ബുച്ചിബൂബൂ നോവൽ – അദ്ധ്യായം -17
ചേരന്‍റെ ജീവന്‍ രക്ഷിച്ചതില്‍ പിന്നെ താമയെ പെരിയോറുടെ വീട്ടില്‍ പോകുന്നതില്‍ നിന്നും ആരും വിലക്കാറില്ല. അത്യാവശ്യം പണികള്‍ കഴിഞ്ഞാല്‍ അവള്‍ അങ്ങോട്ട് പോകട്ടെ എന്നാണു അവളുടെ മുത്തശ്ശിയുടെയും അപ്പന്റെയും തീരുമാനം. അപ്പന് അവളോടുള്ള ദേഷ്യമെല്ലാം പോയിരിക്കുന്നു. തന്‍റെ മകളും ഗ്രാമത്തില്‍ തന്‍റെ തല ഉയര്‍ത്തി പിടിക്കാനുള്ള കാരണമായിരിക്കുന്നു! അപൂര്‍വ്വം അപ്പന്മാര്‍ക്കുണ്ടാവുന്ന ഭാഗ്യമാണ് അത്. താമ ഈ അവസരം നല്ലപോലെ ഉപയോഗിക്കുന്നുണ്ട്. കാടിന്റെയറ്റം വരെ പോവാനുള്ള അനുവാദം കിട്ടിയിട്ടുണ്ട്. കാലിച്ചെക്കന്മാരുടെ കൂടെ പോയി അവരുടെ കൂടെ തന്നെ തിരിച്ചു വരണം എന്നാണു നിര്‍ദ്ദേശം. അങ്ങിനെയാണ് ഇവിടുത്തെ വേട്ടക്കാരുടേയും പരിശീലനം. അവരെ പോലെ തന്നെയും അകത്തു കടക്കാന്‍ അനുവദിക്കുമെന്നാണ് അവളുടെ വിശ്വാസം.
ഇപ്പോള്‍ താത്തപ്പന്റെ അടുത്ത് പോകുന്നത് പക്ഷെ, വൈദ്യം പഠിക്കാനല്ല. അവള്‍ക്ക് കാട്ടിലേക്ക് പോകുന്നതിന്റെ സമയമായിരിക്കുന്നു. മഴ കഴിയുന്നതിനു മുന്‍പ് തന്നെ കാടിനെ അറിയണം. ആദ്യത്തെ ദിവസം മാളത്തിന്റെ പകുതി ദൂരം വരെ മാത്രമാണ് പോയത്. അന്ന് കൈയും കാല്‍മുട്ടുകളും ഉരഞ്ഞു തോലിയെല്ലാം പോയി. വൈകീട്ട് വീട്ടിലെത്തി പണികള്‍ ചെയ്യുമ്പോള്‍ വേദനകൊണ്ട് നിലവിളിക്കാതിരിക്കാന്‍ പാടുപെട്ടു. പിറ്റേന്ന് ഒഴിവു കഴിവുകള്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ കതിര്‍ കളിയാക്കി തുടങ്ങി. അപ്പോള്‍ വാശി കയറി പരിശീലനത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുത്ത് തുടങ്ങി. ആദ്യമായി മാളത്തില്‍ നിന്നും പുറത്തു വന്നു കാടിനെ കണ്ടപ്പോള്‍ അവള്‍ക്കു അത്ഭുതമായിരുന്നു. കാട്ടുകഥകള്‍ കേട്ട് വളര്‍ന്നവളാണേങ്കിലും അവള്‍ കാട്ടില്‍ കയറിയിട്ടില്ല. ഗ്രാമത്തിലെ പെണ്ണുങ്ങള്‍ ഇപ്പോള്‍ കാട്ടില്‍ കയറാറില്ല. വിറകുകള്‍ ശേഖരിക്കാന്‍ പോലും.
പിന്നെയുള്ള ദിവസങ്ങളില്‍ അതിരാവിലെ അവള്‍ വീട്ടില്‍ നിന്നിറങ്ങി. കതിരാണ് അവള്‍ക്കു കാട്ടിലേക്കുള്ള വഴികള്‍ പഠിപ്പിച്ചു കൊടുത്തത്. ഓരോ ദിവസവും കാടിന്റെ പല ഭാഗങ്ങളില്‍ അവര്‍ എത്തി ചേര്‍ന്നു. പക്ഷെ, അര ദിവസം കൊണ്ട് താണ്ടാവുന്ന ദൂരം മാത്രമേ അവര്‍ക്ക് പോകാന്‍ കഴിയുമായിരുന്നുള്ളൂ. ഗ്രാമത്തിലുള്ളവര്‍ക്ക് ഒരിക്കലും സംശയം ജനിപ്പിക്കരുത് എന്ന കാര്യം അവര്‍ എപ്പോഴും ശ്രദ്ധയില്‍ വച്ചു.
കാടിനെ കൂടുതല്‍ അറിയും തോറും അവളുടെ വിസ്മയം കൂടി വന്നു. മൃഗങ്ങള്‍ തങ്ങളെ ശ്രദ്ധിക്കുന്ന കാര്യം കതിര്‍ അവളോട് പറഞ്ഞിരുന്നു. ചീവീടുകളുടെ ഉറക്കെയുള്ള കരച്ചിലൊഴികെ കാടെപ്പോഴും നിശ്ശബ്ദമാണ്. വേട്ടക്കാരില്ലാത്തപ്പോഴും മൃഗങ്ങള്‍ പുറത്തു വരാന്‍ പേടിക്കുന്ന പോലെ! പക്ഷേ താത്തപ്പന്‍ പറയുന്നത് അവര്‍ രണ്ടു കാലില്‍ നടക്കുന്നവരെ വിശ്വസിക്കാത്തതുകൊണ്ട് മറഞ്ഞു നില്‍ക്കുന്നതാനെന്നാണ്. കതിരും അങ്ങിനെ പറഞ്ഞു.
ഒരു ദിവസം അവന്‍ അവളെ കടുവയെ കാണാന്‍ കൊണ്ട് പോയിരുന്നു. അവിടെ എല്ലാവരുമുണ്ടായിരുന്നു. കതിര്‍ അവരുടെ കൂടെയിരുന്നു എന്തൊക്കെയോ മുരളുന്നത് കണ്ടു. അവരുടെ കൂടെ ജീവിച്ച് അവന്‍ അവരുടെ ഭാഷയും പഠിച്ചിരിക്കുന്നു. ഇനിയുള്ള പദ്ധതികളെക്കുറിച്ചാണ് സംസാരം. അവള്‍ തന്ത്രങ്ങള്‍ അധികം അറിയേണ്ടെന്നാണ് താത്തപ്പന്‍ പറയുന്നത്. അവള്‍ ചെയ്യേണ്ട കാര്യങ്ങളെ അത് ബാധിക്കുമത്രേ. അവര്‍ ഇരുന്നു സംസാരിക്കുമ്പോള്‍ അവള്‍ അടുത്തുള്ള മരത്തില്‍ നിന്നും വീണ വലിയ ഞാവല്‍ പഴങ്ങള്‍ പെറുക്കി സഞ്ചിയിലാക്കി. ചേരന് ഞാവല്‍ വലിയ പ്രിയമാണ്.താത്തപ്പന്‍ തന്നതാണെന്ന് പറയാം.
അവര്‍ തിരിച്ചു വീട്ടിലെത്തിയപ്പോഴേക്കും സന്ധ്യയാവാറായിട്ടുണ്ടായിരുന്നു. താമ വേഗം വീട്ടിലേക്കു നടന്നു. വീടെത്താരായപ്പോഴാണ് ഉമ്മറത്ത് കുറേ പെണ്‍കുട്ടികള്‍ ഇരിക്കുന്നത് കണ്ടത്. ”നിന്നെയും കാത്തിരിപ്പാണ്.“ മുത്തശ്ശി പറഞ്ഞു.
അവരിലോരാളുടെ കൈ വീര്‍ത്തു നീലിച്ചിരിക്കുന്നു. എന്തോ ജീവി കടിച്ചതാണു. ഇരുട്ടിയത് കൊണ്ട് വൈത്തിയരുടെ അടുത്തേക്ക് പോകുന്നതിലും എളുപ്പം താമയുടെ അടുത്തേക്ക് വരുന്നതാണ്. അവള്‍ സഞ്ചിയില്‍ നിന്നും കുറച്ചു പച മരുന്നെടുത്തു കെട്ടി കൊടുത്തു. “നാളെ പെരിയോരെ ചെന്ന് കാണണം. ഇതിപ്പോള്‍ തല്ക്കാലത്തെക്കുള്ള ആശ്വാസത്തിനാണ്.”
അവര്‍ പോയി കഴിഞ്ഞപ്പോള്‍ അവള്‍ മുത്തശ്ശിയുടെ അടുത്ത് വന്നിരുന്നു. “അന്ന് ആ എലിയെ രക്ഷിച്ചപ്പോഴേ എനിക്കറിയാമായിരുന്നു നീ വേട്ടക്കുള്ളവളല്ലെന്ന്.”
താമ ഞെട്ടലോടെ മുത്തശ്ശിയെ നോക്കി,” അന്ന് മുത്തശ്ശിക്കറിയാമായിരുന്നോ? പിന്നെന്താണ് എന്നെ പറ്റി ആരോടും പറയാതിരുന്നത്?”
“കാലം മാറുകയാണ്. ഞാന്‍ ചെറുപ്പമായിരുന്നപ്പോള്‍ വേട്ടക്കാരുടെ വീട്ടുകാരിയാവുക എന്നതായിരുന്നു ഈ കാടിനടുത്തുള്ള ഗ്രാമങ്ങളിലെ പെണ്ണുങ്ങളുടെ ലക്‌ഷ്യം. ജനിക്കുമ്പോള്‍ മുതല്‍ വീട്ടുകാര്‍ ഞങ്ങളെ തയ്യാറാക്കിയിരുന്നതും അതിനാണ്. നിന്‍റെ മുത്തശ്ശന്റെ വീട്ടുകാരിയായി ഈ ഗ്രാമത്തിലേക്ക് വന്നതിനു ശേഷം ഇവിടെ ഒരുപാട് മാറ്റങ്ങളുണ്ടായി. പ്രത്യേകിച്ചു കാര്‍മേഘം ഇവിടം വിട്ടതോട് കൂടി. ഇപ്പോള്‍ ജീവിക്കാനുള്ള വേട്ടയല്ല ഇവിടെ. ചത്തു വീഴുന്ന മൃഗങ്ങളുടെ പിടച്ചില്‍ കാണുമ്പോള്‍ വേട്ടക്കാരന്റെ മുഖത്തുണ്ടാവുന്ന ഭാവം നോക്കിയാലറിയാം അയാള്‍ എന്തിനു വേണ്ടിയാണ് കൊല്ലുന്നതെന്ന്. ഈ ഗ്രാമത്തിലെ എല്ലാ വേട്ടക്കാരുടെയും മുഖത്തുള്ള ഭാവം ക്രൂരമായ ഒരു ആനന്ദമാണ്. അത് പാടില്ല.
“നിന്‍റെ പെരിയോരില്ലേ? ചിലപ്പോള്‍ അയാള്‍ നടക്കുന്നത് കാണുമ്പോള്‍ കാര്‍മേഘത്തെ ഓര്‍മ്മ വരും. അയാളിപ്പോള്‍ കാടിന്റെ പ്രതികാരത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ പണ്ട് കാര്‍മേഘം വേട്ടയെക്കുറി ച്ച് സംസാരിച്ചിരുന്ന അതേ ആവേശം അറിയാന്‍ പറ്റും. ഈ ഗ്രാമത്തില്‍ വേട്ടയോട് സത്യത്തോടെ പെരുമാറിയിരുന്നത് കാര്‍മേഘം മാത്രമാണ്. നിന്‍റെ മുത്തശ്ശന്‍ പോലുമില്ല! ചിലപ്പോഴൊക്കെ എനിക്കും തോന്നുന്ന, എന്നാല്‍ തുറന്നു പറയാന്‍ ധൈര്യമില്ലാത്ത കാര്യങ്ങളാണ് വൈത്തിയര്‍ പറയാറുള്ളത്. കാട് മുടിഞ്ഞു തുടങ്ങി. ഇവിടുള്ളവര്‍ വിശ്വസിക്കുന്ന ആത്മാക്കള്‍ സത്യമാണെങ്കില്‍ നാശത്തിനു അധികം സമയമില്ല.”
മുത്തശ്ശിയുടെ സംസാരം കേട്ട് താമ വാ പൊളിച്ചിരുന്നു. താന്‍ ചെയ്തതത്രയും അവര്‍ കാണുന്നുണ്ടായിരുന്നെന്നു അവള്‍ക്ക് മനസ്സിലായി. തീരെ നടക്കാന്‍ പറ്റാതാവും വരെ മുത്തശ്ശി മണ്ട്രങ്ങളില്‍ തലൈവിയായി ഇരുന്നിട്ടുണ്ട്. ഇപ്പോഴും ചിന്തകള്‍ക്ക് ഒരു കോട്ടവും തട്ടിയിട്ടില്ല. ഗ്രാമ മുഖ്യന്‍ പോലും മുത്തശ്ശിയുടെ അഭിപ്രായമറിയാന്‍ ഇവിടെ വരാറുണ്ട്. ഈ ഗ്രാമത്തില്‍ ബഹുമാനിക്കപ്പെടുന്ന ചുരുക്കം പെണ്ണുങ്ങളില്‍ ഒരാളാണവര്‍. തന്റെയപ്പാ തനിക്കിത്രയും സ്വാതന്ത്ര്യം തന്നിരിക്കുന്നതും മുത്തശ്ശിയുടെ വാക്ക് മാനിച്ചിട്ടാണെന്ന് അവള്‍ക്കു മനസ്സിലായി. അപ്പയുടെ ഇഷ്ടത്തിനായിരുന്നെങ്കില്‍ പതിനഞ്ച് വയസ്സ് കഴിയുമ്പോഴേക്കും തന്നെ ഏതെങ്കിലും വേട്ടക്കാരന്റെ അടുക്കളക്കാരിയായി അയച്ചേനെ.
മുത്തശ്ശിയോടു കുറച്ചു നേരം മിണ്ടിയിരുന്നു. സഞ്ചിയിലുണ്ടായിരുന്ന ഞാവലും നെല്ലിക്കയും ഒന്ന് രണ്ടു കഷണം ഇരട്ടി മധുരവും കൊടുത്തപ്പോള്‍ സന്തോഷമായി. കുറേ നേരം താത്തപ്പന്റെയും കതിരിന്റെയും കാര്‍മേഘത്തിന്റെ വീടിന്റെയും വിശേഷങ്ങള്‍ പറഞ്ഞിരുന്നു.
ഇരുട്ടി തുടങ്ങിയപ്പോഴാണ് ചേരന്‍ കയറി വന്നത്. കാര്‍മേഘത്തിന്റെ ആത്മാവിനെ കണ്ടു എന്ന് പുലമ്പിയതിന്റെ പേരില്‍ ഇപ്പോഴും ഗ്രാമത്തിലെ സമപ്രായക്കാര്‍ കളിയാക്കുന്നുണ്ട്. അതുകൊണ്ട് കൂടുതല്‍ സമയവും ഒറ്റയ്ക്കിരിക്കാറോ അമ്മയെ കൃഷിയിടത്തിലെ കടുപ്പമേറിയ ജോലികളില്‍ സഹായിക്കാന്‍ പോകാറോ ആണ് പതിവ്. പെണ്ണുങ്ങളുടെ പണി ചെയ്യുന്നത്തിനും അവന്‍ കണക്കിന് പരിഹാസം കേള്‍ക്കുന്നുണ്ട്. പക്ഷെ വീട്ടിലേക്കു കയറി വരുമ്പോള്‍ അവന്‍ സന്തോഷവാനായി കാണപ്പെട്ടു, അപ്പയ്ക്ക് അവന്‍ അമ്മയെ സഹായിക്കുന്നത് ഇഷ്ടമല്ല. നാടുകാരുടെ കളിയാക്കലാണ് പ്രധാന കാരണം. ഇവിടുള്ളവര്‍ വേട്ടക്കാരാണ്. വേട്ടയില്‍ അഭിമാനിക്കുന്നവര്‍. അവര്‍ കൃഷി പോലെയുള്ള പെണ്ണുങ്ങളുടെ പണികള്‍ ചെയ്യില്ല. തന്‍റെ പ്രവൃത്തികള്‍ ഓരോന്നും സൂക്ഷ്മമായി നിരീക്ഷിക്കുന്ന മുത്തശ്ശി ചേരന്റെ മുഖത്തെ സന്തോഷം കണ്ടില്ലെന്നു നടിക്കുന്നതാണോ?
അവള്‍ സഞ്ചിയുമായി അവന്‍റെ മുറിയില്‍ ചെന്ന്. അവന്‍ എന്തോ ആലോചിച്ചു സ്വയം ചിരിക്കുന്നുണ്ടായിരുന്നു. അവളേക്കണ്ടാപ്പോള്‍ അവന്‍ എഴുന്നേറ്റു. “ഞാവലെവിടുന്നു കിട്ടി? “
സഞ്ചിയില്‍ പടര്‍ന്നിരിക്കുന്ന കറ കണ്ടാണ് അവന്‍റെ ചോദ്യം എന്നവള്‍ക്ക് മനസ്സിലായി, ”താത്തപ്പന്‍ തന്നതാണ്. ഇന്നലെ അവര്‍ കാട്ടില്‍ പോയിരുന്നു. നിന്‍റെ ആരോഗ്യം വീണ്ടെടുക്കാന്‍ നല്ലതാണെന്ന് പറഞ്ഞു.
“എന്‍റെ ആരോഗ്യത്തിനു ഇപ്പോഴൊരു കുഴപ്പവുമില്ല. ഇഷ്ടമില്ലാത്തത് ചെയ്യുമ്പോഴാണ് അസുഖങ്ങളുണ്ടാവുക. ഇനിയെനിക്ക് പനി വരണമെങ്കില്‍ വേട്ടക്കാലമാവണം.”,അവന്‍ പാതി തമാശയായും പാതി കാര്യമായും പറഞ്ഞു.
“ഇപ്രാവശ്യത്തെ തിരു വിഴാവിനു ഞാന്‍ നിനക്ക് കുറേ വളകള്‍ വാങ്ങി തരാം. എനിക്ക് കാവലിരുന്നതിനുള്ള സമ്മാനം.”
അവളപ്പോഴാണ് തിരുവിഴാവിനെപ്പറ്റി ഓര്‍ത്തത്. ഇനി രണ്ടാഴ്ച കൂടിയേയുള്ളൂ. മഴ കഴിഞ്ഞുള്ള വേട്ടക്കാരുടെ ആഘോഷമാണ്. കറുംകൂന്തലിക്ക് ബലി കൊടുത്താണ് തുടക്കം. ഒരാഴ്ചക്കാലം പിന്നെ ആഘോഷമാണ്. ഇപ്രാവശ്യം കാര്‍മേഘത്തിനും ബലിയുണ്ട്. അറുത്ത കാളയെ അരിയും പച്ചക്കറിറികളുമിട്ടു വേവിച്ചു ഗ്രാമത്തിലുള്ളവര്‍ ഒരുമിച്ചിരുന്നുണ്ണും. കാട് കയറുന്നവര്‍ തിരിച്ചു വന്നില്ലെങ്കില്‍ അവരുടെ അവസാനം സന്തോഷമുള്ള ഓര്‍മ്മകളോട് കൂടിയതാവട്ടെ എന്ന വിശ്വാസത്തില്‍ നിന്നുമാണ് തിരുവിഴാ തുടങ്ങിയതെന്ന് മുത്തശ്ശിയുടെ കഥകളില്‍ നിന്നും അറിയാം.
“നിന്‍റെ കാടുകയറ്റത്തിനു ശേഷമുള്ള ആദ്യത്തെ തിരുവിഴാവാണ്. ഇപ്രാവശ്യം നിങ്ങള്‍ പുതിയ വേട്ടക്കാര്‍ക്കൊക്കെ കുറേ ചടങ്ങുകളുണ്ട്. കാര്‍മേഘത്തിന്റെ ബലിയും ഇവിടെത്തന്നെയല്ലേ?” അവള്‍ അവന്‍റെ മുഖം വാടുന്നത് കണ്ടു.
അവള്‍ അവന്‍റെ നെറ്റിയില്‍ കൈ വച്ചു. തണുത്തിരിക്കുന്നു. അവള്‍ തിരിഞ്ഞു നടന്നപ്പോള്‍ അവന്‍ അവളുടെ പിടിച്ചു. തഴമ്പ് വീണിരിക്കുന്നു. തന്‍റെ കൈയ്യിലുള്ളത് പോലെ! “അവിടെ നിറയെ പണികളാണ്. മരുന്നരയ്ക്കാന്‍ അമ്മിക്കുഴ പിടിച്ചുണ്ടായതാ, അവള്‍ പെട്ടന്ന് കൈ വലിച്ചു, “ഉറങ്ങിക്കോ. ഞാന്‍ നാളെ നേരത്തെ വിളിക്കാം. നമുക്കൊരുമിച്ചു കൃഷിയിടത്തിലേക്ക് പോകാം.” അവനുറങ്ങും വരെ അവളവിടിരുന്നു.
അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 18 : വീണ്ടും കാടുകയറ്റം