ഉറക്കം മുറിഞ്ഞു പോകുന്നത് എനിക്ക് തീരെ ഇഷ്ടമില്ലാത്ത കാര്യമാണ്. കണ്ടുകൊണ്ടിരുന്ന രസമുള്ള സ്വപ്നത്തിന്റെ ബാക്കി ഇനി എപ്പോൾ കാണും എന്ന സ്വൈര്യക്കേട് കുറച്ച് നേരം..അല്ല കുറച്ചധികം നേരം ഉണ്ടാവുകയും ചെയ്യും. ആദ്യം വിളിച്ചത് മദനാണ്. പിന്നീട് റഹ്മാൻ, ശേഷം ജോർജ്ജ്. ഒന്നിനു പിറകെ ഒന്നെന്ന മട്ടിലായിരുന്നു ഫോൺ കോളുകൾ. രാത്രി, ഉറക്കം തലപിടിച്ച് താഴ്ത്തും വരെ സെൽ ഫോണിലെ ബട്ടണുകൾ അമർത്തി കളിച്ചു കൊണ്ടിരുന്നതാണ്. ആ കുന്ത്രാണ്ടം തലയ്ക്ക് വെച്ച് കിടന്നു പോയത് അബദ്ധം. വിളിച്ച മൂന്ന് പേർക്കും പറയാനുണ്ടായിരുന്നത് ഒരേ കഥ – ഒരുത്തൻ..ഏതോ ഒരുത്തൻ..അവൻ ചാവാൻ പോണു. വെറുതെയല്ല, ആളെ കൂട്ടി, ഒരു സീനുണ്ടാക്കിയിട്ട് ചത്തുകളയാനാണ് കക്ഷിയുടെ പരിപാടി.
‘എവിടെയാ..?’. ആ ചോദ്യം പകുതി വിഴുങ്ങി പോയി. ഉറക്കം ഇപ്പോഴും എന്റെ നാവിനെ പിടിച്ചു വെച്ചിരിക്കുവാണ്.
‘നമ്മുടെ ഫുട്ബോള് ഗ്രൗണ്ടിന്റെയടുത്തുള്ള വാട്ടർടാങ്കില്ലെ? അതിന്റെ മണ്ടേല് കേറി നിക്കുവാ..’ മദന്റെ ശബ്ദം ഫോണിന്റെ സ്പീക്കർ തകർക്കുമോ എന്നു ഞാൻ ഭയന്നു.
‘ഈ വെളുപ്പാൻകാലത്തോ?..വല്ല കീടോമടിച്ച് നിക്കുവായിരിക്കും..’.
‘ആരാടാ ഈ വെളുപ്പാൻകാലത്ത് കീടമടിക്കുന്നത്?..ഇതു വേറെന്തോ കേസാ’.
‘ഞാനൊന്നുറങ്ങട്ടടാ..’.
‘വന്നാ ഒരു നല്ല സീൻ കാണാം. അവസാനം വിളിച്ചില്ലെന്നു പറയരുത്. ഒരുത്തൻ വീണു ചാവണത് ഞാനിതു വരെ കണ്ടിട്ടില്ല‘.
മദന് അസ്വാഭാവികമരണം എന്നു കേൾക്കുന്നത് തന്നെ ഹരമാണ്. ഞാനാണേൽ ആകെ കണ്ടിട്ടുള്ള ഒരു അസ്വാഭാവികമരണമെന്നത് ചായക്കടക്കാരൻ മാപ്പിളയുടെ തൂങ്ങിമരണമാണ്. അയാൾടെ മിണ്ടാൻ പറ്റാത്ത പെങ്കൊച്ചിനെ ആരോ എന്തോ ചെയ്തെന്നു പറഞ്ഞാണയാൾ മരത്തേൽ കയറിയത്. കണ്ണും തുറിച്ചാണങ്ങേര് കിടന്നത്. മരണത്തെ നേരിട്ട് കണ്ടത് പോലെ. ആ തുറിച്ച കണ്ണ് എന്നെ ഒടുക്കം വരെ പിന്തുടരുമെന്നുറപ്പാ. എനിക്കാണേൽ താഴത്തെ ചന്തേല് വെട്ടി വെച്ചിരിക്കണ ആടിന്റെ തലകൾ കണ്ടാൽ തന്നെ പേടി വരും. തുറിച്ചു നോക്കണ കണ്ണുകൾ. തല വെട്ടിയെടുത്തവനോടുള്ള സകല അമർഷവും ആ കണ്ണുകളിൽ പതിഞ്ഞു കിടക്കണത് കാണാം. ഈ പറഞ്ഞ മദൻ കുറച്ച് നാള് മുൻപ് റെയിൽവെ ട്രാക്കിൽ തലയില്ലാതെ ഒരു ജഢം കിടക്കുന്നെന്നും പറഞ്ഞ് കാണാനോടി പോയവനാ. അന്നും അവനെന്നെ വിളിച്ചതാ. ഞാനെന്തോ കള്ളം പറഞ്ഞു പിൻവലിഞ്ഞു. അന്നവൻ കണ്ടതും പോരാ, അതിനെ കുറിച്ചുള്ള സകല വിവരണവും തന്നിട്ടാണ് തിരികെ പോയത്. തല വേറെ, കാല് വേറെ, കൊടല് പുറത്തേക്ക്.. ഞാൻ ഛർദ്ദിച്ചില്ലെന്നേയുള്ളൂ.. പിന്നെ ഓർത്തപ്പോൾ..ഈ സംഭവങ്ങളൊക്കെയല്ലെ എന്റേം ഉള്ളില്..വേണ്ട..ക്രിക്കറ്റിൽ ഇന്ത്യയുടെ നാണംകെട്ട തോൽവിയെ കുറിച്ച് ഗാഢമായി ചിന്തിച്ചാണ് അന്നു ഞാൻ ചിന്തകളെ വഴിതെറ്റിച്ചത്.
പുറത്ത് ബൈക്കിന്റെ ശബ്ദം കേട്ടപ്പോൾ മനസ്സിലായി, ജോർജ്ജാണ്. അവൻ ബൈക്കിന്റെ പുകക്കുഴലിൽ എന്തോ ഒരു സൂത്രം ഒപ്പിച്ചിട്ടുണ്ട്. പടക്കം പൊട്ടുന്ന പോലുള്ള ശബ്ദമാ അവന്റെ വണ്ടീന്ന് വരുന്നത്. ലോകത്ത് എന്തേലും ഒരു കാര്യത്തിനു വേണ്ടി അവൻ മരിക്കുവാണേൽ അതു അവന്റെ ബൈക്കിന്റെ കാര്യത്തിലായിരിക്കും. ഒരമ്മ പെറ്റില്ലെന്നേയുള്ളു..അങ്ങനെയാണവനും ബൈക്കും. അവൻ കേറി വരുമ്പോ ഞാൻ ലുങ്കി വാരിച്ചുറ്റുന്ന തിരക്കിലായിരുന്നു.
‘ഇതു വരെ റെഡിയായില്ലെ? വേഗം വന്നെ’ അവൻ എന്നെ കണ്ടതും അക്ഷമനായി.
‘ഞാനില്ല അച്ചായോ..ഞാനിവിടെ എവിടേലും..’.
‘അതല്ല..നീ ആളെ അറിയും..ഇപ്പൊ റഹ്മാൻ വിളിച്ചു പറഞ്ഞപ്പോഴാ അറിഞ്ഞത്..അവൻ സ്പോട്ടിലുണ്ട്’.
അപ്പോൾ കൂട്ടത്തിൽ ഇനി കാഴ്ച്ച കാണാൻ പോകാത്ത ഒരേയൊരാൾ ഈ ഞാൻ മാത്രം.
ആളെ പറ്റി അവൻ ഒരു വിവരണം നല്കിയപ്പോഴാണ്, എനിക്കും അങ്ങോട്ട് ഒന്ന് പോണമെന്ന് തോന്നിയത്. നേരിട്ടറിയില്ലേലും, കണ്ടു പരിചയമുള്ള ഒരുത്തൻ ചാവാൻ പോകുന്നു എന്നു കേട്ടാൽ ഒന്നു ചെന്നു കാണാനുള്ള മര്യാദയെങ്കിലും..
അങ്ങനെയാണ് പല്ലു തേയ്ക്കാൻ പോലും മെനക്കെടാതെ, വരയുള്ള അരക്കയ്യൻ ഷർട്ടുമിട്ട് ഞാൻ ജോർജ്ജിന്റെ വണ്ടീടെ പിറകെ കയറിയത്. പടക്കം പൊട്ടിച്ച് പൊട്ടിച്ച് വണ്ടി പാഞ്ഞു. ശബ്ദം കേട്ട് വഴീലുള്ള കാക്കേം പൂച്ചേം ഒക്കെ ഉണർന്നു കാണും. അവനെ ശപിച്ചിട്ടുമുണ്ടാവും.
അസുഖം ബാധിച്ച് രോമം കൊഴിഞ്ഞ ഒരു തെരുവു നായുടെ പുറം പോലെയായിരിക്കുന്നു ഫുട്ബോൾ ഗ്രൗണ്ട്. അവിടവിടെ നരച്ച ചില പുല്ലും ചെടിയും മാത്രം ബാക്കി നിൽപ്പുണ്ട്. എങ്കിലെന്ത്? എത്രയോ നാടൻ മാറഡോണമാർ ഉദയം ചെയ്ത ഗ്രൗണ്ടാണിത്. ബൈക്ക് ഒരു വശത്തായി ഒതുക്കി ഇറങ്ങുമ്പോൾ കാണാൻ കഴിഞ്ഞു, ജനക്കൂട്ടം!.. ഞങ്ങൾ താമസിച്ചു പോയോ? ആ ചോദ്യം അവന്റെ മുഖത്ത് തെളിഞ്ഞു വന്നത് ഞാൻ കണ്ടില്ലെന്ന് നടിച്ചു. ഇനി എന്നെ കുത്തിപ്പൊക്കി വിളിച്ചു കൊണ്ട് വന്ന് സമയം പോയത് കൊണ്ട് ആ അസുലഭ കാഴ്ച്ച കാണാനുള്ള അവസരം നഷ്ടപ്പെട്ടെന്നു വന്നാൽ..അവനെന്നെ ശപിച്ചു കൊല്ലും..പറ്റുമെങ്കിൽ എന്നോട് വാട്ടർടാങ്കിന്റെ മുകളീന്ന് ചാടാൻ തന്നെ പറഞ്ഞെന്നു വരും. അതാണവൻ. ചില സമയങ്ങളിൽ അവന്റെ നാവ് മൂർച്ചയുള്ളതാവും. നല്ല ആഴത്തിലുള്ള മുറിവുണ്ടാക്കാൻ ആ നാവ് ധാരാളം.
വാട്ടർടാങ്കിനടുത്തേക്ക് നടക്കുമ്പോൾ ഞാൻ ചുറ്റുപാടും നോക്കി. ഒറ്റപ്പെട്ടു പോയ ശത്രുവിനെ ചുറ്റും വളഞ്ഞാക്രമിക്കാൻ വരുന്നവരെ പോലെ ടാങ്കിനു ചുറ്റിലുമായി മനുഷ്യർ നടന്നടുക്കുന്നുണ്ടായിരുന്നു. പലരും ഇപ്പോഴും പാതി ഉറക്കത്തിലാണ്. കണ്ണിൽ ഊറിക്കൂടിയ മഞ്ഞ പീള തുടച്ചു മാറ്റിക്കൊണ്ടാണ് പലരും വരുന്നത്. കുറച്ചപ്പുറത്ത് ബീഹാറിൽ നിന്നും വാർക്കപ്പണിക്കു വന്ന ചെമ്പൻ മുടിക്കാർ വരുന്നതു കണ്ടു. കറുത്ത യന്ത്രങ്ങളെ പോലെയാണവരിരുന്നത്. മെലിഞ്ഞ ചില സ്ത്രീകളും അവരുടെയൊപ്പമുണ്ട്. എല്ലാരുടെയും കണ്ണുകൾ മുകളിലേക്കാണ്. എന്റെ കണ്ണുകൾ അവരുടെ കാഴ്ച്ചയെ പിൻതുടർന്നു മുകളിലേക്ക് സഞ്ചരിച്ചു. ഒരു കറുത്ത പാന്റ്സാണ് ഞങ്ങളുടെയെല്ലാം ശ്രദ്ധകേന്ദ്രത്തിന്റെ ശരീരത്തിലുള്ളത്. ഷർട്ട് ധരിച്ചിരിക്കുന്നോ ഇല്ലയോ എന്നു ഉറപ്പിച്ചു പറയാനാവുന്നില്ല. ആ രൂപം വലതു കൈയുയർത്തിയപ്പോൾ എന്റെ ഊഹം ശരിയാണെന്നു തെളിഞ്ഞു. ചുവന്ന ഷർട്ട് അയാൾ ഊരി കൈയ്യിൽ പിടിച്ചിരിക്കുകയാണ്.
അയാൾ ഒന്നു രണ്ടു വട്ടം ഷർട്ട് വായുവിൽ ചുഴറ്റി. എന്തൊക്കെയോ ഉറക്കെ വിളിച്ചു പറയുന്നുണ്ട്. കുറച്ചു കൂടി അടുത്തേക്ക് ചെന്നാൽ എന്താണയാൾ വിളിച്ചു കൂവുന്നതെന്ന് കേൾക്കാൻ കഴിഞ്ഞേക്കും.
‘ഏതാ ഈ പ്രാന്തൻ?’ തൊട്ടടുത്ത് നിന്ന ഒരു കൗമാരപ്രായക്കാരൻ ആരോടെന്നില്ലാതെ ചോദിക്കുന്നത് കേട്ടു.
റഹ്മാനെവിടെ? ഞാൻ അവിടെ മുഴുവൻ തിരഞ്ഞു. ആൾക്കൂട്ടത്തിൽ നിന്നു മാറി അവൻ നില്ക്കുന്നത് കണ്ടു. അവനെ തിരിച്ചറിയാനെളുപ്പമാണ്. അവൻ ജനിച്ചു വീണത് ഒരു മുഷിഞ്ഞ ജീൻസുമായിട്ടാണ്. ഇതുവരെ അതൊന്നൂരി അലക്കി വെളുപ്പിക്കാൻ കഴിഞ്ഞിട്ടില്ല. അരേയും അവനതിനു അനുവദിച്ചിട്ടില്ലെന്നും തോന്നുന്നു. അവൻ ഇരിക്കുകയുമല്ല, നിൽക്കുകയുമല്ല എന്ന പോസിലാണ്. അവന്റെ കൈയ്യിൽ ഉള്ളംകൈയ്യുടെയത്രയും വലുപ്പമുള്ള ഒരു ഫോണുണ്ട്. ഞങ്ങളുടെ കൂട്ടത്തിൽ അവനാണ് വീഡിയോ എടുക്കാൻ മിടുക്കൻ. ഒന്നു രണ്ടു വീഡിയോകൾ ആ ഫോണിലെടുത്ത് യൂടുബിൽ അവനിട്ടിട്ടുണ്ട്. കൂടെ കൂടെ കയറി അതെത്ര പേർ കണ്ടു എന്നു നോക്കുകയാണ് അവന്റെ പ്രധാന ഹോബി. ആ വീഡിയോയിൽ ‘അഭിനയിച്ചത്’ കൊണ്ട് മാത്രം ഞാനും ജോർജ്ജും ആ ചുറ്റുവട്ടത്തൊക്കെ അറിയപ്പെടുന്നവരായി മാറിയിരുന്നു. ഇടയ്ക്കൊക്കെ അതിന്റെ പ്രത്യുപകാരം അവൻ ചോദിച്ചു വാങ്ങാൻ മറക്കാറുമില്ല. ഇപ്പോഴവൻ എടുക്കുന്ന വീഡിയോ അവന്റെ ജീവിതത്തിൽ ഒരു വഴിത്തിരിവായി മാറാനാണ് സാദ്ധ്യത. എന്റെ ഇതു പോലുള്ള ചില തോന്നലുകൾ സത്യമായി വന്നിട്ടേയുള്ളൂ.
മദൻ ഞങ്ങളുടെ അടുത്തേക്ക് വന്നു.
എന്റെ ചുറ്റിലും വന്നു വീണ സംസാരങ്ങൾ ഞാൻ ശ്രദ്ധിച്ചു.
‘എന്താ ഇവന്റെ പ്രശ്നം?’
‘ആർക്കറിയാം?. ചിലപ്പോൾ വല്ല കടത്തിലും പെട്ടു കാണും’
‘ചിലപ്പോ പെണ്ണുകേസാവും’
‘അതിനു ഇവനെന്തിനു ചാടി ചാവണം?. അവളല്ലെ ചാവേണ്ടത്?’
‘വല്ല സ്വത്ത് പ്രശ്നവുമായിരിക്കും’
‘അതിനു ഇതിന്റെ മണ്ടേന്ന് എന്തിനു ചാടണം?. ഞാനായിരുന്നേൽ മുകളിൽ കയറണ വഴീ തന്നെ തല കറങ്ങി താഴെ വീണ് തട്ടിപോയെനെ’
‘ഇവന്റെ ധൈര്യം സമ്മതിക്കണം’
കുറച്ച് നേരം കൊണ്ട് തന്നെ ഒരുപാട് കഥകൾ, ഊഹാപോഹങ്ങൾ കേട്ടു കഴിഞ്ഞു. ഞങ്ങളുടെ നാട്ടുകാർ മോശമല്ല. എത്ര ഭാവനാശാലികളാണ് ഞങ്ങളുടെ ഇടയിൽ!.
‘ഈ റഹ്മാനെന്താ അവിടെ നിന്നു വട്ടംതിരിയുന്നത്?’ മദന്റേയും ജോർജ്ജിന്റേയും ശ്രദ്ധയെ റഹ്മാന്റെ നേർക്കു ഞാൻ തിരിച്ചു വിട്ടു. റഹ്മാൻ മലർന്നു കിടന്നു പടം പിടിക്കാനുള്ള തയ്യാറെടുപ്പിലാണ്. അവൻ ഇവിടെ നില്ക്കേണ്ടവനല്ല.. എനിക്കുറപ്പാണ്. അവന്റെ നേർക്ക് നടക്കുന്ന വഴിക്ക് ഒരു വൃദ്ധ വാ പൊത്തി നില്ക്കുന്നതു കണ്ടു. പിന്നീടവർ കിഴക്കോട്ട് തിരിഞ്ഞു നിന്ന് കൈ കൂപ്പി എന്തൊക്കെ പറഞ്ഞു തുടങ്ങി. അവിടെയെന്താ? ഓ, ആ ദിശയിലേക്ക് ഒരു വര വരച്ചാൽ ചെന്നു നില്ക്കുക ഞങ്ങളുടെ ക്ഷേത്രത്തിനു മുൻപിലായിരിക്കും.
‘നടക്കാനുള്ളത് നടക്കും’ ഞാനത് പറയാൻ ഭാവിച്ചതാണ്. വേണ്ട. ആരുടേയും വിശ്വാസത്തിൽ തൊട്ടശുദ്ധമാക്കണ്ട.
‘നീയെന്താ ഇവിടെ കിടന്ന് വട്ടം കളിക്കുന്നത്?’ മദന്റേതാണ് ചോദ്യം.
‘അല്ലെടാ.. അവൻ ചാടിയാൽ നല്ല സ്പീഡിലായിരിക്കും വരുന്നത്..അല്ലെ? അപ്പോൾ മുഴുവനും ക്യാമറയിൽ പിടിക്കാൻ സമയം കിട്ടത്തില്ല.. ഇവിടെ നിന്നാൽ ഒറ്റ ഷോട്ടിൽ സംഭവം ഒതുക്കാം. അധികം ഷേക്ക് ആവത്തുമില്ല.’
വലിയ വായിൽ ഒരു അലമുറ കേട്ടിട്ടാണ് ഞങ്ങളെല്ലാരുടെയും കണ്ണുകൾ അങ്ങോട്ട് തിരിഞ്ഞത്. അവിടെ ഒരു വൃദ്ധ നെഞ്ചത്തടിച്ച്, മുകളിലേക്ക് നോക്കി എന്തോക്കെയോ പറഞ്ഞു കൊണ്ട് ഓടി വരുന്നത് കണ്ടു. ഓ, അപ്പോൾ സംഭവം അമ്മയും മകനുമായിട്ടാണ്. എന്തോ ചില കുടുംബ പ്രശ്നങ്ങൾ. പക്ഷെ അതിന്റെ പൂർണ്ണരൂപം ഇപ്പോഴും അവ്യക്തം.
‘ഇറങ്ങി വാ മോനെ..നീ ആദ്യം താഴെ വാ’ അവർ ദയനീയമായി അപേക്ഷിക്കുകയാണ്.
‘പിന്നെ അവള് പറഞ്ഞതും എന്തിനാ എല്ലാമെടുത്ത് കൊടുത്തത്?’ മുകളിൽ നിന്നൊരു ചോദ്യം വന്നു. കാഴ്ച്ചക്കാർക്കും കേൾവിക്കാർക്കും ഒന്നും തന്നെ മനസ്സിലായില്ല.
മദന്റെ നേരെ ഞാൻ നോക്കി. അവന്റെ മുഖത്ത് ചെറിയ നിരാശ പടർന്നു തുടങ്ങിയിരിക്കുന്നു. ഇനി ഇവരു ഒരോന്നും പറഞ്ഞ് അയാൾടെ മനസ്സു മാറ്റുമോ?. അയാൾ സകല നിരാശയും വലിച്ചെറിഞ്ഞ് താഴേക്ക് വരുമോ?. എങ്കിൽ ഇവിടെ വെറുതെ കാഴ്ച്ച കാണാൻ വന്ന ഞങ്ങളൊക്കെ മണ്ടന്മാർ.
അവരിരുവരും വാദപ്രതിവാദങ്ങൾ തുടരുകയാണ്. ഇതെവിടെയും എത്തുമെന്നു തോന്നുന്നില്ല.. പക്ഷെ കണ്ടിടത്തോളം മുകളിൽ നിൽക്കുന്നയാൾ ഉദ്യമത്തിൽ നിന്നു പിന്മാറാനാണ് സാധ്യത. അയാളുടെ സംസാരം ഒന്നു മയപ്പെട്ടിട്ടില്ലെ?. എനിക്ക് സംശയം തോന്നി. ഇപ്പോൾ ആ സംസാരത്തിൽ ചെറിയ കരച്ചിലിന്റെ ശബ്ദമൊക്കെ കേൾക്കുന്നുണ്ട്.
‘ഈ അമ്മച്ചി എല്ലാം നശിപ്പിക്കും..ആന തരാമെന്നു പറഞ്ഞാലും..’ ജോർജ്ജ് തന്റെ ബുൾഗാൻ താടി തടവി കൊണ്ട് അഭിപ്രായപ്പെട്ടു.
മോർണിംഗ് ജോഗിംഗ് കഴിഞ്ഞു വന്ന ഒരു വയസ്സൻ ആരോടെന്നില്ലാതെ ചോദിക്കുന്നതു കേട്ടു.
‘വാട്സ് ഈസ് ഗോയിംഗ് ഓൺ? സംബഡി ഷുഡ് കോൾ ദ പോലീസ്!’
കൂട്ടം ആ പറഞ്ഞത് ശ്രദ്ധിച്ചതു പോലുമില്ല. ഇപ്പോൾ കൂട്ടത്തിന്റെ എണ്ണം കൂടിയിരിക്കുന്നു. സെൽ ഫോണുകൾ എല്ലാരും ടാങ്കിനു നേർക്ക് പൊക്കി പിടിച്ചിരിക്കുകയാണ്. ചിലരൊക്കെ ഒന്നു രണ്ട് ഫോട്ടോകൾ എടുത്തു കഴിഞ്ഞിരിക്കുന്നു. മറ്റുള്ളവർ ഫീഡിയോ എടുക്കുന്ന തിരക്കിലാണ്. അവർ മണ്ടന്മാർ. താഴേക്ക് വരുന്ന ഒരു വസ്തുവിന്റെ വേഗത്തിനെ കുറിച്ച് അവർക്കെന്തറിയാം?. ഏറ്റവും നല്ല വീഡിയോ റഹ്മാന്റേത് തന്നെയാവും. എനിക്ക് സംശയമേയില്ല.
ആരുമെന്താ ഇവനോട് ഇറങ്ങി വരാൻ പറയാത്തത്?. അല്ലെങ്കിൽ തന്നെ എന്തിനു പറയണം?. അവനായി അവന്റെ പാടായി. ഈ മാതിരി കാര്യങ്ങളിലൊന്നും തന്നെ കയറി ഇടപെടരുത്. മാറി നിന്ന് കളി കാണുക – അതാണെന്റെ നാട്ടുകാരുടെ നയം.
ഇപ്പോൾ വൃദ്ധയുടെ കരച്ചിൽ ഉച്ചസ്ഥായിലായിരിക്കുന്നു. ഇവർ പണി പറ്റിക്കുമോ?. ഞാൻ..അല്ല ഞങ്ങൾ ആശങ്കാകുലരായി. കുറച്ചു നേരം കൂടി കഴിഞ്ഞപ്പോൾ ഞങ്ങൾക്ക് ബോദ്ധ്യമായി. അവർ പണി പറ്റിച്ചിരിക്കുന്നു. ഇപ്പോൾ ഇരുവരും ഒന്നിച്ചു കരയുകയാണ്. അയാൾ കൈയ്യിൽ പിടിച്ചിരുന്ന ഷർട്ട് ധരിച്ചിരിക്കുന്നു. മദൻ ഇരുകൈകളും അരയിൽ വെച്ച്, താഴേക്ക് നോക്കി കൊണ്ട്, തല ഇരുവശത്തേക്കും ചലിപ്പിച്ചു. അവൻ ശരിക്കും നിരാശനായിരിക്കുന്നു. ഇതിപ്പോൾ കഥ മുഴുവനായി മാറിയിരിക്കുന്നു. എനിക്കുറപ്പുണ്ട് ഞങ്ങളിൽ ഏറ്റവും നിരാശപ്പെടാൻ പോകുന്നത് റഹ്മാനായിരിക്കും.
ഞാൻ മുകളിലേക്ക് തന്നെ നോക്കി നിന്നു. അയാൾ താഴെക്ക് ഇറങ്ങി വരാനുള്ള പുറപ്പാടിലാണ്. സമീപത്ത് ചിലരുടെ ആശ്വാസം നിറഞ്ഞ ദീർഘനിശ്വാസങ്ങൾ നിറഞ്ഞു. ഞാൻ റഹ്മാനെ നോക്കി. അവൻ താഴെ മലർന്ന് കിടക്കുകയാണ്. അവനിപ്പോഴും പ്രതീക്ഷ കൈവിട്ടിട്ടില്ല. കഷ്ടം. എനിക്കവനോട് ഒരേ സമയം സഹതാപവും, അവന്റെ അർപ്പണബോധത്തിൽ അസൂയയും തോന്നി.
‘വാടാ പോകാം..വെറുതെ സമയം മെനക്കെടുത്താൻ..വെളുപ്പാൻകാലത്ത്..’ ജോർജ്ജ് മുരണ്ടു. ഞാൻ അവന്റെ പിന്നാലെ നടന്നു. വെറുതെ നല്ലൊരു ഉറക്കം കളഞ്ഞു. ഇനി ചെന്നിട്ട് ബാക്കി കൂടി ഉറങ്ങണം.
കിഴക്കോട്ട് തിരിഞ്ഞു നിന്ന് കൈ കൂപ്പി നിന്നിരുന്ന വൃദ്ധയെ ഞാൻ തിരഞ്ഞു. അവരായിരിക്കും ഈ കൂട്ടത്തിൽ ഏറ്റവും സന്തോഷവതി. അവരുടെ വിശ്വാസം അവരെ രക്ഷിച്ചിരിക്കുന്നു. വിശ്വാസം ദൃഢമാകാൻ ഒരു കാരണം കൂടി. അവർ ഇപ്പോഴും കണ്ണടച്ച് തന്നെ നില്ക്കുന്നു. കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ട്.
മദനും ഞങ്ങളുടെയൊപ്പം നടന്നു.
‘റഹ്മാൻ?’ ഞാൻ ചോദിച്ചു.
‘അഴകപ്പൻ വന്നോളും..നീ നട’. ഞങ്ങൾ നടന്നു.
ഒരു നാല് ചുവട് വെച്ചു കാണും. പിന്നിലൊരു നിലവിളി കേട്ടാണ് ഞങ്ങൾ മൂവരും തിരിഞ്ഞത്. വാടർടാങ്കിന്റെ മുകളിൽ നിന്നും ഒരു ചുവന്ന രൂപം അതിവേഗത്തിൽ താഴേക്ക് പാഞ്ഞു വരുന്നു. താഴെക്ക് വീണതും ഒരു വലിയ ശബ്ദമുണ്ടായി. തവിട്ട് നിറമുള്ള പൊടി ഉയർന്നു പൊങ്ങുന്നത് ദൂരേന്ന് കണ്ടു. എന്താണ് നടന്നത്?. ഇറങ്ങും വഴി കാൽ വഴുതിയിട്ടുണ്ടാവുമോ?. അതോ അവസാന നിമിഷം അയാൾ വീണ്ടും തീരുമാനത്തിൽ…
‘അയ്യോ എന്റെ മക്കളെ!!’ നിലവിളി ഉയർന്നു. വൃദ്ധ പൊടി ഉയർന്ന ഭാഗത്തേക്ക് കുതിക്കുന്നത് കണ്ടു. എന്റെയൊപ്പം നടന്ന ആൾക്കൂട്ടം മുഴുവനായി തിരിഞ്ഞു. ചിലർ തിരിഞ്ഞെങ്കിലും ആ ഭാഗത്തേക്ക് പോയില്ല. ചിലർ അങ്ങോട്ട് ഓടി.
ഞാൻ മദന്റേയും ജോർജ്ജിന്റേയും നേരെ നോക്കി.
‘അവൻ പണി പറ്റിച്ചല്ലോ..’ നിരാശ നിറഞ്ഞ ജോർജ്ജിന്റെ മുരൾച്ച.
‘ഛേ!..’ കാത്തിരുന്ന കാഴ്ച വൃത്തിയായി കാണാൻ കഴിയാത്തതിലുള്ള നിരാശ മുഴുവനും മദന്റെ ശബ്ദത്തിലുണ്ടായിരുന്നു.
‘വാ പോയി നോക്കാം..’
അവർ ടാങ്കിന്റെ സമീപത്തേക്ക് നടന്നു തുടങ്ങി. എന്റെ കാലുകൾ ചലിച്ചില്ല.
‘നീ വരുന്നില്ലെ?’ നടക്കുന്നതിനിടയിൽ തിരിഞ്ഞു നോക്കിയ മദൻ ചോദിച്ചു.
ഒരുത്തൻ തലയോട്ടി തകർന്ന് ചോര വാർന്ന് കിടപ്പുണ്ടാവും അവിടെ. പിന്നെ എന്തു കാണാനാണിവിടെ വന്നത്?. ഞാൻ സ്വയം ചോദിച്ചു. മദനും ജോർജ്ജും ടാങ്കിനു നേർക്ക് വേഗത്തിൽ നടക്കുന്നത് ഞാൻ നോക്കി നിന്നു.
റഹ്മാനെവിടെ?.
കുറച്ച് ദൂരെ അവൻ ജീൻസിന്റെ പിൻഭാഗത്തെ പൊടി തട്ടി എഴുന്നേൽക്കുന്നുണ്ട്. അവന്റെ മുഖഭാവം ഞാൻ ശ്രദ്ധിച്ചു. അവൻ ചുറ്റിലും നോക്കുന്നു. എന്നെ കണ്ടതും ‘വിജയിച്ചിരിക്കുന്നു’ എന്ന അടയാളത്തിൽ ഇടതു തള്ളവിരൽ ഉയർത്തി കാണിച്ചു. ഒരു പക്ഷെ ഇവിടെ കൂടിയവരിൽ അവൻ മാത്രമായിരിക്കും ശരിക്കും എല്ലാം കണ്ടിരിക്കുക. അവന്റെ ജീവിതത്തിലെ നാഴികക്കല്ലാണ് നിമിഷങ്ങൾക്കു മുൻപ് അവൻ റെക്കോർഡ് ചെയ്ത വീഡിയോ. പ്രാർത്ഥിച്ച വൃദ്ധ നിന്നിടത്ത് നിന്ന് ഒരു ചുവട് പോലും വെച്ചിട്ടില്ല. അവർ മുഖം പൊത്തി നില്ക്കുകയാണ്. അവരുടെ പ്രാർത്ഥന പരാജയപ്പെട്ടിരിക്കുന്നു. ഞാൻ തലയുയർത്തി എന്നിൽ നിന്നും അകന്നു പോകുന്ന കൂട്ടത്തിനു നേർക്ക് നോക്കി. അവർക്കവിടെ എന്താണിനി ചെയ്യുവാനുള്ളത്?. എന്താണ് കാണുവാനുള്ളത്?. കുറച്ചു നേരം തല കുനിച്ചു നിന്ന ശേഷം ഒരുതരം യാന്ത്രികതയോടെ തിരിഞ്ഞ് ഞാൻ ബൈക്കിനു നേർക്ക് നടന്നു.