വിട പറയുന്ന വർഷമേ

വിട പറയുന്ന വർഷമേ
പറഞ്ഞിട്ടു പോകുമോ
വെയിലെത്ര കൊണ്ടെന്ന്
മഴയെത്ര നനഞ്ഞെന്ന്
കുളിരെത്ര ചൂടീന്ന്
നീയെൻ ജീവിത രേഖയിൽ
ചുളിവെത്ര വീഴ്ത്തീന്ന്
ആമോദമോടെത്ര ദിനം കഴിഞ്ഞെന്ന്
ആവലാതികളെത്ര സഹിച്ചെന്ന്
ആഗ്രഹങ്ങളെത്ര സഫലമായെന്ന്
ചിരിയിലൊളിപ്പിച്ച കണ്ണുനീരെത്ര
കണ്ണുനീരിൽ തിളങ്ങിയ പുഞ്ചിരിയെത്ര
സ്നേഹവും ദേഷ്യവും ഒത്തു ചേർന്ന്
വല്ലാതുലച്ച ദിവസങ്ങളെത്ര….
പകർന്നു നൽകിയ സ്നേഹ
സാന്ത്വനമൊക്കയും
പ്രിയ ജനത്തിന്
ഹിതമായ് ഭവിച്ചുവോ
കൊച്ചു കുസൃതിതൻ
കൊച്ചിടവേളകൾ
കൊത്തി കൊഴിച്ചുവോ
കൊച്ചു മോഹങ്ങളെ
എൻ ജീവിത താളുകളെത്ര
മറിഞ്ഞു പോയ്
പകലെത്ര ബാക്കി,
ഇരുളെത്ര ബാക്കി
പകൽക്കിനാക്കൾ
തൻ കൂട്ടുകാരി
ഞാൻ നിൻ പകൽക്കിനാക്കൾ
തൻ കൂട്ടുകാരി
വിട പറയുന്ന വർഷമേ
പറഞ്ഞിട്ടു പോകുമോ
വെയിലെത്ര കൊണ്ടെന്ന്……
മഴയെത്ര നനഞ്ഞെന്ന്……
കുളിരെത്ര ചൂടീന്ന്……,….
നീയെൻ ജീവിത രേഖയിൽ
ചുളിവെത്ര വീഴ്ത്തീന്ന്

വൈക്കം ടിവി പുരം സ്വദേശി. മഹാരാഷ്ട്രയിൽ സ്ഥിരതാമസം .