ബുച്ചിബൂബൂ നോവൽ അദ്ധ്യായം 3
കാട്ടുയോഗത്തില് ഓരോ മൃഗവുമെത്തുന്നത് അക്ഷമയോടെ നോക്കി നില്‍ക്കുകയായിരുന്നു ബുച്ചി.ബൂബൂ കൂട്ടുകാരുടെ കൂടെയാണ്.
പെട്ടന്ന് അവന്റെ മുഖം തെളിഞ്ഞു. അവന് പ്രതീക്ഷിച്ചിരുന്ന ആളെ അവന് കണ്ടു. പതുക്കെ ഇഴഞ്ഞു വരികയാണ് ആമക്കിളവന്‍. കാട്ടില്‍ ഏറ്റവും വയസ്സായ മൃഗമാണ്. ഇവിടുത്തെ മൃഗങ്ങള്‍ എല്ലാവരെക്കാളും വയസ്സന്. ഇവിടുത്തെ കഥകളില്‍ കാടുണ്ടായപ്പോള് വന്ന മഴയില്‍ നിലത്തേക്കു വീണതാണ് ആമക്കിളവന്‍. അദ്ദേഹത്തോട് മിണ്ടണമെങ്കില്‍ പക്ഷെ യോഗം തീരണം.
സമയം ഇഴഞ്ഞു നീങ്ങുന്നതു പോലെ ബുച്ചിക്ക് തോന്നി. അക്ഷമ കാരണം അവന്റെ മൂക്ക് വിറക്കുന്നുണ്ടായിരുന്നു. അവിടെ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങളില്‍ അവന്റെ ശ്രദ്ധ പകുതിയേ വീഴുന്നുണ്ടായിരുന്നുള്ളൂ.
ആരോ മുന്‍കൈ കൊണ്ട് നിലത്തടിക്കുന്നത് കേട്ടാണ് ബുച്ചി ചിന്തയില്‍ നിന്നും ഉണര്‍ന്നത്. നിലത്തു കൈകൊണ്ടാടിച്ചാല് എല്ലാവരും അയാള്‍ പറയേണ്ടത് ശ്രദ്ധിക്കേണ്ടതുണ്ട് എന്നാണു കാട്ടുനിയമം. കരടിയെന്നു പേരുള്ള കുറുനരി നിറം മാറുന്നവരുടെ നീക്കങ്ങളറിയാന്‍ അവരുടെ താവളങ്ങളുള്ള സ്ഥലത്തേക്ക് മൃഗങ്ങളെ അയക്കുന്നതിനെക്കുറിച്ച് പറയുകയായിരുന്നു.
പതിവ് പോലെ ഈ വിഷയത്തില്‍ മൃഗങ്ങള്‍ രണ്ടായി പിരിഞ്ഞു. നീക്കങ്ങളറിയാന്‍ തങ്ങള്‍ക്കു നിറം മാറുന്നവരുടെ പേച്ചോ അവിടുത്തെ മൃഗങ്ങള്‍ക്ക് തങ്ങളുടെ പേച്ചോ അറിയില്ലെന്ന് തന്നെയായിരുന്നു പ്രധാന പ്രശ്നം. ബഹളങ്ങള്‍ക്ക് ശേഷം ഇപ്പോഴുള്ള കാവല്‍ തന്നെ തുടരാന്‍ തീരുമാനമായി.
യോഗം കഴിഞ്ഞു ബുച്ചി ബൂബുവിനെ സികപ്പന്റെ കൂടെ മാളത്തിലേക്ക് തിരിച്ചയച്ചതിനു ശേഷം എല്ലാവരും പിരിഞ്ഞു പോകാന്‍ കാത്തു നിന്ന്. എല്ലാവരും ഒഴിഞ്ഞപ്പോള്‍ അവന് പതുക്കെ ആമക്കിളവന്റെ അടുത്തെത്തി.
‘എനിക്കൊരു കൂട്ടം പഠിപ്പിച്ചു തരാമോ?’
കിളവന് അവനെ നോക്കി ചിരിച്ചു.
‘കാലം മാറിയല്ലോ കുഞ്ഞേ. ഞാന്‍ നിന്നെ എന്ത് പഠിപ്പിക്കാന്‍? ഇപ്പോള്‍ ഭയമാണ് എല്ലാവരെയും. കാട്ടു പാഠങ്ങള്‍ പഠിപ്പിക്കുന്നത്. എന്നെപ്പോലുള്ള പഴമക്കാര്‍ എന്ത് ചെയ്യാന്‍?’
‘എനിക്കറിയേണ്ടത് നിങ്ങൾക്ക് മാത്രമേ അറിയൂ. കാടിന്റെ കഥ. പിന്നെ മറന്നുപോയ ആ പേച്ചും.’ ബുച്ചി പറഞ്ഞു നിര്‍ത്തി.
മാളത്തിലെക്കാരോ അലച്ചു വരുന്ന ശബ്ദം കേട്ട് ബൂബു ഞെട്ടിയുണര്‍ന്നു. ബുച്ചി പതിവ് പോലെ ഗൗരവത്തിലല്ല. അവന് ആവേശപൂര്‍വ്വം ബൂബുവിന്റെ കൈ പിടിച്ചു മാളത്തിനു ചുറ്റും ഓടിക്കൊണ്ടിരുന്നു.
‘നമ്മള് ജയിക്കും.
നമ്മള് ജയിക്കും.
നമ്മള് ജയിക്കും.
നമ്മള് ജയിക്കും…’
അവന് ഉരുവിട്ടുകൊണ്ടിരുന്നു. കാടിനെപ്പറ്റി അമിതമായി ചിന്തിച്ചു അവനു പേ പിടിച്ചുവെന്നു തന്നെ ബൂബുവിനു ഭയമായി. അവള് അവനെ ഒരു മൂലയില്‍ പിടിച്ചിരുത്തി.
‘എത്ര കാവലുണ്ടായിട്ടും നിറം മാറുന്നവര്‍ നമ്മളിലുള്ളവരെ കൊല്ലുന്നു. നമ്മുടെ താവളങ്ങള്‍ക്ക് തീയിടുന്നു. അവർ ഈ കാട് ഇല്ലാതാക്കുന്നതിനു മുന്‍പ് ഒരു പരിഹാരം കാണണം. അവരുടെ താവളങ്ങളില്‍ ചെന്ന് അവരുടെ നീക്കങ്ങള്‍ മനസ്സിലാക്കണം. വലിയവര്‍ക്കു പേടിയാണെങ്കില്‍ അങ്ങനെ. എനിക്ക് ചെയ്യാന്‍ കഴിയുന്നത് ഞാന്‍ ചെയ്യാന്‍ ശ്രമിക്കും. ഭയന്ന് ജീവിക്കുന്നതിലും നല്ലത് ശ്രമിച്ചു മരിക്കുന്നതാണ്.’
കടുവക്കുരുക്കനെപ്പോലെ ബുച്ചിയും പുലമ്പുന്നു. അവനു പേ തന്നെ. നേരിയ ഭയത്തോടെ ബൂബൂ ചോദിച്ചു.
‘വലിയവര്‍ക്കോ പറ്റുന്നില്ല. പിന്നെയാണോ ചെറിയവരായ നമ്മള്? അവര്‍ക്ക് നമ്മളെ ഇല്ലാതാക്കാന്‍ ഒരു മിടിപ്പിന്റെ സമയം മതി.’
ബുച്ചിയുടെ മുഖത്ത് ഗൗരവം നിറഞ്ഞു.
‘ഊഴം നോക്കിയിരുപ്പാണ് ഇവിടുത്തെ വലിയവര്‍. ഭയമാണവര്‍ക്ക്. സ്വന്തം സുരക്ഷയെക്കുറിച്ച് മാത്രം വ്യാകുലരാണവര്‍. അതിനാല്‍ അവര്‍ക്ക് ശാശ്വതമായ പരിഹാരവും കിട്ടുന്നില്ല. ഈ കാടിനെ നമ്മളോളം അറിയുമോ നിറം മാറുന്നവര്‍ക്ക്? ചെറിയവരെ കാത്തുകൊള്ളണം എന്നാണു കാട്ടു നീതി. വലിയവര്ക്കതിനു ഭയമാനെങ്കില് നമ്മള് ഇല്ലാതാവണമെന്നാണോ?
മരിച്ചുകൊണ്ടുള്ള ജീവിതത്തെക്കാള്‍ ജീവിച്ചു കൊണ്ടുള്ള മരണം തന്നെയാണ് നല്ലത്.’
പണ്ടീ കാട് ഇങ്ങനെയൊന്നും ആയിരുന്നില്ല. ഇതിലും വലിപ്പവും പച്ചപ്പും. നടുവിലൂടെ കുതിച്ചൊഴുകുന്ന പുഴയില്‍ നിറയെ മീനും വെള്ളത്തില്‍ വളരുന്ന ചെടികളും. ഇവിടുള്ളവര്‍ മുഴുവന്‍ കൂട്ടമായി ശ്രമിച്ചാലും തീരാത്തത്ര തീറ്റ. സമാധാനം. ഇപ്പോഴത്തെപ്പോലെയല്ല, അന്ന് കാട്ടുനീതി കുറച്ചു കൂടി കടുത്തതായിരുന്നു. അന്നിവിടെ ഉണ്ടായിരുന്ന പിന്‍കാലുകളില്‍ നടക്കുന്ന മുന്‍കാലുകള്‍ കൊണ്ട് വേട്ട ചെയ്യുന്ന, മറ്റുള്ളവരേക്കാള്‍ കാട്ടു നീതി കര്‍ക്കശമായി പാലിക്കുന്നവരും ഇനിടെയുണ്ടായിരുന്നു.
‘നിറം മാറുന്നവര്‍’ ബുച്ചി പതിയെ മന്ത്രിച്ചു.
ആമക്കിളവന്‍ നിഷേധിച്ചു തലയോന്നിലാക്കി.
‘അവരെ ഇവിടുള്ളവര്‍. രോമാമില്ലാത്തവര് എന്നായിരുന്നു വിളിച്ചിരുന്നത്. പുറം കാലുകളില്‍ നിടക്കുന്നതും മുന്‍കാലുകള്‍ വേട്ടക്കുപയോഗിക്കുന്നതും, തലയിലും, ചിലപ്പോള്‍ മുഖത്തും രോമമുണ്ടായിരുന്നതും മാത്രമായിരുന്നു ഇപ്പോള്‍ ഉള്ള നിറം മാറുന്നവരുമായി അവര്‍ക്കുള്ള സാമ്യം. അവര്‍ ഈ കാട്ടിലെ പാറയിടുക്കുകളിലും മരങ്ങള്‍ക്ക് മുകളിലും വലിയ കൂടുകളുണ്ടാക്കി താമസിച്ചു. ഇവിടുത്തെ മൃഗങ്ങള്‍ക്കും അവര്‍ക്കും ഒരേ പേച്ചായിരുന്നു.’
‘അവരൊക്കെ ഇപ്പോള്‍ എവിടെയാണ്?’ അതുവരെ അലസമായി കേട്ടുകൊണ്ടിരുന്ന ബൂബുവിന്റെ വീണു കിടന്ന ചെവി എഴുന്നേറ്റു നിന്നു.
ആമ്മക്കിളവന് ഒരാമ്പല് മൊട്ട് ചവച്ചുകൊണ്ടിരുന്നു.
‘ഈ കാടുണ്ടായത് മുതല്‍ മറ്റുള്ളവരെപ്പോലെ തന്നെ രോമമില്ലാത്തവരും ഉണ്ടായിരുന്നു എന്നാണു വിശ്വാസം. നമ്മളെല്ലാവരെയും പോലെ തന്നെ കാടിന്റെ ശ്വാസം ഉള്ളിലുള്ളവര്‍. കാട്ടില്‍ നിന്നുമെടുത്തത് കാടിന് തന്നെ കൊടുത്തിരുന്നവര്‍. ചെയ്യുന്നതെന്തിലും കാടിനോടുള്ള സ്നേഹവും ആദരവും നന്ദിയും അവര്‍ പ്രകടിപ്പിച്ചു. മറ്റു മൃഗങ്ങളെ അവര്‍ പരിപാലിച്ചു. നിശപ്പിനു മാത്രം കൊന്നു. കിട്ടുന്നതിന്റെ പങ്കു മറ്റുള്ളവര്ക്കുമുള്ളതാണെന്നു വിശ്വസിച്ചു.
കാട്ടിലെ വൈദ്യന്മാരായിരുന്നു അവര്‍. പല തരം ചെടികള്‍കൊണ്ട് ഈ കാട്ടിലുള്ള എല്ലാവരുടെയും രോഗങ്ങള്‍ക്ക് പരിഹാരമുണ്ടാക്കി. അവരിവിടെ നിന്നും ഇല്ലാതായപ്പോള്‍ ആ കഥകള്‍ പതുക്കെ എല്ലാവരും മറന്നു തുടങ്ങി. പിന്നെ അങ്ങനെ ഒരു കൂട്ടം മൃഗങ്ങള്‍ ഇവിടെ ഉണ്ടായിരുന്നു എന്നുള്ള ഓര്‍മ്മ എന്നെപ്പോലെയുള്ള കുറച്ചു കിളവന്മാര്ക്ക് മാത്രമായി.നിറം മാറുന്നവരുടെ ഏറ്റവും ആദ്യത്തെ ഇരകള്‍ രോമമില്ലാത്തവര്‍ തന്നെയായിരുന്നു.’
കാടിന്റെ കഥ കേട്ട് ബുച്ചിയും ബൂബുവും മിഴിച്ചിരുന്നു.
‘നിറംമാറുന്നവര്‍ ആദ്യമായി കാടുകയറിയപ്പോള്‍ രോമമില്ലാത്തവര്ക്ക് പേടിക്കേണ്ടാതായി ഒന്നുമുണ്ടായിരുന്നില്ല. തങ്ങളെപ്പോലെ കാട്ടില്‍ അഭയം തേടിയെത്തിയവര്‍ എന്നു മാത്രമേ അവര്‍ കരുതിയുള്ളൂ. അതാണ് അവര്‍ക്ക് പറ്റിയ ആദ്യത്തെ പിഴവ്. കാടിന്റെ മക്കള്‍ തന്നെയാണ് അവരെന്ന് കരുതി. അശ്രദ്ധയായിരുന്നു അവരുടെ ആദ്യത്തെ തെറ്റ്. പക്ഷെ അതില്‍ അവരെ പറഞ്ഞിട്ട് കാര്യവുമില്ല. കാരണം അന്ന് ആ രീതിയിലുള്ള ക്രൂരത ഈ കാട്ടിലുണ്ടായിരുന്നില്ല.
നിറംമാറുന്നവര്‍ എവിടെ നിന്നോ വന്നു കാടിന് വെളിയില്‍ താവളങ്ങളുണ്ടാക്കി. കാടിന് പുറത്തു കുറെ ചെടികള്‍ നട്ടു. ഇവിടുള്ളവര്‍ അത് കാട് വലുതാക്കാനെന്നു ധരിച്ചു സന്തോഷിച്ചു.
അവര്‍ക്ക് താവളങ്ങലുണ്ടാക്കാന് എന്ന് മാത്രമാണ് കാട്ടിലെ മരങ്ങള്‍ വെട്ടി തുടങ്ങിയപ്പോള്‍ ഇവിടുള്ളവര്‍ സമാധാനിച്ചത്. മരങ്ങള്‍ വെട്ടിയിട്ട് കുറെനാളേക്ക് അവരെ കണ്ടില്ല. മഴ വന്നു. വീണ മരങ്ങള്‍ക്കടിയില്‍ മുളച്ച പുല്ലു തിന്നാനും പൊത്തുകളില്‍ കൂടുണ്ടാക്കാനും കുറെ ചെറുമൃഗങ്ങളും കിളികളും അങ്ങോട്ട് ചേക്കേറി. തീറ്റ കൂടുതലുള്ളിടത്തെക്ക് താമസം മാറുന്നത് കാട്ടില്‍ സാധാരണമായതു കൊണ്ട് ആരും അതില്‍ തെറ്റൊന്നും കണ്ടില്ല.
വേനല്‍ വന്നു. വീഴ്ത്തിയ മരങ്ങള്‍ ഉണങ്ങിത്തുടങ്ങി. ഒരു ദിവസം അവര്‍ തിരിച്ചു വന്നു. കാടിന് പുറത്തു അവരിട്ട തീയില്‍ ഉണങ്ങിയ മരങ്ങള്‍ക്കിടയില്‍ പെട്ടു പോയ കുറെ മൃഗങ്ങള്‍ വെന്തു മരിച്ചു.നിറം മാറുന്നവരുടെ ക്രൂരതകളുടെ തുടക്കം മാത്രമായിരുന്നു അത്.
ഒരു ദിവസം കുറെ പേര് ചേര്‍ന്നു കാടിനുള്ളിലേക്ക് കയറി. പക്ഷെ അന്ന് അവര്‍ വേട്ടയാടിയത് രോമമില്ലാത്തവരെ ആയിരുന്നു. അവരുടെ വേട്ടപ്പട്ടികളെയും വടികളും വള്ളികളും കൊണ്ട്. അവര്‍ എല്ലാവരെയും കൊണ്ട് പോയി.
രോമാമില്ലാത്തവര്ക്ക് എന്തു സംഭവിച്ചു എന്ന് അറിയാന്‍ എല്ലാവർക്കും ആഗ്രഹം ഉണ്ടായിരുന്നെങ്കിലും ഭയം അവരെ പിന്നോട്ട് വലിച്ചു. ആദ്യമൊക്കെ അവറുടെ കുറവ് ഇവിടെല്ലാവരും അറിയുന്നുണ്ടായിരുന്നു. മരങ്ങളില്‍ നിന്ന് വീഴുമ്പോഴും മുറിവുകളും രോഗങ്ങളും അലട്ടിയപ്പോഴും വെറുതെയും അവരുടെ സ്നേഹവും പതിയെയുള്ള പേച്ചും അനുഭവിക്കാന്‍ കൊതിച്ചു. പക്ഷെ സ്വന്തം വര്ഗ്ഗത്തിലുള്ളവരെ പോലും വെറുതെ വിടാത്തവര്‍ മറ്റു മൃഗങ്ങളെ എന്ത് ചെയ്യുമെന്നുള്ള ഭയം എല്ലാവരെയും ബാധിച്ചിരുന്നു. അവരെ മറക്കാന്‍ പഠിക്കുകയല്ലാതെ ഞങ്ങള്‍ക്ക് വേറെ വഴിയുണ്ടായിരുന്നില്ല.
വേനലും മഴയും മാറി മാറി വന്നു. പതുക്കെ ഈ കാട്ടിലുള്ളവര്‍ക്ക് അവരുടെ കൂടെ ഉണ്ടായ കാട്ടു മക്കള്‍ വെറും ഒരു ഓര്‍മ്മ മാത്രമായി. കുറെക്കഴിഞ്ഞപ്പോള്‍ അതും ഇല്ലാതായി.
(അടുത്ത വ്യാഴാഴ്ച അദ്ധ്യായം 4 : കാര്‍മേഘം, വേട്ടക്കാരുടെ ദൈവം )