പുലർച്ചെ
പുറപ്പെട്ടിറങ്ങിയപ്പോൾ
തിരിഞ്ഞു നോക്കി,
മുയിങ്ങ് മണം കുത്തിക്കേറും
നരച്ച് പിഞ്ഞിയ
മുഷിഞ്ഞ ജനാലവിരിപ്പ് പോൽ
കാറ്റിലിളകുന്നകലെ
മഞ്ഞുകാലത്തിന്റെ പട്ടട, പ്പുക.
കനലൊരു തരി
തെറിച്ചു വീണിന്നാകെ
ഗ്രഹണം ബാധിച്ച
നട്ടുച്ച .
ആരുടെയോ കഴുകൻ കണ്ണുകൾ
ഉല കണക്കെ
രാവും പകലും മിഴിക്കുന്നു
വിശ്വദർപ്പണത്തിൽ.
പഴുത്ത് പതച്ചു പൊങ്ങിയതിൽ
നുരച്ചു ദുര.
ലോകമൊരു
കൊല്ലന്റെ ആല
അകവും പുറവും
ഉലത്തോലായ് നിരന്നാളുകൾ.
ഉലയിലുരുകുമവരുടെ ചിരവനാക്ക്
ചിരവിത്തീരാതെ
തീപ്പൊരിവാക്കുകളുതിർത്ത്
വഴിയിൽ പൊള്ളിച്ചു ഉള്ളങ്കാൽ.
നെഞ്ചത്ത് കനലേന്തിയിരുട്ടിൽ
തേങ്ങി മണ്ടുന്നു –
ഒരു ദേശത്തിൻ കരച്ചിലായ്
മെല്ലിച്ച,ഴുകിയ നീർച്ചോല.
പുളിപ്പൻ വെള്ളത്തിൽ
അരുചിയും മോന്തി
നീന്തും സൂര്യനുപ്പിലിട്ട
അരമുറി ചെറു –
മാതളനാരക,ത്തൊണ്ടായൊഴുകി.
മേഘത്തിൻ
റെയിൻഡിയർ സ്ലീ-യിലേറി
കുതിക്കുമാ തേരാളി
മൂവന്തിപ്പട്ടുചുറ്റിയ
സാന്റാക്ലോസ്.
ഉരുണ്ട
മേഘമുഷ്ടിക്കിടയിൽ
ഞെരിഞ്ഞ്
ചെറുനാരങ്ങ മുറി
കക്കിച്ച നീര്
വെള്ളത്തിൽ കലങ്ങിയപ്പോഴത്
നിലാവെന്നോർത്തു.
അഴിഞ്ഞു വീണു മണ്ണിൻ
മുക്കുറ്റിപ്പൂവാമൊരു
മുക്കുത്തി.
പഴുത്ത മൂക്കിൻ തുളയിലൊരു
ഉണക്കക്കമ്പ്
മുളപൊട്ടുമൊച്ച.
പുറപ്പെട്ടയിടത്തേക്ക്
തിരിച്ചെത്തണമെങ്കിലീ –
പട്ടടയ്ക്കും മേലെ
പൊട്ടിത്തെറിച്ച്
രക്ഷപ്പെടാനൊരു
പല്ലിവാലൊന്നുണ്ടെങ്കിൽ
അതുമാത്രം മതി
നമുക്ക് ജീവിക്കുവാൻ…