തസറാക് സാഹിത്യോത്സവത്തിൽ സീനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ ഒന്നാം സ്ഥാനം
ഇവിടെ എന്തൊരു തിരക്കാന്നറിയോ? ആള്‍ക്കാര്‍ക്കൊപ്പം വണ്ടികളുടെ എണ്ണവും കൂടുവാ. ആര്‍ക്കുവേണ്ടിയും ഒരാൾക്കും സമയമില്ല. ശബ്ദം നിലക്കുന്നുമില്ല. ഈ തിരക്കുപിടിച്ച ജീവിതം കാരണം സമയം പോകുന്നതൊന്നും അറിയുന്നേ ഇല്ല.
ഈ അടുത്ത് കണ്ടതാ മാത്തുക്കുട്ടിയെ. ഇപ്പൊ ചെക്കന് വല്ലാണ്ടെ വളര്‍ന്നു. ഓ അതിന് നിങ്ങള്‍ക്ക് മാത്തുക്കുട്ടി ആരാന്നറിയോ? ഇല്ലല്ലോ. അവന് നമ്മടെ തെക്കേലെ കുഞ്ഞുവര്ക്കിച്ചേട്ടന്റെയും മറിയച്ചേട്ടത്തിയുടേയും മോനാ. കുഞ്ഞുവര്‍ക്കിച്ചേട്ടന്‍ ദൈവത്തിനടുത്തോട്ട് പോയതിനു ശേഷം മറിയച്ചേട്ടത്തി ഒരുപാട് കഷ്ടപ്പെട്ടാ അവനെ വളര്ത്ത്യന്നേ. അല്ല ഞാന്‍ ഇങ്ങനെ സംസാരിച്ചോണ്ടിരുന്നാ മതിയോ. നിങ്ങളു വിചാരിക്കൂല ഇവനിതാരാ ഈ കൊച്ചുവര്‍ത്താനവും പറഞ്ഞോണ്ടിരിക്കുന്നതെന്ന്. ഞാനേ കട്ടപ്പന ജംഗ്ഷനിലെ റോഡിന്റെ നടുവിലുള്ള ഒരു പ്രതിമയാ.
നിങ്ങള്‍ ഞെട്ടിയോ. ഞെട്ടണ്ട സത്യാ. എല്ലാരും എനിക്ക് തന്ന പേര് അപ്പൂന്നാ. എനിക്കും ആ പേര് ഇഷ്ടാട്ടൊ. ജംഗ്ഷനില്‍ എന്ത് നടന്നാലും ഞാനറിയും. എന്റെ മുന്നീന്നാണെ എല്ലാ നടക്കാറ്. ശ്രീയേട്ടന്റെ കടയീന്ന് ആരൊക്ക സാധനം വാങ്ങിച്ചൂന്നും സണ്ണിച്ചായന് എത്ര ടയറിന്റെ പഞ്ചര്‍ ഒട്ടിച്ചൂന്നും ഒക്കെ എനിക്കറിയാം. പിന്നെ ഞാന്‍ പറഞ്ഞില്ലെ എന്റെ പേര് അപ്പു എന്നാണെന്ന്. കുറുപ്പ് മാഷാ എനിക്കാപേരിട്ടത്. നാട്ടിലെല്ലാവര്‍ക്കും കുറുപ്പുമാഷെന്നാല് ജീവനാ. പാവം മാഷ് അഞ്ചെട്ടു വര്‍ഷംമുമ്പ് ഒരു മഴക്കാലത്ത് നടന്ന ബോട്ടപകടത്തില്‍ മാഷിന്റെ മോന് പോയി. അവന്റെ ഓര്‍മ്മയ്ക്കാ എന്നെ ഉണ്ടാക്കിയത്. എന്നിട്ട് അവന്റെ പേര് തന്നെ എനിക്ക് തരേം ചെയ്തു.
എടക്കൊക്കെ മാഷ് എന്റെ മുന്നില്‍ വന്ന് നിന്ന് കരയുന്നത് കണ്ടിട്ടുണ്ട്. അപ്പൊ എനിക്കും സങ്കടംവരും. മറ്റുള്ളോരുടെ ഒക്കെ വിചാരം ഞങ്ങള്‍ പ്രതിമകള്‍ക്ക് വികാരങ്ങളും വിചാരങ്ങളും ഇല്ലന്നാ. പക്ഷെ അവരാരും കാണാതെ അവരാരും അറിയാതെ ഞാന്‍ അവരുടെ സങ്കടങ്ങളില്‍ കരഞ്ഞിട്ടുണ്ട്. അവരെ ഓര്‍ത്ത് വേദനിച്ചിട്ടുണ്ട്. അല്ലേലും ഈശ്വരനുമാത്രമേ ഈ അപ്പുവിനെ അറിയുള്ളൂ. ഇപ്പൊ ഇതാ നിങ്ങള്‍ക്കും.
ഞാനേ മഴ പെയ്യുമ്പോളാ കരയാറ്. അതോണ്ടാ ആരും ഞാന്‍ കരയുന്നതു കാണാത്തത്. ആരേലും കണ്ടാ പ്രശ്നാ. ഇവരെല്ലാംകൂടെ എന്നെ ദൈവാക്കി എനിക്ക് അമ്പലംകെട്ടും. പ്രതിമ കരയുന്നത് ഒരത്ഭുതമാണല്ലോ ഇവര്‍ക്കൊക്കെ. ഞങ്ങളില്‍ ചിലര്‍ അറിയാതെ എല്ലാം കണ്ട് കരഞ്ഞുപോകും. അങ്ങനെയുള്ളോരാ ഇപ്പോഴത്തെ പ്രതിഷ്ഠകള്‍. കുറെ നേരായല്ലെ എന്റെ കത്തിയടി തുടങ്ങീട്ട്. എനിക്കറിയാം. എനിക്കിങ്ങനെ അധികമാരെയും സംസാരിക്കാന്‍ കിട്ടാറില്ല. കിട്ടിയാല്‍ ഞാന്‍ വിടാറുമില്ല.
ഒരുദിവസം കവലയില്‍ എന്തോ ഒരു വഴക്ക്. നോക്കിയപ്പോ അവനാ ആ കുരിയച്ചന്. സണ്ണിച്ചായന്റെ മോന്. അവന് ആളൊരു പ്രശ്നക്കാരനാ. സണ്ണിച്ചായനു വയസ്സ് കുറെയായി. എന്നിട്ടും പണിക്കുവരുന്നത് ഇവനെപോലെയൊന്ന് ഉള്ളോണ്ടാ. ഏതുനേരവും ആ തൊമ്മിച്ചന്റെ ഷാപ്പിലാ കക്ഷി. വീട് എന്നോ വീട്ടുകാരെന്നോ ഒരു ചിന്തയും ഇല്ല കുരിയച്ചന്. എപ്പോഴും സണ്ണിച്ചായന്റെ കടയില്‍ വന്ന് കാശ് ചോദിച്ച് പ്രശ്നമുണ്ടാക്കും. പാവം സണ്ണിച്ചന് ആറ്റുനോറ്റ് കിട്ടിയ മോനാ ആ പാവം കാശ് കൊടുക്കുകയും ചെയ്യും. എന്നിട്ട് സങ്കടൊക്കെ പറയാറ് എന്നോടാ. ഞാന്‍ എന്ത് ചെയ്യാനാ എനിക്ക് അനങ്ങാന്‍ പറ്റില്ലല്ലൊ. ഞാന്‍ ഒന്ന് അനങ്ങിയിരുന്നെങ്കില്‍ ഇപ്പൊ ആ കുരിയച്ചന് ജയിലിലാ.
ആ സംഭവം ഇന്നും ഞാന്‍ മറന്നിട്ടില്ല. എല്ലാരുടെയും വിചാരം സുധാകരന് മരിച്ചത് അപകടത്തില്‍ പെട്ടാന്നാ. പക്ഷെ അല്ല, കുരിയച്ചന് കൊന്നതാ. അയാളുടെ കയ്യിലുള്ള കാശിനുവേണ്ടി. ഞാന്‍ ഒന്ന് അനങ്ങിയിരുന്നെങ്കില്‍ എന്ന് തോന്നിപ്പോവാ. സുധാകരന്റെ ഭാര്യക്കും മക്കള്‍ക്കും നീതി കിട്ടിയേനെ. സണ്ണിച്ചായന് രക്ഷപ്പെട്ടേനെ.
എന്റെ ദൈവമേ.. ഞാന്‍ ഉള്ളുരുകി പ്രാര്‍ത്ഥിക്കുവാ… ഒരുദിവസം ഒരു ദിവസമെങ്കിലും എനിക്ക് ജീവിന് തരണേന്ന്. ഒരുദിവസമെങ്കിലും എനിക്ക് എല്ലാരോടും സംസാരിക്കണം. അവരോട് പറയണം ഞാന്‍ അപ്പുവാണെന്ന്.