സുഹാനയുടെ പുതിയ ലോകം

തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ മൂന്നാം സ്ഥാനം

”ഇല്ല, ഞാന്‍ വരൂല!”  സുഹാന ഉറക്കെ നിലവിളിച്ചു. അവളുടെ മാതാപിതാക്കൾ മുഷിഞ്ഞ് നിന്നു.
സുഹാനാ പണ്ടെ ഇങ്ങനെയായിരുന്നു. വായന എന്ന വാക്ക് കേള്‍ക്കുന്നതേ ദേഷ്യമാ. എന്തു ചെയ്യാനാ? മാതാപിതാക്കള്‍ ശീലിപ്പിക്കേണ്ടെ?
വരുന്ന വെള്ളിയാഴ്ച അവളുടെ സ്‌കൂളില്‍ സാഹിത്യോത്സവം ആയിരുന്നു. അവളുടെ അമ്മയും അച്ഛനും പങ്കെടുക്കാന്‍ പ്രേരിപ്പിച്ച് മടുത്തു. സുഹാന അവിടെ ദേഷ്യത്തോടെ ഇരുന്നു. തൊട്ട് അപ്പുറത്ത് ഇരിക്കുന്ന അവളുടെ മാമാ ഇത് കണ്ട് രസിച്ചിരുന്നു.
”മോളേ, ഒന്ന് ചെന്ന് നോക്കൂ. എനിക്ക് ഉറപ്പാ, നിനക്കേ ഫസ്റ്റ് കിട്ടുകയുള്ളു” അച്ഛന്‍ പറഞ്ഞു. സുഹാന അച്ഛനെ നോക്കി. ”അച്ഛാ, നിങ്ങള്‍ ഈ പണ്ടത്തെ ജനറേഷനില്‍ നിന്ന് ഒന്ന് പുറത്തിറങ്ങ്. ഇപ്പോ കഥാ, കവിത എല്ലാം പോയി. എന്നെ കളിയാക്കും എല്ലാവരും. ഞാന്‍ പോവൂല എന്ന് പറഞ്ഞാ പോവൂലാ!” എന്ന് പറഞ്ഞു സുഹാന മുറിയിലേക്ക് ഓടി വാതില്‍ പൂട്ടി.
”ഇവളെ കൊണ്ട് ഞാന്‍.” അമ്മ തലയില്‍ കൈവച്ച് പറഞ്ഞു. അപ്പോള്‍ അവിടെ ഇരുന്ന ഷിജുമാമന്‍ പതുക്കെ എഴുന്നേറ്റു. അദ്ദേഹം നടന്നുവന്ന് സുഹാനയുടെ അച്ഛന്റെ തോളില്‍ കൈവച്ചു. ”ഇപ്പോഴത്തെ മക്കള്‍ പൊതുവേ ഇങ്ങനെയാണ്. ഞാന്‍ പറഞ്ഞുതരാം ഇപ്പോഴത്തെ മക്കളെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന്.”
സൂര്യകിരണം സുഹാനയുടെ ജനാലകളിലൂടെ ആഞ്ഞ് കയറി. പുറത്ത് കിളികളുടെ മനോഹരമായ മൂളിപ്പാട്ട്. സുഹാനാ പതുക്കെ എഴുന്നേറ്റു. സാധാരണ അവള്‍ കട്ടിലിനടുത്തുള്ള മേശയില്‍ ഇരിക്കുന്ന ഫോണ്‍ എടുത്ത് എല്ലാവര്‍ക്കും ‘ഗുഡ്‌മോണിംഗ്’ അടിക്കലാപതിവ്. ഇന്ന് അവിടെ ഫോണില്ല. പകരം ഒരു പുസ്തകം. സുഹാന ആ പുസ്തകം എടുത്തുനോക്കി. വൈക്കം മുഹമ്മദ് ബഷീര്‍. അവള്‍ അത് കട്ടിലില്‍ വലിച്ചെറിഞ്ഞ് കണ്ണ് തിരിമ്പി മുന്നോട്ട് നോക്കിയപ്പോള്‍ അവള്‍ കുറെ പെട്ടികള്‍ കണ്ടു. അതില്‍ നിറയെ പുസ്തകങ്ങള്‍ അട്ടിയായി വച്ചിരിക്കുന്നു. അവള്‍ ഇതെല്ലാം ചവിട്ടിമാറ്റി വാതില്‍ തുറന്നു പുറത്തേക്ക് പോയി. അച്ഛന്‍ അവിടെ പത്രം വായിക്കുന്നു. അമ്മ ചായ ഉണ്ടാക്കുന്നു.
”എന്താണ് അച്ഛാ, എന്റെ മുറിയില്‍?”
അച്ഛന്‍ അവളെ നോക്കിചിരിച്ചു. അവള്‍ കണ്ണ് തുറിച്ച് നോക്കിയിട്ടു തിരച്ചു ദേഷ്യത്തോടെ റൂമിലേക്കോടി. അവിടെ അവള്‍ കട്ടിലില്‍ കയറി ഒരു പുസ്തകം എടുത്തുനോക്കി. അത് അവള്‍ തുറന്നു. എന്തായാലും അച്ഛന്‍ വാങ്ങിയതല്ലേ? അവള്‍ പതുക്കെ പുസ്തകം വായിക്കാന്‍ തുടങ്ങി.
”സുഹാനാ! നീയെവിടെ?” അവളുടെ അമ്മ ഉറക്കെ വിളിച്ചു. പെട്ടെന്ന് സുഹാനാ തിരിച്ചുവന്നു. ഇത്രയും നേരം അവള്‍ വേറെ ഒരു ലോകത്തായിരുന്നു. അവള്‍ ലോകത്തിന്റെ പല ഭാഗത്തും പോയി, ആ ചെറിയ മുറിയില്‍ നിന്നു. അവള്‍ സ്വയം പുഞ്ചിരിച്ചു.
”കഥ എഴുത്തില്‍ ഫസ്റ്റ് പ്രൈസ് സുഹാനാ!”
എല്ലാവരും ഉറക്കെ പ്രോത്സാഹിപ്പിച്ചു, സുഹാനാ സ്റ്റേജിലേക്ക് കയറി ട്രോഫി വാങ്ങി.
”ജീവിതത്തില്‍ നടക്കാത്ത എന്തും വായനയോടുകൂടി കരസ്ഥമാക്കാം” അവള്‍ പറഞ്ഞു.
ദുബായ് മില്ലേനിയം സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനി.തസറാക് സാഹിത്യോത്സവത്തിൽ ജൂനിയർ വിദ്യാർഥികളിൽ കഥാ രചനയിൽ മൂന്നാം സ്ഥാനം ലഭിച്ചു