നിശാശൽക്കം കൊഴിച്ചിട്ട
കൈവിരലിലെ അറ്റുവീണ
കവിതയിലാണ്
രാത്രികൾ മുഖം മറയ്ക്കുന്നത്.
നരിച്ചീറുകൾ ചിറക്കടിയ്ക്കുന്ന
കൂരിരുട്ടിലാണ്
അക്ഷരങ്ങൾ മുട്ടയിട്ടു കൂട്ടുന്നത്.
മഞ്ഞളിച്ച പകലുകളെ
മരണമൊരു ജാരനെപോലെ
ഒളിച്ചു കടത്തുന്നു.
പാഴ്ചിരിയുടെ വിളറിയ
മേഘങ്ങൾ തീവ്രമഴയെ
പ്രണയിച്ച്
ലഹരി മോന്തുന്നു.
വിളക്കണത്ത വഴിയിൽ
ചോര വറ്റാത്ത
കമ്പളംപുതച്ചൊരു
രക്തസാക്ഷിയുറങ്ങുന്നുണ്ട്.
ജ്വലിയ്ക്കാത്ത കാഴ്ചകൾ
മണ്ണിനോടൊപ്പം
മുത്യുജ്ഞാനത്തിലേക്ക്
കണ്ണയ്ക്കുന്നു.
വിരുദ്ധതയിൽ,
ഉൾവലിഞ്ഞ കാരുണ്യത്തെ
പ്രകൃതി തേടുന്നത്
കുഞ്ഞുങ്ങളിലാണ്.
നിലാവുദിക്കാത്ത
കറുത്ത കടലാസിൽ
ജന്മം കടന്നൽക്കൂട്
തുറന്നുവിടുന്നു.
പരാഗണമൂർച്ചയിൽ
നീറിയാണ് സ്മരണയുടെ
പേടകങ്ങൾ
ചുമക്കുന്ന മനുഷ്യർ
പ്രണയഭൂമിയുടെ
നിർവികാര കരകൾ
മുറിച്ചുകടക്കുന്നത്.
ബന്ധങ്ങൾ ഉടലറ്റുപോയവരുടെ
രക്തപശിമയിൽ
ഒട്ടാതെപോകുന്ന
കിനാവുകൾ തിരകളായി
കരയുടെ നെഞ്ചിൽ
ആർത്തലച്ചുകൊണ്ടിരിക്കും..