“അന്ത്യനാളുകളിലെ ഏറ്റവും വലിയ വേദന വിശപ്പല്ല , ഉറ്റവരുടെ തിരസ്ക്കാരമാണ്… “
പറക്കമുറ്റിയകന്നുപോയ മക്കളുടെ ഓർമ്മയിൽ തള്ളക്കാക്കയുടെ കണ്ണുകൾ നിറഞ്ഞു. അടുത്തുവന്ന ചിറകൊച്ചയിലെ സ്നേഹസ്പർശം മങ്ങിയകാഴ്ചയിലും അമ്മയെ ആർദ്രയാക്കി.
കൊക്കിൽ തീറ്റയുടെ പങ്കും കണ്ണിൽ കടലോളം സ്നേഹവുമായി അവൻ – ആ ആൺകുയിൽ. തന്റേതല്ലെന്ന് പറഞ്ഞ് കൊത്തിയകറ്റിയവന്റെ മുന്നിൽ അമ്മയുടെ തല കുനിഞ്ഞു. അരികിൽ വന്നപ്പോൾ ഇടറിയ സ്വരത്തിൽ വിളിച്ചു – ” മകനെ… ” ആ വിളിയിൽ ജീവിതസാഫല്യം തേടുമ്പോലെ അവനവളോട് ചേർന്നു നിന്നു.