്, എയർപ്പോർട്ടിലേക്ക് പോകാം.

ഓഫീസിൽ ചെന്നാൽ പിന്നെ ജോലികൾ നമ്മളെ തേടി ഇങ്ങോട്ട് വന്നു കൊള്ളും. ഇന്ന് ഞാൻ മാലിയിൽ പോകുന്നതിനാൽ ഓഫീസിൽ വരില്ലെന്ന് കരുതിയിട്ടാവും മിനിയും, രവീന്ദറും ലീവിൽ ! എന്തിനാണവർ ലീവ് എടുത്തെതെന്ന് ചോദിച്ചപ്പോൾ Session സൂപ്രണ്ട് ഗൗരവ് പറയുകയാണ്- സ്ത്രീകളോട് ലീവെന്തിനാണ് എടുക്കുന്നതെന്ന് എങ്ങനെയാ ചോദിയ്ക്കുകാ എന്ന് ! എന്താണ്ചോദിച്ചാൽ? ഇതൊക്കെയാണ് എനിക്ക് ദേഷ്യം വരുന്ന കാര്യങ്ങൾ. ഉത്തരവാദിത്വബോധമില്ലാത്ത കുറെ മനുഷ്യർ! പിന്നെ ഒന്നായി, മറ്റൊന്നായി ഓരോരോ പണികൾ ചെയ്ത് സമയം പോയതറിഞ്ഞില്ല. ഇനി ലിനിയെ കണ്ടിട്ട് പോകാൻ നിന്നാൽ എയർപോർട്ടിൽ എത്താൻ ലേറ്റാകുമെന്ന് തോന്നുന്നു. അവളെയൊന്ന് വിളിച്ചു പറയണം.

ലിനിയെ വിളിക്കാൻ ഫോണെടുത്തപ്പോഴാണ് GM സാറിന്റെ കോൾ വന്നത്. അദ്ദേഹം already എയർപ്പോട്ടിലേക്ക് പുറപ്പെട്ട് കഴിഞ്ഞു. പകുതി വഴിയായപ്പോഴാണ് പാവം ഒരു കാര്യം ഓർത്തത്. അദ്ദേഹത്തിന്റെ മാലിയിലുള്ള ബന്ധു കുറച്ച് ‘ചെറിയ ഉള്ളി’ മേടിച്ചു കൊണ്ടു വരാൻ പറഞ്ഞിരുന്നു. അവിടെ നല്ല ചെറിയ ഉള്ളി കിട്ടില്ലത്രെ. എന്നോട് വരുമ്പോൾ കുറച്ച് ഉള്ളി മേടിച്ചു കൊണ്ട് വരാമോ എന്ന് ചോദിക്കാനാണ് ജനറൽ മാനേജർ വിളിച്ചത്. ശരിയ്ക്കും ഇതൊക്കെ കാണുമ്പോഴാണ് ഞങ്ങൾ എത്രമാത്രം close ആണെന്ന് എനിക്ക് മനസ്സിലാകുന്നത്. അതല്ലെങ്കിൽ പിന്നെ ഇതൊക്കെ വിളിച്ചു പറയാനുള്ള സ്വാതന്ത്ര്യം ആരെങ്കിലും കാണിക്കുമോ? പക്ഷെ ലിനിയുടെ അഭിപ്രായം GM എന്നെമുതലെടുക്കുകയാണെന്നാണ്. ഇവളോടൊക്കെ എന്തു പറയാൻ! ഈ കോർപ്പറേറ്റ് കളികളൊക്കെ അവൾക്കെന്തു മനസ്സിലാകാൻ? കഴിഞ്ഞയാഴ്ച GM എന്റെ വീട്ടിൽ ഭക്ഷണത്തിന് വന്നു എന്ന് കേട്ടിട്ട് ആ ചൊറിയൻ ശർമ്മ, വായും പൊളിച്ചിരിക്കുകയിരുന്നു. ഹ! ഹ !ഹ !

എന്താണോ മോൻ വീണ്ടും വീണ്ടും വിളിക്കുന്നത്?

ങ്ങേ! ലിനിയെ ഡെലിവറിയ്ക്ക് പ്രവേശിപ്പിച്ചെന്നോ? ദൈവമെ, ഇനി ഹോസ്പിറ്റലിൽ പോയാൽ ഉള്ളിമേടിക്കാൻ സമയം കിട്ടുമോ ? GM സാറിനോട് ഞാനെന്തു പറയും? എന്തുമാകട്ടെ, ഹോസ്പ്പിറ്റലിൽ ഒന്ന്പോയിട്ട് പോയേക്കാം. അല്ലെങ്കിൽ നാട്ടുകാരെന്തു പറയും?

എന്തൊരു വൃത്തികെട്ട ട്രാഫിക്കായിരുന്നു! ഇരുപത് മിനിറ്റ് കൊണ്ട് എത്തേണ്ട ദൂരം ഓടിയെത്താൻ ഒരുമണിക്കൂർ എടുത്തു. മോൻ ഒന്ന് രണ്ട് വട്ടം വിളിച്ചിരുന്നു. കാറോടിക്കുമ്പോൾ ഞാൻ ഫോണിൽ സംസാരിക്കില്ലെന്ന് ഈ ചെക്കനറിഞ്ഞു കൂടെ?

എന്തായാലും എല്ലാം ശുഭമായി കഴിഞ്ഞു. ഞാൻ എത്തുമ്പോഴേക്കും ലിനിയുടെ പ്രസവം കഴിഞ്ഞിരുന്നു. മോനൊരു കുഞ്ഞനിയനെ കൂടെ കിട്ടി. മുറിയിൽ ചെന്നപ്പോൾ ലിനി കിടക്കുകയായിരുന്നു. മോൻ കുഞ്ഞനിയനെ നോക്കി എന്തൊക്കെയോ പറയുന്നുണ്ട്. ലിനിഎന്നെയൊന്ന് തറച്ചു നോക്കി. ഭാഗ്യം.. ഒന്നും പറഞ്ഞില്ല.

ഞാൻ കുഞ്ഞിനെയൊന്ന് നോക്കി. കണ്ടിട്ട് കുഴപ്പമൊന്നുമില്ല എന്ന് തോന്നുന്നു. ലിനിയോട് യാത്ര പറയാനായി പതുക്കെ അവളുടെ അടുത്തേക്ക് ചെന്ന സമയത്ത് എന്റെ മൊബൈൽ ശബ്ദിച്ചു.. GM സാറിന്റെ മെസ്സേജ്- ‘ഉള്ളി മേടിച്ചോ’ എന്ന്. പാവം, വല്ലാത്ത ടെൻഷനിലാണെന്ന് തോന്നുന്നു.

ആ സമയത്ത് മെസ്സേജ് നോക്കിയത് ലിനിയ്ക്കിഷ്ടപ്പെട്ടില്ല. അവൾ മുഖം ഒരു വശത്തേക്ക് തിരിച്ചൊരു കിടപ്പ് ! ഇതിനൊക്കെ ദേഷ്യം വരേണ്ട ആവശ്യം എന്താണ്? പിന്നെ ഞാൻ അമാന്തിച്ചില്ല. അവളുടെചെവിയോട് ചുണ്ടുകൾ ചേർത്ത് വച്ച് ഞാൻ ചോദിച്ചു.

“ലിനി, ഇവിടെ അടുത്തെവിടെയെങ്കിലും ചെറിയ ഉള്ളി കിട്ടുന്ന സ്ഥലം നിനക്കറിയാമോ?”

തൊടുപുഴയിൽ ജനനം. ബാങ്കിംഗ്- ഇൻഷുറൻസ് മേഖലയിലെ നീണ്ട കോർപ്പറേറ്റ് ജീവിതത്തിനവസാനം ചീഫ് സെയിൽസ് ഓഫീസറായിരിക്കുമ്പോൾ വിരമിച്ച്, ഇപ്പോൾ ബാഗ്ലൂരിൽ മാനേജ്മെന്റ് കൺസൾട്ടൻ്റ് ആയി ജോലി ചെയ്യുന്നു. യാത്ര, വായന, എഴുത്ത് ഇതൊക്കെയാണ് ഇഷ്ടപ്പെട്ട വിനോദങ്ങൾ.