വേട്ടമുതലില്ലാതെ മടക്കം

ബുച്ചിബൂബൂ  നോവൽ – അദ്ധ്യായം 20

പുലര്‍ന്നത് മുതല്‍ താവളത്തില്‍ എല്ലാവരും തിരക്കിലാണ്. ഇന്ന് വേട്ടയുടെ ആദ്യത്തെ ദിവസമാണ്. കതിരും മാണിക്കവും വിടര്‍ന്ന കണ്ണുകളോടെ വേട്ടക്കാരുടെ പ്രവൃത്തികള്‍ ശ്രദ്ധിച്ചു. ചിലര്‍ കെണികള്‍ പരിശോധിക്കുന്നു. ചിലര്‍ തോക്കുകള്‍ തുടയ്ക്കുന്നു. കിഴികളിലെ വെടിയുണ്ടകള്‍ എണ്ണുന്നു. ആര്‍ക്കും വലിയ തിരക്കുകളില്ല. കുറച്ചു കഴിഞ്ഞാല്‍ താവളം വൃത്തിയാക്കി രണ്ടു കൂട്ടമായി പിരിയും. സാധാരണ മൃഗങ്ങള്‍  വെള്ളം കുടിക്കാന്‍ വരുന്നയിടങ്ങളില്‍ പുല്ലുകളില്‍  കെണികള്‍ ഒളിപ്പിക്കണം. അടുത്ത കൂട്ടം വലിയ മൃഗങ്ങളെ അന്വേഷിച്ച് ഉൾക്കാട്ടിലേക്ക് നടക്കും. മാനും പന്നിയുമൊക്കെ ഇറച്ചിക്കും തോലിനും. പുലി, ചെന്നായ,  ചിലപ്പോള്‍ കരടി എന്നിവയുടെ തോലിനു നല്ല വില കിട്ടും. പിന്നെ  അതിനെ വേട്ടയാടിയവര്‍ക്ക് ഗ്രാമത്തില്‍ വലിയ സ്ഥാനമാനങ്ങളും.

പുതിയ വേട്ടക്കാര്‍ കെണിയൊരുക്കാന്‍  മതിയെന്ന് തീരുമാനമായി. പരിചയമുള്ളവരെ കാടിനുള്ളിലെ വേട്ടയ്ക്കു ആവശ്യമുണ്ട്.  കെണിയൊരുക്കുന്നവര്‍ക്ക് രണ്ടു ജോലിയാണുള്ളത്: കെണികള്‍ മൃഗങ്ങളുടെ കണ്ണ് തട്ടാതിടത്ത്, എന്നാല്‍ അവര്‍ പോകുന്ന വഴിയില്‍ ഒളിച്ചു വയ്ക്കണം. പിന്നെ അത്താഴത്തിനു ഏതെങ്കിലും ചെറിയ മൃഗത്തെ പിടിക്കണം. മാണിക്കവും ചേരനെയും കൂടാതെ ഗ്രാമത്തിലെ മറ്റു രണ്ടു ചെറുക്കന്മാര്‍ കൂടിയുണ്ട് പുതിയ വേട്ടക്കാരായിട്ട്. ശക്തിയും അമുതനും മാണിക്കവും കൂട്ടുകാരാണ്. ഒരേ പ്രായക്കാരും. ഗ്രാമത്തില്‍ എല്ലാവർക്കും നല്ല അഭിപ്രായമുള്ളതുകൊണ്ട് അവര്‍ ചേരനെയും കൂട്ടത്തില്‍ കൂട്ടിയിട്ടുണ്ട്. പ്രായത്തില്‍ ചെറുതായ അമുതനോട് അവര്‍ രണ്ടു പേരും അടിമയെ എന്ന പോലെയാണ് പെരുമാറുന്നത്. മുതിര്‍ന്ന വേട്ടക്കാരുടെ കണ്ണ് തെറ്റിയാല്‍ അവനെ ഉപദ്രവിക്കുകയും. ഏല്‍പ്പിച്ച പണികളെല്ലാം ചെയ്യിക്കുകയും ചെയ്യും. ചേരന്‍ കഴിയുന്ന പോലെ അവനെ സഹായിക്കുന്നുണ്ട്. പക്ഷെ മറ്റു രണ്ടു പേര്‍ കളിയാക്കുന്നതിനെ ഭയന്ന് പ്രത്യക്ഷത്തില്‍ സൗഹൃദം ഭാവിക്കാറില്ല.

മാണിക്കവും ശക്തിയും മുന്നില്‍ നടന്നു. കെണികളുടെ ഭാരമുള്ള ചാക്ക് വലിച്ചു അമുതനും അവന്റെ കൂടെ ചേരനും നടന്നു. കെണിയെല്ലാം ഒളിപ്പിച്ച ശേഷം എല്ലാവരും പുഴയിലിറങ്ങി കുളിച്ചു കയറി. ഇനി ഏതെങ്കിലും മുയലോ ചെറിയ പക്ഷികളെയോ  അത്താഴത്തിനു കിട്ടുമോ എന്ന് നോക്കണം. ഇതേ സ്ഥാനത്ത് കണ്ടുമുട്ടാം എന്ന് പറഞ്ഞു അവര്‍ രണ്ടു കൂട്ടമായി തിരിഞ്ഞു.

“കുറേ നേരമായി നടക്കുന്നു. ഒന്നും കിട്ടുന്നില്ലല്ലോ? അത്താഴം കൊണ്ട് വരുന്നവരെ നാളെ വേട്ടയ്ക്ക് കൊണ്ട് പോകും എന്നാണു പറയുന്നത് കേട്ടത്. എനിക്കീ കെണിയൊളിപ്പിക്കാനൊന്നും വയ്യ” ശക്തിയുടെ ശബ്ദത്തില്‍ അക്ഷമ കലര്‍ന്നിരുന്നു.

ശ്…ശ്  മാണിക്കം ചുണ്ടില്‍ വിരലുകള്‍ വച്ച് ആംഗ്യം കാണിച്ചു. രണ്ടു പേരും അങ്ങോട്ട് ശ്രദ്ധിച്ചു. മരങ്ങള്‍ക്ക് മുകളില്‍ ഒരണ്ണാന്‍. നല്ല വലിപ്പമുണ്ട്.  മാണിക്കം ഉന്നമെടുത്തു. അണ്ണന്‍ അനങ്ങാതെ ഇരിക്കുന്നുണ്ടായിരുന്നു. തങ്ങളെ കണ്ടിട്ടില്ലെന്ന് അവന്‍ കരുതി. പക്ഷെ കാഞ്ചി വലിച്ചപ്പോഴേക്കും അണ്ണാന്‍  മരത്തിലുള്ള ഒരു പൊത്തിലേക്ക് മറഞ്ഞു. ഇരയ്ക്ക് എപ്പോഴും ആ പൊത്തിനുള്ളില്‍ ഇരിക്കാന്‍ പറ്റില്ലല്ലോ.” ഞാന്‍ അതിനെ കാത്തിരിക്കാന്‍ പോവുകയാണ്.” മാണിക്കം പറഞ്ഞു. ശക്തി സമ്മതത്തില്‍ തലയാട്ടി.

കുറച്ചു കഴിഞ്ഞപ്പോഴേക്കും അണ്ണാന്റെ തല പുറത്തു കണ്ടു. മാണിക്കം തോക്കെടുക്കുമ്പോഴേക്കും അവന്‍ അടുത്ത മരത്തിലേക്ക് ചാടിയിരുന്നു. അവനു വാശിയേറി. “ഇന്ന് നീ അത്താഴച്ചട്ടിയില്‍ കിടന്നു തിളയ്ക്കും.” അവന്‍ പിറുപിറുത്തു.

ശക്തി തിരിച്ചു പുഴയോരത്തേക്ക് നടന്നിരുന്നു. മറ്റുള്ളവരെ അറിയിക്കണം. ഒരണ്ണാനെ പിടിക്കാന്‍ എന്തായാലും രണ്ടു പേരുടെ ആവശ്യമില്ല. പുഴക്കരയില്‍ ചേരനും അമുതനും അവരെ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. അവരുടെ  കൈയ്യിലുള്ള മുളം കൂടുകളില്‍ നിറയെ മീനുണ്ടായിരുന്നു. “ഉച്ചയാവുന്നതെയുള്ളൂ. ഇപ്പോള്‍ തിരികെ ചെന്നാല്‍ നമുക്ക് അത്താഴം തയ്യാറാക്കാനുള്ള സമയമുണ്ട്. അണ്ണാനെ പിടിച്ചു മാണിക്കം പിന്നാലെയെത്തും.” അമുതന്‍  പറഞ്ഞു.

മാണിക്കവുമായി അപ്പോഴും അണ്ണാന്‍ ഒളിച്ചു കളിക്കുകയായിരുന്നു. അവനു ക്ഷമ നശിക്കുന്നുണ്ടായിരുന്നു. പക്ഷെ കാത്തിരുന്നേ പറ്റൂ. അതിനെ തിരിച്ചു കൊണ്ട് ചെന്നാല്‍ മറ്റു മൂന്നു പേരെക്കാള്‍ താനാവും മുന്‍പില്‍. അത് കൊണ്ടും കൂടിയാണ് ശക്തിയെ തിരിച്ച്ചയച്ചത്. പോകുന്ന വഴികളിലെല്ലാം മരങ്ങളില്‍ കത്തികൊണ്ട് വെട്ടിയിട്ടുണ്ട്. ഇരുട്ടുന്നതിനു മുന്‍പേ അണ്ണാനെ പിടിക്കാനായാല്‍ അത്താഴ സമയമാകുമ്പോഴേക്കും തിരിച്ചു താവളത്തിലെത്താം.

പെട്ടന്ന് അണ്ണാൻ മുഴുവനായും നിവര്‍ന്നു നിന്നു. പിറു പി റുത്തുകൊണ്ട് മാണിക്കം ഉന്നം വെച്ചു. മുകളിലേക്ക് നോക്കി അവന്‍ കുറച്ചുകൂടി മുന്നോട്ടു നീങ്ങിയതും നിലത്തു കിടന്ന ഒരു വേരില്‍ തടഞ്ഞു വീണു. അവന്റെ കൈയ്യില്‍ നിന്നും തോക്ക് തെറിച്ചു വീണ്. അണ്ണാന്‍ ഞെട്ടി അടുത്ത മരത്തിലേക്ക് ഓടിപ്പോയി.

മുട്ട് പൊട്ടിയിരിക്കുന്നു. പിറു പി റുത്തുകൊണ്ട് അവന്‍ ഒരു മരത്തിനു കീഴിലിരുന്നു മുറിവ് പരിശോധിച്ചു. കുറച്ചു തൊലി പോയിട്ടുണ്ട്. വേരിലിടിച്ച് വീണ ഭാഗം ചതഞ്ഞിട്ടുണ്ട്. ചെറിയ വേദനയുണ്ട്. കുറച്ചു മരങ്ങള്‍ക്കപ്പുറത്തിരുന്നു ആ അണ്ണാന്‍ എത്തി നോക്കുന്നുണ്ട്. അവന്‍ അത്താഴമായത് തന്നെ. മാണിക്കം എഴുന്നേറ്റു. ക്ഷമയോടെ വേണം ഇരയെ പിന്തുടരാന്‍. ഇനി അത്രയും ഉറപ്പായാല്‍ മാത്രം വെടി വച്ചാല്‍ മതി എന്ന് തീരുമാനിച്ചു. കുറച്ചു കഴിഞ്ഞപ്പോള്‍ ക്ഷീണിച്ചെന്ന പോലെ അണ്ണാന്‍ ഒന്ന് നിന്ന്. കൃത്യമായ ഉന്നം പിടിക്കാന്‍ മാണിക്കം മുന്നോട്ടൊന്നു ചുവടു വച്ചു.

മരങ്ങള്‍ക്കിടയില്‍ നിന്നും എന്തോ പറന്നു വരുന്നത് പോലെയാണ് അവനു തോന്നിയത്. മുകളില്‍ തൂക്കിയിട്ടിരുന്ന ശിഖരം തലയ്ക്കു പിന്നിലിടിച്ചു. അവന്റെ കൈയ്യില്‍ നിന്നും തോക്ക് തെറിച്ചു പോയി.. കണ്ണില്‍ ഇരുട്ട് വന്നു നിറയുന്നു! മാണിക്കം നിലത്തേക്കു വീണു

വേട്ടക്കാരുടെ ചെറു കൂട്ടങ്ങള്‍ താവളത്തിലേക്ക് തിരച്ചു വന്നു തുടങ്ങിയപ്പോഴേക്കും അത്താഴം തയ്യാറായിരുന്നു. മാണിക്കം ഇനിയും തിരിച്ചെത്തിയിട്ടില്ല.  അമുതന് ചെറുതായി വേവലാതിയായിത്തുടങ്ങിയിരുന്നു. ഇരുട്ടിത്തുടങ്ങി. കാട്ടിനകത്ത് ഇത്രയും നേരം ഒറ്റയ്ക്ക് ചിലവഴിക്കുന്നത് നല്ലതല്ല. പ്രത്യേകിച്ചും ഒരു പുതിയ വേട്ടക്കാരന്‍. മാണിക്കത്തിന്റെ അപ്പനോട് എന്ത് പറയും എന്നായിരുന്നു ചേരന്റെ ആധി. ശക്തി മാത്രം വലുതായൊന്നും സംഭവിക്കാത്തത് പോലെ തനിക്കു തന്നിട്ടുള്ള പണികള്‍ ചെയ്തുകൊണ്ട് നടന്നു.

ഏറ്റവുമവസാനമാണ് ഗ്രാമ മുഖ്യന്റെ വേട്ടക്കൂട്ടം തിരിച്ചെത്തിയത്. എല്ലാവരും  നിരാശരായിരുന്നു. ഇന്നൊരു മൃഗത്തെപ്പോലും കുടുക്കാനായിട്ടില്ല. വരും ദിവസങ്ങളില്‍ കെണികളിലെങ്കിലും എന്തെങ്കിലും തടയുമെന്നാണ് എല്ലാവരുടെയും പ്രതീക്ഷ.

അത്താഴം കഴിഞ്ഞു  എല്ലാവരുടെയും എണ്ണമെടുത്തപ്പോഴാണ് മാണിക്കത്തിന്റെ അഭാവം എല്ലാവരും അറിഞ്ഞത്. അവന്റെയൊപ്പം പോയവരുടെയടുത്തു നിന്നും  അവന്‍  കാട്ടിലേക്ക് കയറിപ്പോയ കാര്യം അറിഞ്ഞപ്പോള്‍ മുഖ്യന്‍ രണ്ടു കയ്യും തലയില്‍ വച്ചു നിലത്തു മുട്ട് കുത്തി. “സ്വന്തം മകനെപ്പോലും അനുസരിപ്പിക്കാന്‍ കഴിവില്ലാത്തോരാൾ മുഖ്യനായിരിക്കാന്‍ യോഗ്യനല്ല. “കൂട്ടത്തിലുള്ളവര്‍ അയാളെ താങ്ങി ഒരു മരത്തിനു ചുവട്ടില്‍ കൊണ്ടിരുത്തി. ഈ നേരം കൊണ്ട് അവന്‍ കാറ്റില്‍ വഴി തെറ്റി അലയുന്നുണ്ടാവാം. എന്തെങ്കിലും അപകടത്തില്‍ പെട്ടിട്ടുണ്ടാകാം, ചിലപ്പോള്‍ അവൻ വന്യ മൃഗങ്ങളാല്‍ കൊല്ലപ്പെട്ടിട്ടുണ്ടാകാം.

നെടുമാന്‍ എന്ന് പേരുള്ള വേട്ടക്കാരന്‍ എല്ലാവരെയും രണ്ടു കൂട്ടമായി തിരിച്ചു. നാളെ വേട്ടയില്ല. മാണിക്കം പുലരുന്നതിനു മുന്‍പ് തിരിച്ചെത്തിയില്ലെങ്കില്‍ അവനു വേണ്ടി കാട് മുഴുവന്‍ തിരയണം. അവന് ഒരാപത്തും ഉണ്ടാവരുതെന്നു എല്ലാവരും ആഗ്രഹിച്ചു.

പിറ്റേന്നുള്ള തിരച്ചിലില്‍ പുഴക്കപ്പുറത്തു കാടിന്റെയുള്ളില്‍ നിന്നും അവന്റെ തോക്കും ചെരുപ്പുകളും  കിട്ടി. നിലത്തു കരിയിലകളില്‍ ചോരത്തുള്ളികളുണ്ടായിരുന്നു. അവനെയെന്തോ വലിച്ചുകൊണ്ട് പോയ പോലെ . വളരെ കൊല്ലങ്ങള്‍ക്ക് ശേഷം വേട്ടമുതലില്ലാതെ ആ സംഘം കാട്ടില്‍ നിന്നുമിറങ്ങി.

അടുത്ത തിങ്കളാഴ്ച്ച അദ്ധ്യായം 21  :  കെണിയിൽപ്പെട്ട മാണിക്കം  

ഷെയർഅനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. നിയമ ബിരുദധാരിയാണ്. ബുച്ചിബൂബൂ ആദ്യത്തെ നോവൽ. തൃശ്ശൂർ സ്വദേശി. ഇപ്പോൽ കൊച്ചിയിൽ താമസം.