ഘടികാരസൂചികൾ

അച്ഛനുണരാതെ എന്നന്നെയ്ക്കുമായ്
ഉറങ്ങിപ്പോയ നട്ടുച്ചയിലാണ്
ഒരു വെയിൽപ്പുഴ കത്തിയടർന്ന്
നെഞ്ചിൽ പതിച്ചതും,
ഭൂമി പിളർന്ന് രണ്ടായതും,
ഞാൻ മനുഷ്യരില്ലാ-
ത്തുരുത്തിൽപ്പെട്ടതും.

ഒരു കടന്നൽ കൂട്ടം
വട്ടമിട്ടെന്റെ സിരകളിലെ
രക്തവും,മജ്ജയുമൂറ്റിയത്,

നിൽക്കക്കള്ളിയുടെ
നൂൽപ്പാലമൊഴിഞ്ഞ് ,
ഇലകൾ കൊഴിഞ്ഞ്,
ജനിച്ചമണ്ണ് നിർജ്ജലീകരിച്ച്,
എന്റെ കുരുതിയ്ക്ക്
കളംവരച്ചതും.

പിഴവുകളുടെ പഴികൾകൊണ്ട്
കൈകളിൽ വിലങ്ങിട്ടെന്റെ
വിശ്വാസങ്ങൾ വിതുമ്പി
വെറുങ്ങലിച്ചത്.

അന്യനാക്കപ്പെട്ട
അനാഥന്റെ ചങ്കിലെ ഉഷ്ണച്ചെടികളിൽ
സമയഘടികാര മുഴക്കങ്ങൾ
മഞ്ഞപ്പൂക്കളായി വിടർന്നത്.

പനിക്കിടക്കയിലെ
മാർദ്ദവമറ്റ വിരിയിലെ
മൃതിച്ചിറകുള്ള പക്ഷിയുടെ
ജ്വലിച്ചകണ്ണിലെ രൗദ്രം
അർധമയക്കത്തിലെന്നെ
നരകക്കാറ്റിലെറിയുന്നു.

വിശന്ന വിശറികൊണ്ടെന്റെ
വിയർപ്പുതുള്ളികൾ
ബലിജാലകത്തിനുപ്പുറത്ത്
മൃതികടാക്ഷത്തിന് കൂട്ടിരിയ്ക്കുന്നു.

വീണ്ടുമെരിഞ്ഞെത്തുന്ന
ഓർമ്മത്തീവണ്ടികൾ നിർത്താൻ
സ്മൃതിനിലയങ്ങളില്ലാതെ
കുതിച്ചുപായുന്നത്
രാത്രിയുടെ ഉൾപ്പാതകളിൽ
നിന്ന് വിലാപക്കരയിലെ
സങ്കടതുരുത്തിലേയ്ക്കുതന്നെ….

തൃശൂർ ജില്ലയിലെ താഴെക്കാട് സ്വദേശി. കേരള പോലീസിൽ നിന്ന് സബ് ഇൻസ്‌പെക്ടറായി വിരമിച്ചു. ആനുക്കാലികങ്ങളിലും നവമാധ്യമങ്ങളിലും എഴുതുന്നു. അഭിനയം, കഥ, തിരക്കഥ എന്നിവയിലും താൽപര്യം. പത്തോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചു. ഷോർട്ട്ഫിംലിമുകളിലും 2023ലെ ഇറ്റ്ഫോക്കിന്റെ ഇൻറർനാഷണൽ നാടകോൽസവത്തിലും അഭിനയിച്ചു. രണ്ട് സിനിമയ്ക്ക് വേണ്ടി പാട്ടെഴുതി . ആദ്യ കവിതാസമാഹാരം "ബോധിവൃക്ഷച്ചുവട്ടിൽ വീണ പഴുത്തരണ്ടിലകൾ".