
ഖുത്തബ് മിനാർ
ഇന്നത്തെ യാത്ര, ഞാൻ എഴുന്നേൽക്കാൻ വൈകിയതുകൊണ്ട് ഖുത്തബ് മിനാറിലേക്ക് മാത്രമായി ചുരുക്കേണ്ടി വന്നു.

വാസ്തുശില്പകലയുടെ ഉത്തമോദാഹരണമായ ഖുത്തബ് മിനാർ, ഇഷ്ടിക കൊണ്ട് നിർമ്മിച്ച ലോകത്തിലെ ഏറ്റവും ഉയരമേറിയ നിർമ്മിതിയാണ്. യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഈ മിനാരം, ദക്ഷിണദില്ലിയിലെ മെഹ്റോളിയിലെ ഖുത്ബ് സമുച്ചയത്തിലാണ് സ്ഥിതി ചെയ്യുന്നത്. 72.5 മീറ്റർ (237.8 അടി) ഉയരവും അഞ്ചു നിലകളുമുള്ള ഈ ഗോപുരത്തിൻ്റെ മുകളിലേക്ക് കയറുന്നതിന് 399 പടികളാണുള്ളത്.

1199 ലെ ദില്ലി സുൽത്താനായിരുന്ന ഖുത്ബ്ദീൻ ഐബക്കാണ് ഈ മിനാറിന്റെ ആദ്യ നില പണികഴിപ്പിച്ചെങ്കിലും സുൽത്താൻ ഇൽത്തുമിഷാണ് 1229-ഓടെ മറ്റു നാലുനിലകളുടെ പണികൾ പൂർത്തിയാക്കിയത്.

ഖുത്തബ് മിനാറിനേക്കാൾ രണ്ടിരട്ടി വലിപ്പമുള്ള അലൈ മിനാർ – എന്നൊരു നിർമ്മിതിയുടെ പ്രാരംഭ പണികൾ അലാവുദ്ദീൻ ഖിൽജി തുടങ്ങി വച്ചെങ്കിലും പൂർത്തീകരിക്കാത്ത അവസ്ഥയിൽ ഈ ഗോപുരവും ഇതേ സമുച്ചയത്തിൽത്തന്നെ സ്ഥിതി ചെയ്യുന്നു.

ഏക്കർ കണക്കിൽ വിസ്തൃതിയിൽ പരന്നുകിടക്കുന്ന ഈ നിർമ്മാണ വിസ്മയം വിദേശികളുൾപ്പെടെയുള്ള സഞ്ചാരികളെ ഏറെ ആകർഷിക്കുന്നു. വിനോദസഞ്ചാരികൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. ബുർജ് ഖലീഫയിലെ ലേസർ ഷോ മാതൃകയിൽ ഖുത്തബ് മിനാറിലും റെഡ് ഫോർട്ടിലും ലേസർ ഷോകളും ഒരുക്കിയിരിക്കുന്നു.

ഇത്തരം പൈതൃക സ്മാരകങ്ങൾ, ഒരു കല്ലിന് പോലും ഇളക്കം തട്ടാതെ ബന്ധപ്പെട്ടവർ വരുംതലമുറകൾക്കായി പവിത്രമായി സംരക്ഷിച്ച് സൂക്ഷിക്കുന്നു, അവ ലോകസഞ്ചാരികളെ ഇന്ത്യയിലേക്ക് ആകർഷിച്ച് ഇവിടെത്തിക്കുന്നു, വിനോദസഞ്ചാരം ഭാരതത്തിൻ്റെ വലിയൊരു വരുമാന സ്രോതസായി മാറുന്നു എന്നതിലൊക്കെ ഓരോ ഭാരതീയനും അഭിമാനിക്കാം.
